Sunday, July 29, 2012

പ്രപഞ്ചസമക്ഷം- രണ്ടൊപ്പ്







               പണ്ടൊക്കെ സന്ദർഭോചിതമായി -‘രാമനാഥൻ‘- എന്ന ,എന്നെ  പലരും വിളിച്ചിരുന്ന ‘ ആ ‘ പേര് ‘  വളരെ താഴ്മയോടെ .. യാചനയോടെ ഇപ്പോൾ ഞാൻ ഇരുട്ടിന്റെ കട്ടികൂടിയ ശൂന്യതയിലേയ്ക്കു നോക്കി നീട്ടി വിളിച്ചു -

               “കാലാ………… “  എന്നിട്ട്  കയ്യിലിരുന്ന നീളൻ കവറിലെ  എന്റെ സ്വന്തം ഡെത്ത് സർട്ടിഫിക്കറ്റ് ഊർന്നു പോയില്ലല്ലോ എന്നു ഉറപ്പു വരുത്തി

                അടുത്ത  വീട്ടിലെ തമ്പിത്തട്ടാന്റെ അവസാന ശ്വാസത്തേയും  വലിച്ച് കളഞ്ഞ്, കാലൻ വിളിച്ചു കൊണ്ടു പോയിട്ട് അല്പ നേരമേ ആയിട്ടുള്ളു ആ ഒരു ധൈര്യത്തിലാണ് ഇരുട്ടു നീട്ടി  വിരിച്ച വഴിയിലേയ്ക്കു നോക്കി  ഞാൻ അങ്ങിനെ വിളിച്ചത്…

               കാലന്റെ കൽപ്പിത രൂപം പ്രതീക്ഷിച്ച് ഞാൻ ഇരുട്ടിലേയ്ക്കു കൂർപ്പിച്ചു നോക്കി…..,ഒരു പോത്തിന്റെ രൂപം തെളിഞ്ഞു വരുന്നുണ്ടോ..!? ആകാംക്ഷയോടെ നിന്ന എനിക്ക്, അത്രയൊന്നും ഭീകരമല്ലാത്ത.., ആരോഗ്യം  ക്ഷയിച്ച, എന്നാൽ ഉടുപ്പിലും നിൽപ്പിലും അസാധാരണത്വം തോന്നിക്കുന്ന  ഒരു രൂപം വളരെ സാവധാനം  ദൃഷ്ടിഗോചരമായി.., പട്യാല ചുരിദാറിന്റെ ബോട്ടം പോലുള്ള ഒരു ചുവന്ന വസ്ത്രം മാത്രമായിരുന്നു വേഷം .., അതിന് ഒരനാവശ്യ തിളക്കമുണ്ടായിരുന്നു….തലയിൽ കൊമ്പുണ്ടോ എന്നു നോക്കിയപ്പോൾ അവിടം കഷണ്ടിയായിരിക്കുന്നതാണു കണ്ടത്. പുറകിൽ ബാക്കിയുള്ള ഇത്തിരി മുടി നീട്ടിയിട്ടിരിക്കുന്നു..ഏതാണ്ട് ഭരത് ഗോപി കാലനായി മേക്കപ്പിട്ട പോലെ….എന്റെ കൽപ്പനകളെ ശരിവയ്ക്കാൻ ആകെയുണ്ടായത് കയ്യിൽ നീളത്തിൽ വളച്ചു വളച്ചിട്ട കയർ മാത്രമായിരുന്നു..ഇതിന്റെയൊക്കെ പാശ്ചാത്തല ചിത്രം പോലെ പോത്തും.അതിന്റെ പുറത്ത് അംഗൻ വാടിയിൽ ആദ്യമായി പോകുന്ന കുട്ടിയെ പോലെ‘ …വരൂല്ല…..‘ എന്നു മുഖം വീർപ്പിച്ചിരിക്കുന്ന തമ്പിത്തട്ടാനും ഉണ്ടായിരുന്നു….

               “ കാലൻ……….ആണോ…..”   ഞാൻ സംശയിച്ചു ചോദിച്ചു….. ഒരു യാത്രയിൽ  പുറകിൽ നിന്നു വിളിച്ചതിന്റെ  നീരസം മറച്ചു വയ്ക്കാതെ തന്നെ മറുപടി കിട്ടി…….

              അതെ കാര്യം പറ……തന്റെ വിശദാംശങ്ങളൊക്കെ എനിക്കറിയാം…,പാലപ്പറമ്പിൽ രാമനാഥൻ..  കുടുംബത്തെ പറയിപ്പിക്കാനൊണ്ടായ കാൽക്കാശിനു കൊള്ളാത്തവൻ..,കെട്ടിയവളേം തല്ലി രണ്ടു പെണ്മക്കളേം പെരുവഴീലാക്കി നാട്ടുകാരേം വെറുപ്പിച്ച് നാൽത്തഞ്ചാമത്തെ വയസ്സീ നാടുവിട്ട് ഇരുപത്താറുകൊല്ലം കഴിഞ്ഞപ്പോ., തിരിച്ചു വന്നിരിക്കുവാ…..വീട്ടുകാര് എവിടന്നോ കണ്ടുപിടിച്ച്  ദഹിപ്പിച്ച്ബലീട്ട  ഡെഡ് ബോഡി എന്റേതല്ല ഞാൻ ജീവിച്ചിരിപ്പൊണ്ട് എന്നൊക്കെ പറഞ്ഞ്... എന്റെ നാക്കു ചൊറിഞ്ഞു വരണുണ്ട്….പോത്തിന്  ഒരാളെക്കുടി ചുമക്കാൻ ആവതില്ലാതായിപ്പോയി…. ...

               ഞാൻ  അന്ധാളിച്ചുപോയി.., ഇത്രയൊക്കെ പറയാൻ കാലനോടു ഞാനെന്തു ചെയ്തു…?! ഞാൻ കുറച്ചെങ്കിലും മാന്യനാണെന്നു കാലനെ ബോധിപ്പിച്ചു കളയാം എന്നൊക്കെ നേരത്തെ വിചാരിച്ചിരുന്നതു നേര്….എന്തെങ്കിലുമാകട്ടെ….ഞാൻ കവറിൽ നിന്നും എന്റെ ഡെത്ത്സർട്ടിഫികറ്റ്  എടുത്തു കാട്ടി..

              “ഞാൻ ജീവനോടുണ്ട് എന്നു നേരിട്ട് ചെന്നു പറഞ്ഞപ്പോ പഞ്ചായത്തീന്ന് എടുത്ത് തന്ന കോപ്പിയാണ്… ഡെത്ത് സർട്ടിഫിക്കറ്റിന്റെ….“

               പോത്തിന്റെ  പുറത്ത് തമ്പിത്തട്ടാൻ ചിണുങ്ങി…….

             “ മിണ്ടരുത്….. കാലൻ  ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ അമർത്തികാട്ടി…

       “അങ്ങ് ചെന്നിട്ട് തട്ടാനു ഞാൻ ബിരിയാണി വാങ്ങി തരാം… എനിക്കൊരു പെപ്സിയും കുടിക്കണം ദാഹിച്ചിട്ടു വയ്യ….“.

            “ അവിടെ ബിരിയാണീം കോളയുമൊക്കെ കിട്ട്വോ……?!!“ ഞാൻ ആകാംക്ഷ മറച്ചുവച്ചില്ല….

            “രാമനാഥാ..,ഈ ഭൂമീന്ന് കൊണ്ടു പോണവന്മാരും അവളുമാരുമൊക്കെയല്ലേ അവിടെയും…, അവിടത്തെ രീതിയൊക്കെ മാറി…അല്ലെങ്കി മാറ്റും,  ഉദാഹരണത്തിനു ഇവിടെ ഇപ്പോ ജയിലിൽ ഗോതമ്പുണ്ടയല്ലല്ലോ….ചോറും ബിരിയാണീം ഇറച്ചിയുമൊക്കെയല്ലെ..അതു പോലെ…ങാ പറ എന്നിട്ട്…..”

          “എന്നിട്ട്….., മരിച്ചിട്ടില്ലെന്നു തെളിയിക്കാൻ എന്നെക്കൊണ്ടു പറ്റുന്നില്ല…പഞ്ചായത്താഫീസിലും വില്ലേജാഫീസിലും താലൂക്കിലുമൊക്കെ പലപ്രാവശ്യം പോയി പറഞ്ഞു നോക്കി….,അവിടിരിക്കുന്നവർക്കൊക്കെ ഇപ്പോ എന്നെ കാണുമ്പോ ഒരുമാതിരി ചാർലീചാപ്ലീനെ കാണുന്ന മട്ടാ…. അവസാനം ഞാൻ പ്രതിപക്ഷനേതാവിനെ വരെ കണ്ടു പറഞ്ഞു…..”

           കാലൻ കഷണ്ടിയിൽ തടവിയൊന്നാലോചിച്ചു…..- “ അല്ല.., എന്തിനാ പ്രതിപക്ഷ നേതാവിനെ കണ്ടത് നിലവിലെ ഏതെങ്കിലും മന്ത്രിയെ കണ്ടൂടായിരുന്നോ…”

           “ നേരെ ചൊവ്വേ കാര്യം നടക്കാൻ ഇതു നരകമോ സ്വർഗമോ ഒന്ന്വല്ല……ഭൂമിയാ..പ്രത്യേകിച്ച് ഇന്ത്യ…അതിലും പ്രത്യേകിച്ച് കേരളം… എന്റെ കാര്യത്തീൽ ഭരണപക്ഷത്തെ ചൊറിഞ്ഞോണ്ടിരിക്കാനും പറ്റിയാൽ താഴെ ഇറക്കാനും എന്തെങ്കിലും സ് കോപ്പുണ്ടെങ്കിൽ പ്രതിപക്ഷം ഏറ്റെടുത്തോളും…അതുകൊണ്ട്  ആ വഴിക്കൊന്നു ശ്രമിച്ചതാണ്….”

          കാലൻ അതു കേട്ട്  എന്നെ മിടുക്കൻ എന്നു പറയും പോലെ ഒന്നു നോക്കി…

         “ അതൊക്കെ വിട്…രാമനാഥനു പകരം വീട്ടുകാര് ദഹിപ്പിച്ചബോഡി ആരുടേയാ……?”

      “പറഞ്ഞു വരുന്ന പോയിന്റ് എനിക്കു മനസ്സിലായി..അതു തെളിയിച്ചാ കാര്യം നടക്കും… അല്ലെങ്കീ ആ ഡെഡ് ബോഡീടെ കാര്യം അൺനോൺ കേസായി തള്ളിയാലും മതി…അതല്ല പ്രശ്നം.., അതിനൊക്കെ മരിച്ചത് ഞാനല്ല മറ്റാരോ ആണെന്നും വീട്ടുകാർക്ക് അബദ്ധം പറ്റിയതാണെന്നും…മരിച്ചയാളാരാണെന്ന് അന്വേഷിക്കണമെന്നും  ഒന്നു സപ്പോർട്ട് ചെയ്തു പറയാൻ ആരെങ്കിലും വേണ്ടേ..? പ്രത്യേകിച്ച് ഇത്രേം കൊല്ലമായില്ലെ..?…ഭാര്യ എന്നെ കണ്ടപ്പോ ആദ്യം ഞെട്ടിയിട്ട് പിന്നെ ഒന്നുമറിയാത്ത പോലെ ചോദിച്ചു '-നിങ്ങളാരുവാന്ന്..”

          “ അവരെയൊക്കെ തല്ലി നടുവിടിച്ച് പോയതല്ല്യോ ..മറന്നിട്ടുണ്ടാവില്ല അല്ലെങ്കിൽ തന്നെ  എന്തിനാ ഈ എഴുപത്തൊന്നാമത്തെ വയസ്സിൽ ഇതു തെളിയിച്ചിട്ട്.. രാമനാഥന്റെ ഭാര്യ വിധവാ പെൻഷനൊക്കെ വാങ്ങി ആരേയും ബുദ്ധിമുട്ടിക്കാതെ കഴുഞ്ഞു കൂടുവല്ലേ…വെറുതെ അതും മുട്ടിക്കണോ..? തന്റെ പെൺ……

           അതു മുഴുമിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല ……..” കാലൻ അതു പറയരുത്….എനിക്ക്…  എനിക്ക് മരിക്കണേനു മുൻപ് ഒരു വോട്ടു ചെയ്യണം…..”  എന്റെ തല അറിയാതെ താണു പോയിരുന്നു

          “ എന്തോന്ന്…..” കാലൻ താടിക്കു കൈ വച്ചു….  “ താൻ തന്നെയല്ല്യോ പണ്ട് വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നവരെ കുടിച്ചു വന്ന് നിരത്തി തെറിവിളിച്ചിരുന്ന രാമനാഥൻ..”

          “അതൊക്കെ ശരിയാണ്……. എന്റെ മാറ്റങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സമയം ഇനിയില്ല..ഒരു മനുഷ്യായുസ്സ് സഞ്ചരിക്കുന്ന ഏകദേശവഴിയുടെ അറ്റം കണ്ടു തുടങ്ങി…  ഇത് ഞാൻ എന്നോടുതന്നെ കാണിക്കാൻ ശ്രമിക്കുന്ന നീതിയാണ്..മറ്റാരോടും കാണിക്കാനുള്ള സമയം നേരത്തെ പറഞ്ഞപോലെ തീരെയില്ല..ഇവിടെ നീതി ന്യായ നിയമ ഭരണ വ്യവസ്ഥകൾ നടപ്പാകുന്നതിൽ എനിക്കും ഒരു പങ്കുണ്ടെന്ന് ഒരു പ്രാവശ്യമെങ്കിലും ഒന്നു കുത്തി രേഖപ്പെടുത്തണം…, അങ്ങിനെയൊരു  വെറും വിചാരത്തിൽ  എനിക്കൊന്നു ശരിക്കും മരിക്കണം…കാലനു മനസ്സിലാകുന്നുണ്ടോ…..ഞാൻ പറയുന്നതൊക്കെ…..”

         കാലന്റെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞതൊക്കെ കാര്യമായെടുത്ത മട്ടുണ്ടായിരുന്നു..എന്റെ പ്രതീക്ഷകളിൽ ചില്ലകളൊക്കെ മുളച്ചു തുടങ്ങി……

.       “ഉം…. അങ്ങിനെയാണെങ്കീ രാമനാഥൻ  കുറച്ചു പ്രാവശ്യം കൂടി ഇതൊക്കെ  ആവർത്തിച്ച് ഇപ്പോ പോകുന്ന ഓഫീസുകളിൽ തന്നെ പറയ്….ആരെങ്കിലും കാര്യമാക്കാതിരിക്കില്ല..”

           ഓഹോ…അതു ശരി…….അല്പനേരം ഞാൻ കാലനെ നോക്കി  നിശബ്ദനായി… “ ഞാൻ ചത്തിട്ടില്ല എനിക്ക് വോട്ടു ചെയ്യണം എന്നു  ഞാൻ തന്നെ പറഞ്ഞു നടന്നാലത്തെ പ്രശ്നം കാലനറിയോ…. മരിച്ചിട്ടില്ലെന്നതിന്റെ ഒപ്പം പ്രാന്തില്ലെന്നു കൂടി ഞാൻ തെളിയിക്കേണ്ടി  വരും…”

         എനിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും  പ്രകടിപ്പിച്ചില്ലെന്നേയുള്ളു….. അതു മനസിലാക്കിയാവണം കക്ഷി എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നു പറഞ്ഞു-   

        “ എന്നാപ്പിന്നെ  താൻ കാര്യം ഭാര്യയോടു തന്നെ വളരെ വിനയത്തോടെ.., പണ്ടു  ചെയ്തതിനൊക്കെ മാപ്പപേക്ഷിച്ച് പറഞ്ഞു നോക്ക്..എന്നിട്ടും വിശ്വസിച്ചില്ലെങ്കീ…..-” കാലൻ പോത്തിൻ പുറത്തിരിക്കുന്ന തമ്പിതട്ടാൻ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി….-  “വിശ്വസിച്ചില്ലെങ്കീ..,എന്തെങ്കിലും അടയാളമൊക്കെ കാട്ടിക്കൊട്…ഇനി തനിക്കങ്ങിനൊരടയാളമില്ലെങ്കീ..,അവർക്കൊള്ളതും താൻ കണ്ടതും മറ്റാരും കാണാത്തതുമായ ഒരടയാളം അങ്ങോട്ടു പറഞ്ഞാലും മതി…”

        എന്നിലെ ശരാശരി കെട്ടിയവന് അതു കേട്ടപ്പോ കാലന്റെ കവിളത്ത് അടയാളം പതിപ്പിക്കാനാണു തോന്നിയത്..,പക്ഷേ എന്റെ പ്രശ്നത്തിന്റെ  സീരിയസ് നസ് കണക്കിലെടുത്ത്  അങ്ങേര് കാണാതെ മുഷ്ടി മാത്രം ചുരുട്ടി സമാധാനിച്ചു..

       .”അവളൊരു നടക്ക് അടുക്കുന്നില്ല .., ഇനീപ്പോ ഞാനാലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു…“

          ഞാൻ കാര്യത്തിലേക്ക് കടക്കുകയായിരുന്നു….. “ എന്റെ ഈ പ്രശ്നം തുടങ്ങിയതിനു ശേഷം മരിക്കാൻ കിടക്കുന്നവരുള്ള വീടുകളുടേയൊക്കെ പരിസരത്ത് ഞാനിങ്ങിനെ കാലനെ  കാത്തു നിൽക്കുകയായിരുന്നു…“

         “ എന്തിന്…..  ഞാനെന്തു ചെയ്യാൻ….“ കാലന്റെ സ്വതവേ ഉള്ള ഉണ്ടക്കണ്ണ് ഒന്നു കൂടി മിഴിഞ്ഞു.

        ആ  ചോദ്യത്തിനു ഉത്തരം പറയുന്നതിനു മുൻപേ ഞാൻ കാലന്റെ കാലിൽ വീണിരുന്നു….

       “ ദയവായിട്ട് ഞാനീ കേറിയിറങ്ങിയ ഓഫീസിലൊക്കെ കാലൻ എന്റെ കൂടെ ഒന്നു വരണം..വേറെ വഴിയില്ലാഞ്ഞിട്ടാണ്..അരദിവസം മതി.. ഈ നിൽക്കണ രാമനാഥനെ ഞാൻ പോത്തിന്റെ പുറത്ത് കെട്ടിയെടുത്തോണ്ട് പോയിട്ടില്ലെന്ന് ഒരു വാക്ക്…..അതു മതി…എന്നിട്ട് അത് കടലാസിലെഴുതി  ഒരൊപ്പും….!.മതി..! അത്രയും ചെയ്തു തന്നാൽ മതി..

           ഞാൻ നോക്കുമ്പോൾ കാലൻ ഒന്നുരണ്ടടി പുറകോട്ടു മാറി എന്നെ സംശയത്തോടെ നിരീക്ഷിക്കുകയായിരുന്നതാണു കണ്ടത് …

          “ രാമനാഥാ എഴുന്നേറ്റേ …നടക്കുന്ന കാര്യം വല്ലതുമാണോ പറയുന്നത്…!? ഇത്രേം നേരം തന്റെ വാക്കും കേട്ട് നിന്ന എന്നെ പറഞ്ഞാൽ മതി..വേണോങ്കീ ഒരുപകാരം ചെയ്യാം..ഈ തട്ടാനെ കൊണ്ടാക്കീട്ട് തിരിച്ചു വന്ന് തന്നേയും കൊണ്ടു പോകാം… ഈ തൊല്ലയൊക്കെ തനിക്ക് ഒഴിവായി കിട്ടുമല്ലോ..?

           എനിക്ക് ദേഷമാണ് വന്നത്..എന്റെ സ്വഭാവം മാറി…(ചൊട്ടയിലെ ശീലം……….)

        “ ഇതിന് എന്നെയാണു പറയേണ്ടത്…..ഇത്രയും നേരം ഏതെങ്കിലും ഓഫീസറുടെ കാലു പിടിക്കാൻ പോയാൽ മതിയായിരുന്നു…..ഈ മുഷിഞ്ഞു നാറിയ കയറിനു പകരം പോത്തിനു നല്ല കയറു കൈക്കൂലി തന്നാൽ മതിയോ…കാലാ…..”  ( ആ കാലൻ വിളി  വേറെയായിരുന്നു )

           പക്ഷേ അതിലൊന്നും പ്രകോപിതനാകാതെ..പോത്തിന്റെ പുറത്ത്., തമ്പി തട്ടാന്റെ  പുറകിൽ കയറിയിരുന്ന് കാലൻ എന്നെ നോക്കി ശാന്തനായി ചിരിച്ചു…

           “ രാമനാഥാ….താൻ ജീവിച്ചിരിപ്പുണ്ടെന്ന് സർട്ടിഫൈ ചെയ്യാൻ തന്നേക്കാൾ യോഗ്യത  ആർക്കാടോ….ഏതു ബോധിമരത്തിന്റെ കീഴിലിരുന്നാണു താനും ബുദ്ധനും ബോധവാനായത് അതിന്റെ ഇലകളും കൊഴിഞ്ഞു വീണുകാണില്ലേ…..ബോധ്യമാകേണ്ട ആദ്യ ബോധവും അതു തന്നെയാണ്  ഒന്നും സ്ഥിരമാക്കപ്പെടുന്നില്ല……അത്തരത്തിലൊരു പ്രപഞ്ചസത്യത്തിനു മുകളിലിരുന്ന് ആർക്കാണ് ‘ രാമനാഥൻ ജീവിച്ചിരിപ്പുണ്ട് ‘ എന്ന - കാലത്തിനനുസരിച്ച് മാറാത്ത ഒരു വാക്കിനു മുകളിൽ ഒപ്പിടാനാകുക..!?   സത്യത്തിൽ മനുഷ്യന് ജീവിതത്തിൽ രണ്ട് ഒപ്പുകളേ ആവശ്യമുള്ളു…ജനിക്കുമ്പോഴും മരിക്കുമ്പോഴും..അതും പ്രപഞ്ചത്തിനു മുന്നിൽ…

          “ എനിക്കിതൊക്കെ മനസ്സിലാകുന്നുണ്ടെന്നേ…….എന്നാലും എന്നാലും…“…….ഞാൻ പതുക്കെ നീങ്ങിയ പോത്തിനു പുറകേ നടന്നു..

          പക്ഷേ….എനിക്കിവിടെ ജീവിച്ചിരിക്കുന്ന ഒരാളെന്ന നിലയിലെ അവകാശങ്ങൾ കിട്ടണമെങ്കിൽ……

          പോത്ത് നിന്നു… അടുത്താണെങ്കിലും വിദൂരതയിലെന്ന പോലെ  കാലന്റെ ശബ്ദം കേട്ടു..

        “അവകാശം…..?!   അതില്ലാത്തവരാണിവിടെ കൂടുതൽ…രാമനാഥൻ ശരിക്കുമൊന്നു കാണുകയും കേൾക്കുകയും ചെയ്യു… പറ്റുമെങ്കിൽ…“

           പിന്നീടുണ്ടായ നിശബ്ദതയിൽ   ഞാൻ മനസ്സിലാക്കി…… അവർ പോയ്ക്കഴിഞ്ഞു….   പക്ഷേ  ഇത് നിശബ്ദതയാണോ…..ചീവീടും പെരുച്ചാഴിയും തവളകളും..  അങ്ങിനെ വേർതിരിച്ചറിയാത്ത ജീവജാലങ്ങളാൽ ശബ്ദമുഖരിതമായ രാത്രിയിൽ  ഞാൻ ആ ഊടുവഴിയിൽ ഒറ്റയ്ക്കല്ലാതെ നിന്നു…..അല്പനേരം ആ നില്പ് നിന്നപ്പോൾ കാൽ പാദത്തിൽ കടിച്ചു തൂങ്ങി ശ്രദ്ധായാകർഷിച്ച,  ഉറുമ്പിൻ കൂട്ടം ഓരൊരുത്തരായി എന്റെ മുഖത്തേയ്ക്ക് നോക്കി ഉറപ്പിച്ച്  പറയുകയായിരുന്നു  “  ഞാനിവിടെ  ഈ പ്രപഞ്ചത്തിൽ  ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..നീ എന്നെ അടുത്ത കാൽ പാദം കൊണ്ട് ഞെരിച്ച് കൊല്ലൂ  എന്റെ അടുത്ത ഒപ്പിടൽ നിനക്കു കാണാം…….”

         അടുത്ത ഉറുമ്പും പറഞ്ഞു….“ഞാനും ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..“

        എന്റെ കണ്മുന്നിൽ വന്നു നിന്ന്  മനുഷ്യനല്ലാത്ത സകല  ജീവജാലങ്ങളും അന്നു വരെ ഞാൻ കേൾക്കാത്ത വാമൊഴിയിൽ എന്നെ അറിയിച്ചു…..

         ഞാനും……

         ഞാനും……….

         ഞാനും…………….

           

                             *************************************************************************************

40 comments:

  1. മാസങ്ങളാകുന്നു..ഇവിടേയ്ക്കൊന്നു വന്നിട്ട്...

    കുറേ നാളുകൾക്കു ശേഷം എഴുതിയ കഥയിൽ വാക്കുകൾ കോർത്ത ചരടുകൾ മുറിയുന്നുണ്ടോ എന്നു സംശയം....
    അതെല്ലാം കൂട്ടികെട്ടാൻ- തുറന്ന അഭിപ്രായത്തിനു വേണ്ടി ഞാൻ എഴുതിയ കടലാസിൽ നിന്നും ഈ കഥയെ ഞാൻ തുറന്നു വിടുന്നു..

    നിങ്ങൾ സമക്ഷം- ഈ എന്റെ ചെറിയ കഥ

    ReplyDelete
  2. അമ്മൂന്റെ കുട്ടിയെ കണ്ടിട്ട് കുറെ നാളായല്ലോ എന്ന് ഞാനും ഓര്‍ത്തിരുന്നു. മനോഹരകഥകളെഴുതിയിരുന്ന പലരെയും ഇപ്പോള്‍ കാണുന്നില്ല.

    ഇനി വായിക്കട്ടെ.

    ReplyDelete
  3. മനുഷ്യനു മാത്രം ജനനത്തിനും മരണത്തിനുമിടയില്‍ എത്രയൊപ്പുകള്‍ ഇടേണ്ടി വരുന്നു! എത്ര പേരുടെ ഒപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു! സ്വന്തം അസ്തിത്വം തെളിയിക്കാന്‍ അന്യന്റെ ഒപ്പു കാത്തു നില്‍ക്കേണ്ടി വരുന്നത് വല്ലാത്ത ദുര്‍വിധി തന്നെ. സങ്കീര്‍ണമായൊരു വിഷയം വിദഗ്ധമായും രസകരമായും അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. ബെൻജി...,നല്ല വാക്കുകൾക്ക് നന്ദി...ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു

      Delete
  4. വായിച്ചു തീരുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം തേടി രാമനാഥന്‍ മനസ്സില്‍ കുടിയിരിക്കുന്നു. ഞാനാര് എന്തെന്ന സമകാലിന ചിന്തകള്‍ വളരെ നന്നായിരിക്കുന്നു.
    ടൈപ്പിങ്ങില്‍ സംഭവിക്കാവുന്ന ചില അക്ഷരത്തെറ്റുകള്‍ ഉണ്ടെന്നു തോന്നുന്നു.
    ഇത്ര നാള്‍ എവിടെ ആയിരുന്നു?
    ഇത്രേം വൈകാന്‍ പാടില്ല.

    ReplyDelete
    Replies
    1. അത് തന്നെ റാംജി, കുട്ട്യോള് ഒക്കെ ഇങ്ങനെ മടിപിടിച്ചാല്‍ എന്തുചെയ്യും? നല്ല ശാസനയുടെ കുറവുണ്ട്.

      Delete
    2. അക്ഷരതെറ്റുകൾ ശ്രദ്ധിക്കുന്നുണ്ട്...
      ഇവിടേയൊക്കെ തന്നെയുണ്ട് സർ..
      കണ്ണു കാണുന്നില്ല..വയസ്സായി....എന്തു ചെയ്യാനാ......
      വന്നു വായിച്ചല്ലോ...നന്ദി കേട്ടോ

      Delete
  5. വായിച്ചു, ആശയം നന്നായി വികസിപ്പിച്ചിരിക്കുന്നു... ചില സാങ്കേതിക കാരണങ്ങളാൽ വിശദമായി കമെന്റിടുന്നില്ല... :) എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. മൊഹീ....
      സാങ്കേതിക ബുദ്ധിമുട്ടുകൾ ഇനിയുള്ള പോസ്റ്റുകളിൽ മാറുമെന്നു വിചാരികുന്നു.
      ഇവിടെവരെ വന്നതിൽ സന്തോഷം,

      Delete
  6. അല്പം ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞു . നന്നായി.
    കാലന്‍ എന്ന രൂപകത്തെ സാമാന്യം ഭേദമായി ഉപയോഗിച്ചു.
    ഉറുമ്പുകള്‍ അരിച്ചെത്തിയത് ഏറ്റവും മനോഹരം
    വോട്ടിനുള്ള ആഗ്രഹവും അഴിമതിയുടെ പരാമര്‍ശവും ഒക്കെ അല്പം കൂടി മനോഹരം ആക്കാമായിരുന്നു എന്നും തോന്നി.
    ആശംസകള്‍

    ReplyDelete
    Replies
    1. സർ..,
      അപൂർണ്ണതയുണ്ട് എന്നെനിക്കു തന്നെ തോന്നിയതാണ്......
      വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി....

      Delete
  7. ആശയം നല്ലത് . അപരന്റെ ഒപ്പിനു മുന്നിലാണ് മനുഷ്യന്‍റെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.സഹജീവികള്‍ ജനനമരണ ഒപ്പുകള്‍ മാത്രം സാക്ഷ്യം നല്‍കി ആകുലതകളില്ലാതെ ഈ പ്രപഞ്ച സുഖം ആസ്വദിക്കുമ്പോള്‍ , മനുഷ്യന്‍ അവന്‍റെ ജന്മാവകാശങ്ങള്‍ നേടുവാനുള്ള ഒപ്പിനുവേണ്ടി സഹമനുഷ്യ ജന്തുവിന്റെ കാല്‍ പിടിച്ചു കേഴുന്നു ..! പ്രമേയത്തില്‍ ഇനിയും പല വിഷയങ്ങള്‍ പ്രതിപാദിക്കാമായിരുന്നു , മേല്‍പറഞ്ഞ പോല്‍...!

    ReplyDelete
    Replies
    1. അംജത്.....
      മേല്പറഞ്ഞ പോൽ..എല്ലാം ശ്രദ്ധിക്കാം......
      വളരെ നന്ദി

      Delete
  8. ജീവിച്ചാല്‍ മാത്രം പോരാ ജീവിചിരിക്കുന്നതിനു തെളിവും വേണം.ആശയം സങ്കീര്‍ണ്ണമാകുമ്പോള്‍ അവതരണത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് തോന്നി.ആദ്യവും അവസാനവും നന്നായി.
    ഇതിനോട് ബന്ധമില്ലെന്കിലും എം.പി.നാരായണ പിള്ളയുടെ ഓര്‍മ്മ എന്ന കഥ വായിച്ചിട്ടില്ലെങ്കില്‍ വായിക്കുവാന്‍ ശ്രമിക്കുക.

    ReplyDelete
    Replies
    1. ഞാൻ...,
      എം പി നാരായണപിള്ളയുടെ ഓർമ്മ എവിടെയാണു കിട്ടുക...?

      Delete
  9. അമ്മൂന്റെ കുട്ടി ഇങ്ങനെ മടി പിടിച്ചൂടാ......

    കഥ എനിക്ക് ഇഷ്ടപ്പെട്ടു. പ്രതിപാദന രീതി വളരെ നന്നായി തോന്നി. ആശയവും മികച്ചത്.

    പിന്നെ അമ്മൂന്റെ കുട്ടിക്ക് ഈ കഥ ഇതിലും മെച്ചമാക്കാനും പറ്റും. അതുകൊണ്ട് ഇത്തിരി കൂടി കഥയിൽ വർക്ക് ചെയ്യണമെന്ന വായനക്കാരിയുടെ ഒരാശ മുൻപിൽ വെയ്ക്കുന്നു. വോട്ട്, അഴിമതി തുടങ്ങിയ പരാമർശങ്ങൾ കുറച്ചു കൂടി ഉഷാറാകാമായിരുന്നുവെന്ന് ഒരു തോന്നൽ....

    ഇത്രയും നാൾ ബൂലോഗത്ത് വരാതെയും ഒന്നും മിണ്ടാതെയും ഇരിക്കരുത് കേട്ടോ.

    ReplyDelete
    Replies
    1. എച്മൂ വന്നല്ലോ...,
      കഥ ഇഷ്ടായോ.....
      ഇതിലും മെച്ചമാക്കണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്...
      പിന്നെ ഇതു വായനക്കാരീടെ ആശയായിട്ടല്ല നല്ലൊരു എഴുത്തുകാരീടെ അഭിപ്രായമായിട്ട് എടുത്തു കേട്ടോ...

      Delete
  10. കഥ ഇഷ്ടായി ട്ടോ... കുറേ നാളായല്ലൊ കണ്ടിട്ട്..

    ReplyDelete
    Replies
    1. ഇലഞ്ഞിപൂക്കളേ.....
      നന്ദി വന്നതിനും വായിച്ചതിനും

      Delete
  11. ആദ്യമായാണ്‌ വായിക്കുന്നത്. മികച്ച ഒരു രചന.

    ReplyDelete
    Replies
    1. ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിൽ ഒരുപാടു സന്തോഷം.
      ഇനിയും ഇവിടെ പ്രതീകഷിക്കുന്നു

      Delete
  12. വാക്കുകൾ കോർത്ത ചരടുകൾ മുറിയുന്നുണ്ടോ എന്നു സംശയം....
    അതെ അതെനിക്കും തോന്നി, നര്‍മത്തിലേക്ക് വഴുതി വീഴുന്നുണ്ട് ഇടയ്ക്ക്. . . പക്ഷെ ആശയം നന്നായി, മരിച്ചിട്ടില്ല എന്ന് തെളിയിക്കുക കഷ്ടം തന്നെ ഈ കാലത്ത്

    ReplyDelete
    Replies
    1. ഇതിൽ വന്നുപ്പട്ട കുഴപ്പങ്ങളൊക്കെ അടുത്തതിൽ ശരിയാക്കണം.. എന്ന വീണ്ടു വിചാരം ഉണ്ടാക്കി തന്ന അഭിപ്രായങ്ങൾക്കു നന്ദി...

      Delete
  13. കഥ ഇഷ്ടമായ്...

    ReplyDelete
    Replies
    1. നന്ദി.....സുമേഷ്...
      ഇനിയും വരണം

      Delete
  14. Replies
    1. ആശംസകൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു....

      Delete
  15. ഒരുപക്ഷേ,ഞാൻ ഈ വഴി ആദ്യമാണെന്ന് തോന്നുന്നൂ...ഞാനും എന്റെങ്കിലും ഒക്കെ എഴുതിയിട്ട് മാസങ്ങളാകുന്നു.കഴുഞ്ഞ ദിവസമാണു ഒരു ചെറിയ പോസ്റ്റ് ഇട്ടത്.ലിങ്ക് അയച്ചത് നന്നായി ഒരു നല്ല കഥ വായിക്കാൻ സാധിച്ചൂ..ആദ്യമായി ഒന്ന് രണ്ട് തെറ്റുകൾ ചൂണ്ടികാണിക്കട്ടെ(എനിക്കും അക്ഷരത്തെറ്റുകൾ ഉണ്ടാവാറുണ്ട് പൽരും ചൂണ്ടിക്കാട്ടുമ്പോൾ ആണു തിരുത്തുന്നത്)ദൃഷ്ടിഗോചരമായി(ദൃഷ്ടിക്ക് ഗോചരമായി എന്നതാണ് ശരി-കണ്ണിന് കാഴ്ചയായി)ചാർലീചാപ്ലീനെ(ചാർളീചാപ്ലീൻ അല്ലേ ശരി)ഇതു ചൂണ്ടിക്കാണിച്ചത്...കഥ അത്രക്കങ്ങ് ഇഷ്ടപ്പെട്ടത് കൊണ്ടാണ്.നല്ല ശൈലി,രണ്ടൊപ്പുകൾ, മനുഷ്യന്റെ ജനന മരണസർട്ടിഫിക്കറ്റിൽ..അതിനിടയിൽ സംഭവിക്കുന്നത് ഒക്കെ നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ചത്തശവങ്ങളും,ജീവിച്ചിരിക്കുന്ന ശവങ്ങളും ഈ കഥയിൽ നമ്മെ ചിരിപ്പിക്കുന്നൂ,ചിന്തിപ്പിക്കുന്നു. നാട്ടിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും എടുത്തെഴുതിയാൽ ഈ കഥയുടെ നീളം'അവകാശികൾ' പോലെ നീണ്ട ഒരു നോവലായിപ്പോകും..ആളിനെ കണ്ടില്ലെങ്കിൽ അവൻ ചത്തവനാകും, എവിടുന്നെങ്കിലും ഒരു അനാഥശവത്തെ കൊണ്ട് വന്ന് ദഹിപ്പിക്കും..പലയിടത്തും നടക്കുന്ന സംഭവം...ഇവിടെ ജാനകിക്കുട്ടി ജീവിച്ചിരിക്കുന്ന 'ചത്തവന്റെ'ചിന്തകളെ നന്നായി ആവിഷ്കരിച്ചിരിക്കുന്നൂ..നല്ല രചനക്കെന്റെ എല്ലാ നമസ്കാരങ്ങളും.....

    ReplyDelete
    Replies
    1. സർ..,
      വിശദമായ വായനക്ക് ആദ്യം തന്നെ നന്ദി..
      അക്ഷരതെറ്റുകൾ...അതങ്ങിനെ സംഭവിച്ചു പോകുന്നു ..ശ്രദ്ധിക്കാം..

      Delete
  16. കഥ ഇഷ്ടായി ...നന്നായി അവതരിപ്പിച്ചിരിക്കുന്നു ..!
    അഭിനന്ദനങ്ങള്‍ !!

    ReplyDelete
    Replies
    1. കഥ ഇഷ്ടമായി എന്നറിയിച്ചതിൽ സന്തോഷം

      Delete
  17. ഇഷ്ടപ്പെട്ടു നര്‍മത്തിന്റെ ചുവടു പിടിച്ചെഴുതിയ ഈ കഥ. വളരെ നല്ല ചിന്തകള്‍.പക്ഷെ രാമനാഥന്‍ എന്ന എഴുപതില്‍ മേല്‍ പ്രായമുള്ള ആളുടെ ചിന്തയില്‍ ഒരു പട്യാല ചുരിദാര്‍ ...?അദ്ദേഹം ഇടക്ക്‌ സാക്ഷാല്‍ ജാനകി കുട്ടിയായോ..?

    ReplyDelete
    Replies
    1. ഇപ്പോ വയസ്സന്മാർക്കാ അതൊക്കെ നിശ്ചയം റോസാപ്പൂവേ...
      ആനുകാലികമായ പീഡനകേസുകളിൽ 65 കഴിഞ്ഞ ആൾക്കാരാ കൂടുതൽ..
      അപ്പോ അവരിതൊക്കെ ശ്രദ്ധിക്കാതിരിക്കുമോ....

      ഒരുപാടു സന്തോഷം കേട്ടൊ വന്നതിൽ

      Delete
  18. വ്യത്യസ്ത വിഷയം മികച്ച രചനാരീതിയില്‍ അവതരിപ്പിചു
    എങ്കിലും അല്പം കൂടി ചുരുക്കി ഈ ആശയങ്ങള്‍ അവതരിപ്പിക്കാംആയിരുന്നില്ലേ എന്ന തോന്നലും ഉണ്ടായി.
    പരത്തിപ്പറയുമ്പോള്‍ പലര്‍ക്കും വായന ഇടയ്ക്കു വച്ച് മുറിയാനുള്ള സാധ്യത കാണുന്നു
    ഇത് എനിക്ക് മാത്രം തോന്നുന്നതാകാം
    ഏതായാലും മികച്ച രചന എന്ന് നിസ്തര്‍ക്കം
    ആശംസകള്‍

    ReplyDelete
  19. മികച്ച രചന എന്നെഴുതിയതിൽ സന്തോഷം.........
    ഇനിയും നന്നാക്കാൻ ശ്രമിക്കാം...

    ReplyDelete
  20. സ്വന്തം അപരിചിത , മൊബൈൽപൊത്തിലെ ഒരു മേൽവിലാസം ഇത് രണ്ടും വായിച്ചാണ് ഞാന്‍ ജാനകിയുടെ ബ്ലോഗിന്റെ ഇഷ്ട്ടക്കാരിയായത്.

    പ്രപഞ്ചസമക്ഷം- രണ്ടൊപ്പ് ---വ്യത്യസ്തതയുള്ള കഥ .രസകരമായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  21. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  22. കാലന്റെ നാടുപോലും ‘ഹൈടെക്കായി’ അല്ലെ.
    നല്ല അവതരണം കേട്ടൊ ജാനു

    ReplyDelete