Thursday, July 14, 2011

പുതിയ ദൈവം

അതൊരു  ഗൂഡാലോചനയായിരുന്നു.....അവർ മൂന്നുപേർ...!


                ഒക്കെ വെറുതെയായി പോയി..33 വയസ്സ്..ആ നല്ല പ്രായത്തിലാണു കുരിശിലേറ്റപെട്ടത്...എന്നിട്ടെന്തു നേടി...എല്ലാവരും അകറ്റി നിർത്തിയിരുന്ന കുരിശിന്റെ നല്ല കാലം., അല്ലെങ്കിലതൊരു ശവപ്പെട്ടി പോലെയോ.., ചിതപോലെയോ..തൂക്കുമരംപോലെയൊ..ദുശ്ശകുനമായിരുന്നേനേ..കുരിശോളം വരുമോ യേശു..അതോ യേശുവോളം വരുമോ കുരിശ്..?പള്ളികളിൽ ഞാനൊരു വിൽ‌പ്പന ചരക്കായി മാറിയിരിക്കുന്നു..കാശെറിഞ്ഞു പറയിക്കുന്ന ദിവ്യാനുഭങ്ങളിൽ ഞാൻ എന്നോടുള്ള ചതി മണക്കുന്നു...എനിക്കൊന്നും ചെയ്യാനാകുന്നില്ല .......“

                                     
                                     മാറാല പിടിച്ച താടിരോമങ്ങളിലും എണ്ണ കാണാ‍ത്ത മുടിയിലും.വിരലുകൾ കോർത്തു വലിച്ച് നീളൻ കുപ്പായത്തിനുള്ളിൽ  എല്ലും തോലുമായി ക്ഷീണിച്ച്, കുരിശിൽ ,കിടക്കുന്നതിനേക്കാൾ ദയനീയമായി നിന്ന് യേശുക്രിസ്തു ആത്മരോക്ഷം കൊണ്ടു


                               
                                    അപ്പോ ഞാനോ...?“ നീലവർണ്ണം ഏതാണ്ട് കരിവർണ്ണമായ കോലത്തിൽ കൃഷ്ണൻ ഇടപെട്ടു...കുളിക്കാൻ, കാളിന്ദിയിൽ കാളിയൻ വസിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൊടിയ വിഷങ്ങളാണ് ഇപ്പോഴത്തെ നദികളിലെന്ന് അദ്ദേഹം ദിവ്യ ദൃഷ്ടിയാൽ മനസ്സിലാക്കിയിരുന്നു.നിറംമങ്ങി ചരിഞ്ഞുവീണു കിടക്കുന്ന മയിൽ പീലി നേരെയാക്കി കൃഷ്ണൻ തുടർന്നു.


                                     മനുഷ്യജന്മമെടുത്തിട്ടും..മനുഷ്യന്മാർ ദൈവീക പരിവേഷമാണു തന്നത്..എന്തൊക്കെ നുണകളായിരുന്നു  വാതുറന്നപ്പോ ഭൂമി....എനിക്കു പൊക്കിയെടുക്കാൻ  ഒരു ഗോവർദ്ധനഗിരി.....എനിക്കൊറ്റ ജോലിയേ ഉണ്ടായിരുന്നുള്ളു അമ്മാവനെ കൊല്ലുക..ഇപ്പോൾ ആലോചിക്കുമ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത കൊലപാതകപാപങ്ങൾ നിയമത്തിന്റെ കണ്ണിൽ സാധൂകരിക്കപ്പെടും .....പിന്നെ മറ്റൊന്ന്  സുന്ദരിയായൊരു സ്ത്രീ മുല തന്നപ്പോൾ അതു കുടിക്കാതെ കൊല്ലാൻ എനിക്കെന്താ ഭ്രാന്തോ..?..അതൊക്കെ പോട്ടെ ഇത്രയും ദൈവീക പരിവേഷമുള്ള ഞാൻ കേവലം ചപലനായ ഒരുത്തന്റെ തേരോട്ടക്കാരനായില്ലെ..അതും എത്ര ഉപദേശിച്ചിട്ടാണ് ആ ഭീരു അമ്പും വില്ലുമെടുത്തത്..ഭഗവത്ഗീത പോലും....എന്നിട്ടോ എന്തു ഫലമുണ്ടായി..യുദ്ധങ്ങൾ അവസാനിച്ചോ...?ഭീരുക്കൾധൈര്യംസംഭരിച്ചോ..?എന്നെയുൾ പ്പടെ ദൈവങ്ങളെയെല്ലാം  വിഗ്രഹമാക്കി അമ്പലങ്ങളെ കച്ചവടസ്ഥാപനമാക്കിയതല്ലാതെ..ചത്തുപോയ സിംഹത്തി ന്റെ ഗർജ്ജിക്കുന്ന ചിത്രം കാ‍ട്ടി പിന്നെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഭോഷത്വം..”
                                            നബി കുലുങ്ങി ചിരിച്ചു......“കൃഷ്ണാ നിന്റെ പക്വതയില്ലായ്മവാക്കുകളിലൂ‍ടെ വെളിപ്പെടുത്താതിരിക്കു..ഈ  പ്രതിസന്ധി ഘട്ടത്തിൽ പോലും   നീ സുന്ദരികളായ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നു.....എന്റെ കാര്യം നോക്കു ഒരു കാലഘട്ടത്തിൽ അനിവാര്യമായി തോന്നി ഉപദേശിച്ച ബഹുഭാര്യാത്വ സംവിധാനം  ഇന്ന് അരോചകമായി ഇസ്ലാമിൽ കറുത്തപാടായിഅവശേഷിച്ച്തുടർന്നുകൊണ്ടേയിരിക്കുന്നു....വി
ധവകളുടെ കണ്ണുനീർ തുടക്കാൻ ഉദ്ദ്യേശിച്ചത് ഇന്ന് കണ്ണുനീർ ഒഴുക്കാൻ ഉതകിയിരിക്കുന്നു....ശാപങ്ങൾ നബിയ്ക്കും ഏൽക്കും....-ഇസ്ലാമിനെ കുറിച്ചറിയാൻ ഇസ്ലാമല്ലാത്ത സഹോദരീ സഹോദരന്മാർ വിളിക്കുക..പുസ്തകം പറയുന്ന മേൽ വിലാസത്തിൽ അയക്കുന്നതായിരിക്കും- പത്ര പരസ്യങ്ങളിൽമതതീവ്രവാദത്തിന്റെചുവതെളിയുന്നു..എന്തിന്..
എന്തിന്...ഖുറാനിൽഅങ്ങിനൊന്നുണ്ടോ.....ഞാൻപരിശോധി
ക്കേണ്ടിയിരിക്കുന്നു..“


                                                   നബി നിരാശയോടെ ഓടി തളർന്ന പോലെ തറയിൽ കുത്തിയിരുന്നു.കൃഷ്ണൻ അദ്ദേഹത്തെ താങ്ങി എഴുന്നേൽ‌പ്പിച്ചു

         

                                                   “തളർന്നു പോകരുത്....നമ്മളൊന്ന് തീരുമാനിച്ചിട്ടുണ്ടല്ലൊ അതു ചെയ്യുക അതു തന്നെ..”  കൃഷ്ണൻ വലതു കൈ നിവർത്തി നീട്ടി പ്പിടിച്ചു..പരസ്പരമൊന്നു നോക്കിയിട്ട് യേശുവും,.നബിയും  അവരുടെ കൈകൾ  കമിഴ്ത്തി  കൃഷ്ണന്റെ  കയ്യിലേയ്ക്ക് ചേർത്തു വച്ചു........എന്നിട്ട് ഒരുമിച്ച് പറഞ്ഞു                                                “ അതേ നമ്മളതു ചെയ്യാൻ പോകുന്നു...”
                                             *     *       *       *      *       *     *       *     *     *
                   
                          പിറ്റേ ദിവസത്തെ പ്രഭാതത്തിനു പറയത്തക്ക പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല..പതിവുപോലെ സൂര്യൻ ഉദിക്കുകയും, ‘കിളികൾ ആദ്യം മനുഷ്യർ പിന്നെ‘ എന്ന ക്രമത്തിൽ ഉണരുകയും.., ഘടികാരങ്ങൾ അലാറം മുഴക്കുകയും ചെയ്തു....
                                     

                             ഒന്നു തൊട്ടു തൊഴുത്,   ശ്രീകോവിൽ പടി കയറി മണിവാതിൽ തുറന്ന പൂജാരി.ഞെട്ടി പുറകിലേയ്ക്കു മറിഞ്ഞു....വിഗ്രഹമിരുന്ന സ്ഥാനത്ത് എണ്ണ തീർന്ന് കരിന്തിരി കത്തുന്ന നിലവിളക്കിന്റെ  വെളിച്ചത്തിൽ ഖുറാനിൽ ധൃതിയോടെ ചൂണ്ടുവിരൽതൊട്ട്  വായിച്ച് പരതുന്ന നബി ചമ്രം പടഞ്ഞിരിപ്പുണ്ടായിരുന്നു....മറിഞ്ഞു വീണ പൂജാരിയെ ഒരു നിമിഷം നിർന്നിമേഷനായി അദ്ദേഹം നോക്കിയിട്ട് പിന്നെയും വായന തുടർന്നു.

                                  കുറുബാനയ്ക്കു മുൻപ് കപ്യാർക്കൊപ്പം അൾത്താരയിലെത്തിയ  വികാരിയച്ചൻ  കണ്ണടയൂരി ഒന്നു കൂടി നോക്കി..അതെഅതു മറ്റാരോ......എന്റീശോയെ..........സ്തംഭിച്ചു നിന്ന അച്ചന്റെ തല്യ്ക്കിട്ട് പുല്ലാങ്കുഴൽ കൊണ്ട് ഒരു കൊട്ടു കൊടുത്തു കൃഷ്ണൻ..... വാപൊത്തി നിന്ന കപ്യാരെ നോക്കി നാക്കു കടിച്ചു കാണിച്ചു...കൃഷ്ണന്റെ മറുകയ്യിലെ പാനപാത്രത്തിൽ യേശുവിന്റെ രക്തമായിരുന്നു..അത് ഊറ്റി..അവസാന തുള്ളിയും കുടിച്ചിട്ട് അദ്ദേഹം പുല്ലാങ്കുഴൽ ചുണ്ടിൽ വച്ച് ഇടതുകാൽ മടക്കി വലതുകാലിന്റെ മുന്നിലേയ്ക്കു വച്ച് മനോഹരമായി ചിരിച്ചു നിന്നു..

                                    മൈക്കിലൂടെ ബാങ്കു വിളിക്കു പകരം അലർച്ചയെന്നു തോന്നുന്ന നിലവിളികേട്ട്  നാടു ഞെട്ടി....ഒരാൾ മാ‍ത്രം ഇതൊന്നും കേൾക്കാതെ ശുഷ്ക്കിച്ച ശരീരം മടക്കിയിരുന്ന് അത്യന്തം ഭക്തിയോടെ നിസ്ക്കരിച്ചു കൊണ്ടിരുന്നു...ശേഷംനിസ്ക്കാരം മറന്നു ചുറ്റും കൂടിയവരെ നോക്കി ക്രിസ്തു പുഞ്ചിരിച്ചു...തിരുഹൃദയത്തിൽ നിന്നുമൊഴുകിയരക്തഛവിയിൽമുങ്ങിപ്പോയആചിരിഅവർക
ണ്ടില്ല


                                                  അകക്കണ്ണിൽ പരസ്പരം  നോക്കി അവർ മൂന്നുപേരും പറഞ്ഞു “ഇത്ര നിശബ്ദമായൊരു പുലർച്ച  ഇതു വരെ ഉണ്ടായിട്ടില്ല..എല്ലാം ശാന്തം.....ജനങ്ങൾക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു.....“   അവർ ജനങ്ങളെ അഭിമുഖീകരിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു..ഇത്ര നാൾ  അരാധിച്ച ദൈവങ്ങളെ മറന്നേയ്ക്കു..ഞങ്ങൾക്കു വേണ്ടിയല്ല നിങ്ങൾക്കു വേണ്ടി   നോക്കുയഥാർഥത്രിമൂർത്തികൾഞങ്ങളാണ്..ഞങ്ങൾ....ഒറ്റപേരി
ൽനിങ്ങൾക്കുവിളിക്കാംആരാധിക്കാം.....“സ്തുബിഷ്ണൻ.....“ ക്രിസ്തു.., നബി..,കൃഷ്ണൻ....


                 ജനങ്ങൾ നോക്കിനിൽക്കേ  തമ്മിൽ തമ്മിലലിഞ്ഞ് സ്തുബിഷ്ണൻ  അപ്രത്യക്ഷമായി


                              **********************************************                                ‌                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

                                      

                                                      
                                                        
                    
                                                           


                                                 

Saturday, July 9, 2011

ഭ്രൂണ വിചാരം

                        


പിളർക്കുന്നു മാംസഭിത്തികൾ പുറം ലോകകാഴ്ച്ചയാൽ.-                           
അതിൻമതിഭ്രമ ജ്വാലയാലെന്നുടൽ നനവൂറ്റിടുന്നു
‘റ‘ കാര സുഷുപ്തിയിൽ മുറിവേറ്റുണർന്നു ഞാൻ‌
കൺ തുറക്കേ കണ്ടു “ഹാ.., കഷ്ടം ഞാനും പെണ്ണു താനോ.?

 എത്തിനോക്കീയിളം കഴുത്തൊന്നുയർത്തി- ദാ..
തൂക്കു ത്രാസിലളവേറ്റും പിടച്ച പെണ്മാംസം!?
അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!??

ആകുമോയേകുവാൻ ഉറപ്പോടെ നിൻ മുല-
പാലിന്റെ സത്യമോടമ്മേ സുഖനിദ്ര..?
ഉറങ്ങുമോ നീയും..,കാവൽക്കാരിയായ് പാറാവുജീവിതം-
മുൻജന്മ പാപങ്ങൾ ഫലമാക്കുമെന്നിലൊടുക്കുമോ..?

വിടില്ല, പൊക്കിൾക്കൊടിമേൽ മുറുക്കുമെൻ കൈകൾ
വരില്ല ഗർഭപാത്ര കവചം കടന്നു ഞാൻ.
ക്ഷമിക്ക നീയമ്മേ- അറുക്ക ഭർതൃ,പുത്രഗളം ഭേദമന്യേ,
വിരിയ്ക്ക-ജീവിതം,ശേഷമണയ്ക്ക മാറോടെന്നെ
                             

Saturday, July 2, 2011

എഴുത്തുകാരന്റെ വീട്ടിൽ...!

                                എനിക്കുവളരെ ആരാധന തോന്നിയ ഒരു എഴുത്തുകാരന്റെ  വീടു സന്ദർശിച്ച ചെറിയൊരനുഭവമാണിത്.... പക്ഷേ അതു പറയണമെങ്കിൽ കുറേ വർഷങ്ങൾക്കപ്പുറം ഇരുന്ന്  എഴുതി തുടങ്ങേണ്ടി വരും..അതു കൊണ്ട് അത്രയും കാലയളവിനെ  ഞാൻ എന്റെ “പ്രവാസകാലം“ എന്ന് ചുരുക്കി എഴുതുന്നു...    
                          
                                 എന്റെ പ്രവാസകാലത്തേയ്ക്കു വേണ്ടി ഞാൻ ശേഖരിച്ചു കൂട്ടിയ ബുക്കുകളുടെ കൂട്ടത്തിൽ ഒരു മുൻ-വായനപരിചയവുമില്ലാത്ത അദ്ദേഹത്തിന്റെയുമുണ്ടായിരുന്നു - ഒരു ആത്മകഥാപുസ്തകം-  (അദ്ദേഹമെന്നേ ഇവിടെ എഴുതാൻ പറ്റുകയുള്ളു, കാരണംഇപ്പോഴും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ്)  - അതെന്റെ ലഗേജിലിരുന്ന് ഞെരുങ്ങിയമർന്ന് കുറേ യാതനകളൊക്കെ സഹിച്ച്  സൌദിവരെ എത്തി....അക്ഷരങ്ങളുടെ പച്ചപ്പില്ലാത്ത..പ്രകൃതിയുടെ പച്ചപ്പില്ലാത്ത മരുഭൂമിയിലെ ഫ്ലാറ്റിൽ  രാജേഷ് പോയിക്കഴിഞ്ഞാലുള്ള എന്റെ ഏകാന്തതയുടെ ചങ്ങാത്തം ഇവിടെ നിന്നും കെട്ടിച്ചുമന്നു കൊണ്ടു പോകുന്ന പുസ്തകങ്ങളോടായിരുന്നു... സത്യത്തിൽ എന്റെ വായനയും പുനർവായനയും പിന്നെയും പിന്നെയും വായനയും എല്ലാം കൂടി ഒന്നു  ചുഴിഞ്ഞുനോക്കിയാൽ പുസ്തകങ്ങളെ പീഡിപ്പിക്കുന്നതിനു തുല്യമായിരുന്നു സംഭവം.പിന്നെ ഞാനെന്തു ചെയ്യും...? സൌദിയിൽ കഴിയുന്നതിലും ഭേദം കേരളത്തിലെ ജയിലിൽ കഴിയുന്നതായിരിക്കും എന്ന് സൌദിയിലേയ്ക്കു പോകാൻ തയ്യാറായി നിൽക്കുന്ന എല്ലാ ഭാര്യമാർക്കും ഞാൻ മുന്നയിപ്പു തന്നു കൊള്ളുന്നു.ഒപ്പം തന്നെ,ഞാനിപ്പോൾ പരോളിലാണ് എന്ന ദു;ഖ സത്യവും അറിയിക്കട്ടെ.

                                അങ്ങിനെ അൽ-ഖോബാറിലെ താമസസ്ഥലത്തെത്തി, ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഞാനെന്റെ പെട്ടി തുറന്നു...അതൊരനുഭവമായിരുന്നു..വലിയ പെട്ടി നിറയെ പുസ്തകങ്ങൾ!!!!പട്ടിണി കിടന്നു വയറുകത്തുന്ന ഒരാൾ ഒരിലച്ചോറു കണ്ടാലെന്നപോലെ ..... ഞാൻ കണ്ണടച്ചു പിടിച്ച്  മുകളിലുള്ളതൊന്നുമെടുക്കാതെ കുറിയെടുക്കുന്നനെഞ്ചിടിപ്പോടെ താഴെ നിന്നും ഒരു ബുക്ക് വലിച്ചെടുത്തു- കണ്ണുതുറന്നു നോക്കി-.., അദ്ദേഹത്തിന്റെ ആത്മകഥയായിരുന്നു..ഒരുപാടു പേജുകളൊന്നുമില്ലാത്ത ചെറിയൊരു പുസ്തകം..  ആദ്യപേജിൽ അദ്ദേഹത്തെ വായിച്ചു പരിചയപെട്ടു..,ശേഷം പുറകിൽ അദ്ദേഹത്തിന്റെ ചിത്രം നോക്കി...വായിച്ചു തുടങ്ങി...ഓരോ അധ്യായങ്ങൾ വായിക്കും തോറും പലസ്ഥലത്തും ഞാൻ നടുങ്ങിയിരുന്നു...കാരണം അതൊരു പുരുഷന്റെ ആത്മകഥയാണെങ്കിലും എന്റെ ചില ജീവിതാവസ്ഥകൾ..,മാനസികവഴികൾ..,പ്രവൃത്തികൾ..അനുഭവങ്ങൾ..എല്ലാം അതിൽ പകർത്തി വച്ചിരിക്കുന്നു...ഓരോ സ്ഥലത്തും സമാനതകൾ കാണും തോറും ഞാൻ ഒരോ പ്രാവശ്യവും പുറകിലത്തെ അദ്ദേഹത്തിന്റെ ചിത്രം നോക്കികൊണ്ടിരുന്നു...അപ്പോഴൊക്കെ “ എനിക്കെല്ലാം അറിയാം“ എന്ന് ഒരു യോഗിയെ പോലെ സർവ്വജ്ഞഗാംഭീര്യഭാവത്തോടെ അദ്ദേഹം എന്നെ  നോക്കുന്നതായി  തോന്നി..എന്റെ നെഞ്ചിടിപ്പു കൂടുകയും,  അതു വായിച്ചു തീർക്കുന്നതിനിടയിൽ എനിക്ക് ഒരു പത്തിരുപതു ഗ്ലസ്സ് വെള്ളം കുടിക്കേണ്ടി വരുകയും ചെയ്തു.

                                  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതു ഞാൻ ആകാംക്ഷയോടെ വായിച്ചു തീർത്തു ആ  ഒറ്റവായനയിൽ തന്നെ ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചും അരാധിച്ചും തുടങ്ങിയിരുന്നു മറ്റുബുക്കുകളുടെ വായനകൾക്കിടയിൽ  ആ ആത്മകഥ പലയാവർത്തി വായിച്ചു . പിന്നെ എനിക്കു തോന്നി അദ്ദേഹത്തിനൊരു എഴുത്ത് അയക്കാം..തോന്നിയാൽ പിന്നെ അതു ചെയ്തിട്ടേയുള്ളു ബാക്കികാര്യങ്ങൾ..  രാജേഷിനോടു പറഞ്ഞപ്പോൾ ആ പുസ്തകം വാങ്ങി നോക്കിയിട്ട്  എന്നോടു പറഞ്ഞു “പാവം  നല്ലോരു മനുഷ്യൻ നീ എന്തിനാ വെറുതെ എഴുത്തൊക്കെ അയക്കുന്നത് “  ഞാൻ ചുരുങ്ങിയ വാക്കുകളിൽ അതിന്റെ ഉള്ളടക്കം വിശദീകരിച്ചു കൊടുത്തു..എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി അതെല്ലാം കേട്ട് അൽഭുത ഭാവത്തിൽ ഇരുന്ന രാജേഷ് അവസാനം പറഞ്ഞു“ ഓകെ നീ എഴുതിക്കോ...അദ്ദേഹത്തിന്റെ  ഫോൺ നമ്പർ കിട്ടുമോ ആവോ.. ഒരു അപകടം തപാൽ വഴി വരുന്നുണ്ടെന്ന് മുന്നറിയിപ്പു കൊടുക്കാമായിരുന്നു “..

                                  അനുവാദം കിട്ടിയ ഉടൻ ആത്മകഥയിലെ സമാനതകളെ കുറിച്ചൊന്നും പ്രതിപാദിക്കാതെ ., ഒരു  നല്ല വായനാനുഭവം വിശദീകരിച്ച് അദ്ദേഹത്തിനു ഞാൻ  എഴുത്തെഴുതി...
അയച്ചു..മറുപടിയൊന്നും വന്നില്ലെങ്കിലും  മൂന്നു വർഷത്തിനിടയിൽ മൂന്നു എഴുത്തുകൾ ഞാൻ അയച്ചിരുന്നു.. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ഒന്നു രണ്ടു പുസ്തകങ്ങൾ കൂടി പുറത്തിറങ്ങി.. അതെല്ലാം നാട്ടിൽ നിന്നും വരുത്തിച്ച് അതിലൂടെ അദ്ദേഹത്തിന്റെ എഴുത്ത് രീതിയും അതിൽ അനുഭവിക്കാൻ കഴിയുന്ന ഭാവനാ സമ്പുഷ്ടതയും..,ആത്മാർത്ഥതയും..,ഒക്കെ ആസ്വദിച്ച് എന്റെ ഒറ്റപ്പെടൽ  സൌദിയിൽ അഹ്ലാദകരമായി..

                               അതിനിടയിൽ  ഞാൻ  എഴുതിയ,  കഥകളെന്നു ഞാൻ വിളിക്കുന്ന ചിലത് ഒന്നിച്ചു ചേർത്ത് ഒരു സമാഹാരമാക്കാൻ തീരുമാനിച്ചു...അതിനു വേണ്ടി  നാട്ടിലേയ്ക്കു പോരുകയും ചെയ്തു .മനസ്സിൽ  വിചാരിച്ചിരുന്നു ഇത് അദ്ദേഹത്തെ കൊണ്ടു  പ്രകാശിപ്പിക്കണം ആ പ്രിയപ്പെട്ട എഴുത്തുകാരനെകൊണ്ട് തന്നെ അവതാരിക എഴുതിക്കുകയും വേണം..പക്ഷേ എങ്ങിനെ ഒന്നു സംസാരിക്കും..? ആരാധന എന്നത് ഭയവും കൂടിയാണെന്നു തോന്നുന്നു.. അഛന്റെ അഭിപ്രായപ്രകാരം അദ്ദേഹം ജോലി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനത്തിലെ നമ്പറിൽ .വിളിച്ച് അദ്ദേഹത്തിനു ഫോൺ കൊടുക്കാൻ അപേക്ഷിച്ചു..അതൊരു ഞായറാഴ്ച്ചയായിരുനു അതു മറന്നായിരുന്നു എന്റെ വിളി..പക്ഷേ ഭാഗ്യം..! അദ്ദേഹം അന്നവിടെ ഉണ്ടായിരുന്നു..സംസാരിക്കാതെ .ഞാൻ അഛനു ഫോൺ കൊടുത്തു അഛൻ വളരെ വിനീതനായി അദ്ദേഹത്തോടു പറഞ്ഞു

                  “ സർ എന്റെ മകന്റെ ഭാര്യ..,ജാനകി, അവൾ കൊച്ചു കൊച്ചു കഥകളൊക്കെ എഴുതിത്തുടങ്ങിയിട്ടുണ്ട് ഒരു പുസ്തകമാക്കണമെന്നു വിചാരിക്കുന്നു  സർ അതിനൊരു അവതാരിക എഴുതി തരുമെങ്കിൽ..ഞങ്ങൾക്കു വളരെ സന്തോഷമാകും..”

                 സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാൻ നിൽക്കുന്ന ഒരാളെ പോലെയായിരുന്നു അഛൻ അതു പറഞ്ഞപ്പോൾ നിന്നിരുന്നത്......( എന്റെ പാവം അമ്മായിഅഛൻ- എനിക്കു വേണ്ടി കുറേ സഹിച്ചിട്ടിട്ടുണ്ട് )........ ശേഷം ഫോൺ എനിക്കു തന്നു..,

                  എന്റെ കൈകൾ വിറച്ചു..“ഹലോ..” ശബ്ദവും.

                “ ങാ പറയൂ.ജാനകി“. സിംഹത്തിനു തൊണ്ടവേദന വന്നതു പോലൊരു ശബ്ദം..സിംഹം സിംഹം തന്നെയായതു കൊണ്ട് ബാസും ഗൌരവവുമൊക്കെ ഉണ്ട്...

                 “സാ..ർ.....“           പിച്ചക്കാരി വിളിക്കുന്നതു പോലെയാണ് എനിക്കു തന്നെ തോന്നിയത് . ശരിയാകാതെ ഒന്നു കൂടി ശബ്ദം മനോഹരമാക്കി വിളിച്ചു..

                 “സർ “          അഛൻ പറഞ്ഞതൊക്കെ തന്നെ ഞാൻ ആവർത്തിച്ചു..എന്നിട്ടു പറഞ്ഞു..

                 “ഞാൻ സാറിന് എഴുത്ത് അയച്ചിട്ടുണ്ട് സൌദിയിലായിരുന്നപ്പോൾ രണ്ടു മൂന്നു പ്രാവശ്യം..” 
                 “എനിക്കോ..!!      അല്പനേരം ആലോചിച്ചിട്ട് അദ്ദേഹം നിഷേധിച്ചു
            
                 “ഏയ് ജാനകി എന്ന പേരിലൊരു എഴുത്തും എനിക്ക് കിട്ടിയിട്ടില്ല.”

                 “ അയ്യോ  ഞാൻ എന്റെ സ്വന്തം പേരിലാണു അതെല്ലാം അയച്ചത് ‘കവിത‘ എന്ന പേരിൽ “-

                    പെട്ടെന്ന് അദ്ദേഹം ചിരിച്ചു  -  “ഓ..കവിത  ഇപ്പോൾ ഓർമ്മ വന്നു എന്റെ ഒരു വായനക്കാരി അല്ലേ  ..? എന്റെ പുതിയ പുസ്തകം ‘-...............-‘  വായിച്ചോ?      ഞാൻ സന്തോഷം കൊണ്ടു  ബോധം കെട്ടില്ലെന്നേയുള്ളു എന്നെ തിരിച്ചറിഞ്ഞല്ലോ

                          “വായിച്ചു സർ “
   
                          “ ആട്ടെ കവിതയോട് ആരാ പറഞ്ഞത് ഇന്നു ഞാൻ ഓഫീസിലുണ്ടാകുമെന്ന്..? ഇന്നു ഞായറാഴ്ച്ചയല്ലെ..ഇന്നു ഞാനെന്റെ നോവൽ എഴുതാൻ വേണ്ടി വീട്ടിൽ നിന്നുമൊന്ന്  മാ‍റിയിരുന്നതാണ് അല്ലെങ്കിൽ എല്ലാ ഞായറാഴ്ച്ചയും വീട്ടിലുണ്ടാകും”

                          “ഞാനിതൊന്നും അറിയാതെ വിളിച്ചതാണു സർ..”

                         “ ങാ..അതാണു മനപ്പൊരുത്തം....നീയെന്താ എഴുതിയിരിക്കുന്നേ കഥകളാണോ?

                          “ അതെ സർ  അവതാരിക എഴുതിതരുമോ...”   ഞാൻ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു

                         “ ഇപ്പോൾ ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കയാണ് ..,എന്തായാലും നീ അതിന്റെ കോപ്പി അയക്കു  ഞാൻ നോക്കട്ടെ

                         ഞാൻ പിറ്റേദിവസം തന്നെ കോപ്പിയെടുത്ത്  അയച്ചു കൊടുത്തു..പക്ഷേ എന്റെ നിർഭാഗ്യം കൊണ്ട് അദ്ദേഹത്തിന് അത് എഴുതിത്തരാൻ പറ്റിയില്ല ..പിന്നീട് അതു ചെയ്തത് ഇ.പി ശ്രീകുമാർ സാറായിരുന്നു...അവതാരിക എഴുതിതന്നില്ലെങ്കിലും അദ്ദേഹം എന്നെ ഇടയ്കു വിളിച്ച് കുശലാന്ന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു..അതുകൊണ്ടു തന്നെ എന്റെ ആഗ്രഹം സാധിക്കാത്തതിൽ പരിഭവമൊട്ടു തോന്നിയതുമില്ല..

                         എന്റെ പ്രിയ സുഹൃത്തുക്കളേ..., സത്യത്തിൽ ഇതൊന്നുമല്ല ഞാൻ എഴുതാനുദ്ദേശിച്ചത്.....അതു വരുന്നേയുള്ളു.....

                        അങ്ങിനെ പ്രമുഖ വാരികയിൽ ‘അദ്ദേഹത്തിന്റെ’ നോവൽ  പ്രസിദ്ധീകരിച്ചു വരാൻ തുടങ്ങി കുറച്ചൊക്കെ ആത്മകഥാപരവും ..ഭാവനയും..ഭാവിപ്രവചനങ്ങളുമൊക്കെയായി, ഒരു നോവൽ....എല്ലാ ആഴ്ച്ചയും അതു വായിച്ച് ചൂടോടെ  അന്നു  തന്നെ  അഭിപ്രായം ഞാൻ മെയിൽ ചെയ്തു കൊണ്ടിരുന്നു...  നോവലിനോടുള്ള എന്റെ ഇഷ്ടം കൂടുന്നതനുസരിച്ച് ആരാധനയും കൂടി വന്നു...പിന്നെ തോന്നി അദ്ദേഹത്തിന്റെ അമ്മയേയും .., അദ്ദേഹം ജനിച്ചു വളർന്ന വീടും ഒന്നു കാ‍ണണമെന്ന്. ഇപ്പോൾ അദ്ദേഹം ആ വീട്ടിൽ ഇല്ല എന്നതും താമസിക്കുന്നത് വളരെ വളരെ ദൂരെയാണെന്നും അറിയുന്നതു കൊണ്ട്  ആരും അറിയാതെ സംഗതി നടപ്പാക്കാമെന്നു തോന്നി ... ഇനി വേണ്ടത്  രാജേഷിന്റെ സമ്മതം മാത്രമാണ്....ഒരുവിധത്തിൽ അതും ഒപ്പിച്ചു.  ഒരു ധൈര്യത്തിന് എന്റെ ബാല്യകാലസുഹൃത്തിനേയും കൂട്ടി പേര് - കൊച്ചുമോൻ-  കണ്ടാൽ ആൾ വലിയ മോനാണ്,പോരെങ്കിൽ പോലീസ് ഓഫീസറും....പക്ഷേ ടോർച്ച് അടിച്ചു നോക്കണം ശരിക്കും കാണണമെങ്കിൽ.  പണ്ടെന്നോ കാരയ്ക്ക മരത്തിൽ കയറി എനിക്കു കാരയ്ക്ക പറിച്ചു തന്നപ്പോൾ അവന്റെ നെഞ്ചുരഞ്ഞു പൊട്ടിയ കണക്ക് പറഞ്ഞ് എന്നോട് ഇപ്പോഴും തല്ലു പിടിയ്ക്കാൻ വരുന്ന സ്വഭാവമാണ്..

                               കാറിലിരിക്കുമ്പോൾ  ഞാൻ അവനോടു പറഞ്ഞു ..
                         
                            ” നീ അവിടെ ചെന്നു ഒരക്ഷരം മിണ്ടിപോകരുത്..”      അവന്റെ കാറിൽ.., അവന്റെ പെട്രോൾ ചിലവിൽ..,അവനൊരു ഗുണവുമില്ലാത്ത..എന്റെ ആവശ്യത്തിനു പോകുമ്പോൾ അങ്ങിനെ പറയുന്നതിൽ ഒരു വിരോധാഭാസമൊക്കെയുണ്ട്..അതു കാര്യം നിങ്ങൾക്കറിയാഞ്ഞിട്ടാണ്...എറണാകുളം വിട്ടുപോയ  ഒരെഴുത്തുകാരൻ..., സാഹിത്യ അക്കാദമിയിൽ വച്ച്  ആ എഴുത്തുകാരന് ഒരു അവാർഡ് സമ്മാനിക്കുകയുണ്ടായി.ആ പരിപാടിയിൽ ഞാൻ പങ്കെടുത്തപ്പോൾ കൊച്ചുമോനും ഉണ്ടായിരുന്നു..അന്നു കണ്ട പരിചയം വച്ച് പ്രസ്തുത എഴുത്തുകാരനെ എറണാകുളത്തു വച്ച് കണ്ടപ്പോൾ.., ഞാൻ വളരെ ബഹുമാനത്തോടെയൊക്കെ സംസാരിച്ചു...അദ്ദേഹത്തിന്റെ എഴുത്തിനെ ബഹുമാനിക്കേണ്ടതുണ്ട്...പ്രതീക്ഷിക്കാതെയാണ് കൊച്ചുമോൻ വളരെ ഫ്രീയായി ഒരഭിപ്രായം പറഞ്ഞത്   “ ഇപ്പോൾ കാണാൻ  ഒരു ഗെറ്റപ്പോക്കെയുണ്ട്..അന്ന് എന്താണ് വേദിയിൽ ആ കസേരയിൽ ഒടിഞ്ഞു മടങ്ങി ഏതാണ്ട് ഡ്ബ്ലിയൂ  പോലെ  ഇരിപ്പുണ്ടായല്ലോ..”    എന്റെ  ദൈവമേ...ഞാൻ നിൽക്കുന്നിടം മാത്രം കുലുങ്ങുന്ന പോലെയൊക്കെ തോന്നി. ഒരു കണക്കിന് അവിടെ നിന്നു രക്ഷപ്പെട്ടു. ആ എഴുത്തുകാരൻ പിന്നെ വിളിക്കുകയോ മെയിൽ ചെയ്യുകയോ  പരിചയം ഭാവിക്കുകയോ ചെയ്തിട്ടില്ല.. അതു  മറക്കാത്തതു കൊണ്ടാണ് ‘ മിണ്ടി പോകരുത്‘ എന്നൊരു മുന്നറിയിപ്പു കൊടുക്കാൻ ഞാൻ മറക്കാതിരുന്നത്....

                               എന്റെ ആരാധനാപാത്രമായ എഴുത്തുകാരന്റെ വീട്ടിലേയ്കുള്ള യാത്ര ഏകദേശം പൂർത്തിയാകാറായി. എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും അദ്ദേഹത്തിന്റെ പ്രിയപെട്ട പുഴയുമൊക്കെ നിറഞ്ഞു നിന്നു... അപ്പോഴുണ്ട് വഴിയിലൊരു ബ്ലോക്ക്.!!!? ജനക്കൂട്ടം നോക്കിനിൽക്കുന്ന ദിശയിലേയ്ക്ക്  നോക്കിയപ്പോൾ അതിനപ്പുറം, വായുവിലേയ്ക്ക് ഒരു പെട്ടിക്കട അങ്ങിനെ തന്നെ ഉയർന്നു താഴുന്നു..അതിനു ശേഷം ഒരു വലിയ ശബ്ദവും കേട്ടു..പിന്നെ കുറേ നേരത്തേയ്ക്ക് നിശബ്ദതയായിരുന്നു..ശേഷം വാഹനങ്ങൾ പതുക്കെ നീങ്ങാൻ തുടങ്ങി..  ഒരു ‘ആന‘ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു അത്രയും പ്രശ്നം അവിടെ നടന്നത്..ഈ ആനയെ പാപ്പാൻ നടത്തി കൊണ്ടു വരുകയായിരുന്നു  ഉച്ച സമയമായിരുന്നു നേരത്തെ വായുവിൽ തത്തിക്കളിച്ച  പെട്ടിക്കടയിൽ നിന്നും പാപ്പാൻ സോഡ വാങ്ങി കഴിച്ചു..നേരെ എതിർദിശയിൽ ചെറിയൊരു ഹോട്ടലുമുണ്ടായിരുന്നു. എവിടന്നോ വന്ന രണ്ടു തടിലോറികൾ ആ ഹോട്ടലിനു മുന്നിൽ നിർത്തി ഡ്രൈവേഴ്സ് ഊണു കഴിക്കാൻ കയറി.. ആന വിചാരിച്ചു ഈ രണ്ടു ലോറികളിലെ അത്രയും തടികൾ തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇറക്കിപ്പിക്കാനാണ് ഇവന്മാരുടെ പരിപാടിയെന്ന്..ആന പിന്നെ വെറുതെയിരിക്കുമോ..അങ്ങിനെ പ്രതിഷേധം രേഖപ്പെടുത്തിയതായിരുന്നു നേരത്തെ കണ്ടത്..

                                വൈകാതെ ഞങ്ങൾ ഒരോരുത്തരോട് ചോദിച്ച്,അന്വേഷിച്ച്  അദ്ദേഹത്തിന്റെ വീട്ടിലെത്തി..അത്ര വലിയതൊന്നുമല്ലാത്ത പഴയൊരു തറവാട്..എന്റെ  മനസ്സും കണ്ണും ആ നോവലിൽ എഴുതി വരച്ച പരിസരങ്ങളെ തേടി ....നാലു പാളികളുള്ള പൂ‍മുഖ വാതിൽ കണ്ടപ്പോൾ ഞാനൊന്നുകൂടി അമ്പരന്നു എന്റെ  പാവം വീടിനും നാലുപാളികളുള്ള  പൂ‍മുഖവാതിലാണ്..അമ്മുന്റെകുട്ടിയുടെ വിരലുകൾ പലപ്രാവശ്യം ഇറുങ്ങി വേദനിച്ച വാതിൽ പാളികൾ..

                                  ഞങ്ങൾ ചെല്ലുന്ന നേരത്ത്  താഴെയുള്ള രണ്ടു പാളികൾ മാത്രമടച്ചിട്ട് മുകളിൽ തുറന്നു കിടക്കുകയായിരുന്നു.. ഒന്നു സംശയിച്ച് മുറ്റത്തു നിൽക്കുമ്പോൾ മുണ്ടും ബ്ലൌസും ധരിച്ച പ്രായമുള്ള ഒരു സ്ത്രീ അകത്തു മുറിയിൽ നിന്നും മുന്നിലേയ്ക്കു വന്നു .എന്റെ നോട്ടത്തിൽ കിട്ടിയ അളവ് ശരിയാണെങ്കിൽ  ഏകദേശം അഞ്ചടി ഏഴിഞ്ച് ഉയരം...അതിനൊത്ത വണ്ണം...പുരുഷന്മാരുടേതു പോലുള്ള ശരീര പ്രകൃതി...., ആരാടാ..വാടാ.....എന്ന ധൈര്യം മുഖത്ത്..പക്ഷേ അദ്ദേഹത്തിന്റെ മുഖവുമായി നല്ല സാമ്യം...എന്റെ മനസ്സ് ഞാനറിയാതെ എന്നോടു തന്നെ എന്നോടു ചോദിച്ചു

                                “ എന്റമ്മേ..ഇതാണോ അമ്മ..”  അദ്ദേഹം അമ്മയെ ക്കുറിച്ച് എഴുതിയതെല്ലാം ഓർത്തു.. അതു ശരിയാണെങ്കിൽ ആ അമ്മ ഇങ്ങിനെ തന്നെയായിരിക്കും..  പക്ഷേ അമ്മ എന്ന സങ്കൽ‌പ്പത്തിന് സ്ഥായിയാ‍യ കുറച്ച് രൂപങ്ങളും  ഭാവങ്ങളും മനസ്സിൽ  കൽ‌പ്പിച്ചു കൊടുത്തിരിക്കുന്നതുകൊണ്ട് ഈയമ്മയെ കണ്ടപ്പോൾ ഒന്നു ഞെട്ടി.., 
   
                                 “ ആരാ മക്കളേ..”  തനി നാടൻ ചോദ്യം....ഞങ്ങൾ അല്പം പരുങ്ങി നിൽക്കുകയാണ്..അദ്ദേഹത്തിന്റെ പേരുപറഞ്ഞിട്ട് ഞാൻ നല്ല ഒരു വായനക്കാരിയാണെന്നു പറഞ്ഞു..അതിൽ നുണയൊന്നുമുണ്ടായിരുന്നില്ല..മകനെ ആരാധിക്കുന്ന രണ്ടുപേർ വന്നിരിക്കുന്നു എന്നറിഞ്ഞ് ആ അമ്മയുടെ മുഖത്ത് സന്തോഷം കലർന്ന..,അഭിമാനം സ്ഫുരിക്കുന്ന ഭാവം നിറഞ്ഞു

                                   “ വാ കേറിയിരിയ്ക്ക്.....അവരിവിടെയല്ല താമസം...” അയ്യോ നിങ്ങൾ വന്നിട്ട് അവനെയൊന്നു കാണാൻ പറ്റിയില്ലല്ലോ എന്ന ആത്മാർഥതനിറഞ്ഞ സങ്കടം ആ വാക്കുകളിൽ ഉണ്ടായിരുന്നു

                                       അതറിയാം അമ്മേ...ഞങ്ങൾ ഈ വീടൊന്നു കാണാൻ വന്നതാണ് ....

                                       അവർ നിറഞ്ഞു ചിരിച്ചു.. ഒരമ്മയ്ക്കു മാത്രമേ അങ്ങിനെ ചിരിക്കാൻ പറ്റുകയുള്ളു എന്നു തോന്നി.

                                     “എന്താ മക്കളുടെ പേര്..”  ഞങ്ങൾ ഭാര്യാഭർത്താക്കന്മാരനെന്നു ഉറപ്പിച്ചാണ് അവർ സംസാരിക്കുന്നതെന്നു മനസ്സിലായിരുന്നു.  തനി നാട്ടിൻപുറത്തു കാരിയായ ആയമ്മയോട് ഞങ്ങൾ സുഹൃത്തുക്കളാണെന്നു പറഞ്ഞാൽ എത്രത്തോളം ഉൾക്കൊള്ളുമെന്നു ഞാൻ സംശയിച്ചു..എന്റെ തലകൊണ്ട് ചിന്തിച്ചപോലെ കൊച്ചുമോൻ ഉത്തരം പറഞ്ഞു..

                                        “ഞാൻ അജയ് കോട്ടയത്തുനിന്നാണ്  പ്രസ്സിൽ വർക്ക് ചെയ്യുന്നു..”

                                       “ എന്റെ പേര്  ഇന്ദു...”  ഞാനും അറിയാതങ്ങു പറഞ്ഞുപോയി. ഞാനാണു വന്നതെന്ന്  ഒരിക്കലും അദ്ദേഹം അറിയരുതെന്ന ആഗ്രഹമുണ്ടായിരുന്നു..കാരണം ഒരു ശല്യമായിട്ട് അദ്ദേഹത്തിന്റെ പുറകെ വച്ചു പിടിക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാകരുത്...അമ്മ ചെറിയ ചിരിയോടെ കുറച്ചുനിമിഷം ഞങ്ങളെ നോക്കിയിരുന്നു

                                           ശേഷം അവർ ഞങ്ങളെ അദ്ദേഹം കിടന്നിരുന്ന മുറിയും., കട്ടിലും..വിവാഹ ആൽബവും എല്ലാം ആവേശത്തോടെ കാണിച്ചു തന്നു..അദ്ദേഹം എഴുതിയ പലതും ഞാനോർത്തു..വിവാഹ ആൽബത്തിൽ നിന്നും കുറച്ചു ഫോട്ടോകൾ ഞാൻ മൊബൈലിൽ എടുത്തു..അവിടെ പൂമുഖത്തെ ചുമരിൽ അദ്ദേഹത്തിന്റെ അഛന്റെ  ചിത്രം കണ്ടു..സുമുഖമായിരുന്നു... 

                                           ഞങ്ങൾ പോരാൻ തിരക്കു കൂട്ടി..ചായകുടിക്കാമെന്നു പറഞ്ഞ ആതിഥ്യമര്യാദയെ  സ്നേഹപൂർവ്വം നിരസിച്ചു.. കസേരയിൽ നിന്നും എഴുന്നേറ്റപ്പോഴേയ്ക്കും നൈറ്റിയിട്ടൊരു സ്ത്രീ അടുക്കള വഴി മുൻ വശത്തേയ്കു വന്നു....ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി അത് അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു..   ഞങ്ങൾ ആരെന്നും.., വന്നതെന്തിനെന്നും പറഞ്ഞപ്പോൾ പിന്നെ,  വിശേഷങ്ങൾ മുഴുവനും നിങ്ങൾ അറിഞ്ഞിട്ടു പോയാൽ മതി എന്ന പോലെയായി പുള്ളിക്കാരിയുടെ വർത്തമാനം പിന്നെയും ഒരു മണിക്കൂറോളം അവിടെ ഇരിക്കേണ്ടി വന്നു. സംസാരത്തിനിടയിൽ ഞങ്ങൾ തമ്മിലുള്ള കാഴ്ച്ചപൊരുത്തവും.., ഭാര്യ ഭർത്താക്കന്മാരായാൽ ഇങ്ങിനെ വേണം എന്നോക്കെ അവർ തട്ടിവിടുന്നുണ്ടായിരുന്നു. അതൊന്നും നിഷേധിക്കാനുള്ള ശക്തിയില്ലാതെ തീർത്തും  നിസ്സഹായരായി എങ്ങിനെ ഒന്നു രക്ഷപ്പെടും എന്നു ചിന്തിച്ച് അവിടെ ഇരുന്നു...

                                        സമയം കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടുമെഴുന്നേറ്റു...“ ചേച്ചി  ഇനി ഞങ്ങൾ പൊയ്ക്കോട്ടെ..വൈകി..”

                                      “ ഓ ഒന്നും സംസാരിക്കാൻ പറ്റിയില്ല  ... മോൾടെ ഫോൺ നമ്പർ തന്നേക്ക് വിളിച്ചു സംസാരിക്കാമല്ലോ...” എന്നായി അവർ

                                       ഞാൻ ചുഴിഞ്ഞൊന്നാലോചിച്ചു എന്റെ നമ്പർ അദ്ദേഹത്തിനറിയാം..ഞാൻ അവിടെ ചെന്നു എന്നു അദ്ദേഹം അറിയണമെന്ന് ഞാൻ തീരെ അഗ്രഹിക്കുന്നില്ലായിരുന്നു. ഞാൻ കൊച്ചുമോനെ കണ്ണു കാണിച്ചു “ നിന്റെ കൊടുക്ക്”

                                      “ ഇനി പൊയ്ക്കോട്ടെ..”  യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ എനിക്കു തോന്നി അദ്ദേഹത്തിന്റെ അമ്മയുടെ കാലൊന്നു തൊട്ടു തൊഴണമെന്നു.. അനുവാദമൊന്നും ചോദിക്കാതെ ഞാൻ പടിയിലേയ്ക്ക് ഇറങ്ങി നിന്നിട്ട്  കുനിഞ്ഞ് ആ കാലുകൾ തൊട്ടു വന്ദിച്ചു.. അപ്പോൾ ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നെ  താഴത്തു നിന്നും പൊക്കിയെടുത്ത് അവർ മുന്നിൽ നിർത്തി നെറ്റിയിൽ ഒരു ഉമ്മ വച്ചു..ഞാൻ പേടിച്ചു പോയി ..കാരണം അവർ പൊക്കിയെടുത്തപ്പോൾ അവരുടെ ആരോഗ്യം കൊണ്ട് ഞാൻ ആകെ മുകളിലേയ്ക്കൊന്നു പൊങ്ങിയിട്ടാണ് താഴെ ലാന്റ്  ചെയ്തത്.. അങ്ങിനെ പേടിച്ച് വിറച്ച് ഒരു പരുവമായി ഞാൻ തിരിച്ചു നടന്നു കാറിൽ കയറി... അപ്പോൾ കൊച്ചുമോൻ പറയുന്നു  “ ഞാൻ വിചാരിച്ചു അവർ നിന്നെ പൊക്കിയിട്ടടിക്കാൻ പോകുവാന്ന്..ഞാനതാണു കൊറച്ച് മാറി നിന്നത്..”   

                                     “ ഓ പിന്നെ എനിക്കങ്ങനൊന്നും തോന്നിയില്ല..”  അങ്ങിനങ്ങു സമ്മതിച്ചു കൊടുക്കാൻ പറ്റുമോ..ഞാൻ വിജയഭാവത്തിൽ ഇരുന്നു

                                         ഈ വക സംഭവങ്ങൾക്കൊക്കെ ഇരയായി വീട്ടിൽ വന്ന് ഞാനാദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ എടുത്ത് ഒന്നുകൂടി നോക്കുകയായിരുന്നു.. 
അദ്ദേഹത്തിന്റെ ചിത്രം നോക്കിയപ്പോൾ അമ്മയുടെ മുഖം ക്ലിയറായി മുന്നിൽ വന്നു വേഗം തിരിച്ചു വച്ചു... പിന്നെ മനസ്സിലോർത്തു സാരമില്ല എന്റെ പ്രിയ എഴുത്തുകാരന്റെ  അമ്മയുടെ പാദം തൊടാൻ പറ്റിയല്ലോ..അത്ര മതി......................

                                      ഇതെല്ലാം കഴിഞ്ഞ് അദ്ദേഹത്തോട് ഉള്ള സത്യങ്ങളൊക്കെ ഞാൻ പറഞ്ഞു വീട്ടിൽ പോയതും അവർ  ഞങ്ങളെ തെറ്റിദ്ധരിച്ചതും അപ്പോഴത്തെ സാഹചര്യത്തിൽ അതു തിരുത്താൻ പറ്റാതിരുന്നതും ഒക്കെ.... അദ്ദേഹം   അതും ചിരിച്ചു കൊണ്ടാണ് കേട്ടിരുന്നത്....ശേഷം രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഞാൻ അദ്ദേഹത്തിന്റെ ചേച്ചിയെ വിളിക്കുകയും കാര്യം തെളിച്ചു പറയുകയും ചെയ്തു....അപ്പോൾ അവിടെ നിന്നു കിട്ടിയ മറുപടി  “ അല്ല മക്കളേ  എനിക്കതു തോന്നീരുന്നു .. നിങ്ങൾ ഭാര്യയും ഭർത്താവുമല്ലെന്നു.. പുന്നാരെ നീ ഞങ്ങളെ പറ്റിച്ചല്ലേ..? ഇനിയും വരണട്ടൊ  ഇനീം വിശേഷങ്ങൾ  പറയാനുണ്ട്....?”  ഞാനൊന്നു ചിന്തിച്ചു  
                     
                                   ഈ...ശ്വരാ..  ഇനീം വിശേഷമോ..? ഇത്രയൊക്കെ പുലിവാലു പിടിച്ചതു പോരാഞ്ഞിട്ടാണ്.. ഇനിയാ പരിസരത്തു വരില്ല ...

                                  ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു “വരാം ചേച്ചി തീർച്ചയായും“ 

                                       *************************************************