Monday, February 20, 2012

മൊബൈൽപൊത്തിലെ ഒരു മേൽവിലാസം

         

                 വലിയ ഒരു വിശാലമനസ്കയാണെന്നു ഞാൻ എന്നെയുൾപ്പടെ മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് സത്യത്തിൽ ഇപ്പോഴാണു എനിക്കു തന്നെ മനസ്സിലായത്..അല്ലെങ്കിൽ തേടിപിടിച്ച് പരിചയപ്പെടാൻ വന്ന അയാളെ......(കണ്ടോ ,? പേരുപോലും ഞാൻ അന്വേഷിച്ചില്ല) -അയാളെ ഇത്രത്തോളം വന്നതു കൊണ്ടു മാത്രം ഇറയത്തെ ചാരുപടിയിൽ ഇരുന്നോളു എന്നു ഔദാര്യപൂർവ്വം പറയുമായിരുന്നോ..?


              എന്തിനേയും അതിന്റെ പുറം കാഴ്ച്ചയിൽ തെളിയുന്ന ഒരു വിലയിട്ടശേഷം ഉപബോധമനസ്സിൽ ഫിക്സ് ചെയ്തു വച്ചിരിക്കുന്ന മറ്റൊരു വിലയ്ക്കൊപ്പം നിർത്തി ..,അതിനു മുകളിലോ താഴെയോ എന്നു നിമിഷനേരം കൊണ്ടൊരു കണക്കു കളി ഉണ്ടാകാറില്ലേ മനസ്സിൽ..? അയാളുടെ കാര്യത്തിൽ ആ കളിപോലും വേണ്ടി വന്നില്ല എന്നതാണു സത്യം..


             അവശ കലാ‍കാരന്മാരുടെ ഒരു പിന്തുടർച്ചക്കാരൻ..എല്ലാം അതുതന്നെ .., നീലം മുക്കാത്ത കൈത്തറി മുണ്ട്..,അതിനു മുകളിൽ മുട്ടറ്റം നീളുന്ന ജുബ്ബ..,തോളിൽ അയഞ്ഞ ഒരു തുണി സഞ്ചി..അവിടവിടെ മുഴച്ചു കാ‍ണപ്പെടുന്ന ആ സഞ്ചിയിൽ എന്തായിരിക്കും..!? മാതാപിതാക്കളുടേയോ ഭാര്യയുടേയോ -“കാൽക്കാശിനു കൊള്ളത്തവൻ“- എന്നു നീട്ടിയെറിഞ്ഞ നോട്ടത്തിനു മുന്നിലിരുന്ന് എഴുതിയോ, വരച്ചോ ഉണ്ടാക്കിയ എന്തെങ്കിലുമൊക്കെ ആയിരിക്കും..അതെല്ലാവർക്കും അനിവാര്യമായ തിരിച്ചറിവുമാണ്..അതുകൊണ്ടാണല്ലോ മദ്യപിച്ച് പെരുവഴിയിൽ എത്ര നേരം കിടന്നാലും അവശകലാകാരനു അവന്റെ തോൾ സഞ്ചി നഷ്ടപ്പെടാത്തത്....


               എന്നിട്ടും എന്റെ ഊഹം ശരിയാണോന്നറിയാൻ വേണ്ടി ചാരുപടിയിൽ അർദ്ധാസനത്തിൽ ഇരുന്ന അയാളോട് ഞാൻ ചോദിച്ചു..

  
            “ എന്താണീ സഞ്ചിയിൽ..?... പ്രതീക്ഷിക്കാത്ത ചോദ്യമായതു കൊണ്ടാവും ,ഒരു നിമിഷം നിശ്ചലമായി നിന്ന കണ്ണുകൾ മടിയിൽ വച്ചിരുന്ന സഞ്ചിയിലേയ്ക്കു നീട്ടി വയറ്റത്തേയ്ക്കു ചേർത്തു പിടിച്ചു


           “ അതെന്റെ കുറച്ചു സ്വകാര്യങ്ങൾ....” മറുപടിയോടൊപ്പം പുറത്തു വന്ന  മദ്യഗന്ധം എന്നെ ചൊടിപ്പിച്ചു അതിന്റെ ധാർഷ്ട്യത്തിലായിരുന്നു അടുത്ത ചോദ്യം


            “ മനസ്സിൽ കൊള്ളാത്തതു കൊണ്ടാണോ, അതെല്ലാം ഇങ്ങിനെ സഞ്ചിയിലിട്ടു നടക്കുന്നത്..”


              “ അല്ല ജീവിതത്തിൽ കൊള്ളാത്തതു കൊണ്ട്..”..അയാൾ ഒന്നു കൂടി ഉറപ്പിച്ചിരുന്നു


         “ഞാൻ ചേച്ചിയെ ഒന്നു കാണാൻ വന്നതാണ്..ഒരു ബുക്ക് പബ്ലിഷ് ചെയ്തില്ലേ..ഈയടുത്ത്..പറ്റുമെങ്കിൽ എനിക്കൊരെണ്ണം ..,അല്ല രണ്ടെണ്ണം തരാമോ..? ഒന്നെനിക്കും മറ്റേത് ഞങ്ങളുടെ ലൈബ്രറിയിൽ വയ്ക്കാനുമാണ്..’


            അതു ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു., എന്റെ മുഖത്തു നോക്കിയിട്ട് ഞാനൊരു സുന്ദരിയാണെന്നു പറഞ്ഞതു കേട്ട പോലെ മനസ്സു ചാടി തുള്ളിപ്പോയി..എഴുത്തിന്റെ ആദ്യപടിയിൽ ഞാൻ പാദം ഊന്നിയിട്ടേയുള്ളു ,അതറിഞ്ഞ് അന്വേഷിച്ചു വന്നതിൽ ഒരു പാടു സന്തോഷം അനുഭവിച്ചെങ്കിലും ഒരു നിസ്സംഗത അതിന്റെ മേൽ വലിച്ചിട്ട് വളരെ ബുദ്ധിമുട്ടി ആ സന്തോഷം മറച്ചു വച്ചു..

             എന്റെ നിശബ്ദതയിൽ നിന്നും ഊർജ്ജം വലിച്ചെടുത്ത പോലെ അയാൾ അല്പം വാചാലനാകാൻ തുടങ്ങി

                    
                “ഞാൻ ഒരു മിക്ക എഴുത്തുകാരികളെയും അന്വേഷിച്ചു പിടിച്ച് പരിചയപ്പെടാൻ ശ്രമിക്കാറുണ്ട്..അവരോടൊക്കെ അടുത്ത സൌഹൃദത്തിലുമാണ്..”


                   ങേ!! അതെന്താ എഴുത്തുകാരികൾ മാത്രം..?  ഇത്രയും നേരം ഗതികെട്ടവനായി മുന്നിലിരുന്ന അയാളുടെ മുഖത്ത് ഞാൻ സ്ത്രീലമ്പടത്വം തിരയാൻ തുടങ്ങി., ഞാൻ എന്നെക്കുറിച്ച് ശ്രദ്ധാലുവാകാനും....... പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ.,  ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..?


                 പക്ഷേ വെളുപ്പും കറുപ്പും കുറ്റിരോമങ്ങൾ പകുതിയും മറച്ച അയാളുടെ മുഖത്ത് എന്തു തരം ഭാവമാണെന്ന് എനിക്കു തിരിച്ചറിയാനേ പറ്റിയില്ല..ഞാൻ അക്ഷമായാകാൻ തുടങ്ങി ഒരു പരിചയവുമില്ലാത്ത ഒരാൾ വന്ന് കഴമ്പില്ലാത്ത എന്തൊക്കെയോ പറയുന്നു..പറയാൻ ശ്രമിക്കുന്നു....

                       
              “ബുക്ക് ഇപ്പോൾ എന്റെ കയ്യിലില്ല ..ഓതേഴ്സ് കോപ്പി കിട്ടിയതു മുഴുവൻ ബന്ധുക്കൾക്കു കൊടുത്തുതീർന്നു.വേണമെന്നു നിർബന്ധമാണെങ്കിൽ ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞു വരൂ..ഞാൻ വേറേ വരുത്തിക്കുമ്പോൾ തരാം..” ...പോയിക്കിട്ടാൻ വേണ്ടി കാര്യം പറഞ്ഞു തീർത്ത്  ഞാനൊന്നനങ്ങിയിരുന്ന്  - ശരി എന്നു തലയാട്ടി


               “ഞാനൊരു ഭാഗ്യം കെട്ടവനാണ്...” ബട്ടൻസ് ഇളകിപ്പോയ ജുബ്ബയുടെ തുറന്ന കഴുത്ത് കൂട്ടിപ്പിടിച്ച് അയാൾ നിരാശ ഭാവിച്ചു..അയാളുടെ വിരലറ്റങ്ങളിലെ കറകൾ ഒരു പക്ഷേ കഴുകിയാലും പോകാനിടയില്ലാത്ത വിധം പറ്റിപ്പിടിച്ചതാണെന്നു തോന്നി...

                        
             “പാവങ്ങൾ- വായിച്ചിട്ടുണ്ടോ..?”.. പെട്ടെന്നായിരുന്നു ചോദ്യം.

               “ങ്ഹേ.?.”

            “പാവങ്ങൾ...?, അമ്മ..? ...കുറ്റവും ശിക്ഷയും......?..” അയാൾ വിരലുകൾ ഓരോന്നായി നിവർത്തി.

                         ഇതൊക്കെ ലോക ക്ലാസിക്കുകളാണെന്ന് അറിയാമെന്നതും മനസ്സിനു മങ്ങലേൽ‌പ്പിക്കുന്ന പുറം ചട്ടകളുമായി ലൈബ്രറികളിൽ അർഥഗാംഭീര്യത്തോടെയിരിക്കുന്നത് കണ്ടിട്ടുണ്ടെന്നതും ഒഴിച്ച് കൈകൊണ്ടു തൊട്ടു നോക്കിയിട്ടില്ലാത്ത ഭയങ്കര പുസ്തകങ്ങൾ........വിറയ്ക്കുന്ന മനസ്സോടെ പലപ്പോഴും അടുത്ത് ചെന്നിട്ടും  “നീയോ വായിക്കാൻ പോകുന്നത് ഞങ്ങളേയോ..അത്രയ്ക്കൊക്കെ ആയോ..” എന്ന വെല്ലുവിളി നേരിടാൻ പറ്റാതെ കൈ പിൻ വലിച്ചവ..ദൈവമേ അതൊക്കെ വായിക്കാനുള്ള ധൈര്യമെങ്കിലും ഉണ്ടായാൽ മതിയായിരുന്നു...
          
           മുന്നിൽ പെൻസിലിന്റെ മുന കൂർപ്പിച്ചു വച്ചതുപോലെ അയാളുടെ നോട്ടം..മേൽ‌പ്പറഞ്ഞതൊന്നും വായിച്ചിട്ടില്ലാത്ത ജാള്യതയും..,നോട്ടം ഒരു  പുരുഷന്റെ ആയതു കൊണ്ട് സ്ത്രീയെന്ന നിലയിലെ മുഷിവും കൊണ്ട് ഇനിയും പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ഒരു ഭാവത്തിലായി ഞാൻ..

              “അതൊക്കെ വായിക്കണം ...ലോകമെന്തെന്നും അറിയണം..മലയാളത്തിൽ മാത്രം വിശ്വസിച്ച് ,ഈയൊരു  വട്ടത്തിലുള്ളതു മാത്രം വായിച്ചു കഴിഞ്ഞാൽ സ്വയം പാരവയ്ക്കുന്ന അനുഭവമായിരിക്കും എഴുത്തിൽ.......ഒരു വിശ്വാസ വഞ്ചനപോലെ...ചിന്നു അച്ചബേയെ വായിക്കാനിഷ്ടമുണ്ടോ..?

                ചിന്നു അച്ചബേ..!!?  ചിന്നു ഇച്ചീച്ചീ...ചിന്നു അയ്യയ്യേ....ഏതോ  കുട്ടി , കുസൃതിക്കുട്ടി ചിന്നുക്കുട്ടി..,.ങ്ഹേ...എന്താണിയാൾ ചോദിച്ചത്..!!!.? വായിക്കാനിഷ്ടമുണ്ടോന്നോ...? അറിയുകയേയില്ല എന്നു പറഞ്ഞാൽ കുറച്ചിലാകും...

                “ഇഷ്ടമുണ്ടെങ്കിൽ....?”

               “ ഞാൻ  തരാം...”   ഒരു മാന്ത്രികനെ പോലെ സഞ്ചിയിൽ കൈയ്യിട്ട് ബൈൻഡു ചെയ്ത ഒരു ബുക്കെടുത്ത് അയാൾ നീട്ടി..പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് വാങ്ങിക്കണോ വേണ്ടയോ എന്ന വിഷമത്തിലായിഞാൻ...
     
                  “വായിച്ചിട്ട് തിരിച്ചു തന്നെ പറ്റൂ...”..... ഓഹ്....അയാളതെനിക്കു തന്നു കഴിഞ്ഞു........
...

         “.അല്ല നിങ്ങൾ പറഞ്ഞില്ലേ..സ്ത്രീ എഴുത്തുകാരോടു മാത്രമുള്ള സൌഹൃദം...അതെന്തടിസ്ഥാനത്തിലാണ്......?

                    “ സ്ത്രീകൾ പുരുഷന്മാരേക്കാൾ വിശ്വസിക്കാൻ കൊള്ളുന്നവരാണ്.....അവർക്കു പരസ്പരം വിശ്വാസമില്ലെങ്കിൽ കൂടി....അല്ലേ..?”

                     എനിക്കു അതേയെന്നൊ  അല്ലയെന്നൊ ഒറ്റവാക്കിൽ ഉത്തരം പറയാനാവാത്ത ചോദ്യമായിരുന്നു അത്..

                   “ അതേ സമയം അവർ വിഡ്ഡികളുമാണ്.. നിഷ്ക്കളങ്കരായ വിഡ്ഡികൾ..മരിക്കാൻ പോകുന്നു എന്നറിഞ്ഞും ചിലപ്പോഴവർ പൊട്ടു കുത്തും  കണ്ണെഴുതും..മുല്ലപ്പൂചൂടും....ഒരുക്കമാണ്.. പോകാനുള്ള ഒരുക്കം...”

                   കുറച്ചു നേരത്തെ എന്നിൽ അയാളോട് ഒരു സൌഹൃദ മനോഭാവം മുളപൊട്ടാൻ തുടങ്ങീയിരുന്നത് ആകപ്പാടേ കടപുഴകി പറിഞ്ഞു പോന്നു


                   “ നിങ്ങൾ ആരെ കുറിച്ചാണീ പറയുന്നത്...” നീരസം ഒളിച്ചു വയ്ക്കാതെ തന്നെ ഞാൻ ചോദിച്ചു..എന്റെ അതൃപ്തി പിടിച്ചു പറ്റാതിരിക്കാൻ വേണ്ടിയെങ്കിലും അയാൾ പറഞ്ഞതിൽ തൊടുന്യായങ്ങൾ നിരത്തിയേക്കുമെന്നും പറഞ്ഞതു ലഘൂകരിക്കാൻ ശ്രമിച്ചേക്കുമെന്നും മനസ്സിൽ കണക്കു കൂട്ടിയ എന്നെ അമ്പരപ്പിച്ചു കൊണ്ട്  അയാൾ  ഒന്നു കൂടി നിരങ്ങി അമർന്നിരുന്ന് തുടർന്നു..


                     “സ്ത്രീകളെ കുറിച്ച് ...അവരെക്കുറിച്ചു തന്നെ..പെരുമ്പുത്തൂരിൽ ബോംബ് ബെൽറ്റ് അരയിലുറപ്പിച്ചു വന്നവളുടെ ചിതറാതെ പോയ തലയിൽ പൂവും.., മുഖത്ത് മേൽ‌പ്പറഞ്ഞ അലങ്കാരങ്ങളും ഉണ്ടായിരുന്നു....”


             “നിങ്ങളെന്തു വിവരക്കേടാണീ പറയുന്നത്..?ഒരു തനുവിനെ.. അതും തീവ്രവാദിയായ ഒരുത്തിയെ അളക്കുന്ന കോലുകൊണ്ടാണോ സ്ത്രീകുലത്തെ മുഴുവൻ അളക്കുന്നത്.. നോക്കു എനിക്കു  വേറേ ജോലിയുണ്ട്...?...”  അടുക്കളയിൽ പലതും ചോദ്യചിഹ്നങ്ങളായി കിടക്കുകയാണ് സത്യത്തിൽ.....

                     “അല്ലല്ല ..നിഷ്ക്കളങ്കതയെ ക്കുറിച്ചു പറഞ്ഞപ്പോൾ...”-

                    “എന്നാലത്ര നിഷ്ക്കളങ്കരല്ല അവർ....അല്ല ഞങ്ങൾ..”  ഞാൻ വാശിയോടെ പറഞ്ഞു...


                  “ അതും അറിയാം.. എന്റെ സ്ഥാനത്ത് മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ഒരു യുവാവാണു വന്നിരുന്നതെങ്കിൽ നിങ്ങളുടേത് ഈ നിസ്സംഗ ഭാവമായിരിക്കയില്ല..വാതിൽ മറഞ്ഞ് നിന്ന് എന്തെങ്കിലും കള്ളം പറഞ്ഞ് അകത്തു പോയി കണ്ണടിയിൽ ഒരു നോട്ടമെങ്കിലും നോക്കി തൃപ്തി വരുത്തും..വസ്ത്ര ധാരണത്തിൽ അനാകർഷകമായുള്ളത് നേരെയാക്കും..കുറഞ്ഞത് കൈ കൊണ്ട് മുടിയൊന്നു  ഒതുക്കി വയ്ക്കുകയെങ്കിലും ചെയ്യും..പിന്നെ മുഖം ഇതു പോലെ കനക്കില്ല സംസാരത്തിൽ മനപ്പൂർവ്വം പെണ്ണത്തം നിറച്ച്  ആകർഷകമാക്കുകയും ചെയ്യും..”


                      ഇയാളിത് എന്തു ഭാവിച്ചാണ്!!!!!?  സത്യത്തിൽ എനിക്കു നേരെ  ഒരു കണ്ണാടി പിടിച്ചു സംസാരിക്കുന്നതു പോലെയാണു കാര്യങ്ങൾ..പക്ഷേ ഉത്തമ കുടുംബിനി എന്ന നിലയ്ക്ക് ഞാനിതൊക്കെ എങ്ങിനെ നിഷേധിക്കാതിരിക്കും...?

                   “..മറുപടി അർഹിക്കുന്ന ചോദ്യങ്ങൾ വേണംചോദിക്കാൻ ..ആരോടായാലും...”

                    എന്റെ കൈയ്യിൽ അവശേഷിച്ചിരുന്ന ഒരേയൊരു ബുക്ക് എടുത്തു കൊണ്ടു വന്ന് പിന്നീട് നീട്ടി

                   “ ഇയാള് ..ദാ ഇതും കൊണ്ട് പൊയ്ക്കോളൂ ,.. എനിക്ക് തിരിച്ചു തരണം ഇവിടെ വേറേയില്ല..ഇത്രത്തോളം വന്ന്  ആവശ്യപ്പെട്ടതല്ലേ...”

                   കൊടുത്തു കഴിഞ്ഞപ്പോൾ ഇനിയും എന്റെ മുഖം മൂടി വലിച്ചു കീറി പുറത്തിടാതിരിക്കാൻ കൈക്കൂലി കൊടുത്തതാണെന്നു എനിക്കു തന്നെ തോന്നിപ്പോയി...

                “..തൽക്കാലം ഇതെന്റെ സഞ്ചിയിൽ കിടന്നോട്ടെ..വായിച്ചിട്ടു തരാൻ ശ്രമിക്കാം..”

              അയാൾ അല്പം  അധിക സ്വാതന്ത്രം എടുത്തോ എന്നൊരു സംശയം..? ഞാൻ സ്നേഹിക്കുന്നവരല്ലാതെ എന്റെ അടുത്ത് അധികാരം കാണിക്കുന്ന ആരേയും ഞാൻ വകവയ്ക്കാറില്ല ‘ഇയാളോട് എനിക്കുള്ള ദേഷ്യവും പുച്ഛവുമൊക്കെ പ്രകടിപ്പിക്കാൻ പറ്റാത്തതെന്താണ്.....? ഭർത്താവിനോടാണെങ്കിൽ എന്റെ ഭാഗം ന്യായീകരിക്കുമ്പോഴൊക്കെ പൊതു അറിവും വായിച്ചറിവും എല്ലാം കൂടി സന്ദർഭാനുസരണം ചേർത്ത് അദ്ദേഹത്തെ മറുപടിയില്ലാത്ത മനുഷ്യനാക്കി മാറ്റിയിരുത്തിയേനേ....അപ്പോഴാണെവിടെ നിന്നോ വന്ന ഇയാൾ എന്നെ ഒരക്ഷരം മിണ്ടി എതിർക്കാൻ മനസ്സില്ലാത്തവളാക്കി ഇറങ്ങിപ്പോകാൻ തുടങ്ങുന്നത്...

                 കയറി വന്നതു പോലെ മദ്യത്തിന്റെ മയക്കത്തിൽ ആയാസപ്പെട്ടു തന്നെയാണു അയാൾ ഇറങ്ങിയതും..അന്നേരം എനിക്കും കിട്ടി ഒരു അധികാര സ്വാതന്ത്രം....

           “ ഇങ്ങിനെ ലക്കു കെട്ട്  കുടുംബത്തിൽ ചെന്നു കയറാതിരുന്നൂടെ....?”     ചോദ്യം മൃദുലമാകാതിരിക്കാൻ.., എന്നാൽ കുറേക്കൂടി പരുക്കനാക്കാൻ മനപ്പൂർവ്വം ശ്രമിച്ചിരുന്നു..പക്ഷേ അയാൾ തിരിഞ്ഞ് എനിക്ക് അഭിമുഖമായിട്ട് നിന്ന് വളരെ ശാന്തമായി പറഞ്ഞു

              “ഇതിപ്പോൾ എന്റെ ജീവിതത്തിന്റെ അരികത്തു വരെ വന്നിട്ടു തിരിച്ചു പോയ ഒരാളുണ്ട്....അവൾ പോലും ഇങ്ങിനെ പറഞ്ഞിട്ടില്ല..പറയണമെന്നു വിചരിച്ചിരിക്കും....ഭാര്യയല്ലേ?

              ഓ..അവരു മരിച്ചോ..എന്നു ഞാൻ ചോദിച്ചില്ല..ഒരുതരം ക്രൂരമായ വൈരാഗ്യവും അവജ്ഞയും കൊണ്ട് മനസ്സ് മറ്റൊരവസ്ഥയിലായിരുന്നു....

                “ പറഞ്ഞാൽ ചേച്ചി വിശ്വസിക്കില്ല......കുടിച്ചില്ലെങ്കിൽ എനിക്കു വഴിതെറ്റും....”

                “ എന്നാൽ നിങ്ങൾക്കു വഴി തെറ്റണ്ട...” 

                    അയാൾ പോയി..........


                    *                       *                    *                            *                       *                       *

              ഓരോരുത്തരും അവരവരുടെ മിത്രങ്ങളെക്കാൾ കൂടുതലായി ശത്രുക്കളെ ക്കുറിച്ച് ചിന്തിക്കുന്നു എന്നു ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്...അതു ശരിയായി ഇപ്പോൾ ഭവിച്ചിരിക്കുന്നു..മനസ്സിനെ മഥിച്ചേക്കാവുന്ന  ഒരു പ്രശ്നം  നേരത്തേതന്നെ പരിഹരിക്കാനുള്ള സാഹചര്യം മുന്നിൽ വരുമ്പോൾ ,അതു കണ്ടില്ലെന്നു നടിക്കാൻ പ്രേരിപ്പിക്കുന്ന ഈഗോ പ്രവർത്തിച്ചതു മൂലം    ഞാൻ ഇപ്പോൾ ഒരാവശ്യവുമില്ലാത്ത കുഴപ്പത്തിൽ പെട്ടിരിക്കുന്നു..

              അയാളുടെ ഭാര്യ മരിച്ചതോ....ഡിവോഴ്സ് ആയതോ ആയിരിക്കുമോ ....? നേരെയങ്ങു  ചോദിച്ചാൽ  മതിയായിരുന്നു..അതറിഞ്ഞിട്ട് ഒരാവശ്യവുമില്ലെങ്കിൽ കൂടി വെറുതെ ചിന്തിച്ചു കൊണ്ടിരുന്നു......


          വൈകുന്നേരമായപ്പോൾ മകൻ കയറിവന്നു..അവനു മീശ മുളച്ചതു കൊണ്ടു മാത്രം ലോകത്തിനു എന്തൊക്കെയോ ഭയങ്കര മാറ്റങ്ങൾ സംഭവിച്ചിരിക്കയാണ് എന്ന മട്ടിലാണ് ഈയിടെയായി പെരുമാറുന്നത്...റ്റിവിയും  ഫ്രിഡ്ജും ഡൈനിംഗ് ടേബിളും സോഫാസെറ്റിയുമൊക്കെ അവന്റെ കണ്ണിൽ ശരികേടായി തുടങ്ങിയിരിക്കയാണ്...“...ഇതെല്ലാം വാങ്ങിക്കാൻ പോയപ്പോൾ എന്നെക്കൂടി കൂട്ടാൻ  വല്യ ബുദ്ധിമുട്ടായിരുന്നല്ലൊ.. തല ഉപയോഗിച്ചു ആലോചിച്ചു വേണം കാശുകൊടുത്ത് സാധനങ്ങൾ വാങ്ങാൻ...”  ശരികേടുകൾ അങ്ങിനെ നീളുന്നു...

               കിട്ടിയാൽ ആവിയായി പോകുന്ന ശമ്പളത്തിൽ  നിന്നും ജീവിതം മുളപ്പിക്കാൻ തുടങ്ങിയപ്പോൾ...,ഇവനെ ഭൂമിയിലേയ്ക്കു കൊണ്ടു വരേണ്ടതുണ്ടോ എന്നും തല ഉപയോഗിച്ച് ആലോചിക്കണമായിരുന്നു എന്ന് ഇടയ്ക്ക് ചിന്തിച്ചു പോകുന്നത് ‌ ‘- ഈ ആള് എന്റെ അഛനായത് തീരെ ശരിയായില്ല-“ എന്നെങ്ങാനും അധികം താമസിയാതെ അവൻ പറഞ്ഞേക്കുമെന്ന് സംശയിച്ചു തുടങ്ങിയതിനു ശേഷമാണ്

                “ഓ അമ്മാ   ഈ ഹാളിലൊരു എ സി വാങ്ങിച്ചു ഫിറ്റ് ചെയ്യാൻ എത്രയായി പറയുന്നു..”  വിയർപ്പിൽ കുതിർന്ന് സോഫയിൽ ചാഞ്ഞു വീണ് റ്റി വി റിമോട്ട് ഞെക്കുന്നതിനിടയിൽ അവൻ ശപിക്കുന്ന പോലെ പറഞ്ഞു

               കേട്ടപ്പോൾ എനിക്കു തോന്നി..ഇന്നു കാലത്തു വന്നയാളുടെ തോൾ സഞ്ചി തുറന്ന് അവനെ ഒന്നു കാണിച്ചു കൊടുക്കണമെന്ന്..ഒരോ ബാഗിലും ഓരൊ ജീവിതമാണ്.....ജീവിതാവസ്ഥകളെ ബോൻസായ് പരുവത്തിൽ ഒതുക്കി വച്ചിരിക്കുന്ന മൊബൈൽ പൊത്തുകൾ....................

              ആ തോൾ സഞ്ചിയെ ക്കുറിച്ച് ചിന്തിച്ചപ്പോഴാകട്ടെ എന്റെ ബുക്ക് തിരിച്ചു തരാൻ വരുന്ന  ദിവസം അയാൾക്കു അധികം സംസാരിക്കാനിട നൽകാതെ പറഞ്ഞു വിടാനുള്ള ഉപായങ്ങളാണു മനസ്സു തിരഞ്ഞു കൊണ്ടിരുന്നത്..ചിന്നു അച്ചബേയെ തുറന്നു നോക്കിയതേയില്ല..തീരെ പരിചയവും അടുപ്പവും ഇല്ലാത്ത ഒരാളോട് ഇടപഴകാനുള്ള വൈമനസ്യത്തോടെ ആ ബുക്കിനെ കുറച്ചു നേരം നോക്കിയിരുന്നിട്ട് അലമാരയിൽ സാരികളുടെ ഇടയിൽ തിരുകി വയ്ക്കുകയാണു ചെയ്തത്...

           എന്റെ സാരികൾ......അടുക്കുകളായിട്ട് ഷെൽഫിലെ ബുക്കുകൾ  പോലെ പത്തറുപതെണ്ണം...!  കാണുമ്പോൾ ഒരു സംതൃപ്തിയാണ് എന്നാലുമതിൽ ഇല്ലാത്തവയെ കുറിച്ച് കൂടുതൽ ആർത്തിയോടെ ചിന്തിച്ചു.....അലമാരയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ നിറഞ്ഞിരിക്കുന്ന സാരികൾ എന്ന  സങ്കൽ‌പ്പത്തോടെ അതിന്റെ രണ്ടു പാളികളും ശ്രദ്ധയോടെ അടച്ചപ്പോൾ മുന്നിലെ കണ്ണടിയിൽ തെളിഞ്ഞ എന്റെ പ്രതിബിംബം കണ്ട നിമിഷം ഉണ്ടായ വെളിപാടിൽ ഞാൻ നിരാശയോടെ നെറ്റിയിലടിക്കുകയും ചെയ്തു......

              നാശം പിടിക്കാൻ... പെണ്ണ് ..പെണ്ണ് തന്നെ  എന്റെ ചിന്തകളെ ബോധപൂർവ്വം പോലും വഴിതിരിച്ചു വിടാൻ കഴിയുന്നില്ല...എഴുത്തുകാരികൾക്ക് ഒരു തരം നിസ്സംഗഭാവവും പക്വഭാവവും സ്ഥായിയാണെന്നു കണ്ട് അനുകരിക്കാൻ ശ്രമിച്ചിട്ടും പരാജയമാണ്........ വെറും പെണ്ണൂം വെറും എഴുത്തുകാരിയും ..രണ്ടും കണക്കാണ്..എനിക്ക് വളരെയധികം ദുഖം തോന്നി..

             അസിസ്റ്റന്റ് കമ്മീഷണറുടെ സാരഥിയായി ‘ഓസ്ക്കാറിനു‘ പോയി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ഒരാൾ വരാറായിട്ടുണ്ട്...ഇരുപത്തൊന്നു കൊല്ലമായി കാണുന്ന കാക്കി വസ്ത്രത്തോട് മനസ്സു വിരസതയോടെ സമരസപ്പെട്ടിരിക്കുന്നു....ആദ്യമൊക്കെ ഓസ്ക്കാർ എന്നു കേൾക്കുമ്പോൾ പാശ്ചാത്യ ഫിലിം മേഖലയിലേയ്ക്ക് മനസ്സ് പെട്ടെന്നൊരു ചാട്ടം വച്ചു കൊടുക്കുമായിരുന്നു..പിന്നിടാണറിഞ്ഞത് ഒരു സിറ്റിയിൽ ഏതെങ്കിലും  ഒരു ദിവസത്തെ രാത്രി എങ്ങിനെ എന്നു പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പേരാണ് ഓസ്ക്കാർ- ജോലിയ്ക്കും ജോലി ഏറ്റെടുക്കുന്ന ഉദ്യൊഗസ്ഥനും  ഒരേ നാമം..!!

               പെട്ടെന്നു വീട്ടിലേയ്ക്കു നിയമത്തിന്റെ ഗന്ധം കയറി വന്നു..അതു വിയർപ്പിന്റേയോ മുഷിപ്പിന്റേയോ ഗന്ധമല്ല മറ്റെന്തോ ആണ്....അതു കൊണ്ട് ഭർത്താവ് വരുമ്പോഴുള്ള ആ ഗന്ധം നിയമത്തിന്റേതാണ് എന്നൊരു തോന്നലിൽ എത്തിപെട്ടിരുന്നു

               മൂന്നു ഗ്ലാസ്സ് ചായയ്ക്കുള്ള വെള്ളം പാലൊഴിച്ച് സ്റ്റൌവ്വിലേയ്ക്കു വച്ചപ്പോൾ അടുത്ത് ശബ്ദംകേട്ടു..
   
                “എടോ...ചത്തു പോയവന്റെ കയ്യിൽ ,തന്റെ ബുക്ക്.....”

              ആദ്യം ശ്രദ്ധിച്ചില്ല കേട്ടു കഴിഞ്ഞ വാക്കിന്റെ പിന്നാലെ ഒന്നു കൂടി പോയപ്പോൾ ഇരുട്ടിലൊരു വഴി മിന്നി മറഞ്ഞ പോലെ....

              “നമ്മുടെ എ ടി എച്ച് ബാറിന്റെ മുന്നിലൊരുത്തൻ വെള്ളമടിച്ച് കരളും തകർന്നു മരിച്ചു കിടക്കുന്നു...എന്തായാലും തന്റെ ബുക്ക് അവന്റെ തോൾ സഞ്ചിയിലുണ്ടായിരുന്നു ഇനി അതെങ്ങാൻ വായിച്ചു വല്ലതും സംഭവിച്ചതാ‍ണോന്നും അറിഞ്ഞു കൂട..യൂണിഫോം ഇട്ട ബലത്തിൽ ഞാനതിങ്ങെടുത്തു കൊണ്ടു പോന്നു..

               ചായ തിളയ്ക്കുന്നതും നോക്കി നിന്ന് എനിക്ക് ശ്വാസം മുട്ടി......

            അയാൾ..അയാൾ...ഒരു പേരു മുന്നിൽ ചേർത്തിട്ട് ‘മരിച്ചുവോ’ എന്നു ചോദിക്കാൻ  ആഗ്രഹിച്ചു....പ്രതാപൻ മരിച്ചോ...!!?  അല്ലെങ്കിൽ  ആന്റണി മരിച്ചോ!!!?  അതുമെല്ലെങ്കിൽ യൂസഫ് മരിച്ചോ എന്നിങ്ങനെ.....  ബുക്ക് തിരിച്ചു തരുമോ എന്നെ ആവലാതിക്കും.., ഇനി വരുമ്പോൾ പെട്ടെന്നു ഒഴിവാക്കേണ്ട ആവശ്യകതയ്ക്കും ഉപരിയായി അയാൾ ജീവിച്ചിരിക്കുന്ന ഒരുവനാണ് എന്ന് ചിന്തിക്കാതിരുന്നതു കൊണ്ട് അയാളുടെ മരണം എന്നിൽ ഞെട്ടലുളവാക്കി

            ഒരാളുടെ മരണം മറ്റുള്ളവരിൽ ഉളവാക്കുന്ന ഞെട്ടലിൽ പലപ്പോഴും ‘ഓ  അയാൾ ജീവിച്ചിരിപ്പുണ്ടായിരുന്നല്ലോ എന്ന വെളിപാടും ചേർന്നിരിക്കും....

         ഫ്രിഡ്ജ് തുറന്ന് വെള്ളമെടുക്കുന്നതിന്റെ ഇടയിൽ ഓസ്ക്കാർ വിശേഷങ്ങൾ കേൾക്കാൻ തുടങ്ങി......ആരെയൊക്കെയോ കഴുവേറിടെ മോൻ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു

            പോലീസ്.., കഴുവേറിട മോൻ.., കൈക്കൂലി...ഇതിലേതെങ്കിലും ഒന്നു പറഞ്ഞാൽ മതി മറ്റേതു രണ്ടും സ്വഭാവികമായി മനസ്സിലേയ്ക്കു വന്നു  കൊള്ളും..അതു താനല്ലയോ ഇത് എന്ന രീതിയിൽ..ഈ അഭിപ്രായങ്ങളൊക്കെ മനസ്സിൽ തിരി കൊളുത്തിയിട്ടും പൊട്ടാതെ കിടക്കുന്ന ബോംബുകളാണ്........

             “എന്നിട്ട് ആ ബുക്കോ...?”  എന്നേ ചോദിച്ചുള്ളൂ...

         “ബാഗിലുണ്ട്..യൂണിഫോമിലായതു കൊണ്ടു മാത്രം എടുത്തു കൊണ്ടു പോന്നതാണ്..അല്ലെങ്കിൽ ഡെഡ്ബോഡിയുടെ കൂടെയുള്ള എന്തെങ്കിലും വേണമെങ്കിൽ അതിന്റെ പുറകെ നൂലാമാലയായിട്ട് നടക്കേണ്ടി വരും..”

              അദ്ദേഹം കുഴമ്പെടുത്ത് തേച്ച് കൊണ്ട് അടുക്കളപ്പുറത്തേയ്ക്ക് പോയി...കല്യാണം കഴിഞ്ഞപ്പോൾ മുതൽ കാണുന്ന വിഫല ശ്രമമാണ്..സിക്സ് പായ്ക്ക് ആക്കുവാൻ .....,പക്ഷേ ഇപ്പോഴും ഫാമിലി പായ്ക്ക് ആയി തന്നെ ഇരിക്കുന്നു..

                 ആ നേരത്ത് ചെനു നേവിബ്ലൂ നിറമുള്ള കട്ടിയുള്ള ബാഗ് തുറന്ന് അകത്തെ മൂന്ന് അറയിലും ആകെയൊന്നു പരതി..ഒടുവിൽ ഒരറയിലെ വശത്തോടു ചേർന്ന് കിടന്നിരുന്ന 76 പേജുള്ള എന്റെ ചെറുകഥാസമാഹാരം കണ്ടെത്തി...അയാളുടെ  അവശേഷിച്ച വിരലടയാളങ്ങളെ മായ്ച്ചു കൊണ്ട് ഞാൻ ആ ബുക്ക് രണ്ടു കൈകൊണ്ടും കൂട്ടി പ്പിടിച്ചു മനസ്സിൽ ഒരു തരം ഭയവും കുറ്റബോധവും തോന്നി.....സങ്കടമുണ്ടോ...?.ഇല്ല ഞാനുറപ്പിച്ചു...

              സ്വീകരണ മുറിയിലേയ്ക്കു ചെന്നപ്പോൾ ബുക്കിന്റെ പുറകിലുള്ള എന്റെ ഫോട്ടൊ കണ്ട് സോഫയിൽ നിന്നും   അഭിപ്രായമുണ്ടായി..

               “ അമ്മാ...ഫോട്ടൊ ഒട്ടും ശരിയായില്ല ..ആ കോഞ്ഞാട്ട സാരി വെരി ബാഡ്..”

              “അല്ലാ വന്നു വന്ന് ഇവൻ എന്റെ സാരിയേയും...ദേഷ്യം പുറത്തേയ്ക്ക് ആഞ്ഞു നിൽക്കുമ്പോൾ മനസ്സ് കാലു പിടിച്ചു...ശാന്തയാകു...ശാന്തയാകൂ...നിസ്സംഗത ,പക്വത....ഇതൊന്നും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും അഭിനയിക്കുകയെങ്കിലും ചെയ്യു.....തൽക്കാലം ഞാൻ മനസ്സിനോടു കൊം പ്രമൈസ് ചെയ്തു....- ഹൊ- എന്നാലും എന്തൊരു ബുദ്ധിമുട്ട്...

                അവന്റെ ശ്രദ്ധയേൽക്കാതെ ..,ചൂരൽ കസേരയിൽ പോയിരുന്ന് എന്റെ ബുക്ക് ആദ്യമായി കാണുന്നതു പോലെ ഞാൻ നോക്കി...മൂക്കിനോടടുപ്പിച്ച് പിടിച്ച് സഞ്ചിയുടെ  മുഷിഞ്ഞ മണം വേർതിരിച്ചെടുക്കാൻ ഒരു ശ്രമവും നടത്തി.....ആദ്യത്തെ പേജ് മറിച്ചപ്പോൾ കണ്ടു  - ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രീതിയിൽ മൂലയിലായി വികലമായി എഴുതിയിരിക്കുന്ന ഒരു വാക്ക്..

                 “എന്റെ ജീവിതത്തിന്റെ  അരികിൽ വന്നിട്ട് തിരിച്ചു പോയവൾക്ക്..”     ആ വാക്ക് ഞാൻ രണ്ടു മൂന്നാവർത്തി വാ‍യിച്ചു

                  ഒരിക്കലും എനിക്കു തിരിച്ചു തരാ‍ൻ അയാൾ ഉദ്ദേശിച്ചിട്ടില്ലായിരുന്നു  എന്നു വെളിപ്പെട്ട നിമിഷം.......ബുക്ക് എനിക്ക് തീർത്തും അപരിചിതമായ ഒന്നായി മാറി...അടുത്ത നിമിഷം മറ്റൊരാളുടെ അവകാശം കയ്യിലൊതുക്കിയിരിക്കുന്ന അന്യായക്കാരിയായും..അതിനടുത്ത നിമിഷം ഫ്രം അഡ്രസ്സില്ലാത്ത എഴുത്തും കൊണ്ട് ആർക്കും ഒരറിവുമില്ലാത്ത അഡ്രസ്സും നോക്കി വലഞ്ഞു നിൽക്കുന്ന പോസ്റ്റ് വുമണായും എനിക്കു മാറ്റങ്ങൾ  സംഭവിച്ചു....

                “ജീവിതത്തിന്റെ  അരികിൽ വന്നിട്ടു തിരിച്ചു പോയവൾ..”  അത്..അത് മാത്രമാണ് മേൽവിലാസം

   ചിന്തകൾ വികാരാധീനമാകാൻ തുടങ്ങുന്നു......മനസ്സ് പിന്നെയും ഇടപെടുകയാണ്...നിസ്സംഗത...പക്വത..........ശരിയാണ്.....അതൊക്കെ അത്യാവശ്യമാകുന്നു ഇപ്പോൾ.....

              പെട്ടെന്നൊരു തീരുമാനമെടുത്ത്...എഴുന്നേറ്റ് മുറിയിലേയ്ക്ക് ചെന്ന് എന്റെ എഴുത്തു മേശയുടെ വലിപ്പിൽ, നിന്നും ഓമനത്വം തുളുമ്പുന്ന കുട്ടി ഡോൾഫിന്റെ ചിത്രമുള്ള കറക്ഷൻ പെൻ എടുത്തു..അതൊന്നു കുടഞ്ഞു കുലുക്കി ഞൻ ആ വരികൾക്കു മീതെ വെളുത്ത മഷി പതിപ്പിക്കാൻ തുടങ്ങി...അന്നേരം ഞാനൊരു കുറ്റവാളിയെപ്പോലെ  ചുറ്റുമുള്ള എന്തിനേയോ ഭയപ്പെട്ടു കൊണ്ടിരുന്നു...അക്ഷരങ്ങൾ മാഞ്ഞു കൊണ്ടും...............

               ജീവിതത്തിന്റെ അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്

                                         അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്

                                                           വന്നിട്ടു തിരിച്ചു പോയവൾക്ക്

                                                                       തിരിച്ചു പോയവൾക്ക്

                                                                                   പോയവൾക്ക്

                                                                                                     ക്ക്
                                                                                                   ........

                                “ 
                                                      *****************************