Sunday, February 27, 2011

വേഷ്പ

                                       രാത്രിയ്ക്ക് ഇരുട്ടിന്റെ ചുവ ഏറിക്കൊണ്ടിരിക്കെ എനിക്കതിന്റെ നിസ്സഹായതയോട് സഹതാപം തോന്നിത്തുടങ്ങി...എന്നെന്നേയ്ക്കുമാ‍യി തളർന്നു,തോറ്റ ശരീരത്തിൽ,പരാ‍മാണു കൊണ്ടുപോലും ത്രിലോകങ്ങളെ അറിഞ്ഞ് ജ്വലിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്ക്കം വഹിക്കുന്നവനോടെന്നപോലെ.


                                             പക്ഷെ.., മൂടുപടങ്ങളഴിഞ്ഞ് വെളിപ്പെടുന്ന നാറുന്ന സത്യങ്ങളുടെ മുഖത്തേയ്ക്ക് ഇരുട്ട് നീട്ടിക്കൊടുത്ത് ദീർഘനിശ്വാസമിട്ട  രാത്രി., അതിന്റെ പതിവു നിർവ്വികാരതയോടെ ഇപ്പോൾ എന്നെയാണു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്

                                          
                                           ഒരു നെയിംബോർഡിന്റെ നിരർത്ഥകത എന്നെ കോമാളിയാക്കി ക്കൊണ്ട്- “വേഷ്പ” - എന്നു കൂവിവിളിച്ച് ഫ്ലാറ്റിന്റെ പ്രധാനവാതിലിനു മുന്നിൽ തുങ്ങുന്നുണ്ട്  .... അതിനപ്പുറം ഉറക്കം ,കാൽ കഴുകി  പ്രവേശനാനുമതി  കാത്തു  നിൽക്കുന്നത്  തൽകാലം  കണ്ടില്ലെന്നു നടിച്ചു


                                             തണുത്ത വെള്ളമൊഴിച്ച് നേർപ്പിച്ച മാക്ഡവൽ ഓരോ പെഗ്ഗായി രണ്ടു പ്രാവശ്യം കണ്ണടച്ച് ശ്വസം പിടിച്ച് അകത്താക്കിയപ്പോൾ ഒരു സ്ത്രീയ്ക്ക് ചേരാത്ത വിധം ഞാൻ കാർക്കിക്കുകയും തലകുടയുകയുംചെയ്തു.എന്നിട്ടും അടുത്ത നിമിഷം മൂന്നാം പെഗ്ഗും തയ്യറാക്കി വലിച്ചു കുടിച്ചു- ജനലിലൂടെ ദൂരക്കാഴ്ച്ചയായ, പോവൈഗാർഡനിലെ  ശിവലിംഗത്തിനു നേരേ ഒരു ചിയേഴ്സും പറഞ്ഞു കൊണ്ടായിരുന്നു അത്.....എന്റെ പുച്ഛമേറ്റ്,ശിവലിംഗം ഊർജ്ജമൊഴിഞ്ഞ് ചരിഞ്ഞ് താഴെ കിടക്കുന്നതായി , മാക്ഡവൽ കുപ്പിയെ ഉമ്മ വച്ച്  ഞാൻ സങ്കൽ‌പ്പിച്ചു രസിച്ചു....അധികം താമസിയാതെ മരവിപ്പിന്റെ തരുതരുപ്പു കൊത്തുന്ന മൂക്കിൻ തുമ്പിനു താഴെ കുറേശ്ശേയായി രോമം മുളയ്ക്കാൻ തുടങ്ങുന്നു എന്ന പതിവു തോന്നലുമായി ഞാൻ സമരസപ്പെടാൻ തുടങ്ങി..-ഉടനെ അവളെ ഓർത്തു - അവളെ -  പേരറിയാത്തതു കൊണ്ട് .., ഞൊണ്ടും കൂനും വിഷമവ്റുത്തങ്ങൾ തീർക്കുന്ന മുഖമുള്ള രൂപം “അവൾ” എന്നു മാത്രം മനസ്സിൽ സംബോധന ചെയ്യപ്പെട്ടു....എന്റെ പ്രണയിനി....


                                           ഇനിയധികനാൾ അവൾക്കാ മാർക്കറ്റിൽ മരിച്ച മത്സ്യങ്ങൾക്കിടയിൽ അതിനേക്കാൾ മരവിച്ച മുഖഭാവവുമായി നിൽക്കേണ്ടി വരില്ല എന്ന  എന്റെ തീരുമാനത്തെ ഒന്നു കൂടി റീപോളിഷ് ചെയ്തു കൊണ്ട് ഞാൻ നിലക്കണ്ണാടിയുടെ മുന്നിൽ എത്തി. വർഷങ്ങളായി എന്നെ മാത്രം പ്രതിഫലിപ്പിച്ച് മടുത്ത കണ്ണാടി ചൂണ്ടി കാട്ടിയ  രൂപത്തിന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക്  കണ്ണുചുളുക്കി., കഴുത്തുനീട്ടി സുക്ഷിച്ചു നോക്കി..,അപ്പോൾ അവിടെ തെളിഞ്ഞു കണ്ട നനുത്ത രോമങ്ങളുടെ മുഴുക്കാഴ്ച്ചയിൽ, ബട്ടണിടാൻ മറന്ന സാറ്റിൻ നൈറ്റിയുടെ വെളിപ്പെടുത്തലുകൾ അനുദ്റുശ്യങ്ങളായി മാറിനിന്നു..വിശക്കുമ്പോൾ തിന്നുന്നതിനാൽ കുറേ ദിവസത്തേയ്ക്കു കൂടി  ജീവന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന ചവറു വണ്ടി എന്നല്ലാതെ എന്തു ശരീരം..?എന്തു ശരീരസൌന്ദര്യം..?എന്റെ പാഴ്ചിന്തയിൽ പോലും കടന്നു കയറാത്ത അതിനെ വിട്ടിട്ട്,വെളിച്ചമെല്ലാം കെടുത്തിക്കിടന്ന് മേൽച്ചുണ്ടിനു മുകളിൽ വിരലോടിച്ചു

                                          ചുമരിൽ നിരത്തിവച്ചിരിക്കുന്ന ഫോട്ടോകൾ ഈയിടെ വലുതാക്കിയതാണ് ..നാലെണ്ണം..എന്നെ ശൂന്യാകാശത്തുപെട്ട  കബന്ധമാക്കിയ,ഭൂമിയിലെ കൊളുത്തുകൾ..!അച്ഛൻ.., അമ്മ.,ചേട്ടൻ.., അനുജത്തി.  അവരെ അലങ്കരിച്ച കുഞ്ഞു സ്റ്റാർലൈറ്റ് മാലയുടെ വെട്ടം അതിൽ അച്ഛന്റെ  കട്ടീ‍മീശയെ എടുത്തു കാണിച്ചു.

                                 “ അതിന്റെ  ഒരു കാൽ ഭാഗമെങ്കിലും..അൽ‌പ്പം...അൽ‌പ്പം മീശ....”   ശൂന്യമായ എന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക് അപേക്ഷ പതിപ്പിച്ച് .., തള്ളവിരലുകൊണ്ട് ചൂണ്ടുവിരലിന്റെ പകുതി ഭാഗം ഞാൻ അളന്നു കാട്ടിക്കൊണ്ടിരുന്നു

                                    മൂക്കിൻ തുമ്പിൽ  കൊത്തിയ മരവിപ്പ് ആവേശത്തോടെ  ബോധമേഖലകളെ  കീഴടക്കാൻ ശ്രമിക്കുന്നതറിഞ്ഞ് ഫോട്ടോകൾ നോക്കി ഞാൻ വെറുതെ പറഞ്ഞു-
                                 
                                    “മരിച്ചു കഴിഞ്ഞേ ചുമരിലിരുന്ന് ആത്മാർത്ഥമായി ചിരിക്കാൻ പറ്റു..,ജീവിച്ചിരിക്കുന്നവരുടെ വെപ്രാളം കണ്ടിട്ട്..”  -
                                         അവ്യക്തമായ നീരൊഴുക്കിൽ പെട്ട് ഞാൻ ഉറക്ക ചുഴികളിലേയ്ക്കെത്തി വട്ടം കറങ്ങാൻ  തുടങ്ങി.     മുംബെയിൽ.,ഒരു പോവൈ ഉണ്ടെന്നും.,അവിടെ ‘ഹീരാനന്ദാനി‘ എന്ന പണക്കൊഴുപ്പിന്റെ മേഖല ഉണ്ടെന്നും..,അതിന്റെ വടക്കു കിഴക്കെ അറ്റത്തെ ബഹുനിലക്കെട്ടിടത്തിൽ  186-B  ഫ്ലാറ്റിൽ വേഷ്പ എന്ന  ഞാനിങ്ങിനെ  കുഴഞ്ഞു മറിഞ്ഞ് ഉറക്കത്തിനു കീഴടങ്ങുകയാണെന്നും.,എന്നാൽ എന്റെ മനസ്സിൽ  “അവളുടെ” കൂന് മുഴച്ചു നിൽ‌പ്പുണ്ടെന്നും വകവയ്ക്കാതെ ,പ്രപഞ്ചം അതിന്റെ അളന്നു മുറിച്ചു കെട്ടിയ സമയ തന്തുവിലൂടെ നിത്യാഭ്യാസിയെ പോലെ നീങ്ങിക്കൊണ്ടിരുന്നു.

                             **    **     **     **     **     **     **      **     **    **     **

                                        പെപ്സിയും പേരയ്ക്കയും...! വിചിത്രമായ കോമ്പിനേഷന് അടിമയായ ഞാൻ ഹീരാന്ദാനിയ്ക്കു പുറത്ത് ഐ.ഐ.റ്റി മാർക്കറ്റിൽ നിന്നാണ് അവ  വാങ്ങാറുള്ളത്.   ഭാവിയിലേയ്ക്കു കിളികൾ തീറ്റ സംഭരിക്കുന്നതു പോലെ-, രണ്ടാഴ്ച്ചയിലൊരിക്കൽ മാത്രം പുറത്തിറങ്ങി എന്റെ ഏകാന്തവാസ കാലത്തേയ്ക്ക്  പെപ്സിയും പേരയ്ക്കയും മറ്റു ഉണക്ക ഭക്ഷണങ്ങളും ഫ്രിഡ്ജിൽ നിറയ്ക്കും.  അപ്പോഴൊക്കെ പാചകമെന്തെന്നറിയാതെ ഫ്ലാറ്റിലെ അടുക്കള കടിഞ്ഞൂൽ പൊട്ടിയായി  കോട്ടുവായിട്ടുകൊണ്ടിരുന്നു

                                        മുൻപൊരു ദിവസം., ആ മാർക്കറ്റിലെ  മത്സ്യങ്ങളുടെ മോർച്ചറിയിലേയ്ക്കു നോക്കിയപ്പോഴാണ് തൂക്കം നോക്കുന്ന സ്റ്റാന്റിലേയ്ക്ക് വലിയൊരു തിരണ്ടി കഷ്ണം ഏങ്ങി വലിഞ്ഞ് എടുത്തു വയ്ക്കുന്ന ‘അവളെ ‘ ആദ്യമായി ശ്രദ്ധിച്ചത്.  മാർക്കറ്റ് ലേബൽ പതിച്ച നീല ഓവർക്കോട്ടിനെ  തള്ളിപ്പൊട്ടിച്ച് ചാടാൻ തയ്യാറെടുക്കുന്ന അവളുടെ കൂന് അപ്പോഴാണ് കണ്ണിൽ പെട്ടത്.  “ ഇവൾക്ക് ഇങ്ങിനെയൊരു കൂനുണ്ടായിരുന്നോ..!“  എന്ന് അപ്പോൾ ആശ്ചര്യപ്പെട്ടത്-,ഒന്നു രണ്ടുതവണ  അതിനു മുൻപ്  പഴയൊരു ഇരുചക്ര വാഹനത്തിൽ മാത്രമായി അവളെ കണ്ടിട്ടുള്ളത് കൊണ്ടായിരുന്നു.   ചെരുപ്പിന്റെ ഹീലിൽ ക്രമീകരിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട നടത്തത്തിലെ വികലത ., അ വളുടെ കൂനിന് ഒരു കുരുവായി, പിന്നീടുള്ള ഓരോ ഷോപ്പിങ്ങുകളിലും എന്റെ കണ്ണിൽ കുടുങ്ങിക്കിടന്നു.

                                      ഇന്ന്  -  അവളുടെ പേരു ചോദിച്ചിട്ടേ മടങ്ങൂ - എന്ന് നേരത്തേ തീരുമാനിച്ചതു കൊണ്ട്, നിക്ഷേപിക്കാനൊരു കുപ്പത്തൊട്ടി കണ്ടെത്തിയതിനു ശേഷം വാങ്ങിച്ച ഒരു കിലോ മത്സ്യമാംസത്തുണ്ടിന്റെ ചുമട്ടുകാരിയായി നിന്ന് ഞാൻ അവളോട് ചോദിച്ചു...

                                  “ പേരെന്താണ്....!!!?  “ തന്നോടു തന്നെയോ എന്നു ഒരു നിമിഷം നോക്കി ഉറപ്പു വരുത്തിയിട്ട്  അവൾ പറഞ്ഞു-

                                    “ ഏയ്ഞ്ചൽ..”      ഓടയിലേയ്ക്ക് ഒരു ചെറിയ ചീഞ്ഞമീനിനെ എറിഞ്ഞു കളഞ്ഞപോലെ ആ പേര് അവളിൽ നിന്നും എന്റെ മുന്നിൽ വന്നു വീണു

                                       അതു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ക്രിസ്ത്യാനികൾക്ക് മാത്രമായി ഒരു പ്രത്യേക തരം മുഖമില്ലെങ്കിലും., ഹിന്ദുവായിരിക്കും എന്ന് എന്നെക്കൊണ്ടു തോന്നിപ്പിച്ച മുഖമുള്ള അവളെ ഞാ‍ൻ നാട്ടിൽ പണ്ടെന്നോ കണ്ടു  മറന്ന കാവിലെ കുളത്തിലേയ്ക്ക്,കൂന്  തടവി നിവർത്തി കാൾ കഴുകാൻ വിട്ടിരുന്നു..

                                        എന്നാലും ഇവൾക്കൊരു ഹിന്ദുവാകാമായിരുന്നു- വാക്കു പറഞ്ഞിട്ട് പാലിക്കാത്ത ഒരുവളെ നോക്കുന്ന പരിഭവത്തോടെ ഒരു നിമിഷം നോക്കി നിന്നിട്ട് ഞാൻ മനസ്സു കൊണ്ട്  യാത്ര ചോദിച്ചു  “പോയി വരട്ടെ...,എനിക്കു മീശ മുളച്ച ശേഷം ഞാൻ കല്യാണം കഴിക്കാൻ പോകുന്ന എന്റെ കൂനുള്ള മാലാഖക്കുട്ടി. “

                                           ആ യാത്ര പറച്ചിലിന്റെ നിരർത്ഥകതയുടെ വക്കിൽ ചവിട്ടി ഞാൻ നടന്നു.. അപ്പോഴൊക്കെ മുട്ട പൊട്ടിച്ചു പുറത്തു വരുന്ന കോഴിക്കുഞ്ഞിനെ നിരീക്ഷിക്കുന്ന കൌതുകത്തോടെ, കെട്ട വായുവിന്റെ  ദുഷിപ്പു നിറഞ്ഞ ഫ്ലാറ്റിൽ നിന്നും വല്ലപ്പോഴും സമൂഹത്തിലേയ്ക്ക് ഇറങ്ങുന്ന എന്നെ ആളുകൾ തുറിച്ചു നോക്കികൊണ്ടിരുന്നു.  എന്നാലത് എന്നെ തീരെ അലോസരപ്പെടുത്തുന്നുമുണ്ടായിരുന്നില്ല.  കാരണം ജീവിച്ചിരുന്ന കാലത്തെ പറ്റി പിന്നീട് ഓർക്കേണ്ടതില്ലാത്ത പോലെ, അതായത് മരണത്തിലേയ്ക്ക് പോകുന്നതു പോലെയാണ്  എന്റെ ഫ്ലാറ്റിലെയ്ക്കുള്ള ഓരോ തിരിച്ചു പോക്കുകളും.  പുറം കാഴ്ച്ചകളുടെ മായയിൽ നിന്നു മോക്ഷം പ്രാപിച്ച്,എല്ലാറ്റിനേയും വെളിയിലുപേക്ഷിച്ച്,എന്റെ ആത്മാവ് ഫ്ലാറ്റിന്റെ വാതിൽ വലിച്ചടക്കുന്നു.. എന്റെ ആത്മാവിനെ ചുമക്കുന്ന ശരീരമാകട്ടെ ശമ്പളമായി ഭക്ഷണം പറ്റിക്കൊണ്ടിരുന്നു.

                                        പക്ഷേ എപ്പോഴെങ്കിലും കടിഞ്ഞാണൊന്നു വലിച്ച് ജീവിതത്തെ മെല്ലെ പിന്നിലേയ്ക്കൊന്നു തെളിച്ചാൽ 1984 ഒക്റ്റോബർ മുപ്പതിനു വീണ വൻമരത്തിന്റെ ഭാരത്താൽ ആക്കം കിട്ടാതെ പോയ ഭൂമിയുടെ അടിതെറ്റലിൽ കടപുഴകിയ കുടുംമ്പത്തിന്റെ  ശ്രാദ്ധക്കല്ലു കാണാതെ എനിക്കു കടന്നു പോകാൻ  പറ്റില്ലായിരുന്നു.  നാടും വീടും വിട്ടുള്ള  അച്ഛന്റെ ഔദ്യോഗിക ജീവിതത്തിനിടയിലൊരിക്കലെ   ഉല്ലാസയാത്ര -  ദെൽഹിയിലേയ്ക്കുള്ള ആ യാത്ര കഴിഞ്ഞുള്ള തിരിച്ചു വരവിൽ ഷാഹ്ദ്ര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ തീയാളുന്ന മുറിയ്ക്കുള്ളിൽ മറ്റുനാലുപേരും എരിഞ്ഞുറങ്ങി..ഞാനന്നു പുറത്തേയ്ക്ക് തെറിച്ചു വീഴപ്പെടുകയോ., പ്രാണരക്ഷാർത്ഥം ചാടുകയോ...?  അങ്ങിനെയെന്തോ സംഭവിക്കുകയായിരുന്നു.  എന്തായാലും നാലു ജീവന്റെ വിലയുടെ പലിശകൊണ്ടുമാത്രം സുഭിക്ഷമായി പോകുന്ന ജീവിതത്തിൽ ഇപ്പോൾ ഒഴിവാക്കാൻ പറ്റാത്തത് എന്നെ ഉറക്കുന്ന മദ്യവും, നിവർന്നു നിന്ന് ലോകം കാണാൻ പറ്റാത്ത ഏയ്ഞ്ചലും മാത്രമാണ്


                                         പിന്നെ ഇടപെടുന്ന ഏക മനുഷ്യജീവി ടൈപ്പ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട “ നിള ” എന്ന കൊൽക്കത്ത മലയാളിയാണ്..  ശബ്ദസംവാദങ്ങൾ ഒരു പക്ഷേ എന്റെ രഹസ്യങ്ങളേയും.,ഏകാന്തതയേയും പതിയെ  പുറത്തുകൊണ്ടു വന്നേയ്ക്കും എന്ന വിചാരം മൂലം മനപ്പൂർവ്വം കീബോർഡിലെ അക്ഷരങ്ങളിൽ മാത്രം ഞാൻ എന്നെ തളച്ചിടുകയും നിളയെ തടഞ്ഞിടുകയും ചെയ്തു.  എന്റെ പേരിന്റെ പ്രത്യേകത കൊണ്ടു മാത്രം ചാറ്റിങ്ങ് കൂട്ടുകാരിയായി മാറിയ അവൾ ആ പേരിനു മുന്നിൽ ഒരു ചോദ്യചിഹ്നമിട്ടു തന്നു ആദ്യം-


                                       “ വേഷ്പ...    എന്താണത്  ....!!!!!!!?   എന്റെ പേരിന്റെ കണ്ണുപൊത്തിക്കളി ഞാൻ ആസ്വദിച്ചു..

                                         “ പറ്റുമെങ്കിൽ കണ്ടുപിടിക്കു...”


                                         പക്ഷേ  അർത്ഥം കണ്ടുപിടിക്കാൻ കഴിയാതെ ഓരോ ചാറ്റിങ്ങിന്റേയും അവസാനം മംഗള വാക്യം  പോലെ ആ ചോദ്യം ഇപ്പോഴും ആവർത്തിക്കപ്പെടുന്നു.

                                         “ വേഷ്പ എന്നാൽ എന്താണ്..? “

                                        “ നല്ല സുഹ് റുത്താണെങ്കിൽ കണ്ടുപിടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു..  നിളാ നിന്നെ ഞാൻ എന്നേയ്ക്കുമായി ഒഴിവാക്കുന്ന ദിവസം അതിന്റെ അർഥം പറഞ്ഞു തരാം..” 

                                        “ ഓഹോ..അങ്ങിനെയാണേൽ ഈജന്മം നീ പറയില്ല.. കഷ്ടംഈ മുടിഞ്ഞ സ്ഥലത്ത് സംഗ്രഹീത ശബ്ദതാരാവലി കിട്ടുന്നുമില്ല   ....പറയു  പെണ്ണേ ദയവായി...”

                                            ഒരു നല്ല മീശ വരാനുള്ള എന്റെ  വട്ടുകലർന്ന  ആഗ്രഹത്തെ കുറിച്ചു മനസ്സിലാക്കിക്കൊണ്ട് അവളെന്നെ മനപൂർവ്വം പെണ്ണേ എന്നു വിളിച്ചു പ്രകോപിപ്പിക്കുകയായിരുന്നു.  അക്ഷരങ്ങളിൽ ചിരിയെഴുതിവച്ചു കൊണ്ടുള്ള എന്റെ  മറുപടിയോട് , ദുർവാശിയുടെ വകഭേദത്തോടെ നിള പ്രതികരിച്ചു...-

                                                    “ എന്നാൽ ഞാൻ പുഷ്പയെന്നു വിളിക്കും..”

                                                 “വളരെ നന്ദി.., തലയിൽ നിന്നും കരിങ്കല്ലെടുത്തു മാറ്റി പഞ്ഞിക്കെട്ടെടുത്തു വച്ചപോലെ..”
                                             
                                              “ നിന്റെ ആ കൂനുള്ള പെൺകുട്ടിയുടെ പേരും ഇത്തരത്തിൽ കരിങ്കല്ലാണോ..?  “

                                                 “ അതെനിക്കറിയില്ലല്ലോ.., മീശമുളച്ചിട്ട്  ചോദിക്കാമെന്നു വിചാരിക്കയാണ്. അങ്ങിനെയാണെങ്കിൽ, പേരെന്തു തന്നെയായാലും- നല്ല പേര്  ആളെ പോലെ - എന്ന പഴഞ്ചൻ വാക്കും വലിച്ചിട്ടിരുന്ന് എനിക്കു വിവാഹാഭ്യർത്ഥന നടത്താമല്ലോ...”

                                                      “ മീശ....... നിനക്കു ഭ്രാന്താണ്...”  അവസാനം ഇങ്ങിനെയൊരു  ആരോപണം എനിക്കെതിരെ ഉന്നയിച്ചിട്ടേ നിള സൈൻ ഔട്ട് ചെയ്യുകയുള്ളു...പാവം- നവീൻ കുമാർ എന്ന ഭർത്താവിന്റേയും,ചേതൻ..,മിലൻ  എന്ന രണ്ടു കുഞ്ഞുങ്ങളുടേയും വിശേഷങ്ങളിലൂടെ അവളെനിക്കൊരു വാതിൽ തന്നെ അവളിലേയ്ക്കു തുറന്നു കഴിഞ്ഞിരിക്കുന്നു..എന്നാൽ ഞാനാകട്ടെ വാതിൽ അല്പം മാത്രം തുറന്നു  വച്ച് കണ്ണുകൾ മാത്രം നീട്ടി അവളെ  നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു...


                                                        പേരയ്ക്ക കടിച്ചെടുത്തു കൊണ്ട്, പെപ്സിബോട്ടിലും തുറന്നു പിടിച്ച്, കമ്പ്യൂട്ടർ  ഓൺ ചെയ്ത് നെറ്റ് കണക്റ്റ് ചെയ്ത് നേരെ മെസ്സഞ്ചറിലേയ്ക്കു കയറി..-ഏയ്ഞ്ചൽ- എന്ന പേര് നിളയെ അറിയിക്കേണ്ടതുണ്ട്..മീശ വരാത്തതുകൊണ്ട് വിവാഹാഭ്യർത്ഥന നടത്തിയില്ലെന്ന കാര്യവും.


                                                     പക്ഷേ എനിക്ക് മനസ്സിലാകാത്തത്  നിളയ്ക്കിതെങ്ങിനെ ഭ്രാന്തായി തോന്നുന്നു എന്നതാണ്. പുരുഷന്റെ ഒരു ചൂഴ്ന്നുനോട്ടത്തിനു പോലും സാധ്യതയില്ലാത്ത ശരീരവുമായി ജീവിക്കുന്ന ഏയ്ഞ്ചലിനെ ആർക്കും ആവശ്യമുണ്ടാകില്ല.  അതുകൊണ്ട് ഒരു ജീവിതം കൊടുക്കേണ്ടത് അനിവാര്യതയായി തോന്നുന്നു.പക്ഷേ ഞാനൊരു ലെസ്ബിയൻ അല്ലാത്തതു കൊണ്ട്, അങ്ങേയറ്റം മര്യാദ പാലിച്ച് മീശമുള്യ്ക്കാൻ കാത്തിരിക്കയാണ്.

                                    
                                                         പെപ്സിക്കെന്തോ കുറവ് അനുഭവപ്പെട്ടു. ഷോക്കേസിലെ രഹസ്യ അറ തുറന്ന് കയ്യിൽ കിട്ടിയ പുതിയ കുപ്പി, കത്തികൊണ്ട്  അടപ്പിന്റെ  വക്കുകൾ പൊട്ടിച്ച് തുറന്ന് നേരെ പെപ്സിയിലേയ്ക്ക് കലർത്തി..  പേരു നോക്കിയപ്പോൾ .,ഫ്രഞ്ച് ബ്രാണ്ടി -നെപ്പോളിയൻ. - ആ പോരാട്ട വീര്യവും മത്സര ബുദ്ധിയുമൊക്കെ മനസ്സിലേയ്ക്കു വന്നു.  ചിലപ്പോൾ മരിക്കുന്നേനു മുൻപ് സുഭാഷ് ചന്ദ്രബോസിനേയും.., ഒസാമബിൻലാദനേയും, സദ്ദാം ഹുസ്സൈനേയുമൊക്കെ പെപ്സിയിൽ കലർത്തിക്കുടിക്കാൻ കഴിഞ്ഞേക്കും എന്ന് പ്രത്യാശിച്ച ശേഷം, കുപ്പിക്കു നേരെ ഒന്നു സല്യൂട്ടടിച്ച് ബ്രണ്ടി കലർന്ന പെപ്സി വായിലേയ്ക്കു കമിഴ്ത്തിയപ്പോൾ തോന്നി..,- “ഈ ലോകത്തെ ഏറ്റവും മോശം സ്ത്രീയാണ് ഞാൻ.....“


                                                         “ സ്ത്രീയോ..!!!?”   അടുത്ത നിമിഷം ഞാൻ തന്നെ അതു നിഷേധിച്ചു..ഞാനിപ്പോഴൊരു പുരുഷനെ പോലെയാണ് ചിന്തിക്കേണ്ടത്.  ആൺനോട്ടങ്ങളുടെ പത്മവ്യൂഹത്തിനു  നടുവിൽ, കൈലി മടക്കിക്കുത്തി മീശ പിരിച്ചു നിൽക്കുന്ന പെൺവീര്യം തന്നെയാണ് തക്കതായ ആയുധം. അപ്പോൾ ഞാനൊരു മീശ ആഗ്രഹിക്കുന്നതിലെന്താണ് ഭ്രാന്ത്,!!?
അത് നടക്കും..മൂക്കിനു താഴെ തൊലിയ്ക്ക് അല്പം കട്ടി വയ്ക്കുന്നുണ്ടോ.. ഉണ്ടാകണം...ഞാനത് ഉറച്ചു പ്രതീക്ഷിക്കുന്നു...

                                                        നിള ഓൺലൈനിൽ വന്നിട്ടുണ്ട്. മനപ്പൂർവ്വം ഉപചാരങ്ങളൊഴിവാക്കി ടൈപ്പു ചെയ്തു.

                           “ നിള അവളുടെ പേര്  ഏയ്ഞ്ചൽ...”    അക്ഷരങ്ങൾക്ക് എന്റെ മനസ്സിന്റെ  കുതിപ്പ്  ഏറ്റെടുക്കാൻ ആവുന്നുണ്ടോ.......

                         “  അപ്പോൾ മീശ എപ്പോൾ വന്നു...? “   പരിഹാസമറിഞ്ഞ് എന്റെ ആവേശം കെട്ടു..

                         “ വരുന്നതേയുള്ളു എന്തു തന്നെയായാലും അവളെ ഞാൻ സംരക്ഷിക്കും.. ഒരു ജീവിതമാണ് കൊടുക്കാൻ അഗ്രഹിക്കുന്നത്.... ആരും അവൾക്കു കൊടുക്കാൻ  സാധ്യതയില്ലാത്തത്..”
              
                             കുറെ നേരത്തെ മൌനത്തിനു ശേഷം വായിക്കാൻ കഴിഞ്ഞു
                             “ വേഷ്പാ നീ ചന്ദനമരങ്ങളുടെ നിഴലിലാണോ...!!? “        എന്റെ ബുദ്ധിയ്ക്കും.., ആലോചനയ്ക്കും കുറേ നേരം വെയിലേറ്റു നടക്കേണ്ടി വന്നു ,ആ നിഴലിലേയ്ക്ക് എത്തിപ്പെടാൻ. ഏറ്റ വെയിലിന്റെ  പൊള്ളലോടെ ഞാൻ പ്രതികരിച്ചു-

                        - “അതൊരു വിലകുറഞ്ഞ പ്രക്റുതി വിരുദ്ധക്കാഴ്ച്ചയ്ക്കു മുകളിൽ  പട്ടിന്റെ മറയിട്ടതാണ്...എന്നെ ആ മറയ്ക്കുള്ളിലാക്കരുത് ....  ശരി  നിളാ   പിന്നെ കാണാം..“   അവളത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല

                            പെപ്സിക്കുപ്പി  കമ്പ്യൂട്ടർ ടേബിളിൽ അടിച്ചു വച്ചപ്പോൾ നുരകളുയർന്ന് പുറത്തേയ്ക്കു ചാടി .  അതു നോക്കി നിന്നു പറഞ്ഞു.- “..ആവേശം കൂടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്.....“

                            ബോധം മറയുകയോ,  ഉറങ്ങുകയോ എന്തെങ്കിലുമൊന്നു സംഭവിക്കണമെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.  പക്ഷേ ചിന്തകൾക്ക് ഒരിടർച്ച പോലും ഇല്ല.കഴുത്തിനു മുകളിൽ തല വലിയ ഭാരമാണെന്നത് ഒഴിച്ചാൽ.  സിഗരറ്റിനെ തീ കൊണ്ടുണർത്തി   ആഞ്ഞു വലിച്ച്. മൂക്കിലൂടെ പുറത്തു വന്നപുകയെ  കയ്യിൽ പിടിച്ച് ഒന്നു കൂടി ഊതി വിടുമ്പോൾ നേരത്തേതിനു വിരുദ്ധമായി- ഈ ലോകത്തെ ഏറ്റവും നല്ല പുരുഷൻ ഞാനാണെന്നാണ് തോന്നിയത്..അല്ലെങ്കിൽ  ഞൊണ്ടും, കൂനൂമുള്ള ഒരുവളെ കല്യാണം കഴിക്കാൻ തീരുമാനിക്കുമോ!!?
ആഹാ‍....ഞാൻ വെറും പുരുഷനെ പോലെ ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു.......
    
                           ലൈറ്റിടാൻ മറന്നു പോയതു കൊണ്ട് നിറഞ്ഞ ഇരുട്ടിൽ . ഇത്തിരി വെട്ടത്തിൽ നാലുപേർ ചിരിച്ചു കൊണ്ടിരുന്നു.. അതിൽ എന്നെ പ്രലോഭിപ്പിക്കുന്ന അച്ഛന്റെ മീശ..!   അറിയാതെ ഞാൻ നാവുകൊണ്ട് എന്റെ  മേൽച്ചുണ്ടിലൊന്നു തടവിയപ്പോൾ മുള്ളു കുത്തിയ പോലെ ഞെട്ടി പിൻ വലിച്ചു.. തരിച്ചു പോയ എന്നെ നോക്കി അച്ഛൻ പല്ലു കാട്ടി ചിരിക്കുന്നു.

                             വിറയ്ക്കുന്ന ചൂണ്ടു വിരൽ കൊണ്ട് പതുക്കെ  തൊട്ടു നോക്കി...ദൈവമേ... എത്ര നാളുകൾക്കു ശേഷമാണ് ഞാൻ ദൈവമേ എന്നു വിളിക്കുന്നത്..!!!?    

                             ദൈവമേ........അതു സംഭവിച്ചിരിക്കുന്നു... മൂക്കിനു താഴെ രോമങ്ങളുടെ മുഴുപ്പിലും മിനുപ്പിലും ദ്റുഡതയിലും എന്റെ വിരൽ  വഴുതിക്കളിച്ചു.... ആഹ്ലാദം വിളിച്ചുകൂവി അറിയിക്കാൻ ആ ഫ്ലാറ്റിൽ എന്റെ കൂടെ ആരെങ്കിലും വേണമായിരുന്നു എന്ന് ആദ്യമായിട്ട് തോന്നി.   നിലകണ്ണാ‍ടിയുടെ മുന്നിൽ., സ്വപ്നമല്ല എന്നുറപ്പിക്കാൻ ചെന്ന ഞാൻ  മീശക്കാഴ്ച്ചയിൽ അമ്പരന്നു നിന്നു!!!!. കണ്ണാടിയിൽ മീശമുളച്ച എന്റെ പെൺ മുഖം!!

                            കമ്പ്യൂട്ടറിനു മുന്നിലേയ്ക്ക് ഓടിയെത്തി നെറ്റ് റീകണക്റ്റ്  ചെയ്തപ്പോൾ നിള എന്നെ കാത്തിരിക്കുകയായിരുന്നു- ഞാ‍ൻ ഇപ്പോൾ ഇങ്ങിനെ ഓടിയെത്തും എന്ന മുൻധാരണ ഉണ്ടായിരുന്ന പോലെ. 

                                  “നിളാ.......അതു വന്നു......” കീബോർഡിൽ  നിന്നും  ഇടതു കയ്യെടുത്ത് ഞാൻ എന്റെ മീശ തടവി ഒന്നു കൂടി ഉറപ്പു വരുത്തി... തുടർന്നു......  “ഇനി ഞാൻ ബൈ പറഞ്ഞാലുടൻ അവളുടെ അടുത്തേയ്ക്കാവും പോവുക...”  ഞാൻ  ക്രമാതീതമായി കിതയ്ക്കുകയായിരുന്നു..ഒരു വാക്കിൽ ..ഒരൊറ്റവാക്കിൽ എന്റെ  ഹ്റ്ദയവും...മിടിപ്പും..കിതപ്പും.എല്ലാം പകർത്തിവയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...ഹൊ....കീബോർഡ് എനിക്കു വഴങ്ങാതെ വരുന്നു..

                                  “നോക്കു....എനിക്കിനി അവളുടെ അടുത്തേയ്ക്കു പോകാമല്ലൊ..? എനിക്കറിയാം രാത്രിയാണ്...തെരുവിലെവിടെയോ അവളുടെ എനിക്കറിയാത്ത വീട്...... പക്ഷേ...ഞാൻ പോകും ഇനി ഇരുട്ട് എന്നെ പേടിക്കട്ടെ...“   ഞാൻ മറുപടിക്കു വേണ്ടി കാത്തു...ഇവൾ എന്താണീ എഴുതികൂട്ടുന്നത്..!!!!? നിള  ഈസ് ടൈപ്പിങ് എന്നു മാത്രം കാണുന്നു!!!?.

                                     ഒഹ് വന്നല്ലോ.....” വേഷ്പാ.... തമാശ മതിയാക്കു..ഒരു മീശകൊണ്ട് നീയെന്തു ചെയ്യാൻ പോകുന്നു....സത്യത്തിൽ നിനക്കെന്താണു പറ്റിയത്,..?നീ ഒന്നു വെയ്റ്റ് ചെയ്യു., നാളെ നേരം വെളുക്കുന്നതു വരെ...ഇന്നു കഴിച്ചിരിക്കാവുന്ന ഏതോ പുതിയ ബ്രാന്റ് നിന്നെ ശരിക്കും ചീറ്റ് ചെയ്തിരിക്കുന്നു...”        
                                   ഓ  ....ഇതാണോ ഈ എഴുതി കൂട്ടിയത്..,എനിക്കു കളയാൻ തീരെ സമയമില്ല..,എനിക്കു അവളോട് ദേഷ്യവും പുച്ഛവും സഹതാപവും ഒരുമിച്ചു തോന്നി...

                                      “ തൽകാലം നിങ്ങൾ നാലുപേരും കൊൽക്കത്തയിൽ നിന്നും ഒരു ടിക്കറ്റ്  ബുക്ക് ചെയ്യൂ കേരളത്തിലേയ്ക്ക്...  ഞങ്ങളും പോകുന്നു..പാലക്കാട്ടുള്ള  എന്റെ ഓർമ്മയിൽ വരാത്ത പേരുള്ള കാവിൽ.., എന്തായാലും അതിനു ചുറ്റു ആമ്പൽ കുളമുണ്ട്..ഉറപ്പ്, ആ കാവിൽ വച്ച് ഞാൻ അവളെ വിവാഹം കഴിയ്ക്കും.”

                                             ഇപ്പോൾ എന്തു വേഗമാണ് നിള ടൈപ്പു ചെയ്യുന്നത്..!!?  മറുപടി വന്നുകഴിഞ്ഞു..”  ദയവായി നീ പുറത്തേയ്ക്കു പോകരുതേ...രണ്ടു മിനിറ്റെങ്കിലും വെയ്റ്റ് ചെയ്യൂ..നിനക്കു  വെബ്കാം ഉപയോഗിക്കാമോ...? എനിക്കു കണ്ടു സംസാരിക്കണം  വേഷ്പാ...നീയീ രാത്രി പുറത്തേയ്ക്കു പോകരുത്...?

                                           നിള എന്റെ ക്ഷമയെ അളന്നു കൊണ്ടിരിക്കയാണോ...?     “ എനിക്കു വെബ്കാം  ഇല്ല...”

                                           “ ഒ കെ  ഞാനൊരു ഫോട്ടൊ സെന്റ് ചെയ്യുന്നു  അതൊന്നു നോക്കു...?          ഈ സമയത്ത്........ എനിക്കു കലി കയറി തുടങ്ങി.., ക്ഷമയുടെ തുഞ്ചാ‍നത്തിരുന്ന് ഞാൻ  കാലുകൾ വിറപ്പിച്ചു..തൂഞ്ചാനത്തെ പിടിവിടുമെന്ന് തോന്നിയ നിമിഷം ക്ലിക് ചെയ്തെടുത്തത് ഒരു പുരുഷന്റെ മുഖമായിരുന്നു..!! പക്ഷേ അതാരെന്നു വിചാരിക്കേണ്ട സമയത്ത് കണ്ണുകൾ ഉടക്കിയത് അയാളുടെ മേൽചുണ്ടിനു മുകളിലും. ..അവിടെ മുള പൊട്ടാൻ തുടങ്ങിയ പാടം പോലെ ഇളം പച്ചനിറം മാത്രം!!!!     ചാറ്റിങ്ങിലേയ്ക്കു മടങ്ങി...
                                             
                                             “ വേഷ്പാ....” നിള വിളിക്കുന്നു
                                             “ വേഷ്പാ... അത് നീൽഗോവിന്ദാണ് .., നീൽഗോവിന്ദ്... നിന്റെ നിള എന്ന കൂട്ടുകാരി..അല്ല ,നീ ക്ഷമിക്കണം കൂട്ടുകാരൻ, ഈ ഞാൻ...”
                                 
                                               മറുപടി പ്രതീക്ഷിച്ചുള്ള നിളയുടെ അനക്കമില്ലായ്മയ്ക്കു മുകളിൽ എന്റെ വിരലുകൾ ചത്തു കിടന്നു

                                              “ നീ പറഞ്ഞ പോലെ  ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യും .. തിരികെ പോരുമ്പോൾ ഒരെണ്ണം നിനക്കും...”

                                                നിളയിൽ നിന്നും.., ഒഹ് നിളയല്ലല്ലോ...നീൽ ഗോവിന്ദിൽ നിന്നും അത്രയും നാളുകൾക്കുള്ളിൽ  ഞാൻ കേട്ട ഏറ്റവും വലിയ തമാശയായിരുന്നു അത്..എനിക്ക് ചിരി വന്നു..ഞാൻ ചിരിച്ചു..മീശയുള്ള എന്നെ, മീശയില്ലാത്ത നീൽഗോവിന്ദ്  ക്ഷണിക്കുകയാണോ..!!!!?  ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ വേണ്ടി മീശമുളയ്ക്കാൻ കാത്തു  കാത്തു നിന്ന് അവസാനം അതുണ്ടായപ്പോൾ മീശയില്ലാത്ത ഒരുത്തന്റെ കൂടെ പോവുക....ഇങ്ങിനെയൊന്നും ചിരിച്ചാൽ പോര ഞാൻ.  ഇനിയൊരിക്കലും അവന് കഷണിക്കാൻ അവസരം കൊടുക്കാത്ത രീതിയിലുള്ള ഒരുത്തരത്തിനു വേണ്ടി  ചികഞ്ഞു...പിന്നെ ടൈപ്പു ചെയ്തു


                                              “ എന്റെ ഡ്രിങ്ക്സ് ഒരിക്കലും എന്നെ ചീറ്റ് ചെയ്യില്ല, നീയാണതു ചെയ്തിരിക്കുന്നത്...പിന്നെ എന്തുതന്നെയായാലും ഏയ്ഞ്ചൽ വിവാഹിതയാകും...”         

                                                    “ ഏയ്ഞ്ചലും നിന്റെ ഒരു മീശയും.......ഞാൻ വന്നിട്ട് നമുക്കൊരു സൈക്കോളജിസ്റ്റിനെ കാണാം..ഈ വക മണ്ടൻ തോന്നലുകൾ മാറ്റിയെടുക്കാം...അതു വരെ നീയാ‍ ഫ്ലാറ്റിൽ ഒറ്റയ്ക്കു കഴിയാതെ ആരെയെങ്കിലും ഒന്നു കൂട്ടു വിളിയ്ക്കു.., ഡ്രിങ്ക്സ് ഒഴിവാക്കു..ദയവായി വേഷ്പാ...?

                                                      ഞാൻ തിളച്ചു...എന്റെ മീശയെയും ഏയ്ഞ്ചലിനേയുമൊക്കെ നിഷേധിക്കാൻ കൊൽക്കത്തയിൽ കിടക്കുന്ന നീൽ ഗോവിന്ദ് ആര്..? അതിനു പ്രത്യേകിച്ചൊരു മറുപടിയുടെ ആവശ്യമേയില്ല. പകരം ഞാൻ മറ്റൊന്നു തീരുമാനിച്ചു

                                                        “ എനിക്ക് നിളയെ മാത്രമേ അറിയുകയുള്ളു....അവൾക്കു ഞാനെന്റെ പേരിന്റെ അർത്ഥം പറഞ്ഞുകൊടുക്കാൻ പോകുന്നു...”
                                                       വളരെ സാവധാനത്തിൽ മറുപടി വന്നു
                                                      “ഇപ്പോഴുള്ള എന്റെ അപേക്ഷകളിൽ ആവശ്യങ്ങളിൽ അവസാനത്തേതുപോലുമല്ല  അത്..“

                                                          “പക്ഷേ നീയത് ഇപ്പോൾ അറിഞ്ഞേ പറ്റൂ..എന്നാലേ എനിക്കു ബാക്കി പറയുവാനും  കഴിയൂ.. -വേഷ്പ- എന്നാൽ ജലം..വെറും ജലമല്ല....,ഈ പ്രപഞ്ചം തന്നെ വിഴുങ്ങാൻ പ്രാപ്ത്തിയുള്ള ജലം...നിന്നെയും  ആ ജലം സഹായിക്കും, നീ ഒന്നു ചെയ്യുമെങ്കിൽ...ചെയ്യുമെങ്കിൽ എന്നല്ല, ചെയ്തേ പറ്റു...എന്നെ കുറിച്ചുള്ള ഓർമ്മകൾ നീ ജലത്തിൽ രേഖപ്പെടുത്തിയേക്കൂ  ........“ 
                                               അത് അയച്ച ശേഷം ഞാൻ അവന്റെ  ജീവിതത്തിൽ നിന്നുമാണ് സൈൻ ഔട്ട് ചെയ്തത്...ഒരുപാട് ആശ്വാസം തോന്നി..ഈ  നിമിഷങ്ങളിൽ അയാൾ അവിടെ എന്തു ചെയ്യുകയായിരിക്കും..?  ആ..വോ..., ആർക്കറിയാം..അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ നേരമില്ല.കാരണം ഞാൻ ഇപ്പോൾ തന്നെ ഏയ്ഞ്ചലിന്റെ അടുത്തേയ്ക്ക് പോവുകയല്ലേ...?

                                               “കൂനുള്ള എന്റെ  മാലാഖക്കുട്ടി..ഞാൻ വരുന്നു....”  ഇല്ല ഒരുങ്ങാനൊന്നുമില്ല..അവളെവിടെയെന്നു കണ്ടുപിടിക്കയേ വേണ്ടു....രാത്രിയിൽ വെളിച്ചമായി എന്റെ സ്നേഹം കത്തിനിൽക്കുന്നു....

                                                    ഹീരാനന്ദാനിയുടെ കവാടം‌ -  പോവൈ-യിലെ ഓടച്ചൂര് മണക്കുന്ന ഗലികളിലെവിടേയോ ഉള്ള ഏയ്ഞ്ചലിന്റെ കൊട്ടാരത്തിലേയ്ക്ക്, കൂരിരുട്ടിന്റെ അകമ്പടിയോടെ എന്നെ പുറത്തെയ്ക്ക് ആനയിച്ചു...എന്റെ  ഹ്റ്ദയം വിങ്ങി  ചോദിച്ചു

                                           “ ഇപ്പോൾ തന്നെ വൈകിയോ എന്റെ പെൺകുട്ടീ ഞാൻ...!!????”

                                        ******************************************************            



                                

36 comments:

  1. ചന്ദനമരങ്ങളുടെ നിഴലുകൾ വെള്ളത്തിൽ വരക്കുന്നത് എങ്ങിനെയായിരിക്കും :)

    ReplyDelete
  2. 2009-ലെ അങ്കണം ജില്ലാടിസ്ഥാന ചെറുകഥാമത്സരത്തിൽ എങ്ങിനേയോ ഈ കഥയ്കാണു അവാർഡ് ലഭിച്ചത്..

    എന്റെ പ്രിയപ്പെട്ട കുടുംബത്തൊടോപ്പം സൌദിയിൽ അല്ലലറിയാതെ കഴിയുമ്പോൾ..തനിച്ചായിപോയ, നാട്ടിലെ കഷ്ടപ്പാടുകൾ ചുമടേറ്റിവിട്ട,സങ്കൽ‌പ്പങ്ങളിൽ മാത്രം ജീവിക്കുന്ന ഒരുപാട്..ഒരുപാട് വേഷ്പമാരെ കണ്ടു..

    അതിൽ - കണ്ണാടിയിൽ നോക്കി., കാണുന്നത് തന്നെ തന്നെയെന്നു പോലും തിരിച്ചറിയാൻ പറ്റാത്തവിധം ഡിപ്രഷനു കീഴടങ്ങിപ്പോയ ഒരുവൾ..ഏകാന്തതയുടെ യാന്ത്രികവലയങ്ങളിൽ കുടുങ്ങി ഓർമ്മകളുടെ നീരുവറ്റിയ ഒരുവൾ.. അവൾ ഇരുന്ന വീൽ ചെയർ എയർഹോസ്റ്റസിന്റെ കനിവിൽ ഫ്ലൈറ്റിലേയ്ക്കു നീങ്ങുന്നത് നോക്കിനിന്ന് കണ്ണു നിറഞ്ഞ് മടങ്ങിയ എന്നിലേയ്ക്ക് പിന്നീട് അവൾ കടന്നു വന്നത് ഇങ്ങിനെയാണ്...“വേഷ്പ“യായിട്ട്





    ഇട്ടിമാളു....
    നിഴലുകളെ പിടിയ്കാനും..ജലത്തിൽ വരയ്ക്കാനും പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു കുട്ടിമനസ്സ് ഇല്ലാത്ത ആരാണിവിടെ ജീവിച്ചു മരിച്ചിട്ടുള്ളത്....

    ReplyDelete
  3. പ്രിയ ജാനകി !
    വേഷ്പ ,മുന്നു ആവര്‍ത്തി വായിച്ചു , എന്‍റെ തലക്കകത്ത് വല്ലാത്ത ഒരു മര്‍ധ വിതിയാനം അനുഭവപെടുന്നു ,
    എന്തു പറയണമെന്ന് കാലുറക്കാത്ത ചിന്ത !
    മേല്‍ പറഞ്ഞത് ഒരു അഭിനന്ദനം ആയി തന്നെ കാണുക ..

    ..

    ReplyDelete
  4. ഗോപൻ..,
    അങ്ങിനെ തന്നെ..,ഗോപൻ പറഞ്ഞതുപോലെ തന്നെ കാണുന്നു..,
    അഭിനന്ദനമായിട്ട്...
    വളരെ നന്ദി

    ReplyDelete
  5. അമ്മൂന്റെ കുട്ടീ,എന്തു നന്നായി എഴുതുന്നു.വേഷ്പയെ എത്ര നന്നായി കാണിച്ചു തന്നു..
    എങ്ങിനെയോ കിട്ടിയതല്ല ഈ കഥക്ക് സമ്മാനം..അര്‍ഹമായത് തന്നെയാണ്..

    ReplyDelete
  6. good
    which book u written???
    minu mt

    ReplyDelete
  7. റോസാക്കുട്ടി....
    നിന്റെ കമന്റ് നോക്കിയിരിക്കയായിരുന്നു...
    എന്തു പറയുമെന്ന്..?

    ഇനിയും ഞാനിങ്ങിനെ വട്ടുകേസുകളും കൊണ്ടു വരും ബ്ലോഗിലേയ്ക്ക് അപ്പൊഴും അഭിപ്രായം പറയണം

    ReplyDelete
  8. dear minu

    that was a funny name "pachakuthirakaL ethumbol" do you know "pachakuthira"..?

    any way thanks minu

    ReplyDelete
  9. കുറെ നഗ്ന സത്യങ്ങള്‍ വായിയ്ക്കുന്തോറും സന്തോഷം നല്‍കി..അഭിനന്ദനങ്ങള്‍.

    ReplyDelete
  10. അര്‍ഹതക്കുള്ള അംഗീകാരം.!
    നന്നായിട്ടുണ്ട്.. റിയാലിറ്റിയും ,ഇമേജിനേഷനും, ക്രിയേറ്റിവിറ്റിയും മിക്സ് ചെയ്ത നല്ലൊരു സൃഷ്ടി.
    അഭിനന്ദനങ്ങള്‍ ..!

    (ഈ അങ്കണം അവാര്‍ഡ് ആദ്യം കിട്ടിയത് എന്‍റെ ടീച്ചര്‍ക്കായിരുന്നു. ഈ പി സുഷമ..! എന്നെ ഒത്തിരിയിഷ്ടമുണ്ടായിരുന്ന മലയാളം ടീച്ചര്‍ )

    ReplyDelete
  11. എങ്ങനെയോ കിട്ടിയതല്ല ഈ അംഗീകാരം !
    ആശംസകള്‍ ..ഇനിയും എഴുതു

    ReplyDelete
  12. ആദ്യമായാണ് ഇവിടെ എത്തുന്നത്. ഒന്നെനിക്കുറപ്പാണ്. ഒട്ടേറെ പറയാനുണ്ട് ജാനകിക്ക്. വേഷ്പ ഒട്ടേറെ മികച്ച ഒരു രചനയല്ലായിരിക്കാം. പക്ഷെ, ഇതില്‍ കഥയുണ്ട്. ജീവിതവും. ഒപ്പം ഫാന്റസിയും.. അതിനേക്കാളേറെ എനിക്ക് ഇഷ്ടമായത് ഇതിലെ പ്രമേയത്തിലുള്ള വ്യത്യസ്തതയും പേരില്പോലും കാത്തുസൂക്ഷിച്ച ആ വ്യത്യസ്തതക്ക് എന്റെ അഭിനന്ദനങ്ങള്‍. മറ്റു പോസ്റ്റുകള്‍ സാവധാനം വായിക്കാം. ഒട്ടേറെ എഴുതൂ. ആശംസകള്‍

    ഓഫ് കമന്റ് : പച്ചക്കുതിരകളെത്തുമ്പോള്‍ എന്നത് ഈ ബ്ലോഗിലെ രചനകളെ പുസ്തകമാക്കിയതാണോ? പുസ്തകത്തിന്റെ കവര്‍ ചിത്രം ഇവിടെ ഡിസ്പ്ലേ ചെയ്തുകൂടെ.. അത് കിട്ടുവാനുള്ള മാര്‍ഗ്ഗവും അറിയിക്കുക..

    ReplyDelete
  13. അടുത്ത കാലത്ത് ബ്ളോഗിൽ വായിക്കാൻ കഴിഞ്ഞ ഒരു നല്ല കഥ!
    അമൂർത്തവും എന്നാൽ അടിത്തറയുള്ളതുമായ ഉറപ്പാർന്നക്രാഫ്റ്റ്, തികച്ചും വ്യത്യസ്ഥമായ നിർമ്മിതി!!!
    നന്ദി!

    ReplyDelete
  14. വായിച്ചു കഴിയുമ്പേൊള്‍ മനസ്സിലെവിടെയേൊ ഒരു വിങ്ങല്‍....
    ഈ വേഷ്പക്കും, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ എഴുതിയ "കുഞ്ഞാമിനയും കുറേ സ്വപ്നങ്ങളും" എന്ന കഥയിലെ കുഞ്ഞാമിനക്കും ഒരേ ഛായ.
    ഒരുപാടു നന്നായിട്ടുണ്ട്‌. വീണ്ടും വീണ്ടും വായിക്കാന്‍ തേൊന്നുന്ന കഥ.

    ReplyDelete
  15. വർഷിണീ...,
    ഒരാളെ സന്തോഷിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല
    ഞാനെഴുതിയതു വായിച്ച് സന്തോഷം തോന്നിയെങ്കിൽ അതുഅറിയിച്ചതു തന്നെയാണ് എനിക്കുള്ള ഏറ്റവും വലിയ അഭിനന്ദനവും പ്രോത്സാഹനവും....
    ഒരുപാട് സന്തോഷം എനിക്കും



    സുഷമടീച്ചറുടെ കുട്ടി..
    അഭിനന്ദനങ്ങൾക്കു വളരെ വളരെ നന്ദി....



    ഗ്രാമീണൻ...,
    ആശംസകൾക്കു നന്ദി....



    മനോരാജ്...,
    അഭിപ്രായം വിശദമായി എഴുതിയിരിക്കുന്നു വ്യക്തമായും..
    നന്ദി......
    പബ്ലിഷ് ചെയ്ത കഥാസമാഹാരത്തിൽ ബ്ലോഗിലെ ഒന്നും തന്നെ ഇല്ല. കവർ ഡിസ്പ്ലേചെയ്യുന്നുണ്ട്, അല്പം കഴിഞ്ഞ്.
    പായൽ പബ്ലികേഷൻസ് ആണ് അത് പബ്ലിഷ് ചെയ്തിരിക്കുന്നത്
    എറണാകുളത്തെ ദേശാഭിമാനി ബുക്ക് ഹൌസിൽ അതുണ്ട്..



    രഞ്ജിത്ത് സർ..,
    താങ്കളുടെ അഭിപ്രായം വളരെ സന്തോഷത്തോടെ വായിച്ചു
    നന്ദി...


    ഒറ്റയാൻ..,
    ഈ പേരും.., പിന്നെ അഭിപ്രായത്തിൽ ഒരു സമാനതയുടെ കാര്യവും കൂടി വായിച്ചപ്പോൾ പേടിച്ചു പോയി
    ഈശ്വരാ ഞാനാ കഥ വായിച്ചിട്ടേയില്ല ....

    നല്ല അഭിപ്രായത്തിന് നന്ദി...വീണ്ടും വീണ്ടും..

    ReplyDelete
  16. ..ആ മാർക്കറ്റിലെ മത്സ്യങ്ങളുടെ മോർച്ചറി..
    നല്ല പ്രയോഗം. പായൽ ബുക്സ്- കണ്ണൂർ അല്ലേ?
    (വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ കമന്റുന്നവർക്ക് സൌകര്യമായിരിക്കും.)

    ReplyDelete
  17. നല്ല കഥ. എഴുത്തിലും ക്രാഫ്റ്റിലും ചടുലം. നന്നായി.

    ReplyDelete
  18. വിശേഷണപ്രയോഗങ്ങള്‍ ഇത്തിരി അധികമായ പോലെ, അത് കഥയ്ക്ക് നീളവും കൂട്ടി.

    വട്ടിന്റെ ഇത്തിരി അസ്കിത ഉള്ളതിനാല്‍ വട്ട് കഥകള്‍ ഇഷ്ടമാണ്, നീളക്കൂടുതല്‍ സ്വല്‍പ്പം എനിക്ക് (മാത്രം) അലോസരമുണ്ടാക്കിയെന്നത് പറയാണ്ടിരിക്കാന്‍ വയ്യ.

    അപ്പൊ അമ്മൂന്റുട്ടി തുടര്‍ന്നോട്ടെ. അവാര്‍ഡിന്ന് അഭിനന്ദനങ്ങള്‍.

    ഇവിടെ ഒരു കഥയുണ്ട്, ഒന്ന് വായിച്ചോളു.

    ReplyDelete
  19. “ആൺനോട്ടങ്ങളുടെ പത്മവ്യൂഹത്തിനു നടുവിൽ, കൈലി മടക്കിക്കുത്തി മീശ പിരിച്ചു നിൽക്കുന്ന പെൺവീര്യം തന്നെയാണ് തക്കതായ ആയുധം. അപ്പോൾ ഞാനൊരു മീശ ആഗ്രഹിക്കുന്നതിലെന്താണ് ഭ്രാന്ത്,!!?“
    വായനയുടെ വർം മാത്രമല്ല ജാനു നിനക്കുള്ളത് ..ഒപ്പം നല്ല എഴുത്തിന്റേയും ഉണ്ട് കേട്ടൊ

    ReplyDelete
  20. WOW WOW WOW, WHAT A GRACE!!!!പണ്ടെങ്ങോ വായിച്ച പത്മരാജന്റെ 'ഉദകപ്പോള' ഓര്‍ത്തുപോയി ഞാന്‍, ഒരുപാട് നാളുകള്‍ക്കു ശേഷം കണ്ട ഒരു വ്യത്യസ്തമായ എഴുത്ത്!!എല്ലാവര്ക്കും പറ്റുന്നതല്ല ഇത്. ഒരിക്കലെങ്കിലും ഡിപ്രഷന്‍ വരാത്ത ഒരാള്‍ക്ക്‌ എഴുതാനോ വായിചാസ്വദിക്കാനോ കഴിയാത്ത തരത്തിലുള്ള ഒരു ശൈലി. ഒരിക്കല്‍ ഡിപ്രഷനിലൂടെ കടന്നു പോയത് സര്‍ഗ്ഗാത്മകതയുടെ പുതിയ മേഖലകള്‍ തെടിപ്പിടിക്കാനുള്ള ഒരെളുപ്പ വഴിയായി മാത്രം ഞാന്‍ കാണുന്നു. പോവായിലെ കാര്യം പറഞ്ഞത് എന്നെ കൈപിടിച്ച് പഴയ കാലത്തിലേയ്ക്ക് കൊണ്ടുപോകാനായിരുന്നുവോ??ഈ എഴുത്ത്കാരിയ്ക്ക് ചെര്‍ക്കോണം സ്വാമികളുടെ വക അഭിനന്ദനങ്ങളുടെ ഒരായിരം പുഷ്പാഞ്ജലികള്‍!!!

    ReplyDelete
  21. ഇഷ്ടപ്പെട്ടു :) തുടരൂ.

    (OT: ഐഐടി, പവൈ എന്നൊക്കെ കണ്ടിട്ട് ആകാംക്ഷ സഹിക്കുന്നില്ല. ഐഐടിയിലോ, ഹീരാനന്ദാനിയിലോ മറ്റോ ആണോ? അതോ ചുമ്മാ സ്ഥലപ്പേരിട്ടതാണോ?)

    ReplyDelete
  22. ആദ്യമാണിവിടെ.ഞാന്‍ വൈകിപ്പോയെന്ന് തോന്നുന്നു.കഥ വളരെ ഇഷ്ടപ്പെട്ടു.ഇനി ഞാനും കാണും ആദ്യ വായനക്കാരുടെ കൂട്ടത്തില്‍.ആശംസകള്‍.

    ReplyDelete
  23. ഞാനും വൈകി....
    ഈ നല്ല എഴുത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  24. രാത്രിയ്ക്ക് ഇരുട്ടിന്റെ ചുവ ഏറിക്കൊണ്ടിരിക്കെ എനിക്കതിന്റെ നിസ്സഹായതയോട് സഹതാപം തോന്നിത്തുടങ്ങി.
    nalla reethi.

    ReplyDelete
  25. കോമാളി വേഷം കെട്ടിയ വേഷപയുടെ മനസിന്റെ ചാഞ്ഞ ചില്ലകളുടെ ഭാരം അതേപടി പ്രേക്ഷക മനസ്സിലേക്ക് എത്തിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു...
    വിചിത്രമായ ഭാവനയുടെ തണലിലെകി, മനസിന്റെ അതി നിഗൂഡമായ തലങ്ങളിലേക്ക് സഞ്ചരിച്ചു വേഷ്പയെ തന്മയത്തോടെ അവതരിപ്പിച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍...
    വളരെ മികച്ച കഥ....ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..

    ReplyDelete
  26. എന്റെ മനസ്സില്‍ വല്ലാത്ത ഒരു ഭാരം കൊണ്ടുവന്നിട്ടു ജാനകി. വാഷിംഗ് മെഷീനിലെ അജിറ്റേറ്റര്‍ പോലെ ചിന്തകളെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കുന്ന ഒരു കഥ.

    ReplyDelete
  27. വ്യത്യസ്തമായ അവതരണരീതി..
    മീശ പിരിച്ചു നിൽക്കുന്ന പെൺവീര്യം!!
    നല്ല എഴുത്തിനു ആശംസകള്‍...

    ReplyDelete
  28. What more to say...............................bhesh.
    expecting more like this,

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. എഴുത്തിലെ വ്യത്യസ്തത. അവതരണത്തിലെ പ്രത്യേകത. വായിച്ചാല്‍ ഒഴിവാക്കാന്‍ പറ്റാത്ത
    "എന്തായാലും നാലു ജീവന്റെ വിലയുടെ പലിശകൊണ്ടുമാത്രം സുഭിക്ഷമായി പോകുന്ന ജീവിതത്തിൽ ഇപ്പോൾ ഒഴിവാക്കാൻ പറ്റാത്തത് എന്നെ ഉറക്കുന്ന മദ്യവും, നിവർന്നു നിന്ന് ലോകം കാണാൻ പറ്റാത്ത ഏയ്ഞ്ചലും മാത്രമാണ്"
    ഇത്തരം വരികളും ഏറെ ആകര്‍ഷിച്ചു.

    ഇന്നത്തെ ജീവിതത്തിന് പുരുഷന്റെ ശക്തി നേടണമെന്ന് 'മീശ' ആഗ്രഹിക്കുന്ന പെണ്ചിന്തയിലൂടെ പറഞ്ഞത് വേറിട്ട രചന തന്നെ.
    അംഗീകാരത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  31. Good stuff. No Cliche. GREAT!!
    All the best .

    ReplyDelete
  32. ഇപ്പോൾ വേഷ്പയും വായിച്ചു. വളരെ മികച്ച രചന! സമ്മാനം നേടേണ്ട കഥ തന്നെയാണിത്.എല്ലാ അഭിനന്ദനങ്ങളും. വലിയൊരു എഴുത്തുകാരിയാകട്ടെ എന്നാശംസിയ്ക്കുന്നു.

    ReplyDelete
  33. പെപ്സിയും പേരയ്ക്കയും...! വിചിത്രമായ കോമ്പിനേഷന് അടിമയായ ഞാൻ ഹീരാന്ദാനിയ്ക്കു പുറത്ത് ഐ.ഐ.റ്റി മാർക്കറ്റിൽ നിന്നാണ് അവ വാങ്ങാറുള്ളത്. പെപ്സിയുടെ ഉപയോഗം കോണ്ട് എല്ലുകള്‍ക്ക് ക്ഷതവും തേയ്മാനവും കാലക്രമേണ സംഭവിക്കുന്നതും,മറ്റു രോഗങ്ങള്‍ക്ക് സാധ്യതയുള്ളതുമാണ്.എന്തായാലും മാരഗമായ വിഷമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

    nallezhutthukal...abhinandanam...

    ReplyDelete
  34. വേഷ്പ...അടി പൊളി................അടിച്ചു കലക്കിയ കഥ, പ്രചോദനം ആരാണ് ....നന്നായിടുണ്ട് , കഥാ പ്രസംഗത്തില്‍ പങ്കെടുത്തിരുന്നോ ......ചെറിയൊരു സംശയം .....എന്നെ പോലുള്ളവര്‍ക്ക് കഥയെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങളാണിത്‌...നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete