Sunday, March 4, 2012

ആവർത്തനകാലം

 
                  

                മഴ ഒരു ശിക്ഷയായേറ്റെടുത്താണ് അയാൾ അതിലേയ്ക്കിറങ്ങിപ്പോ യത് അത് കൂസലില്ലായ്മയായി തെറ്റിദ്ധരിച്ച് മഴ അയാളെ കുത്തിപെയ്തു..

                 ദരിദ്രവാസി  ഒരു കീറക്കുടേങ്കിലും എടുത്തൂട്റാ? നിന്റപ്പുപ്പന കൊണ്ടെട്പ്പിച്ചട്ട്ണ്ട് പിന്നേണ് നരുന്ത് നീ.” മഴ പലതും പറഞ്ഞ് പ്രലോഭിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര് ‘ ഹരിഹരസുതൻ’ എന്നായിരുന്നു

                 കമ്മ്യുണിസ്റ്റ് ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത് അഛന്റെ പേരിൽ മുദ്ര നിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപു തെറ്റുയുണ്ടായവൻ എന്ന കുറ്റത്തിന് ആ പേര് അത്രയും നീളത്തിൽ വലിച്ചിഴച്ച്, ചുമന്ന് അയാൾ മടുത്തിരുന്നു..ശരിയായ അർഥങ്ങളിൽ നിന്നും വ്യതിചലിച്ച്, അമ്മയുടെ പ്രായശ്ചിത്തത്തിന്റേയും  അഛൻ അമ്മയോടു കാണിച്ച ഔദാര്യത്തിന്റേയും അടയാളം മാത്രമായി ‘പേര്’ അയാളിൽ കറുത്ത മറുകു പോലെ പറ്റിച്ചേർന്നു

                 ഇങ്ങിനെയുള്ള  ചില ചിന്താകുഴപ്പങ്ങൾ കൊണ്ടു തന്നെയാണ് കുറേയൊക്കെ ആലോചിച്ചിട്ട് അയാൾ മകൾക്ക്  ‘വിനീത’ എന്നു പേരു വിളിച്ചത്..ജീവിതത്തിന്റെ അനന്തസാദ്ധ്യതകളിൽ  അത്യാവശ്യം വേണ്ട ഒന്ന് എന്ന നിലയ്ക്ക് തനിക്ക് ഈ പേരു കൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ എന്നവൾക്ക് തോന്നാതിരിക്കാൻ..

                പക്ഷേ  മേൽ‌പ്പറഞ്ഞ അനന്തസാദ്ധ്യതകളിലെവിടേയോ തുറന്ന ഗഹ്വരത്തിലൂടെ എവിടേയ്ക്കെന്നില്ലാതെ വിനീത, ഒരു ദിവസം മുൻപ് കടന്നു പോയ്ക്കളയുകയും ചെയ്തു……

                  ചുറ്റും മഴയിൽ ചിറകുകൾ തല്ലിയ ഈയാം പാറ്റകളുടെ വികല ശരീരങ്ങൾ പുറപ്പെടുവിച്ച ആമഗന്ധം ശ്വസിച്ചു നടക്കുമ്പോൾ,ജലക്കുമിളകൾക്കുള്ളിലിരുന്ന് വിനീത നനഞ്ഞൊട്ടിയ സ്വന്തം ചിറകു വിടർത്താ‍ൻ ശ്രമിക്കുന്നുണ്ടാവുമെന്ന് അയാൾക്കു തോന്നി..

               “സുതേട്ടോയ്.., ദ്ന്താ..മഴേത്ത്..ഇവിടെ കേറിനിക്കെടോ” ചായയുടെ കൊതിപ്പിക്കുന്ന ചൂടും മണവും അടിച്ചു പതപ്പിച്ച് ‘സുമാറു ജോസ്‘ മഴയിലൂടെ വിളിച്ചു കൂവി..മഴക്കുത്തേറ്റ് ചുവന്ന മുഖം താഴ്ത്തി അയാൾ വിളികേൾക്കാത്ത മട്ടിൽ നടന്നു..കുടുങ്ങാശേരിക്കവലയ്ക്കപ്പുറത്ത് റാട്ടുപുരയിൽ അഛൻ കമ്മ്യുണിസത്തെ രഹസ്യമായി പരത്തുന്നത് വർഷങ്ങൾക്കിപ്പുറം മഴ നനഞ്ഞു നിന്നു കൊണ്ട് , സന്ദർഭത്തിനു തീരെ യോജിച്ചില്ലെങ്കിൽ കൂടി ഹരിഹരസുതൻ ഒരിക്കൽ കൂടി കേട്ടു

              “സോവിയറ്റ്യൂണ്യൻ സോവിയറ്റ്യൂണ്യൻന്ന് കേട്ടട്ടെണ്ടാ?” അഛന്റെ ഗൂഡഗാംഭീര്യമുള്ള ചോദ്യം..

               “ഉം.ഉം” രാപ്പുള്ളുകൾ  മൂളുന്ന പോലെ റാട്ടു പുരയിലെ അരണ്ട വെളിച്ചത്തിൽ നിന്നും അമർത്തിയ ഇരവമുയർന്നു

                “ങാ‍അതാവ്ണം  ഇവടെ..നോക്ക്  മണ്ണെണ്ണ ഒഴ്ച്ച് തിരീട്ട ഈ കുപ്പ്യെളക്ക്     കണ്ടാ?”  മറുപടിയായി പിന്നെയും മുരൾച്ച

                 ഈ കുപ്പ്യെളക്കൊന്നും വേണ്ട മതിലുമ്മലത്തെ ഒരു കഷ്ണം ഞെക്ക്യാ മതി വെട്ടം വരുംഎപ്പഴാ.? അർഥപൂർണ്ണമായ ഒരു നിശബ്ദത..കുപ്പിവിളക്കിന്റെ തിരിനാളം പ്രതിഫലിപ്പിച്ച് കുറേ കണ്ണുകൾ  മിഴിഞ്ഞ് തിളങ്ങി നിന്നു

                  “ഇവടെ സോവിയറ്റ്യൂണ്യനാവണം.ഈയെമ്മസ് കേറട്ടേന്ന്..  ഗാന്ധി ഓർക്കാപ്പൊറത്ത് പോയതോണ്ട് മാത്രം ആയുസ്സ് കിട്ട്യ കോഗ്രസ്സിന്റ നട്വൊടിക്കണം……”..റാട്ടു കറക്കി തഴമ്പിച്ച കൈകൾ  മേശയിലടിച്ചുറപ്പിച്ചത് കേട്ട നേരം തന്നെ  അയാളുടെ പെരുവിരലിനെ ഒരു കൂർത്ത കല്ല് ഗാഡമായി ചുംബിച്ച് ചുവപ്പിച്ചുനീറ്റലിൽ സോവിയറ്റ് യൂണിയൻ എന്നെന്നേയ്ക്കുമായി പവർക്കട്ടിൽ മുങ്ങിപ്പോയി റാട്ടുപുരയുടെ സ്ഥാനത്തു വന്ന ഇന്റെർനെറ്റുകഫേ  വശ്യ സുന്ദരിയെ പോലെയുണ്ട് സ്വാതന്ത്രമില്ലാത്ത ആസക്തികളേയും വിചാരങ്ങളേയും കെട്ടഴിച്ചു വിട്ട് പുതിയൊരു പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ലോകത്ത് കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്ന വലക്കൂട്…….

                     www.forgetparants.com നെറ്റിലേയ്ക്ക് വിനീത കയറിയതിന്റെ പാസ് വേർഡ് എന്തായിരിക്കും..?!! sorry acha   എന്നോ    sorry amma എന്നോ..?...ഒരു പരാതി എഴുതിക്കൊടുത്തതിന്റെ  തരുതരുപ്പ് മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയായിട്ടും ചൂടു പുകഞ്ഞുകൊണ്ടിരുന്നു…………


            ..17 വയസ്സ് …….വിനീതാഹരിഹരൻ ( സുതൻ അവൾ വേണ്ടെന്നു വച്ചതാണ്) വെളുത്ത നിറം186 സെ.മീ ഉയരം മെലിഞ്ഞ ശരീരം..മറുക്.മറുക് എവിടേയാണ്!!!??(മകളുടെ ശരീരത്തിൽ അഛൻ മറുകു തേടി നടക്കുന്നതിലെ പാരവശ്യം കണ്ട്  എസ്.ഐ വഷളൻ ചിരിയും ചിരിച്ച്  അയാളെന്തെഴുതുന്നു എന്നു നോക്കി  ചാരിയിരിപ്പുണ്ടായിരുന്നു) കണ്ടു പിടിച്ചു ഒരെണ്ണംകഴുത്തിന് ഇടതു വശത്ത്.കാണാതാവുമ്പോൾ ധരിച്ചിരുന്നത് നീലയിൽ വെളുത്ത ചെക്കുകളുള്ള യൂണിഫോം.......

                തലയിലെ തൊപ്പിയേക്കാൾ പവറുള്ള പുഛം ഒതുക്കിയിട്ട് എസ് ഐ പരാതി ഒന്നോടിച്ച് നോക്കി..

               “ചെന്ന് ക്ടാവിന്റെ മുറീം ബുക്കും തുണ്യലമാരേം ഒന്ന് പരിശോധിച്ചേക്ക് ബാക്കി ഞങ്ങള് തപ്പിക്കോളാം.പണ്ടാരടങ്ങാൻ വല്ല  ലവ്ജിഹാദിലോ മറ്റോ.കിട്ട്യാല് ഒന്ന് റിപ്പേയ്റ് ചെയ്തെടുത്താ മതി..”

               അപ്പോൾ മുതലാണ് ഹരിഹരസുതൻ പുറത്ത് കലിപ്പോടെ പെയ്യുന്ന മഴയിലേയ്ക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്മഴയും അയാളും സന്തത സഹചാരികളായി തീർന്നത്……..

                “റെയിൻ റെയിൻ ഗോ എവേ..,
              കം എഗേയ്ൻ അനതർ ഡേ…….”..ഇറമ്പിൽ നിന്നൊഴുകുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച കുട്ടിയുടുപ്പുകാരിയിൽ.”മഴ വിര്ന്നു വന്നതാണ് പോകാൻ പറയാമ്പാടില്ല” എന്നു പറഞ്ഞതിൽ പിന്നെ ,മഴയുടേ ആതിഥേയ ഭാവം മാത്രമായിരുന്നു എപ്പോഴും എന്ന് അയാളോർത്തു…….

              വിനീത പിറന്നപ്പോൾ അയാൾ സർക്കാർ ബസ്സിന്റെ സ്റ്റിയറിംഗിൽ ആദ്യമായി തൊട്ടുതൊഴുകയാ‍യിരുന്നു..ആരംഭ ശൂരത്വത്തിന്റെ തിളപ്പിലെ ആവിയായിരുന്നു ആ ഭക്തിഅധികം താമസിയാതെ ആനവണ്ടിയുടെ പാപ്പാനായി, അയാൾ കയറിയിറങ്ങുന്ന  യാത്രക്കാരെ മുഴുവൻ അകത്തേയ്ക്കും പുറത്തേയ്ക്കും എറിഞ്ഞു തള്ളുന്ന ചരക്കുകളായി കാണാൻ ശീലിച്ച് , സർക്കാരിന്റെ സ്വന്തം സേവകനായി മാറി..‘സ്വ.ലേ‘..എന്നൊക്കെ പറയും പോലെ ‘സ്വ സേ‘ .

                    കൊല്ലങ്ങൾ നീണ്ടു നിന്ന ഏതാനും  സ്ഥിരം സർവീസുകളിൽ സ്വന്തം സേവനം ചില കള്ളുഷാപ്പുകളുടെ പിന്നിലേയ്ക്കും, മൂട്ടവിളക്ക് അടയാളം കാണിക്കുന്ന കൂരകളിലേയ്ക്കുമായി നീട്ടിയെടുക്കുകയും ചെയ്തിരുന്നു…….നോൻപു കാലത്ത് മുറതെറ്റിയുണ്ടായവന്റെ താന്തോന്നിത്തമെന്ന സ്വയംവിശദീകരണാശ്വാസം കൊണ്ട് സ്റ്റിയറിംഗ് കറക്കിയെടുത്ത് അക്കാലത്ത് അയാൾ മൂളിപ്പാട്ടു പാ‍ടി ..ആ ദിനങ്ങളിലൊന്നിലായിരുന്നു അയാൾ- കുറ്റിക്കാടുകളിലേയ്ക്ക് താനിനി നോക്കാൻ പോകുന്നില്ലെന്ന് തീരുമാനിച്ചതും വഴിവക്കിലെ വെള്ളത്തിന് ജീവിതത്തിൽ പറ്റിയ കറ കഴുകി മാറ്റാൻ കഴിയുമെന്നു വൃഥാ വിചാരിച്ചതും….

               ങ്ങിനെ തീരുമാനിച്ചതിന്റേയും വിചാരിച്ചതിന്റേയും അന്ന്  മഴ തന്നെയായിരുന്നു…… 
        “സുതേട്ടോയ്, പിന്നില് ലോങ് സീറ്റിലൊര് ജോഡീണ്ട്ട്ടാഅറ്റം തൊട്ട് കേറീതാടോ..ഏതാണ്ടൊരു തീരുമാനൂല്ലായ്ക പോലെ.”

          ചെവിയിൽ കണ്ടക്ടർ ചന്ദ്രൻ ബാഗും കക്ഷത്തിലിറുക്കി കുനിഞ്ഞു നിന്ന് മന്ത്രിച്ച വിവരത്തിലേയ്ക്ക് പാക്ക് ചവച്ച് അയാൾ തിരിഞ്ഞു നോക്കിബസ്സിന്റെ അവസാന സീറ്റിൽ പരിഭ്രമിച്ച രണ്ടു മുഖങ്ങൾ വെളിവാക്കപ്പെട്ടുആണത്തം പൊടിമീശയിലേയ്ക്കു  പടർന്നു തുടങ്ങിയ ഒന്നും , അതിൽ ആശ്രയം കണ്ട്. എന്നാലതത്ര സുരക്ഷിതമല്ലെന്നു മനസ്സിലാക്കി പകച്ചു ചേർന്നിരിക്കുന്ന മറ്റൊന്നും..ബസ്സിൽ മറ്റുയാത്രക്കാരായി മൂന്നു പേർ മാത്രം

              “സംഗതി ചാടീതാട്ടാ..” അയാൾ ടോപ് ഗിയറിട്ടു..   

             അടുത്തടുത്ത സ്റ്റോപുകളിൽ മറ്റു മൂന്നുപേർ കൂടി ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇറച്ചിക്കോഴികളെ കൊണ്ടു പോകുന്ന പോലെ ബസ്സ് സർക്കാരിനെ മറന്ന് ഓടാൻ തുടങ്ങി

               ഒരു നഗര ദൂരത്തിനപ്പുറം ഇറയത്തെ തൂണിൽ വട്ടം പിടിച്ച് നിന്ന് വിനീത അഛനെ അന്വേഷിക്കുകയായിരുന്നു അപ്പോൾ.

               “അഛന്എത്ര ആൾക്കാരെ എവിടേക്ക എത്തിക്കണ്ടാതാന്നറിഞ്ഞൂടെറി..? ഇത് പോലെ നോക്കീരിക്കണ ഒരുപാട് ക്ടാവുകളുണ്ടാവുംക്ടാവുകളെ നോക്കീരിക്കണ അഛ്നമ്മമാര്ണ്ടാവും അവരെക്കെ കൊണ്ടേക്കൊടുത്തിട്ടേ നിന്റെ അഛന് വരാമ്പറ്റ്ള്ളു

              കാത്തിരിപ്പു നീറ്റുന്ന ഓരോ വീട്ടിലെയ്ക്കും പ്രതീക്ഷിക്കുന്നവരെ എറിഞ്ഞിട്ടു കൊടുക്കുന്ന ദൈവത്തിന്റെ കൈകളിലെ   പൊതിയും പ്രതീക്ഷിച്ച് വിനീത അമ്മയുടെ മടിയിൽ കിടന്നു.. ഹൃദയമിടിപ്പിനും നിശ്വാസത്തിനുമപ്പുറം സ്വപ്നങ്ങളിൽ വന്നിരുന്ന തുമ്പികൾക്ക് അവൾ പല നിറങ്ങൾ കണ്ടുമഞ്ഞ..ചുവപ്പ്കറുപ്പ്അടുത്ത മിടിപ്പിൽ പറന്നുയരാൻ തുടങ്ങിയ അവയുടെ ചിറകുകൾ പകുതി മുറിച്ചു കളയുകയോ..വാലിനറ്റത്തൂടെ പൂത്തിരിപ്പുല്ല് കയറ്റുകയോ വേണംപ്രാണനിൽ തറഞ്ഞ പുല്ലുമായി പറക്കുന്ന തുമ്പിയെ കാണാൻ എന്തു രസം!! ഹാ..അഛൻ വന്നല്ലോ,,!? അഛൻ അവയുടെ ചിറകുകൾ മുറിച്ച് അവൾക്കിട്ടു കൊടുത്തു ചിലതിന്റെ വാലിൽ ഓലനാരുകെട്ടി ജീവനെ രണ്ടായി പകുത്തു കൊടുത്തു ..പക്ഷെ വാലിൽ പിടിച്ച ഒരു കറുമ്പൻ തുമ്പി മാത്രം വളഞ്ഞ് കുത്തി അവളുടെ വിരലിൽ കടിച്ചു  .

            “ഹവ്……..” വിരൽ വലിച്ച് വിനീത ഉറക്കം ഞെട്ടി…….”

            ഞെട്ടിത്തെറിക്കുന്ന പെൺകുട്ടിയെ ബസ്സിൽ നിന്നും വലിച്ച് പുറത്തു കളയുകയായിരുന്നു അന്നേരത്ത് ഹരിഹരസുതനും, ചന്ദ്രനും……കുറ്റിക്കാട്ടിലേയ്ക്കു വീണ പെൺ ശരീരത്തിന്റെ ഞരക്കം, ഇരുട്ടു വകഞ്ഞു മാറ്റി കാണാൻ ശ്രമിക്കാതെ ചോര പുരണ്ട പാവാടയും കൂടി  പുറത്തെ മഴയിലേയ്ക്കെറിയുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു.....‘പകലാണെങ്കിൽക്കൂടി എനിക്കാ കാഴ്ച്ച  കാണണ്ട’   വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി സഹതപിച്ച് അയാൾ സ്റ്റിയറിംഗിൽ വിയർത്ത കൈകളമർത്തി……


              “ ആ പയ്യനെ ഇതീന്ന് തള്ളീട്ടപ്പോ അടീലെക്ക്യാ പോയെ..?..”   ചന്ദ്രൻ അടുത്തു വന്ന് അമർത്തി ചോദിച്ചു.    

               തലച്ചോറൊഴിഞ്ഞ തലയുടെ ചതവിന്റെ ഉയർച്ച ബസ്സിന് ഒരു ഞൊടിയുണ്ടായിരുന്നോ എന്ന് അയാൾ നടുങ്ങി സംശയിച്ചുപിന്നെ നിഷേധിച്ചു

               “ഹേയ് ഇല്ലില്ല ..” എന്നിട്ടും വഴിയരുകിൽ കെട്ടിക്കിടന്ന വെള്ളത്തിലൊക്കെ ബസ്സിന്റെ ടയറുകൾ ഓടിച്ചു കഴുകിയെടുത്തു..വീണ്ടും വീണ്ടും..

                   പിന്നീട് ജീവിതത്തിന്റെ ഓടയിൽ പലവുരു കഴുകിയെടുത്ത ശരീരത്തിൽ മനസ്സു വൃത്തിയാവാതെ  ദുർഗന്ധം വമിച്ചു കിടന്നു..അതേ സമയം നേരിടേണ്ടി വന്ന കുറേ വിരോധാഭാസങ്ങളിൽ ആദ്യം പതറി നിൽക്കുകയുംശേഷം സന്ദർഭോചിതമല്ലാതെ അയാൾ ചിരിച്ചു മണ്ണു കപ്പുകയും ചെയ്തു
                   
                നിരീശ്വരവാദം മൂത്ത് മുറ്റത്തെ തുളസിത്തറയിലെ കൽ വിളക്കിൽ മൂത്രമൊഴിച്ച അഛനെ..-കാരണവന്മാർ ,കല്ലും ലിംഗവും  തമ്മിലുണ്ടായ നിമിഷങ്ങൾ നീണ്ട  മൂത്രബന്ധത്തിലൂടെ കയറിപ്പിടിച്ച് പഴുപ്പിച്ചുമതിലിലെ കഷ്ണം ഞെക്കിയാൽ തെളിയുന്ന വിളക്കിനെ,പ്രകാശത്തിൽ അധികരിക്കുന്ന വേദനയിൽ ശപിച്ച് അഛൻ ഹരിഹരസുതനോട് അപേക്ഷിച്ചു.

               “ഞാഞ്ചത്താബെലീടണം..കേട്ടെറാ.കമ്മ്യുണിസം പറഞ്ഞ് ചാരം വാരി തെങ്ങുഞ്ചോട്ടില് ഇട്ടേക്കര്ത്…..”

              വാക്കു  പാലിച്ചു  ..ഉമ്മറത്ത് ഫ്രെയിമിലിട്ടു വച്ച മാർക്സിന്റേയും.., ഏംഗത്സിന്റേയും..ലെനിന്റേയും മുഖം ഒന്നു വീർത്തിരുന്നെങ്കിലും “അതു പോട്ട് പുല്ല്..” എന്ന് അവഗണിച്ച് അഛനെ ബലിയിട്ട് സന്തോഷത്തോടെ പറഞ്ഞയച്ചു.. അന്നു തൊട്ടിങ്ങോട്ട് ഓരോ കർക്കിടകവാവിനും ബലിയിടുന്ന തന്നെ നോക്കി തന്റെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിച്ച് അഛൻ “ ശവ്യാണെങ്കിലും നീയാളു കൊള്ളാട്ടെറാ കള്ളക്കമ്മ്യുണിസ്റ്റ്കാരന്റെ മോനെ “ എന്ന് പറഞ്ഞു കൊണ്ട് ഇരുത്തിയൊന്നുമൂളി പോകുന്ന പോലെ അയാൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
         
          ഇപ്പോൾ  ഭൂതകാലത്തിലെ ശവിത്വ സിംഹാസനമൊഴിഞ്ഞ്, മനസ്സിലെ പിതൃത്വ പിടപ്പിന്റെ ആന്തലോടെ ചുറ്റിപ്പിണഞ്ഞ മഴനൂലുകളെ അഴിച്ചു മാറ്റി  അയാൾ ഇറയത്തെ അത്താണിയിലിരുന്നു

            പുറത്ത് ആരെയും കണ്ടില്ലദൈവത്തെയും അഛനേയും ഒരെപോലെ സ്നേഹിച്ച മറ്റൊരു വിരോധാഭാസം  ഓർമ്മക്കേടു ബാധിച്ച് അകത്തെ മുറിയിൽ സ്വയം ആരെന്ന് ഇടയ്ക്കിടക്ക് വിളിച്ചു ചോദിച്ചു കിടപ്പുണ്ട്..അഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരന്മാരായിരുന്നു..
            
           മഴയേറ്റ് രോമങ്ങളൊട്ടിയ കൈത്തണ്ടയിലേയ്ക്ക് ഉണക്ക തോർത്ത് വീണതിനൊപ്പം  “ അവൾക്കൊര് വാക്ക് മിണ്ടീട്ട് പോവായ്ര്ന്നു“  എന്ന പുറകിൽ നിന്ന് പറഞ്ഞ് ഭാര്യ ഒരു ഉറപ്പിലെത്തിയെന്ന് അയാളെ ബോദ്ധ്യപ്പെടുത്തി

           “എന്തായാലും നീയാ ക്ടാവിന്റ മുറ്യൊന്നു നോക്ക്യേ.”

          “എന്തൂട്ട് നോക്കാൻ.” ഓയൽ സാരിയിൽ ഒപ്പിയെടുക്കാൻ പറ്റാത്ത കണ്ണുനീരിനെ കുനിഞ്ഞ് സാരിപൊക്കി പാവാടയിൽ തുടച്ച് അവൾ മൂക്കു വലിച്ചു.

           “ഒര്  മജീദ് എന്ന ചെക്കൻ അവൾടെ മൊബൈലില് വിളിക്ക്യോയ്ര്ന്ന്

            “മജീദാ.!!??  “ ഉണ്ടായേക്കാവുന്നതിൽ ഏറ്റവും സാധ്യത കുറഞ്ഞത് എന്ന നിസ്സാരത ഏതൊരഛനേയും പോലെ ആദ്യം തോന്നിയെങ്കിലും പിന്നീടയാൾ ഞെട്ടി.

           “ക്ടാങ്ങള് ഫ്രണ്ട്സാന്ന് പറഞ്ഞപ്പൊ………

         “ ഫ്രണ്ട്സ്”  മഴയിലേയ്ക്ക് ഒന്നു കൂടി ചാടിയിറങ്ങിയപ്പോൾ മാത്രം വീട്ടിൽ ഫോണുള്ളത് ഓർത്തു തിരിച്ചു കയറി.., പോലീസ് സ്റ്റേഷനിലേയ്ക്ക് ആ വിവരം കൂടി വിളിച്ചു പറഞ്ഞതിനു ശേഷം ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല എന്നറിഞ്ഞ് അയാളിരുന്നു..ശരീരത്തിന്റെ നിഷ്ക്രിയത്ത്വം ഉൾക്കൊള്ളാൻ കഴിയാതെ വിറക്കുന്ന മനസ്സോടെ ഹരിഹരസുതൻ പുലമ്പി”ദൈവമേ..കുറ്റിക്കാട്ടിലെ ഞരക്കം………..ഭൂമിയിൽ കുറ്റിക്കാടുകളും., മറയും.., ഇരുട്ടും ഉള്ളിടത്തോളം കാലം പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണോ!!?”

           നിഷ്ക്രിയത്വം കുടഞ്ഞെറിഞ്ഞ്.., മനസ്സ്.., പണ്ട് കേട്ടു കളഞ്ഞ ഞരക്കത്തിനേക്കാൾ ഉച്ചത്തിലൊന്നു ഞരങ്ങി…….

            പിറ്റേദിവസം സ്റ്റേഷനിൽ നിന്നും വിളിച്ചതു കൊണ്ട് അയാൾക്കു പോകേണ്ടി വന്നുഏതെങ്കിലും അജ്ഞാത മൃതദേഹത്തിൽ നിന്നും മകളുടെ ശേഷിപ്പുകൾ കണ്ടുപിടിക്കേണ്ടതോ……അല്ലെങ്കിൽ പലയിടങ്ങളിൽ നിന്നു കിട്ടിയ ശരീര ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു വച്ചതിൽ അവളുടെ രൂപം വാർത്തെടുക്കേണ്ടതോ ആയ കടമയാണ് താനാൽ നിർവ്വഹിക്കാൻ പോകുന്നത് എന്ന വിചാരങ്ങളിൽ അയാളുടെ കാലുകൾ ഉടക്കി നടന്നു……..

            സ്റ്റേഷനിൽ ചെന്നപ്പോൾ ..,ഇരുകൃതാവിൽ നിന്നും കറുത്ത തോടൊഴുകി വന്ന് താ‍ടിയിൽ കൂട്ടി മുട്ടിയ മുഖമുള്ള രണ്ടു പയ്യന്മാർ .പേടിയേക്കാൾ കൂടുതൽ പുതു തലമുറയുടെ മുഖമുദ്രയായ അസഹ്യത പ്രകടിപ്പിച്ചു നിൽ‌പ്പുണ്ടായിരുന്നു..

           “ഹരിഹരാ.ദേ ഇതാണ് മജീദ്ട്ടാ  ക്ടാവിന്റെ ഫോൺ ചെയ്യണ ക്ലാസ്മേറ്റ്..”   കൂടുതൽ വെളുത്തവനെ ലാത്തി കൊണ്ട് തൊട്ട് എസ് ഐ അറിയിച്ചു. ഉടനെ മറ്റവനേയും ചൂ‍ണ്ടി കാണിച്ചു..

         പിന്നിവൻഅജ്മല്.അടുത്ത കൂട്ട്കാരാ.ഇവനറ്യാതെ ഈ ഗഡി ഒന്നും ചെയ്യില്ല.. ..”

         ഹരിഹരസുതൻ രണ്ടു പേരേയും മാ‍റി മാറി നോക്കി കൈകൂപ്പി……
  
       “ മക്കളേ..ന്റെ ക്ടാവെന്ത്യേ.? കൂടുതൽ അപേക്ഷിക്കാൻ കഴിയാത്ത വിധം തന്റെ നിസ്സഹായതയിലലിഞ്ഞ് അവർ അവരുടെ പോക്കറ്റിൽ നിന്നോ ഷർട്ടിനുള്ളിൽ നിന്നോ വിനീതയെ പുറത്തെടുത്തു തന്നേക്കും എന്ന് അയാൾ വിശ്വസിച്ചു പോയിരുന്നു..

         പക്ഷെ .., അസഹ്യത അനിവാര്യമെന്നോണം ബഹിർഗമിച്ചു

       “വിനീതേനെ എനിക്കറ്യാം  പക്ഷെ ഒരു ബന്ധൂല്ലാട്ടാ..കാർന്നോര്  ഞങ്ങൾടടുത്ത് കരഞ്ഞ്  വിളിച്ചട്ട് എന്തു കാര്യം.“

        കൈകൂപ്പിയതിനപ്പുറം അവന്റെ കാലുകൾ കനത്ത ബൂട്ടിൽ മറഞ്ഞിരിക്കുന്നതു കണ്ട് അയാൾ നിരാശപ്പെട്ടു

        “ഹരിഹരസുതനിങ്ങ്ട് മാറ്യേ.ഇനി ഞാൻ ചോദിയ്ക്ക്യാ.പറ മക്കളേ.ലവ് നിന്റെക്ക സ്വന്തം വക…….ജിഹാദ് വേറെ അവന്മാരുടേം.ബൈക്കും മൊബൈലും കാശും ഒക്കെ ഫ്രീയാ അല്ലേ..“

           ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ.., മുന്നിലെ യൂണിഫോമിനെ മറന്ന് മജീദ് പ്രതികരിച്ചു

“സാറേ പ്രേമത്തിനെ പോലും വർഗീയ വൽക്കരിച്ച്  ഇങ്ങ്ന  ഞങ്ങളെ  പ്രതികളാക്കി നിർത്തര്ത്.പ്രേമിച്ചെങ്കി വീട്ടിക്കൊണ്ടുപോയി നിക്കാഹു നടത്തും..മുസ്ലീം  ആൺപിള്ളേര് ഇനി ഇതിനു വേണ്ടി സമരോ മറ്റോ ചെയ്യണോ ഒന്നു പ്രേമിക്കാൻ..“

          അതു ശരിയാണല്ലോ എന്ന സംശയം വച്ചു കൊണ്ടു തന്നെയായിരുന്നു എസ് ഐ അവന്റെ പല്ലു അടിച്ചു തെറിപ്പിച്ചത് മത പ്രചരാണാർത്ഥമുള്ള വിശുദ്ധയുദ്ധത്തിന്റെ പേരിൽ പല്ലു നഷ്ടപ്പെട്ടവൻ വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്നു..മറ്റവനാകട്ടെ ചോരത്തിളപ്പിനെയൊക്കെ ഊതിയാറ്റി .., നാവു കൊണ്ട് തന്റെ പല്ലുകളെയൊന്നു തഴുകി.

          എസ് ഐ ഹരിഹരസുതന്റെ  തോളിൽ പിടിച്ച് പുറത്തേക്കു മാറ്റി നിർത്തി പറഞ്ഞു.

         “കാര്യം ശര്യാട്ടാ ഹരിഹരാ…….ഈ ഗഡികള്  മൂന്ന് ദെവസോയിട്ട് ക്ലാസീ മൊടങ്ങീട്ടില്ല.ഇവന്മാരെ ഇപ്പൊ തന്നെ വിടും..നമുക്ക് ഇനി വേറെ വഴി നോക്കാം താൻ പേടിക്കണ്ടറോ..വഴീണ്ട്……

           ‘ പേടിക്കണ്ട‘ എന്നു പറഞ്ഞതിൽ നിന്നുമാണ്, സത്യത്തിൽ പേടി അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് അയാളെ മാന്തിപ്പൊളിക്കാൻ തുടങ്ങിയത്..സ്റ്റേഷനിൽ ഊരിയിട്ട ചെരുപ്പ് മറന്ന് ഹരിഹരസുതൻ പിന്നേയും മഴയിലേയ്ക്കിറങ്ങി…….

              തനിയാവർത്തനങ്ങളുടെ സാധ്യതകൾ  മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ  പതിയിരിക്കുന്നു എന്ന വെളിപാടോടെ ,വഴിയരുകിലെ വെള്ളക്കെട്ടുക്കളിൽ ഏതെങ്കിലും വണ്ടിയുടെ ചക്രങ്ങളിൽ നിന്നുള്ള രക്തഛവിയുണ്ടോയെന്ന് അയാൾ പരിശോധിച്ചു കൊണ്ടിരുന്നു..ഒപ്പം .., കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് മഴക്കാറു മറയിട്ട പകൽ വെളിച്ചത്തിൽ അരിച്ചു പെറുക്കി.അങ്ങേയറ്റം, ഇറച്ചിക്കോഴിയുടെ പപ്പും തൂവലുമെങ്കിലുംഅതെങ്കിലും………………….


                      *********************************************************


                                     

Monday, February 20, 2012

മൊബൈൽപൊത്തിലെ ഒരു മേൽവിലാസം

         

                 വലിയ ഒരു വിശാലമനസ്കയാണെന്നു ഞാൻ എന്നെയുൾപ്പടെ മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് സത്യത്തിൽ ഇപ്പോഴാണു എനിക്കു തന്നെ മനസ്സിലായത്..അല്ലെങ്കിൽ തേടിപിടിച്ച് പരിചയപ്പെടാൻ വന്ന അയാളെ......(കണ്ടോ ,? പേരുപോലും ഞാൻ അന്വേഷിച്ചില്ല) -അയാളെ ഇത്രത്തോളം വന്നതു കൊണ്ടു മാത്രം ഇറയത്തെ ചാരുപടിയിൽ ഇരുന്നോളു എന്നു ഔദാര്യപൂർവ്വം പറയുമായിരുന്നോ..?


              എന്തിനേയും അതിന്റെ പുറം കാഴ്ച്ചയിൽ തെളിയുന്ന ഒരു വിലയിട്ടശേഷം ഉപബോധമനസ്സിൽ ഫിക്സ് ചെയ്തു വച്ചിരിക്കുന്ന മറ്റൊരു വിലയ്ക്കൊപ്പം നിർത്തി ..,അതിനു മുകളിലോ താഴെയോ എന്നു നിമിഷനേരം കൊണ്ടൊരു കണക്കു കളി ഉണ്ടാകാറില്ലേ മനസ്സിൽ..? അയാളുടെ കാര്യത്തിൽ ആ കളിപോലും വേണ്ടി വന്നില്ല എന്നതാണു സത്യം..


             അവശ കലാ‍കാരന്മാരുടെ ഒരു പിന്തുടർച്ചക്കാരൻ..എല്ലാം അതുതന്നെ .., നീലം മുക്കാത്ത കൈത്തറി മുണ്ട്..,അതിനു മുകളിൽ മുട്ടറ്റം നീളുന്ന ജുബ്ബ..,തോളിൽ അയഞ്ഞ ഒരു തുണി സഞ്ചി..അവിടവിടെ മുഴച്ചു കാ‍ണപ്പെടുന്ന ആ സഞ്ചിയിൽ എന്തായിരിക്കും..!? മാതാപിതാക്കളുടേയോ ഭാര്യയുടേയോ -“കാൽക്കാശിനു കൊള്ളത്തവൻ“- എന്നു നീട്ടിയെറിഞ്ഞ നോട്ടത്തിനു മുന്നിലിരുന്ന് എഴുതിയോ, വരച്ചോ ഉണ്ടാക്കിയ എന്തെങ്കിലുമൊക്കെ ആയിരിക്കും..അതെല്ലാവർക്കും അനിവാര്യമായ തിരിച്ചറിവുമാണ്..അതുകൊണ്ടാണല്ലോ മദ്യപിച്ച് പെരുവഴിയിൽ എത്ര നേരം കിടന്നാലും അവശകലാകാരനു അവന്റെ തോൾ സഞ്ചി നഷ്ടപ്പെടാത്തത്....


               എന്നിട്ടും എന്റെ ഊഹം ശരിയാണോന്നറിയാൻ വേണ്ടി ചാരുപടിയിൽ അർദ്ധാസനത്തിൽ ഇരുന്ന അയാളോട് ഞാൻ ചോദിച്ചു..

  
            “ എന്താണീ സഞ്ചിയിൽ..?... പ്രതീക്ഷിക്കാത്ത ചോദ്യമായതു കൊണ്ടാവും ,ഒരു നിമിഷം നിശ്ചലമായി നിന്ന കണ്ണുകൾ മടിയിൽ വച്ചിരുന്ന സഞ്ചിയിലേയ്ക്കു നീട്ടി വയറ്റത്തേയ്ക്കു ചേർത്തു പിടിച്ചു


           “ അതെന്റെ കുറച്ചു സ്വകാര്യങ്ങൾ....” മറുപടിയോടൊപ്പം പുറത്തു വന്ന  മദ്യഗന്ധം എന്നെ ചൊടിപ്പിച്ചു അതിന്റെ ധാർഷ്ട്യത്തിലായിരുന്നു അടുത്ത ചോദ്യം


            “ മനസ്സിൽ കൊള്ളാത്തതു കൊണ്ടാണോ, അതെല്ലാം ഇങ്ങിനെ സഞ്ചിയിലിട്ടു നടക്കുന്നത്..”


              “ അല്ല ജീവിതത്തിൽ കൊള്ളാത്തതു കൊണ്ട്..”..അയാൾ ഒന്നു കൂടി ഉറപ്പിച്ചിരുന്നു


         “ഞാൻ ചേച്ചിയെ ഒന്നു കാണാൻ വന്നതാണ്..ഒരു ബുക്ക് പബ്ലിഷ് ചെയ്തില്ലേ..ഈയടുത്ത്..പറ്റുമെങ്കിൽ എനിക്കൊരെണ്ണം ..,അല്ല രണ്ടെണ്ണം തരാമോ..? ഒന്നെനിക്കും മറ്റേത് ഞങ്ങളുടെ ലൈബ്രറിയിൽ വയ്ക്കാനുമാണ്..’


            അതു ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു., എന്റെ മുഖത്തു നോക്കിയിട്ട് ഞാനൊരു സുന്ദരിയാണെന്നു പറഞ്ഞതു കേട്ട പോലെ മനസ്സു ചാടി തുള്ളിപ്പോയി..എഴുത്തിന്റെ ആദ്യപടിയിൽ ഞാൻ പാദം ഊന്നിയിട്ടേയുള്ളു ,അതറിഞ്ഞ് അന്വേഷിച്ചു വന്നതിൽ ഒരു പാടു സന്തോഷം അനുഭവിച്ചെങ്കിലും ഒരു നിസ്സംഗത അതിന്റെ മേൽ വലിച്ചിട്ട് വളരെ ബുദ്ധിമുട്ടി ആ സന്തോഷം മറച്ചു വച്ചു..

             എന്റെ നിശബ്ദതയിൽ നിന്നും ഊർജ്ജം വലിച്ചെടുത്ത പോലെ അയാൾ അല്പം വാചാലനാകാൻ തുടങ്ങി

                    
                “ഞാൻ ഒരു മിക്ക എഴുത്തുകാരികളെയും അന്വേഷിച്ചു പിടിച്ച് പരിചയപ്പെടാൻ ശ്രമിക്കാറുണ്ട്..അവരോടൊക്കെ അടുത്ത സൌഹൃദത്തിലുമാണ്..”


                   ങേ!! അതെന്താ എഴുത്തുകാരികൾ മാത്രം..?  ഇത്രയും നേരം ഗതികെട്ടവനായി മുന്നിലിരുന്ന അയാളുടെ മുഖത്ത് ഞാൻ സ്ത്രീലമ്പടത്വം തിരയാൻ തുടങ്ങി., ഞാൻ എന്നെക്കുറിച്ച് ശ്രദ്ധാലുവാകാനും....... പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ.,  ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..?


                 പക്ഷേ വെളുപ്പും കറുപ്പും കുറ്റിരോമങ്ങൾ പകുതിയും മറച്ച അയാളുടെ മുഖത്ത് എന്തു തരം ഭാവമാണെന്ന് എനിക്കു തിരിച്ചറിയാനേ പറ്റിയില്ല..ഞാൻ അക്ഷമായാകാൻ തുടങ്ങി ഒരു പരിചയവുമില്ലാത്ത ഒരാൾ വന്ന് കഴമ്പില്ലാത്ത എന്തൊക്കെയോ പറയുന്നു..പറയാൻ ശ്രമിക്കുന്നു....

                       
              “ബുക്ക് ഇപ്പോൾ എന്റെ കയ്യിലില്ല ..ഓതേഴ്സ് കോപ്പി കിട്ടിയതു മുഴുവൻ ബന്ധുക്കൾക്കു കൊടുത്തുതീർന്നു.വേണമെന്നു നിർബന്ധമാണെങ്കിൽ ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞു വരൂ..ഞാൻ വേറേ വരുത്തിക്കുമ്പോൾ തരാം..” ...പോയിക്കിട്ടാൻ വേണ്ടി കാര്യം പറഞ്ഞു തീർത്ത്  ഞാനൊന്നനങ്ങിയിരുന്ന്  - ശരി എന്നു തലയാട്ടി


               “ഞാനൊരു ഭാഗ്യം കെട്ടവനാണ്...” ബട്ടൻസ് ഇളകിപ്പോയ ജുബ്ബയുടെ തുറന്ന കഴുത്ത് കൂട്ടിപ്പിടിച്ച് അയാൾ നിരാശ ഭാവിച്ചു..അയാളുടെ വിരലറ്റങ്ങളിലെ കറകൾ ഒരു പക്ഷേ കഴുകിയാലും പോകാനിടയില്ലാത്ത വിധം പറ്റിപ്പിടിച്ചതാണെന്നു തോന്നി...

                        
             “പാവങ്ങൾ- വായിച്ചിട്ടുണ്ടോ..?”.. പെട്ടെന്നായിരുന്നു ചോദ്യം.

               “ങ്ഹേ.?.”

            “പാവങ്ങൾ...?, അമ്മ..? ...കുറ്റവും ശിക്ഷയും......?..” അയാൾ വിരലുകൾ ഓരോന്നായി നിവർത്തി.

                         ഇതൊക്കെ ലോക ക്ലാസിക്കുകളാണെന്ന് അറിയാമെന്നതും മനസ്സിനു മങ്ങലേൽ‌പ്പിക്കുന്ന പുറം ചട്ടകളുമായി ലൈബ്രറികളിൽ അർഥഗാംഭീര്യത്തോടെയിരിക്കുന്നത് കണ്ടിട്ടുണ്ടെന്നതും ഒഴിച്ച് കൈകൊണ്ടു തൊട്ടു നോക്കിയിട്ടില്ലാത്ത ഭയങ്കര പുസ്തകങ്ങൾ........വിറയ്ക്കുന്ന മനസ്സോടെ പലപ്പോഴും അടുത്ത് ചെന്നിട്ടും  “നീയോ വായിക്കാൻ പോകുന്നത് ഞങ്ങളേയോ..അത്രയ്ക്കൊക്കെ ആയോ..” എന്ന വെല്ലുവിളി നേരിടാൻ പറ്റാതെ കൈ പിൻ വലിച്ചവ..ദൈവമേ അതൊക്കെ വായിക്കാനുള്ള ധൈര്യമെങ്കിലും ഉണ്ടായാൽ മതിയായിരുന്നു...
          
           മുന്നിൽ പെൻസിലിന്റെ മുന കൂർപ്പിച്ചു വച്ചതുപോലെ അയാളുടെ നോട്ടം..മേൽ‌പ്പറഞ്ഞതൊന്നും വായിച്ചിട്ടില്ലാത്ത ജാള്യതയും..,നോട്ടം ഒരു  പുരുഷന്റെ ആയതു കൊണ്ട് സ്ത്രീയെന്ന നിലയിലെ മുഷിവും കൊണ്ട് ഇനിയും പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ഒരു ഭാവത്തിലായി ഞാൻ..

              “അതൊക്കെ വായിക്കണം ...ലോകമെന്തെന്നും അറിയണം..മലയാളത്തിൽ മാത്രം വിശ്വസിച്ച് ,ഈയൊരു  വട്ടത്തിലുള്ളതു മാത്രം വായിച്ചു കഴിഞ്ഞാൽ സ്വയം പാരവയ്ക്കുന്ന അനുഭവമായിരിക്കും എഴുത്തിൽ.......ഒരു വിശ്വാസ വഞ്ചനപോലെ...ചിന്നു അച്ചബേയെ വായിക്കാനിഷ്ടമുണ്ടോ..?

                ചിന്നു അച്ചബേ..!!?  ചിന്നു ഇച്ചീച്ചീ...ചിന്നു അയ്യയ്യേ....ഏതോ  കുട്ടി , കുസൃതിക്കുട്ടി ചിന്നുക്കുട്ടി..,.ങ്ഹേ...എന്താണിയാൾ ചോദിച്ചത്..!!!.? വായിക്കാനിഷ്ടമുണ്ടോന്നോ...? അറിയുകയേയില്ല എന്നു പറഞ്ഞാൽ കുറച്ചിലാകും...

                “ഇഷ്ടമുണ്ടെങ്കിൽ....?”

               “ ഞാൻ  തരാം...”   ഒരു മാന്ത്രികനെ പോലെ സഞ്ചിയിൽ കൈയ്യിട്ട് ബൈൻഡു ചെയ്ത ഒരു ബുക്കെടുത്ത് അയാൾ നീട്ടി..പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് വാങ്ങിക്കണോ വേണ്ടയോ എന്ന വിഷമത്തിലായിഞാൻ...
     
                  “വായിച്ചിട്ട് തിരിച്ചു തന്നെ പറ്റൂ...”..... ഓഹ്....അയാളതെനിക്കു തന്നു കഴിഞ്ഞു........
...

         “.അല്ല നിങ്ങൾ പറഞ്ഞില്ലേ..സ്ത്രീ എഴുത്തുകാരോടു മാത്രമുള്ള സൌഹൃദം...അതെന്തടിസ്ഥാനത്തിലാണ്......?

                    “ സ്ത്രീകൾ പുരുഷന്മാരേക്കാൾ വിശ്വസിക്കാൻ കൊള്ളുന്നവരാണ്.....അവർക്കു പരസ്പരം വിശ്വാസമില്ലെങ്കിൽ കൂടി....അല്ലേ..?”

                     എനിക്കു അതേയെന്നൊ  അല്ലയെന്നൊ ഒറ്റവാക്കിൽ ഉത്തരം പറയാനാവാത്ത ചോദ്യമായിരുന്നു അത്..

                   “ അതേ സമയം അവർ വിഡ്ഡികളുമാണ്.. നിഷ്ക്കളങ്കരായ വിഡ്ഡികൾ..മരിക്കാൻ പോകുന്നു എന്നറിഞ്ഞും ചിലപ്പോഴവർ പൊട്ടു കുത്തും  കണ്ണെഴുതും..മുല്ലപ്പൂചൂടും....ഒരുക്കമാണ്.. പോകാനുള്ള ഒരുക്കം...”

                   കുറച്ചു നേരത്തെ എന്നിൽ അയാളോട് ഒരു സൌഹൃദ മനോഭാവം മുളപൊട്ടാൻ തുടങ്ങീയിരുന്നത് ആകപ്പാടേ കടപുഴകി പറിഞ്ഞു പോന്നു


                   “ നിങ്ങൾ ആരെ കുറിച്ചാണീ പറയുന്നത്...” നീരസം ഒളിച്ചു വയ്ക്കാതെ തന്നെ ഞാൻ ചോദിച്ചു..എന്റെ അതൃപ്തി പിടിച്ചു പറ്റാതിരിക്കാൻ വേണ്ടിയെങ്കിലും അയാൾ പറഞ്ഞതിൽ തൊടുന്യായങ്ങൾ നിരത്തിയേക്കുമെന്നും പറഞ്ഞതു ലഘൂകരിക്കാൻ ശ്രമിച്ചേക്കുമെന്നും മനസ്സിൽ കണക്കു കൂട്ടിയ എന്നെ അമ്പരപ്പിച്ചു കൊണ്ട്  അയാൾ  ഒന്നു കൂടി നിരങ്ങി അമർന്നിരുന്ന് തുടർന്നു..


                     “സ്ത്രീകളെ കുറിച്ച് ...അവരെക്കുറിച്ചു തന്നെ..പെരുമ്പുത്തൂരിൽ ബോംബ് ബെൽറ്റ് അരയിലുറപ്പിച്ചു വന്നവളുടെ ചിതറാതെ പോയ തലയിൽ പൂവും.., മുഖത്ത് മേൽ‌പ്പറഞ്ഞ അലങ്കാരങ്ങളും ഉണ്ടായിരുന്നു....”


             “നിങ്ങളെന്തു വിവരക്കേടാണീ പറയുന്നത്..?ഒരു തനുവിനെ.. അതും തീവ്രവാദിയായ ഒരുത്തിയെ അളക്കുന്ന കോലുകൊണ്ടാണോ സ്ത്രീകുലത്തെ മുഴുവൻ അളക്കുന്നത്.. നോക്കു എനിക്കു  വേറേ ജോലിയുണ്ട്...?...”  അടുക്കളയിൽ പലതും ചോദ്യചിഹ്നങ്ങളായി കിടക്കുകയാണ് സത്യത്തിൽ.....

                     “അല്ലല്ല ..നിഷ്ക്കളങ്കതയെ ക്കുറിച്ചു പറഞ്ഞപ്പോൾ...”-

                    “എന്നാലത്ര നിഷ്ക്കളങ്കരല്ല അവർ....അല്ല ഞങ്ങൾ..”  ഞാൻ വാശിയോടെ പറഞ്ഞു...


                  “ അതും അറിയാം.. എന്റെ സ്ഥാനത്ത് മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ഒരു യുവാവാണു വന്നിരുന്നതെങ്കിൽ നിങ്ങളുടേത് ഈ നിസ്സംഗ ഭാവമായിരിക്കയില്ല..വാതിൽ മറഞ്ഞ് നിന്ന് എന്തെങ്കിലും കള്ളം പറഞ്ഞ് അകത്തു പോയി കണ്ണടിയിൽ ഒരു നോട്ടമെങ്കിലും നോക്കി തൃപ്തി വരുത്തും..വസ്ത്ര ധാരണത്തിൽ അനാകർഷകമായുള്ളത് നേരെയാക്കും..കുറഞ്ഞത് കൈ കൊണ്ട് മുടിയൊന്നു  ഒതുക്കി വയ്ക്കുകയെങ്കിലും ചെയ്യും..പിന്നെ മുഖം ഇതു പോലെ കനക്കില്ല സംസാരത്തിൽ മനപ്പൂർവ്വം പെണ്ണത്തം നിറച്ച്  ആകർഷകമാക്കുകയും ചെയ്യും..”


                      ഇയാളിത് എന്തു ഭാവിച്ചാണ്!!!!!?  സത്യത്തിൽ എനിക്കു നേരെ  ഒരു കണ്ണാടി പിടിച്ചു സംസാരിക്കുന്നതു പോലെയാണു കാര്യങ്ങൾ..പക്ഷേ ഉത്തമ കുടുംബിനി എന്ന നിലയ്ക്ക് ഞാനിതൊക്കെ എങ്ങിനെ നിഷേധിക്കാതിരിക്കും...?

                   “..മറുപടി അർഹിക്കുന്ന ചോദ്യങ്ങൾ വേണംചോദിക്കാൻ ..ആരോടായാലും...”

                    എന്റെ കൈയ്യിൽ അവശേഷിച്ചിരുന്ന ഒരേയൊരു ബുക്ക് എടുത്തു കൊണ്ടു വന്ന് പിന്നീട് നീട്ടി

                   “ ഇയാള് ..ദാ ഇതും കൊണ്ട് പൊയ്ക്കോളൂ ,.. എനിക്ക് തിരിച്ചു തരണം ഇവിടെ വേറേയില്ല..ഇത്രത്തോളം വന്ന്  ആവശ്യപ്പെട്ടതല്ലേ...”

                   കൊടുത്തു കഴിഞ്ഞപ്പോൾ ഇനിയും എന്റെ മുഖം മൂടി വലിച്ചു കീറി പുറത്തിടാതിരിക്കാൻ കൈക്കൂലി കൊടുത്തതാണെന്നു എനിക്കു തന്നെ തോന്നിപ്പോയി...

                “..തൽക്കാലം ഇതെന്റെ സഞ്ചിയിൽ കിടന്നോട്ടെ..വായിച്ചിട്ടു തരാൻ ശ്രമിക്കാം..”

              അയാൾ അല്പം  അധിക സ്വാതന്ത്രം എടുത്തോ എന്നൊരു സംശയം..? ഞാൻ സ്നേഹിക്കുന്നവരല്ലാതെ എന്റെ അടുത്ത് അധികാരം കാണിക്കുന്ന ആരേയും ഞാൻ വകവയ്ക്കാറില്ല ‘ഇയാളോട് എനിക്കുള്ള ദേഷ്യവും പുച്ഛവുമൊക്കെ പ്രകടിപ്പിക്കാൻ പറ്റാത്തതെന്താണ്.....? ഭർത്താവിനോടാണെങ്കിൽ എന്റെ ഭാഗം ന്യായീകരിക്കുമ്പോഴൊക്കെ പൊതു അറിവും വായിച്ചറിവും എല്ലാം കൂടി സന്ദർഭാനുസരണം ചേർത്ത് അദ്ദേഹത്തെ മറുപടിയില്ലാത്ത മനുഷ്യനാക്കി മാറ്റിയിരുത്തിയേനേ....അപ്പോഴാണെവിടെ നിന്നോ വന്ന ഇയാൾ എന്നെ ഒരക്ഷരം മിണ്ടി എതിർക്കാൻ മനസ്സില്ലാത്തവളാക്കി ഇറങ്ങിപ്പോകാൻ തുടങ്ങുന്നത്...

                 കയറി വന്നതു പോലെ മദ്യത്തിന്റെ മയക്കത്തിൽ ആയാസപ്പെട്ടു തന്നെയാണു അയാൾ ഇറങ്ങിയതും..അന്നേരം എനിക്കും കിട്ടി ഒരു അധികാര സ്വാതന്ത്രം....

           “ ഇങ്ങിനെ ലക്കു കെട്ട്  കുടുംബത്തിൽ ചെന്നു കയറാതിരുന്നൂടെ....?”     ചോദ്യം മൃദുലമാകാതിരിക്കാൻ.., എന്നാൽ കുറേക്കൂടി പരുക്കനാക്കാൻ മനപ്പൂർവ്വം ശ്രമിച്ചിരുന്നു..പക്ഷേ അയാൾ തിരിഞ്ഞ് എനിക്ക് അഭിമുഖമായിട്ട് നിന്ന് വളരെ ശാന്തമായി പറഞ്ഞു

              “ഇതിപ്പോൾ എന്റെ ജീവിതത്തിന്റെ അരികത്തു വരെ വന്നിട്ടു തിരിച്ചു പോയ ഒരാളുണ്ട്....അവൾ പോലും ഇങ്ങിനെ പറഞ്ഞിട്ടില്ല..പറയണമെന്നു വിചരിച്ചിരിക്കും....ഭാര്യയല്ലേ?

              ഓ..അവരു മരിച്ചോ..എന്നു ഞാൻ ചോദിച്ചില്ല..ഒരുതരം ക്രൂരമായ വൈരാഗ്യവും അവജ്ഞയും കൊണ്ട് മനസ്സ് മറ്റൊരവസ്ഥയിലായിരുന്നു....

                “ പറഞ്ഞാൽ ചേച്ചി വിശ്വസിക്കില്ല......കുടിച്ചില്ലെങ്കിൽ എനിക്കു വഴിതെറ്റും....”

                “ എന്നാൽ നിങ്ങൾക്കു വഴി തെറ്റണ്ട...” 

                    അയാൾ പോയി..........


                    *                       *                    *                            *                       *                       *

              ഓരോരുത്തരും അവരവരുടെ മിത്രങ്ങളെക്കാൾ കൂടുതലായി ശത്രുക്കളെ ക്കുറിച്ച് ചിന്തിക്കുന്നു എന്നു ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്...അതു ശരിയായി ഇപ്പോൾ ഭവിച്ചിരിക്കുന്നു..മനസ്സിനെ മഥിച്ചേക്കാവുന്ന  ഒരു പ്രശ്നം  നേരത്തേതന്നെ പരിഹരിക്കാനുള്ള സാഹചര്യം മുന്നിൽ വരുമ്പോൾ ,അതു കണ്ടില്ലെന്നു നടിക്കാൻ പ്രേരിപ്പിക്കുന്ന ഈഗോ പ്രവർത്തിച്ചതു മൂലം    ഞാൻ ഇപ്പോൾ ഒരാവശ്യവുമില്ലാത്ത കുഴപ്പത്തിൽ പെട്ടിരിക്കുന്നു..

              അയാളുടെ ഭാര്യ മരിച്ചതോ....ഡിവോഴ്സ് ആയതോ ആയിരിക്കുമോ ....? നേരെയങ്ങു  ചോദിച്ചാൽ  മതിയായിരുന്നു..അതറിഞ്ഞിട്ട് ഒരാവശ്യവുമില്ലെങ്കിൽ കൂടി വെറുതെ ചിന്തിച്ചു കൊണ്ടിരുന്നു......


          വൈകുന്നേരമായപ്പോൾ മകൻ കയറിവന്നു..അവനു മീശ മുളച്ചതു കൊണ്ടു മാത്രം ലോകത്തിനു എന്തൊക്കെയോ ഭയങ്കര മാറ്റങ്ങൾ സംഭവിച്ചിരിക്കയാണ് എന്ന മട്ടിലാണ് ഈയിടെയായി പെരുമാറുന്നത്...റ്റിവിയും  ഫ്രിഡ്ജും ഡൈനിംഗ് ടേബിളും സോഫാസെറ്റിയുമൊക്കെ അവന്റെ കണ്ണിൽ ശരികേടായി തുടങ്ങിയിരിക്കയാണ്...“...ഇതെല്ലാം വാങ്ങിക്കാൻ പോയപ്പോൾ എന്നെക്കൂടി കൂട്ടാൻ  വല്യ ബുദ്ധിമുട്ടായിരുന്നല്ലൊ.. തല ഉപയോഗിച്ചു ആലോചിച്ചു വേണം കാശുകൊടുത്ത് സാധനങ്ങൾ വാങ്ങാൻ...”  ശരികേടുകൾ അങ്ങിനെ നീളുന്നു...

               കിട്ടിയാൽ ആവിയായി പോകുന്ന ശമ്പളത്തിൽ  നിന്നും ജീവിതം മുളപ്പിക്കാൻ തുടങ്ങിയപ്പോൾ...,ഇവനെ ഭൂമിയിലേയ്ക്കു കൊണ്ടു വരേണ്ടതുണ്ടോ എന്നും തല ഉപയോഗിച്ച് ആലോചിക്കണമായിരുന്നു എന്ന് ഇടയ്ക്ക് ചിന്തിച്ചു പോകുന്നത് ‌ ‘- ഈ ആള് എന്റെ അഛനായത് തീരെ ശരിയായില്ല-“ എന്നെങ്ങാനും അധികം താമസിയാതെ അവൻ പറഞ്ഞേക്കുമെന്ന് സംശയിച്ചു തുടങ്ങിയതിനു ശേഷമാണ്

                “ഓ അമ്മാ   ഈ ഹാളിലൊരു എ സി വാങ്ങിച്ചു ഫിറ്റ് ചെയ്യാൻ എത്രയായി പറയുന്നു..”  വിയർപ്പിൽ കുതിർന്ന് സോഫയിൽ ചാഞ്ഞു വീണ് റ്റി വി റിമോട്ട് ഞെക്കുന്നതിനിടയിൽ അവൻ ശപിക്കുന്ന പോലെ പറഞ്ഞു

               കേട്ടപ്പോൾ എനിക്കു തോന്നി..ഇന്നു കാലത്തു വന്നയാളുടെ തോൾ സഞ്ചി തുറന്ന് അവനെ ഒന്നു കാണിച്ചു കൊടുക്കണമെന്ന്..ഒരോ ബാഗിലും ഓരൊ ജീവിതമാണ്.....ജീവിതാവസ്ഥകളെ ബോൻസായ് പരുവത്തിൽ ഒതുക്കി വച്ചിരിക്കുന്ന മൊബൈൽ പൊത്തുകൾ....................

              ആ തോൾ സഞ്ചിയെ ക്കുറിച്ച് ചിന്തിച്ചപ്പോഴാകട്ടെ എന്റെ ബുക്ക് തിരിച്ചു തരാൻ വരുന്ന  ദിവസം അയാൾക്കു അധികം സംസാരിക്കാനിട നൽകാതെ പറഞ്ഞു വിടാനുള്ള ഉപായങ്ങളാണു മനസ്സു തിരഞ്ഞു കൊണ്ടിരുന്നത്..ചിന്നു അച്ചബേയെ തുറന്നു നോക്കിയതേയില്ല..തീരെ പരിചയവും അടുപ്പവും ഇല്ലാത്ത ഒരാളോട് ഇടപഴകാനുള്ള വൈമനസ്യത്തോടെ ആ ബുക്കിനെ കുറച്ചു നേരം നോക്കിയിരുന്നിട്ട് അലമാരയിൽ സാരികളുടെ ഇടയിൽ തിരുകി വയ്ക്കുകയാണു ചെയ്തത്...

           എന്റെ സാരികൾ......അടുക്കുകളായിട്ട് ഷെൽഫിലെ ബുക്കുകൾ  പോലെ പത്തറുപതെണ്ണം...!  കാണുമ്പോൾ ഒരു സംതൃപ്തിയാണ് എന്നാലുമതിൽ ഇല്ലാത്തവയെ കുറിച്ച് കൂടുതൽ ആർത്തിയോടെ ചിന്തിച്ചു.....അലമാരയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ നിറഞ്ഞിരിക്കുന്ന സാരികൾ എന്ന  സങ്കൽ‌പ്പത്തോടെ അതിന്റെ രണ്ടു പാളികളും ശ്രദ്ധയോടെ അടച്ചപ്പോൾ മുന്നിലെ കണ്ണടിയിൽ തെളിഞ്ഞ എന്റെ പ്രതിബിംബം കണ്ട നിമിഷം ഉണ്ടായ വെളിപാടിൽ ഞാൻ നിരാശയോടെ നെറ്റിയിലടിക്കുകയും ചെയ്തു......

              നാശം പിടിക്കാൻ... പെണ്ണ് ..പെണ്ണ് തന്നെ  എന്റെ ചിന്തകളെ ബോധപൂർവ്വം പോലും വഴിതിരിച്ചു വിടാൻ കഴിയുന്നില്ല...എഴുത്തുകാരികൾക്ക് ഒരു തരം നിസ്സംഗഭാവവും പക്വഭാവവും സ്ഥായിയാണെന്നു കണ്ട് അനുകരിക്കാൻ ശ്രമിച്ചിട്ടും പരാജയമാണ്........ വെറും പെണ്ണൂം വെറും എഴുത്തുകാരിയും ..രണ്ടും കണക്കാണ്..എനിക്ക് വളരെയധികം ദുഖം തോന്നി..

             അസിസ്റ്റന്റ് കമ്മീഷണറുടെ സാരഥിയായി ‘ഓസ്ക്കാറിനു‘ പോയി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ഒരാൾ വരാറായിട്ടുണ്ട്...ഇരുപത്തൊന്നു കൊല്ലമായി കാണുന്ന കാക്കി വസ്ത്രത്തോട് മനസ്സു വിരസതയോടെ സമരസപ്പെട്ടിരിക്കുന്നു....ആദ്യമൊക്കെ ഓസ്ക്കാർ എന്നു കേൾക്കുമ്പോൾ പാശ്ചാത്യ ഫിലിം മേഖലയിലേയ്ക്ക് മനസ്സ് പെട്ടെന്നൊരു ചാട്ടം വച്ചു കൊടുക്കുമായിരുന്നു..പിന്നിടാണറിഞ്ഞത് ഒരു സിറ്റിയിൽ ഏതെങ്കിലും  ഒരു ദിവസത്തെ രാത്രി എങ്ങിനെ എന്നു പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പേരാണ് ഓസ്ക്കാർ- ജോലിയ്ക്കും ജോലി ഏറ്റെടുക്കുന്ന ഉദ്യൊഗസ്ഥനും  ഒരേ നാമം..!!

               പെട്ടെന്നു വീട്ടിലേയ്ക്കു നിയമത്തിന്റെ ഗന്ധം കയറി വന്നു..അതു വിയർപ്പിന്റേയോ മുഷിപ്പിന്റേയോ ഗന്ധമല്ല മറ്റെന്തോ ആണ്....അതു കൊണ്ട് ഭർത്താവ് വരുമ്പോഴുള്ള ആ ഗന്ധം നിയമത്തിന്റേതാണ് എന്നൊരു തോന്നലിൽ എത്തിപെട്ടിരുന്നു

               മൂന്നു ഗ്ലാസ്സ് ചായയ്ക്കുള്ള വെള്ളം പാലൊഴിച്ച് സ്റ്റൌവ്വിലേയ്ക്കു വച്ചപ്പോൾ അടുത്ത് ശബ്ദംകേട്ടു..
   
                “എടോ...ചത്തു പോയവന്റെ കയ്യിൽ ,തന്റെ ബുക്ക്.....”

              ആദ്യം ശ്രദ്ധിച്ചില്ല കേട്ടു കഴിഞ്ഞ വാക്കിന്റെ പിന്നാലെ ഒന്നു കൂടി പോയപ്പോൾ ഇരുട്ടിലൊരു വഴി മിന്നി മറഞ്ഞ പോലെ....

              “നമ്മുടെ എ ടി എച്ച് ബാറിന്റെ മുന്നിലൊരുത്തൻ വെള്ളമടിച്ച് കരളും തകർന്നു മരിച്ചു കിടക്കുന്നു...എന്തായാലും തന്റെ ബുക്ക് അവന്റെ തോൾ സഞ്ചിയിലുണ്ടായിരുന്നു ഇനി അതെങ്ങാൻ വായിച്ചു വല്ലതും സംഭവിച്ചതാ‍ണോന്നും അറിഞ്ഞു കൂട..യൂണിഫോം ഇട്ട ബലത്തിൽ ഞാനതിങ്ങെടുത്തു കൊണ്ടു പോന്നു..

               ചായ തിളയ്ക്കുന്നതും നോക്കി നിന്ന് എനിക്ക് ശ്വാസം മുട്ടി......

            അയാൾ..അയാൾ...ഒരു പേരു മുന്നിൽ ചേർത്തിട്ട് ‘മരിച്ചുവോ’ എന്നു ചോദിക്കാൻ  ആഗ്രഹിച്ചു....പ്രതാപൻ മരിച്ചോ...!!?  അല്ലെങ്കിൽ  ആന്റണി മരിച്ചോ!!!?  അതുമെല്ലെങ്കിൽ യൂസഫ് മരിച്ചോ എന്നിങ്ങനെ.....  ബുക്ക് തിരിച്ചു തരുമോ എന്നെ ആവലാതിക്കും.., ഇനി വരുമ്പോൾ പെട്ടെന്നു ഒഴിവാക്കേണ്ട ആവശ്യകതയ്ക്കും ഉപരിയായി അയാൾ ജീവിച്ചിരിക്കുന്ന ഒരുവനാണ് എന്ന് ചിന്തിക്കാതിരുന്നതു കൊണ്ട് അയാളുടെ മരണം എന്നിൽ ഞെട്ടലുളവാക്കി

            ഒരാളുടെ മരണം മറ്റുള്ളവരിൽ ഉളവാക്കുന്ന ഞെട്ടലിൽ പലപ്പോഴും ‘ഓ  അയാൾ ജീവിച്ചിരിപ്പുണ്ടായിരുന്നല്ലോ എന്ന വെളിപാടും ചേർന്നിരിക്കും....

         ഫ്രിഡ്ജ് തുറന്ന് വെള്ളമെടുക്കുന്നതിന്റെ ഇടയിൽ ഓസ്ക്കാർ വിശേഷങ്ങൾ കേൾക്കാൻ തുടങ്ങി......ആരെയൊക്കെയോ കഴുവേറിടെ മോൻ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു

            പോലീസ്.., കഴുവേറിട മോൻ.., കൈക്കൂലി...ഇതിലേതെങ്കിലും ഒന്നു പറഞ്ഞാൽ മതി മറ്റേതു രണ്ടും സ്വഭാവികമായി മനസ്സിലേയ്ക്കു വന്നു  കൊള്ളും..അതു താനല്ലയോ ഇത് എന്ന രീതിയിൽ..ഈ അഭിപ്രായങ്ങളൊക്കെ മനസ്സിൽ തിരി കൊളുത്തിയിട്ടും പൊട്ടാതെ കിടക്കുന്ന ബോംബുകളാണ്........

             “എന്നിട്ട് ആ ബുക്കോ...?”  എന്നേ ചോദിച്ചുള്ളൂ...

         “ബാഗിലുണ്ട്..യൂണിഫോമിലായതു കൊണ്ടു മാത്രം എടുത്തു കൊണ്ടു പോന്നതാണ്..അല്ലെങ്കിൽ ഡെഡ്ബോഡിയുടെ കൂടെയുള്ള എന്തെങ്കിലും വേണമെങ്കിൽ അതിന്റെ പുറകെ നൂലാമാലയായിട്ട് നടക്കേണ്ടി വരും..”

              അദ്ദേഹം കുഴമ്പെടുത്ത് തേച്ച് കൊണ്ട് അടുക്കളപ്പുറത്തേയ്ക്ക് പോയി...കല്യാണം കഴിഞ്ഞപ്പോൾ മുതൽ കാണുന്ന വിഫല ശ്രമമാണ്..സിക്സ് പായ്ക്ക് ആക്കുവാൻ .....,പക്ഷേ ഇപ്പോഴും ഫാമിലി പായ്ക്ക് ആയി തന്നെ ഇരിക്കുന്നു..

                 ആ നേരത്ത് ചെനു നേവിബ്ലൂ നിറമുള്ള കട്ടിയുള്ള ബാഗ് തുറന്ന് അകത്തെ മൂന്ന് അറയിലും ആകെയൊന്നു പരതി..ഒടുവിൽ ഒരറയിലെ വശത്തോടു ചേർന്ന് കിടന്നിരുന്ന 76 പേജുള്ള എന്റെ ചെറുകഥാസമാഹാരം കണ്ടെത്തി...അയാളുടെ  അവശേഷിച്ച വിരലടയാളങ്ങളെ മായ്ച്ചു കൊണ്ട് ഞാൻ ആ ബുക്ക് രണ്ടു കൈകൊണ്ടും കൂട്ടി പ്പിടിച്ചു മനസ്സിൽ ഒരു തരം ഭയവും കുറ്റബോധവും തോന്നി.....സങ്കടമുണ്ടോ...?.ഇല്ല ഞാനുറപ്പിച്ചു...

              സ്വീകരണ മുറിയിലേയ്ക്കു ചെന്നപ്പോൾ ബുക്കിന്റെ പുറകിലുള്ള എന്റെ ഫോട്ടൊ കണ്ട് സോഫയിൽ നിന്നും   അഭിപ്രായമുണ്ടായി..

               “ അമ്മാ...ഫോട്ടൊ ഒട്ടും ശരിയായില്ല ..ആ കോഞ്ഞാട്ട സാരി വെരി ബാഡ്..”

              “അല്ലാ വന്നു വന്ന് ഇവൻ എന്റെ സാരിയേയും...ദേഷ്യം പുറത്തേയ്ക്ക് ആഞ്ഞു നിൽക്കുമ്പോൾ മനസ്സ് കാലു പിടിച്ചു...ശാന്തയാകു...ശാന്തയാകൂ...നിസ്സംഗത ,പക്വത....ഇതൊന്നും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും അഭിനയിക്കുകയെങ്കിലും ചെയ്യു.....തൽക്കാലം ഞാൻ മനസ്സിനോടു കൊം പ്രമൈസ് ചെയ്തു....- ഹൊ- എന്നാലും എന്തൊരു ബുദ്ധിമുട്ട്...

                അവന്റെ ശ്രദ്ധയേൽക്കാതെ ..,ചൂരൽ കസേരയിൽ പോയിരുന്ന് എന്റെ ബുക്ക് ആദ്യമായി കാണുന്നതു പോലെ ഞാൻ നോക്കി...മൂക്കിനോടടുപ്പിച്ച് പിടിച്ച് സഞ്ചിയുടെ  മുഷിഞ്ഞ മണം വേർതിരിച്ചെടുക്കാൻ ഒരു ശ്രമവും നടത്തി.....ആദ്യത്തെ പേജ് മറിച്ചപ്പോൾ കണ്ടു  - ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രീതിയിൽ മൂലയിലായി വികലമായി എഴുതിയിരിക്കുന്ന ഒരു വാക്ക്..

                 “എന്റെ ജീവിതത്തിന്റെ  അരികിൽ വന്നിട്ട് തിരിച്ചു പോയവൾക്ക്..”     ആ വാക്ക് ഞാൻ രണ്ടു മൂന്നാവർത്തി വാ‍യിച്ചു

                  ഒരിക്കലും എനിക്കു തിരിച്ചു തരാ‍ൻ അയാൾ ഉദ്ദേശിച്ചിട്ടില്ലായിരുന്നു  എന്നു വെളിപ്പെട്ട നിമിഷം.......ബുക്ക് എനിക്ക് തീർത്തും അപരിചിതമായ ഒന്നായി മാറി...അടുത്ത നിമിഷം മറ്റൊരാളുടെ അവകാശം കയ്യിലൊതുക്കിയിരിക്കുന്ന അന്യായക്കാരിയായും..അതിനടുത്ത നിമിഷം ഫ്രം അഡ്രസ്സില്ലാത്ത എഴുത്തും കൊണ്ട് ആർക്കും ഒരറിവുമില്ലാത്ത അഡ്രസ്സും നോക്കി വലഞ്ഞു നിൽക്കുന്ന പോസ്റ്റ് വുമണായും എനിക്കു മാറ്റങ്ങൾ  സംഭവിച്ചു....

                “ജീവിതത്തിന്റെ  അരികിൽ വന്നിട്ടു തിരിച്ചു പോയവൾ..”  അത്..അത് മാത്രമാണ് മേൽവിലാസം

   ചിന്തകൾ വികാരാധീനമാകാൻ തുടങ്ങുന്നു......മനസ്സ് പിന്നെയും ഇടപെടുകയാണ്...നിസ്സംഗത...പക്വത..........ശരിയാണ്.....അതൊക്കെ അത്യാവശ്യമാകുന്നു ഇപ്പോൾ.....

              പെട്ടെന്നൊരു തീരുമാനമെടുത്ത്...എഴുന്നേറ്റ് മുറിയിലേയ്ക്ക് ചെന്ന് എന്റെ എഴുത്തു മേശയുടെ വലിപ്പിൽ, നിന്നും ഓമനത്വം തുളുമ്പുന്ന കുട്ടി ഡോൾഫിന്റെ ചിത്രമുള്ള കറക്ഷൻ പെൻ എടുത്തു..അതൊന്നു കുടഞ്ഞു കുലുക്കി ഞൻ ആ വരികൾക്കു മീതെ വെളുത്ത മഷി പതിപ്പിക്കാൻ തുടങ്ങി...അന്നേരം ഞാനൊരു കുറ്റവാളിയെപ്പോലെ  ചുറ്റുമുള്ള എന്തിനേയോ ഭയപ്പെട്ടു കൊണ്ടിരുന്നു...അക്ഷരങ്ങൾ മാഞ്ഞു കൊണ്ടും...............

               ജീവിതത്തിന്റെ അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്

                                         അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്

                                                           വന്നിട്ടു തിരിച്ചു പോയവൾക്ക്

                                                                       തിരിച്ചു പോയവൾക്ക്

                                                                                   പോയവൾക്ക്

                                                                                                     ക്ക്
                                                                                                   ........

                                “ 
                                                      *****************************
                        
                                         
                    

                                

                            

                        

Wednesday, January 18, 2012

ഇത്രയും നാൾ

എത്രനാളുകളായി ഇവിടേയ്ക്കൊന്നു വന്നിട്ട്.............
വന്നപ്പോ..,എന്റെ എഴുത്തു ബന്ധുക്കൾ എല്ലാവരും ഒരുപാടു  മുന്നോട്ടു പോയിരിക്കുന്നു
ഇത്രയും നാളത്തെ എല്ലാവരുടേയും പോസ്റ്റ്സ് വായിക്കുവാൻ  ശ്രമിച്ചു കൊണ്ടിരിക്കയാണ്...

കമ്പ്യൂട്ടർ സ്ക്രീനിലേയ്ക്കും റ്റി.വിയിലേയ്ക്കും  നോക്കിക്കൊള്ളുവാൻ എന്റെ  ഡോക്ടർ അനുവാദം
തന്ന നിമിഷം ഞാൻ ചാടിവീണ് ഇപ്പോൾ ഇതു പോസ്റ്റു ചെയ്യുകയാണ്....
ഇനി ഞാനുമുണ്ടാ‍കും നിങ്ങളുടെ കൂടെ.....

Monday, October 3, 2011

ഓർമ്മപ്പാടുകൾ





                               കൂട്ടി വച്ച മാവിൻ കൊള്ളികൾക്കു മുകളിൽ .., വരടി വച്ചു നിരത്തിയ ചിതയുടെ വശങ്ങളിലേക്ക് മകൻ തീക്കൊള്ളി നീട്ടി...

                              അനുവദിച്ച  കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് അച്ഛൻ കിടപ്പുണ്ടല്ലോ അതിൽ..!  ഇളം മഴയുടെ നേർത്ത രാഗത്തിനും മകന്റെ ഹൃദയത്തിനും ഒരേ താളം.....മഴയ്ക്കു തണുപ്പാണെങ്കിൽ ഹൃദയത്തിനു വേവുന്ന ചൂടാണ്

                               മരണത്തിന്റെ ഗന്ധവും കനപ്പും പതിയെ പരന്നലിയാൻ തുടങ്ങിയ അകത്തളങ്ങളിൽ അടക്കിയ വായ്ത്താരികളുടെ മർമ്മരം ..പോകാൻ മടിച്ച് ചന്ദനത്തിരികളുടെ പുകവട്ടങ്ങൾ......

                                ഇനിയുമേറെ പോകേണ്ട വഴികളിൽ പൊടുന്നനെ തനിച്ചായിപ്പോയ മകൻ ഈറനോടെ ചായ്പിന്റെ ഒഴിഞ്ഞ കോണിലിരുന്നു... അവിടെ നിന്നുള്ള കാഴ്ച്ചയിൽ മഴനുലുകളെ വേദനിപ്പിക്കാതെ പൊങ്ങുന്ന കനമുള്ള പുകച്ചുരുളുകളിൽ ആത്മാവിന്റെ യാത്രാമൊഴികൾ

                             .....അച്ഛൻ എരിയുകയാണോ......???
                           “ കണ്ണാ..തീയിൽ കളിക്കാതെ കൈ പൊള്ളും...” എന്നിട്ടും പൊള്ളിയ കുഞ്ഞു വിരൽ ചങ്കിടിപ്പോടെ അച്ഛൻ വായിൽ വച്ചു തണുപ്പിച്ചതും ഇതു പോലെ മഴച്ചിന്തുകൾ ചിതറി വീണ  ഒരു ദിവസമായിരുന്നു.....

                          ഭൂതകാലങ്ങളുടെ കൈവഴികളിൽ നിരതെറ്റാതെയൊഴുകുന്ന  ഓർമ്മകൾക്ക് ഇന്നും എന്തു തെളിച്ചമാണ്..!!?സ്മൃതി പഥങ്ങളുടെ  നേർരേഖയിൽ മറവിയുടെ  ഒരു തിരിവെങ്കിലും ഉണ്ടാവാൻ മകൻ ആഗ്രഹിച്ചു..ഓർമ്മകൾ ദു:ഖമാണ് 

                    അടക്കിയ തേങ്ങലുകളുടെ  വീർപ്പു മുറ്റിയ മുറിയിൽ അമ്മയുടെ നെടുവീർപ്പിലേയ്ക്കും,സഹോദരിയുടെ നിശബ്ദതയിലേയ്ക്കും കടന്നു ചെന്നപ്പോൾ  ഒന്നു കൂടി  ഉയർന്ന തേങ്ങലിൽ മകൻ നിസ്സഹായനായി...നെഞ്ചിലമർന്ന മുഖങ്ങൾ ഒരു പോലെ വാരിപ്പിടിച്ച്  നിലവിളിയുടെ ശരങ്ങൾ ഏറ്റുവാങ്ങി....., ഞാനതു ചെയ്തു കഴിഞ്ഞു....! കണ്ണുകൾ  മുകളിലേയ്ക്കുയർത്തി..,മേൽക്കൂരയ്ക്കും  ആകാശത്തിനും അപ്പുറം,അജ്ഞാതമായ ആശ്വാസ കേന്ദ്രത്തിനു നേരെ മകൻ ദയയ്ക്കു വേണ്ടി യാചിച്ചു....

       .എനിക്കുമൊന്നു കരയണം...ഉറക്കെ..ഉറക്കെ..പുരുഷന്റെ  മനക്കട്ടിയെന്ന നാട്യമില്ലാതെ......
                   “ഭാനുമതി.....ആള് കെടന്ന പായും തുണ്യളും കത്തിച്ച് കളഞ്ഞേക്ക്..അതങ്ങനെ ഇട്ടേക്കണ്ടാ...”   തത്കാലം കാര്യങ്ങളേറ്റെടുത്ത ആരുടേയോ ഔചിത്യമില്ലാത്ത ഉറക്കെയുള്ള നിർദേശം..
.
                     മുൻപൊരിക്കൽ കൂടി ഇതു പോലൊന്നു കേട്ടിരുന്നു..! വർഷങ്ങൾക്കു മുൻപ്...അന്നു മകൻ അമ്മയോടു ചോദിച്ചിരുന്നു..-
                                          
                  “എന്തിനാമ്മേ  അമ്മുമ്മയെ അഛൻ കത്തിക്കണത്......?  ചോദിച്ച ഇളം ചുണ്ടിൽ വിരലമർത്തി അമ്മ മകനെ മടിയിലേയ്ക്ക് ഒതുക്കി വച്ചു....

                    ദിവസങ്ങൾക്കു ശേഷം എപ്പോഴോ..അഛന്റെ രോമങ്ങൾ നിറഞ്ഞ മാറിൽ ഉറക്കത്തിനു കാത്തു കിടന്ന് ഒന്നു കൂടി ചോദ്യമാവർത്തിച്ചപ്പോൾ ചുറ്റിപ്പിടിച്ച ആ കൈകൾ പിന്നെയുമൊന്നു മുറുകി....സദാ ഗംഭീര്യമാർന്ന ആ ശബ്ദം അപ്പോൾ നേർത്തു പോയിരുന്നു..

                    “അഛൻ ജനിച്ചതേ അതിനാണല്ലോ കണ്ണാ...” ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള മയക്കത്തിൽ അഛന്റെ നെഞ്ച് ഒരുപാട് നേരം വിറച്ചുലഞ്ഞത് അന്ന് അറിഞ്ഞിരുന്നു...,....  “കരയാതെ..” അരികിൽ  അഛനേയും തന്നേയും കരവലയത്തിലാക്കി അമ്മയുടെ പതിഞ്ഞ ശബ്ദവും കേട്ടിരുന്നു.....

                     മകനോർത്തു...വേർപാടിന്റെ  തീവ്രതയിൽ വീണുരുണ്ട്.., അലമുറയിട്ട് ...,തളർന്നു കിടക്കാൻ, ചിതയിലേയ്ക്ക് തീ പകരുന്ന നിമിഷം ഏതൊരു മകനും ആഗ്രഹിച്ചു പോകും......


                     താൻ കൊടുത്ത ഒരു ആൺജന്മം, കൈകളിലേയ്ക്ക് സ്വീകരിക്കാൻ വേവെടുത്ത പ്രാണനുമായി പേറ്റുമുറിയ്ക്കു പുറത്ത് കാത്തു നിന്ന ഒരാൾ...! ആ ആളുടെ ജന്മത്തിന് ഭൌതീകമായ വിരാമമിടേണ്ടത് ആ മകൻ തന്നെയായിരിക്കനമെന്ന് പറഞ്ഞു വച്ചതാരാണ്....!!?


                   മനസ്സിൽ മലയായുയർന്നു നിന്നിരുന്ന ആശ്രയം, കേവലം ധൂളികളുടെ നിസ്സാരതയിലമർന്നു പോകുന്നത് മകൻ കണ്ടു നിന്നു.....


                     ഇടവഴികളും പാടവരമ്പുകളും താണ്ടി പള്ളിക്കൂടത്തിന്റെ പടിവാതിൽ ആദ്യമായി കടന്നപ്പോൾ അങ്കലാപ്പോടെ ബലമായി വിടാതെ മുറുകെ പിടിച്ച് അച്ഛന്റെ വിയർത്ത കഴുത്തിൽ മുഖമൊളിപ്പിച്ച് കരഞ്ഞ നാളുകഴിഞ്ഞിട്ട് ഇത്രയധികമായോ.!!? ..കരുത്തുറ്റ കൈകളിരുത്തി തുണിസഞ്ചിയും തൂക്കി നടക്കുമ്പോൾ വാങ്ങിതന്ന കോലുമിട്ടായിയുടെ മധുരം നാവിൽ....!


                  “കണ്ണനെ അച്ഛൻ  എടുത്തോണ്ടു പോകാം...സ്കുളില് മൊടങ്ങാണ്ട് പോയാലേ നല്ല കുട്ട്യാന്ന്  മറ്റുള്ളോര് പറയൂ...എന്നിട്ട് വല്യ ആളാവണ്ടേ..?...” വഴിയെ ഈണത്തിലുള്ള ആശ്വാസ വചനങ്ങളുടെ നനവ്....,  മനസ്സിൽ,- മാമ്പഴക്കാലങ്ങളിൽ കടിച്ചീ‍മ്പിയ  മാങ്ങയുടെ ചുന ചവർപ്പ്... പഴം മാങ്ങ ഇടിച്ചു പിഴിഞ്ഞ് നീര് വായിലിറ്റിച്ച വാത്സല്യം...ബാല്യത്തിന്റെ  അണുവിടകളിൽ പോലും അച്ഛന്റെ നിറ സാമീപ്യം...


                 “തനിക്ക് ഇഷ്ടൊള്ളത് എതെന്നു വച്ചാൽ ചെയ്തോളൂ...തുടർന്ന്   പടിക്കാനാണെങ്കിൽ അങ്ങനെ..ഇന്ന്യെന്തെങ്കിലും  ജോലിക്ക് നോക്കണങ്കീ അങ്ങനെ....തന്റെ ഇഷ്ടം...”...മാറി വരുന്ന സംബോധനയിൽ പകച്ച ദിവസങ്ങൾ ..കാരണമറിയാതെ  വീർപ്പുമുട്ടുമ്പോൾ മേൽച്ചുണ്ടിനു മുകളിൽ കനച്ച കറുപ്പ് മനസ്സിൽ എന്തെന്നറിയാത്ത വേദന തന്നു


                        മുതിർന്ന മനസ്സിന്റെ ഏകാന്തതയിലും സ്വകാര്യതയിലും,“കണ്ണാ...”  എന്നു വിളിച്ചു കൊണ്ടേയിരുന്ന് അലോസരമുണ്ടാകരുതെന്ന തിരിച്ചറിവിൽ വഴിമാറിയൊതുങ്ങി നിന്ന അച്ഛന്റെ ദിനരാത്രങ്ങൾ ......

               മറവിയിലേയ്ക്ക് തള്ളിയകറ്റാൻ ശ്രമിച്ചിട്ടും പിൻതുടരുന്ന ഭൂതകാലത്തോട് പൊരുതിത്തളർന്ന മകന്റെ  മനസ്സിൽ നോവിറ്റു വീഴുന്ന ഓർമ്മപ്പാടുകൾ ...!


                     “ഒന്നെണീച്ച് ഇത്തിരി  ചായവെള്ളം കുടിക്ക് സാവിത്രീ......നീയൂങ്ങനെ കെടന്നാലോ..മോളേ..അമ്മേ എണീപ്പിച്ച്  എന്തേലും കഴിപ്പിക്കൻ നോക്ക്യേ..”


                          അകത്ത് നിർദേശങ്ങളും.., വാതിലിന്റെ കിരുകിരുപ്പും പാ‍ത്രങ്ങളുടെ കലമ്പലും കേട്ടു.....


                        ചിതയുടെ പൊക്കം അമർന്നിരുന്നു....പുകച്ചുരുളുകളുടെ സ്ഥാനത്ത് ഇപ്പോൾ തീനാളങ്ങളാണ്... അടുത്തേയ്ക്കു ചെല്ലുമ്പോൾ ഈറനുണക്കുന്ന ചൂടിന് അഛന്റെ സ്നേഹത്തിന്റെ തീക്ഷ്ണത..തീയ്ക്കിത്ര ചൂടെന്തിനാ‍ണോ..!!!? മെല്ലെ ... മെല്ലെ....അഛനെ നോവിക്കാതെ...പള്ളിക്കൂടത്തിൽ ആദ്യമായി വിട്ടുപോയതറിഞ്ഞ നിലവിളി ഒരിക്കൽ കൂടി ഇരച്ചു വന്നതിനു മനപ്പൂർവ്വം   തടയിട്ടു......


                   “പോയി ഈറൻ മാറിക്കോ കണ്ണാ...ഇവിടിങ്ങനെ നോക്കി നിക്കണ്ടാ..അകത്തോട്ട് പൊക്കോ....” അധികമൊന്നും പറയാതെ സമാശ്വസിപ്പിച്ചുള്ള ഒരു തോൾ  തട്ടലിന്റെ  പിൻബലത്തിൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു-


                         “ നെഞ്ചുംഭാഗം കത്തി തീരാനിത്തിരി നേരമെടുക്കും..നാളെ നേരം വെളുക്കുമ്പ നോക്ക്യാ മതി ഓരോ മനുഷ്യന്റേം, നെഞ്ചുംകൂട് കത്തി തീരാനാണ് പാട്..അത് ആയുസ്സില ചെല അനുഭവങ്ങക്ക് തീയിനേക്കാൾ ചൂട് ള്ളത് കൊണ്ടാണെന്ന് കേട്ടിട്ട്ണ്ട്..”


                         “ഈ മഴേന്താത്....നല്ലോണം പെയ്യണൂല്ല..നിക്കണൂല്ല..ചെരട്ട ചെലപ്പ ഇനീം വേണ്ട്യരും...


                         എല്ലുകൾ നീറിപ്പോടിയുന്നത് കേട്ടത് ചെവിയിൽ നിന്നും അങ്ങിനെ തന്നെ കുടഞ്ഞു കളയാൻ ശ്രമിച്ചു....


                          എള്ളും പൂവും അരിയും തുടച്ചു നീക്കിയ നടുമുറിയിൽ അച്ഛനെ കിടത്തിയിടത്ത് ചവിട്ടാതെ കടന്നു..ഒരു ജീവിതം തീർന്നു പോയതിന്റെ ബാക്കി പത്രങ്ങളായി ,അച്ഛൻ കിടന്നിരുന്ന കട്ടിലിനടുത്ത മേശമേൽ ഇനിയും മാറ്റാത്ത മരുന്നു കുപ്പികളും ,അച്ഛന്റെ മാത്രം റേഡിയോയും.., കട്ടിക്കണ്ണടയും..,ഒരു പാ ത്രത്തിൽ ഉദകബാക്കിയും.., സ്പൂണും.....,പിന്നെ നേർത്തു തുടങ്ങുന്ന അഛന്റെ മണവും.......


                           അച്ഛന്റെ കണ്ണടയെടുത്ത്  പിടിച്ച് ബാല്യത്തിന്റെ കൌതുകം വിട്ടതിനു ശേഷം ശ്രദ്ധിക്കാതെ പോയ റേഡിയോയിൽ മകൻ കയ്യോടിച്ചു.. അഛന്റെ വിരൽ തുമ്പാൽ മാത്രം ഉണർന്നിരുന്ന..പതുക്കെ പാടാൻ മത്രം അവസരമുണ്ടായിരുന്ന പഴയ റേഡിയോ...


                       “ പഞ്ചമി ഒണ്ടെന്നു പറേണ കേട്ടില്ലെ നീ കണ്ണാ... പ്രത്യേക പൂജേക്ക വേണ്ട്യരും...ആളെ ആവാഹിച്ചന്നെ ഒരോടത്ത് ഇരുത്തണ്ട്യരും...അല്ലെങ്കീ ചുറ്റ്വട്ടത്ത് വേറേ അഞ്ച് ചാവ്കളി ഒറപ്പാ..”..... തല മൂത്ത കാരണവത്തിയുടെ വെറ്റില മുറുക്കിനിടയിൽ ചതഞ്ഞരഞ്ഞു വന്ന അറിവുകൾ മകന് അരോചകമായി  തോന്നി...


                       സഞ്ചയനത്തിന്റെ നാളും  സമയവും അറിഞ്ഞ് ആളുകൾ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു..മുറ്റത്തെ ഓലകെട്ടിയ പന്തലിൽ ഒരു വാഴയില വട്ടത്തിനു ചുറ്റും പൂവും എള്ളും അരിയും ഇനിയും ബാക്കി,,അതിന്റെ നാലു വശങ്ങളിലും കർമ്മളങ്ങർപ്പിച്ച നനവ്......
          
                       വരാന്തയിൽ നിന്നും പന്തലിന്റെ നിഴലിലേയ്ക്കിറങ്ങി ,ഒന്നകത്തേയ്ക്കു നോക്കി...മുടിയിലെ എണ്ണക്കറ അടയാളമിട്ട നിറം മങ്ങിയ തുണിയുള്ള ചാ‍രുകസേരയും ,അടുത്ത് അത്താണിയിൽ വിശറിയും മകൻ കണ്ടു...മുൻപൊന്നും കണ്ണൂകൾ  ഉടക്കാത്ത കാഴ്ച്ചകൾ...!!!ഒട്ടും ധൃതി വയ്ക്കാതെ അച്ഛന്റെ കട്ടിക്കണ്ണട നേരത്തേ എടുത്തത് മൂക്കിലുറപ്പിച്ചു..... മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്ചകൾ കണ്ടു..ആ കാഴ്ച്ചകൾ വലുതും വ്യക്തവുമായിരുന്നു.....


                        അഛൻ ഇത്ര സൂക്ഷ്മമായി.., വ്യക്തമായി...., അടുത്ത് തന്നെ കണ്ടപോലെ അഛനെ താൻ കണ്ടിട്ടേയില്ലല്ലൊ..ഒരിക്കലും കാണാൻ ശ്രമിച്ചിട്ടേയില്ല........


                  ഇപ്പോൾ   തെക്കേ മുറ്റത്തെ തീനാളങ്ങൾക്ക് കണ്ണടചില്ലിലൂടെ മുൻപത്തേക്കാൾ തീക്ഷ്ണത....ചുവപ്പ്.....സ്നേഹം......കരുതൽ......


                  “ കണ്ണാ..തീയിൽ കളിക്കാതെ..കൈ പൊള്ളും..”


                   ...എന്നിട്ടും...എന്നിട്ടും...പൊള്ളിയല്ലോ അച്ഛാ...........

                    .

                                       ************************************************

                          





                                

Saturday, August 20, 2011

ഒട്ടകപക്ഷി

                         
                                          എന്റെ ഉടലിനോട് ആകാവുന്നത്രയും ചേർന്നു കിടന്നായിരുന്നു യതീന്ദ്രൻ ആത്മഗതരൂപമുള്ള വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നത്.., അവന്റെ കയ്യിൽ ആറ്റുവഞ്ചിയെന്നു തോന്നിപ്പിക്കുന്ന  “ഒട്ടകപക്ഷിയുടെ ഒരു തൂവൽ..!!!!!  “ അതൊരിക്കലും കൃത്രിമമായതല്ലായിരുന്നു.., ജീവന്റെ ഒരു പച്ചമണം അതിന്റെ മൃദുലതയിൽ  അപ്പോഴും തങ്ങിനിന്നിരുന്നു. കുഞ്ഞരിപ്രാവിന്റെ കൊഴിഞ്ഞു വീണ തുവലോ..,പഞ്ചവർണ്ണക്കിളിയുടെ തൂവലോ., മയിൽ പീലിയോ കൊണ്ട് എന്റെ പ്രണയത്തെ തഴുകിയെടുക്കേണ്ടതിനു പകരം ഒട്ടകപക്ഷിയുടെ തൂവലാണ്  യതീന്ദ്രൻ കൊണ്ടു വന്നത്

                                        
                                             “ഞാനീ തൂവൽ എന്റെ കിടപ്പു മുറിയിലെ  ചുവരിൽ  നിവർത്തി ഒട്ടിച്ചു വയ്ക്കും..ശീതമോ ഉഷ്ണമോ ആയ പ്രകൃതിയുടെ..,കളിയാട്ടങ്ങളിൽ ഉലയാതിരിക്കാൻ എന്റെ പ്രണയം കൊണ്ടാവും ഞാനിതിനു കാവലിരിക്കുക... നിനക്കറിയാമോ...? പ്രണയം പശിമയുള്ളതാണ്..  ഒരാളെ മറ്റൊരാളുടെ ദിനങ്ങളോടും ശ്വസന നിമിഷങ്ങളോടും ഒട്ടിച്ചു ചേർക്കുന്ന പശിമ... എന്റെ പ്രണയത്തിന്....നിന്നോടുള്ള എന്റെ പ്രണയത്തിന് ആ പശിമ അൽ‌പ്പം കൂടുതലാണ് സുനൈനാ....ഈ തൂവലിൽ പുരട്ടാൻ കൂടിയുള്ളത്ര.
.
                                           കാക്കതൂവലിനറ്റത്തെ അല്പം നിർത്തി., ബാക്കി ഉലിഞ്ഞു കളഞ്ഞിട്ട് ചെവിയിൽ തോണ്ടി സുഖിച്ചിരിക്കുന്ന എന്റെ ഭർത്താവിനെ ഞാൻ വെറുതെ ഓർത്തു...  ഒരുമിച്ചു നടക്കെ  നിന്നു കളഞ്ഞ സഹയാത്രികയെ തൊട്ടു വിളിക്കും പോലെ യതീന്ദ്രൻ ചോദിച്ചു
                                “നീ അൻവറിനെ ഓർക്കുന്നതെന്തിനാണ്..”  അവനെന്നെ  കൈകളിലേയ്ക്കെടുത്തു.........

                                       “ഓ...യതീ..നീയതു മനസ്സിലാക്കിയോ..?!!!!“     നടുവിൽ കൂട്ടിമുട്ടിയ എന്റെ പുരികത്തിൽ അവൻ ഉമ്മവച്ചു പിന്നീട് ഒട്ടക പക്ഷിയുടെ തൂവലിനേയും

                                   “ സുനൈനാ..നിന്നെ പുണർന്ന എന്നിൽ നിന്നും,നിന്റെ ഗന്ധവും വിയർപ്പും എല്ലാം ഒന്നു കുളിച്ചാൽ ഒഴുകിപ്പോകും..അല്ലാതെ വയ്യല്ലോ..ഓർമ്മകളിൽ  അതെല്ലാം കല്ലിൽ കൊത്തിയ രേഖകളാണ്. എങ്കിലും ഈ ഓർമ്മകളെയൊക്കെ എങ്ങിനെയാണൊന്നു തൊടുക..? പക്ഷെ ഈ തൂവൽ...,നിന്റെ  ശരീരത്തിൽ ഉയർന്നു താഴ്ന്ന് നീങ്ങി ...ഒളി സങ്കേതങ്ങളിൽ മുട്ടിവിളിച്ച്  ഒഴുകി നടന്ന തുവൽ..ഇതെന്റെ കണ്മുന്നിൽ ഞാൻ മരിക്കുംവരെ  എന്റെ ചുവരിൽ ഉണ്ടാകും... ഓർമ്മകളെ തൊടുന്ന പോലെ എത്ര മനോഹരമായിരിക്കും ആ തൂവൽ കാഴ്ച്ച. “   യതീന്ദ്രൻ എന്നിലേയ്ക്ക് ഊളിയിടാൻ  തയ്യാറെടുക്കുകയായിരുന്നു....

                                       ഹൊ....ചത്തു മലച്ച ഒരു കാക്ക....ഫ്ലാറ്റിന്റെ തുറസ്സായ സ്ഥലത്ത് വിരിച്ച തുണികളിൽ വന്നിരുന്ന് കാഷ്ടിക്കാതിരിക്കാൻ മറ്റു കാക്കകൾക്കുള്ള മുന്നറിയിപ്പായി അത്  നേരിയ ഇരുമ്പു കമ്പിയിൽ കൊളുത്തപ്പെട്ടു കിടക്കുകയായിരുന്നു...നാളെ ചീയാൻ തുടങ്ങുന്ന അതിന്റെ ശരീരത്തിൽ നിന്നും ചിറകു മാത്രം മുറിച്ചെടുക്കുമെന്നാണ് അൻവർ പറഞ്ഞിരിക്കുന്നത്..ആ കാക്കയാണുപോലും അവന്റെ  ടൈറ്റ് ജീൻസിന്റെ മുൻ വശത്ത്  കാഷ്ടിച്ചത്

                                     എന്തിനിപ്പോൾ  അതൊക്കെ ഓർക്കണം..?ഞാൻ യതീന്ദ്രനെ ഇറുകെ പുണർന്നു കണ്ണടച്ചു..ജീവിതത്തിലെ മറ്റു ആധികളുടെ  പാശ്ചാത്തലം ഒഴിവാക്കി ഒരു സ്ത്രീയും ഇണചേരുന്നില്ല... ആ ക്യാൻവാസ് അത്ര വലുതാണ്... വരയ്കാൻ സപ്തവർണ്ണങ്ങൾ പോരാത്ത അത്രയും.. എങ്കിലും ഞാൻ യതീന്ദ്രനെ  സ്നേഹിക്കുന്നു..മനസ്സിന്റെ താരതമ്യപ്പെടുത്തലുകളിൽ  യതീന്ദ്രനും അൻവറും ഒരിക്കലും നേർ രേഖയിൽ വന്നിട്ടേയില്ല  .എന്നിൽ കാമം നിക്ഷേപിച്ചുള്ള  യതീന്ദ്രന്റെ ഓരോ തിരിച്ചു പോക്കിലും എന്നെ എന്നും വേണമെന്നും  ഞാൻ അത്യന്താപേക്ഷിതമാണെന്നും  ബോധപൂർവ്വമല്ലെങ്കിൽ കൂടി അവൻ എന്നെ ബോധിപ്പിച്ചിരുന്നു...പക്ഷേ ഞാനറിയാത്ത സ്ത്രീകളുമായുള്ള ചാറ്റിങ്ങിനിടയിലുണ്ടായ ഉത്തേജനം ശമിപ്പിക്കൽ കഴിഞ്ഞ് വീണ്ടും ചാറ്റിങ്ങിലേയ്ക്ക് തന്നെ  മടങ്ങുന്ന അൻവർ  ഒരു പുതപ്പു പോലെ എന്നെ ദേഹത്തു നിന്നും മാറ്റിയെറിയാറാണ് പതിവ്....ടെക്നോപാർക്കിലെ ശീതികരിച്ച മുറിയിലെ ചുടുള്ള ബന്ധങ്ങൾ നെറ്റു വഴി വീട്ടിലേയ്ക്കും അൻവർ നീട്ടിയെടുത്തിരിക്കയാണ്..........-യതീന്ദ്രൻ, അവന്റെ സഹപ്രവർത്തകൻ ആയതുകൊണ്ട്ഞാനറിയുന്ന വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു അത് .. അൻവറിനു ഞാൻ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത കുപ്പി വെള്ളം പോലെയായിരുന്നു..,ഒരു ഹോട്ട് ഡ്രിങ്ക് ആകാൻ പറ്റാത്തത് ഭയങ്കരമായ ന്യൂനതയായി അവൻ കണക്കാക്കുന്നു.

                        താരതമ്യപ്പെടുത്തലുകളുടെ താഴ്വാരങ്ങളിലും ഗർത്തങ്ങളിലും .,കൊടുമുടികളിലും അലഞ്ഞും വീണും നടന്ന് നടന്ന് ഞാനൊരു ദേശാടനക്കാരിയാകുമെന്ന് വെറുതെ തോന്നിക്കൊണ്ടിരിക്കുമ്പോൾ ..അടുക്കളയിലേയ്ക്ക് അൻവർ അധികാരത്തൊടെ  വന്നു  ചോദിച്ചു....

                                           “വൈ ഡോണ്ട് യു കൺസീവ്ഡ്..” അപ്പോൾ തോന്നി അവനെന്റെ ഭർത്താവല്ല വെറും പുരുഷനാണെന്ന്..

                                       “എന്റെ പട്ടി പ്രസവിക്കും നിന്റെ കുഞ്ഞിനെ...’    ഞാനതു പറഞ്ഞില്ല...അവനറിയാതെ ബഡ്ഡിനടിയിൽ വച്ചിരിക്കുന്ന “ഐ പിൽ- പിൽസുകളെ ഓർത്ത്  ഞാൻ മനസ്സിൽ ചിരിച്ചു

                                           “കേട്ടില്ലെ കൊല്ലം രണ്ടാകുന്നു....ആളുകൾ ചോദിക്കാൻ തുടങ്ങും..”

                                          “സൊ   വാട്ട്..?” ഇപ്പോൾ ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു നിന്നു...” കുഞ്ഞ് ഒരു പക്ഷേ  നിന്റെ ജീൻസിൽ അപ്പിയിടും., മുൻ വശത്തു തന്നെ.., അപ്പോഴൊ...?

                                        “ എന്ത്..” അവനു മനസ്സിലായില്ല ഞാൻ പറഞ്ഞത്

                                     “ഒന്നുമില്ല.“.    അൻവറിനെ മുട്ടി നിന്ന് ഞാനവന്റെ താടിയിൽ തൊട്ടു......“ ശരി  എന്നാൽ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരൂ.....”

                                    അടുക്കളയിൽ ഞാനും അൻവറും ഒഴികെയുള്ള ഭാഗങ്ങളിലെല്ലാം യതീന്ദ്രൻ നിറഞ്ഞിരിക്കുന്നതു പോലെ തോന്നിയതു കൊണ്ട് അൻ വറിനെ ഞാനൊരു കട്ടുറുമ്പിനെയെന്നപോലെ നോക്കി

                                    “ഒട്ടകപക്ഷിയുടെ തൂവലൊ...!!!? എവിടെനിന്ന്.....!!!? നിനക്കെന്തിന്..!!?

                                    “എനിക്കല്ല നിനക്ക് ..,ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ട് മാത്രമേ നിനക്കെന്റെ പ്രണയവും കാമവുമൊക്കെ തലോടി ഊറ്റിയെടുക്കാൻ പറ്റൂ..എന്നിട്ട് എന്നിൽ ഗർഭം മുളപ്പിയ്ക്കൂ..,ഇപ്പോൾ മൂത്ത വിത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്ന പടുമരം പോലെയാണു നീ.. വിത്തെറിയാൻ  നിനക്കെത്ര ഫലഭൂയിഷ്ട പ്രദേശങ്ങൾ ഉണ്ട്..ചെന്നു മുളയ്ക്കുമോന്ന് നോക്ക്..“  പകയോടെ പറഞ്ഞു നിർത്തിയപ്പോൾ  കഴുത്ത് താഴ്ത്തി വെട്ടിയ എന്റെ നിശാവസ്ത്രം ഒന്നു കൂടി താഴ്ത്തി നോക്കി “ ഇതെന്താണ് ഈ ട്വന്റി എയ്റ്റ് സൈസ് പെർമെനന്റ് ആണോ” എന്നു മടുപ്പോടേ ചോദിക്കുന്ന അവന്റെ മുഖമായിരുന്നു എന്റെ മുന്നിൽ.

                                          മനസ്സിലായിട്ടോ..,മനസ്സിലാകാഞ്ഞിട്ടോ ..അൻ വർ മുറിവിട്ടു പോയി. എനിക്കു കരച്ചിൽ വന്നു  “ യതീ...എന്നെയൊന്നു ആവാഹിച്ചു ബന്ധിക്കാൻ പറ്റുമോ..നിന്നോടുള്ള പ്രണയത്തേക്കാൾ ഉപരി അൻവറിനോടുള്ള അമർഷം കൊണ്ട് ഞാനവനെ കൊന്നു കളയാൻ സാധ്യതയുണ്ട്..ഒരു ബന്ധനം അത്യാവശ്യമാണ്..സ്നേഹം കൊണ്ടുള്ള സ്വാർത്ഥതകൊണ്ടുള്ള ബന്ധനം..അതും ഒരാണിന്റെ ..... പുരുഷൻ ഒരു ധൈര്യമാണ് ഒരു പക്ഷേ സ്വയരക്ഷയ്ക്കായി കയ്യിൽ കരുതുന്ന പിസ്റ്റളിനേക്കാൾ ധൈര്യം തരുന്നഒന്ന്.ജീവനും,    വിശപ്പിനും ദാഹത്തിനും, സ്നേഹത്തിനും ,കാമത്തിനും., അങ്ങിനെ എല്ലാറ്റിനും രക്ഷ തരുന്ന ഒന്ന്..’

                                          എനിക്കോർമ്മ വന്നു പെട്ടെന്ന്..,യതിയുടെ വാക്കുകൾ- “ ഇതൊരു അവിഹിത ബന്ധമെന്നാണോ നീ കരുതിയിരിക്കുന്നത് സുനൈനാ..? നിന്റെ  ശരീരം മുഴുവൻ അൻവറിനു കൊടുത്തിട്ട്  ,ബാക്കിയായ നിന്റെ മനസ്സും ,ആത്മാവും..ശ്വാസവും എനിക്കു തരൂ.എനിക്കു നൂറുകൈകൾ  മുളയ്ക്കും നീട്ടിയേറ്റുവാങ്ങാൻ..,അതാണു നിന്നോടുള്ള ഞാൻ..”

                                             പകൽ സൂര്യനും..രാത്രി ചന്ദ്രനും കടന്നു പോകുന്ന എന്റെ  കിടപ്പുമുറിയിലെ ജനാലയിലൂടെ കാർമേഘത്തിലൊളിഞ്ഞിരുന്ന അർദ്ധ ചന്ദ്രനെ കാട്ടിക്കൊടുത്തപ്പോഴാണ് അവനങ്ങിനെ  പറഞ്ഞതെന്ന് ഞാനോർക്കുന്നു..,അപ്പോൾ പുറത്ത് നൂൽമഴയായിരുന്നു.......ജലനൂലുകൾ കെട്ടി വരിഞ്ഞ മണ്ണ്, യതിയുടെ കൈകളിൽ ഞാനെന്ന പോലെ  അടങ്ങിക്കിടക്കുകയായിരുന്നു. എനിക്കറിയാം പ്രണയത്തെ യതി എന്നിൽ ആധിപത്യം സ്ഥാപികാനുള്ള ആയുധമായെടുത്ത് വീശുകയാണെന്ന്..അതിലെന്റെ മനസ്സും , ശരീരവും മുറിഞ്ഞ് മധുരമിറ്റിക്കൊണ്ടേയിരിക്കുന്നു...

                                            എങ്കിലും ഞാനവനോട് വാദിച്ചു.....തോറ്റുകൊടുക്കാൻ  വേണ്ടി-  “ഒട്ടകപക്ഷി ഒരു പേടിത്തൊണ്ടൻ പക്ഷിയല്ലേ...ശത്രുവിനെ കണ്ടാൽ തല മണ്ണീൽ പൂഴ്ത്തുന്ന ഭീരു.....പകരം പ്രണയപക്ഷിയുടെ തൂവലുകൾ കൊണ്ടു വരാത്തതെന്ത്..?“

                                        “പെണ്ണേ..എന്റെ ഒട്ടകപക്ഷി നീയാണ്..ചുറ്റുമുള്ളതെല്ലാം ഒരു പൊട്ടിയെ പോലെ  നിന്നു കണ്ട് പകച്ച് എന്നിലേയ്ക്ക് സുരക്ഷിതത്വം തേടി മുഖം പൂഴ്ത്തുന്ന ഒട്ടകപക്ഷി..  ലൌ ബേർഡ്സ്  കൂടു തുറന്നാൽ പറന്നു പോകും..ഭയന്നാൽ അവ ദിക്കും ദിശയും കൂട്ടും മറന്ന് ചിലമ്പിച്ച് ചിതറി പറന്ന് പുതിയൊരിടത്ത് ചേക്കേറും..”

                                           അത്രയൊന്നും പറയണമായിരുന്നില്ല- പെണ്ണെ- എന്ന വിളിയിൽ തന്നെ ഞാൻ തോറ്റു പോയിരുന്നു.. മറ്റാരിൽ നിന്നും അങ്ങിനെ സംബോധന ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നുമില്ല...”അൻവറിൽ നിന്നു പോലും 

                                    രാത്രിയാകുന്നു ...മുറിയിലേയ്ക്ക് ഡെനിം സ്പ്രേയുടെ ഗന്ധവുമായി കടന്നു വന്ന് അൻവർ പതിവ് പോലെ ട്വന്റി എയ്റ്റ് സൈസിനെ കുറിച്ച് ദേഷ്യത്തോടെ  വാചാലനാകാൻ തുടങ്ങി..

                                           “നിന്റെ ഉമ്മയും ഇത്തയുമൊന്നും ഇങ്ങനല്ലല്ലൊ കണ്ടാൽ.., ഞാൻ വിചാരിച്ചത് ഒന്നു പ്രസവിച്ചാൽ നീ നന്നാകുമെന്നാണ്..”  -കട്ടിലിൽ നിന്ന് തല യിണയും പുതപ്പും വലിച്ചെടുത്ത് അടുത്ത മുറിയിലേയ്ക്ക് അവൻ പോകുന്നത് നോക്കിക്കിടന്ന് ഞാൻ ചിരിച്ചു.
                                           
                                    “ഇങ്ങിനെ ദേഷ്യപ്പെടാതെ അൻവർ.., നിന്റെ ബാപ്പയുടേയും ഇക്കയുടേയും ഇതു വരെ ഞാൻ കാണാത്തതിനാൽ നീ അവരെ പോലാകാത്തതെന്ത് എന്നു ഞാൻ ചോദിക്കുന്നില്ല..,“   നോട്ടം കൊണ്ട് എന്നെ കൊല്ലാൻ ശ്രമിക്കുന്ന അവനെ ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു കാണിച്ചു

                                   “ഞാനും പ്രതീക്ഷിച്ചു ..ഇപ്പോഴും പ്രതീക്ഷിക്കുന്നു..ഞാനൊന്നു പ്രസവിച്ചാൽ നീയും - ‘നന്നാകുമെന്ന്‘- ഇന്ന് ഈവനിംഗ് പാർട്ടിയിൽ  കോണ്ടം മെഷീൻ വെയ്ക്കേണ്ട ആവശ്യകതയെ ക്കുറിച്ച് നീ വികാരാധീനനായിഎന്നുകേട്ടു..?(യതി തന്ന വിവരമനുസരിച്ചായിരുന്നു                       സന്ദർഭോചിത   മല്ലെങ്കിലും അത് അവിടെ പ്രയോഗിച്ചത് )വീട്ടിൽ ഭാര്യയുള്ള പ്പോൾ ജോലി സ്ഥലത്തെന്തിനു കോണ്ടം മെഷീൻ..?  മറുപടി, കാലം മാറുന്നു എന്നാണോ..? എങ്കിൽ ജോലി സ്ഥലത്തു മാത്രമല്ല പൊതു പൈപ്പുകൾ പോലെ  ആ മെഷീൻ വയ്ക്കേണ്ട കാലമാണിത്...പറയൂ  ആ മെഷീൻ കൊണ്ട് നിനക്കെന്താണു ഉപകാരം...”

                                      അൻവർ പോരിനൊരുങ്ങി എന്നപോലെ വാതിൽ നിറഞ്ഞു നിന്നു...   “ ഒരു പുരുഷന്റെ പ്രത്യേകത എന്തെന്നറിയാമോ എന്റെ ബീവിയ്ക്ക്...?  അവനൊരേസമയം പലസ്ത്രീകളിൽ പല കുഞ്ഞുങ്ങളുടേയും അഛനാകാൻ പറ്റും..പക്ഷെ പെണ്ണുണ്ടല്ലോ നൂറു പുരുഷന്മാരെ സ്വീകരിച്ചാലും ഏതെങ്കിലും ഒരുത്തന്റെ കുഞ്ഞേ വയറ്റിലുണ്ടാകൂ..സൃഷ്ടികർമ്മത്തിൽ പുരുഷനോളം സ്ത്രീ വരില്ല ..”

                                      “അതേ അതു കൊണ്ടാണു നീയൊക്കെ ഒറ്റതന്തയ്ക്കു പിറന്നിരിക്കുന്നത് അൻവർ..”  ഞെരിയുന്നത് കേട്ട് അവന്റെ പല്ലുകൾപൊടിഞ്ഞു പോകുമോ എന്നു ഞാൻ ശങ്കിച്ചു,  ആശ്വാ‍സത്തോടെ നിവർന്നു കി ടന്നപ്പോൾ  തീരുമാനിച്ചു ,... -ഞാൻ യതീന്ദ്രന്റെ കുഞ്ഞിനെയാണ് പ്രസവിക്കാൻ പോകുന്നത്..,  സമയം നോക്കാതെ മൊബൈലിൽ യതിയുടെ നമ്പർ  ഡയൽ ചെയ്തു.

                                  ഹലോയ്ക്കു പകരം.., പതിവ് പ്രണയാതുരമായ നാമങ്ങൾ കേട്ടു..“ചക്കരേ പൊന്നേ.ഉമ്മുമ്മുമ്മുമ്മുമ്മ...  ഐ ലവ് യു..”  ചുണ്ടിൽ ചിരിയൊളിപ്പിച്ചു വച്ച്  ഞാനത് മൂളിക്കൊണ്ട് അംഗീകരിച്ചു, അതും പതിവു പോലെ..

                                  “ജയശ്രീ ഉറങ്ങിയതേയുള്ളു  ചിലപ്പോ എന്നെ തിരഞ്ഞേക്കും..”: പതിഞ്ഞ ശബ്ദത്തിലുള്ള മുന്നറിയിപ്പ് - 

                             “ നാളെ വരുമോ..അൻവറിനു നൈറ്റ് ഷിഫ്റ്റാണ്..”  നിമിഷ നേരത്തെ നിശബ്ദതയ്ക്കു ശേഷം കേട്ടു-
                                 “ വരാം..”

                                 “ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരുമോ..?”

                                അടക്കിയ ചിരിയുടെ അവസാനം കേൾക്കുന്നു..‌“കൊണ്ടു വരാം”- ഞാൻ  തുറന്നിട്ട ജാലകത്തിലുടെ ചന്ദ്രനെ അന്വേഷിച്ചു.........

                             അത്ര നാളില്ലാതിരുന്ന ഒരു തയ്യാറെടുപ്പ് പിറ്റേ ദിവസം ഞാൻ എടുത്തിരുന്നു.... പത്തുമാസത്തെ ദിനങ്ങളത്രയും ഇന്നൊരു ദിവസം കൊണ്ടു കഴിഞ്ഞു  കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു പോകുന്ന രീതിയിൽ   എന്റെ ക്ഷമ നശിച്ചിരുന്നു..ശരിക്കും ഒരു വിഡ്ഡിയെപ്പോലെ.....

                            യതീന്ദ്രൻ എത്തിയിരിക്കുന്നു.. കയ്യിൽ ഒട്ടകപക്ഷിയുടെ തുവൽ...,നീളമുള്ള അതിന്റെ തുമ്പുകൊണ്ട് എന്റെ കവിളിൽ തട്ടി അവൻ ചിരിച്ചു - നിനക്കു വേണ്ടി മാത്രമാണു ഞാൻ - എന്നവൻ പറയാതെ പറഞ്ഞു കൊണ്ടിരുന്നു ..

                           മുറിച്ചു വച്ച ആപ്പിൾ കഷ്ണങ്ങൾക്കൊപ്പം ഞാൻ നീട്ടിയ പ്ലേയ്റ്റ് നോക്കി യതീന്ദ്രൻ അന്ധാളിച്ചതു കണ്ട് അവന്റെ മുഖം താഴ്ത്തിപിടിച്ച് ഞാൻ നെറ്റിയിലൊരു ഉമ്മ കൊടുത്തു...ആ പ്ലേയ്റ്റിൽ നിറയെ ചെമ്പകപൂക്കളായിരുന്നു..അവൻ നോക്കി നിൽക്കേ മുഴുവൻ വിരിയാത്ത ഒന്നെടുത്ത് നേരിയ കയ്പ്പൊടെ ഞാൻ ചവച്ചിറക്കി...കൌതുകത്തൊടെ അതു നോക്കിനിന്ന അവനും ഒരെണ്ണം നീട്ടി.. 
                
                            “ കഴിയ്ക്കൂ...”    

                          “സുനൈനാ.... നിനക്കു വട്ടുണ്ടോ..?.എനിക്ക് കഴിക്കാൻ പറ്റില്ല ചിലപ്പോ വൊമിറ്റ് ചെയ്തേക്കും.. ആ പ്ലേയ്റ്റ് മാ‍റ്റി വയ്ക്കു  .....പക്ഷേ ഈ പൂവിന് എന്തു സുഗന്ധമാണ്.. ഭംഗിയും..,നിന്നെ പോലെ..”
          
                            രണ്ടു പേരും ചെമ്പകപ്പൂവ് കഴിച്ചാൽ പെൺകുട്ടിയായിരിക്കും ജനിക്കുക.  എന്റെ മൂത്തുമ്മ പറഞ്ഞിട്ടുണ്ട്..,....എനിക്ക് അതാണിഷ്ടവും.....“
         
                            “നമുക്കൊരു കുഞ്ഞോ......  നിന്റെ  ഐ പിൽ ഗുളികകൾ എവിടേ...?” വച്ചിരിക്കുന്ന സ്ഥലം  അറിയാവുന്നതു കൊണ്ട് അവൻ ബെഡ്ഡ് പൊക്കി.അവിടം ഒഴിഞ്ഞിരിക്കുന്നതു കണ്ട്  എന്നെചോദ്യഭാവത്തിൽ നോക്കി
                          “അതു തീർന്നു...“  ഒരൊന്നും തുറന്നെടുത്ത് ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞത് ഓർത്തുകൊണ്ടായിരുന്നു ഞാനങ്ങിനെ പറഞ്ഞത്

                        “സുനൈനാ  എന്താണ് നീ വിചാരിക്കുന്നത്  എന്റെ കുട്ടി എന്നെ പോലിരുന്നാൽ..?   അൻവർ അറിഞ്ഞാൽ...? ജയശ്രീ അറിഞ്ഞാൽ..? അവളെ ഒഴിവാക്കിക്കൊണ്ട് നിന്റെ കൂടെ എന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണ്..കാരണം.സമൂഹത്തിൽ  ഒരു ഭർത്താവെന്ന സ്ഥാനം  എനിക്കവകാശ പ്പെടാൻ മാന്യമായി നിലനിൽക്കാൻ  അവൾ ഭാര്യയായി നിലനിന്നേ പറ്റു...ഇതു കൊണ്ട് എന്റെ സ്നേഹത്തെ നീ സംശയിക്കരുത് .., അത് കറയില്ലാത്തതു തന്നെയാണ്....”

                “ എനിക്ക് പ്രസവിക്കാൻ പിന്നെ ഞാനെന്തു ചെയ്യണം..മറ്റു സ്ത്രീകളെ സങ്കൽ‌പ്പിച്ച്  എന്നിലേയ്ക്ക് ഒഴുകുന്ന ബീജങ്ങളെ സ്വീകരിയ്ക്കാൻ  എന്റെ അഭിമാനം സമ്മതിക്കുന്നില്ല...എന്നെ നീയേ സ്നേഹിച്ചിട്ടുള്ളു.., അതു കൊണ്ട് നിന്റെ കുഞ്ഞിനെയാണ് എനിക്കാവശ്യവും...”
       
                          “ നീ നടക്കാത്ത കാര്യങ്ങൾ പറയുന്നു.....ഞാനൊരു അഭ്യാസിയല്ല അത്ര  വലിയ സത്യങ്ങൾ മൂടി വച്ച്   ജീവിതത്തിൽ കളിയ്ക്കാൻ..മൂടിക്കെട്ടേണ്ടത് ഒരാളുടേയോ രണ്ടാളുടേയോ കണ്ണുകളല്ല..സമൂഹത്തിന്റെ മുഴുവൻ കണ്ണുകളേയുമാണ് അത് നിസ്സാരമല്ല....”


                      യതീന്ദ്രൻ എന്നെയൊന്നു തൊട്ടു സംസാരിച്ചിരുന്നെങ്കിൽ...? സഹശയനത്തിനൊരുങ്ങി അഴിച്ചു വച്ച ഷർട്ട് ധരിക്കുകയായിരുന്നു യതീന്ദ്രൻ അപ്പോൾ....എന്റെ നോട്ടം കണ്ട് അരികിൽ വന്ന് അവൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു..... 
                                                       
                    “ഒരു സ്ത്രീയുടെ  കുഞ്ഞ്  എല്ലാരീതിയിലും അവളുടെ ഭർത്താവിന്റേതായിരിക്കുന്നതാണ് നല്ലത്..ഒരു കാമുകന്   കാമുകിയിലെ കുഞ്ഞ് എപ്പോഴും അലോസരമുണ്ടാക്കുന്ന  ഒരു ഓർമ്മയും കാഴ്ച്ചയുമായിരിക്കും.....തീർന്നു പോയത് ഞാൻ  തന്നെ വാങ്ങിക്കൊണ്ടു വരാം   ഇനി വരുമ്പോൾ....

                        ഞാൻ അവനെ അവസാനമെന്ന വണ്ണം ഒന്നു കൂടി നോക്കി - ഓഹ് .!ഇതെന്താണ്  അവന്റെ ദേഹം നിറച്ചും ഒട്ടകപക്ഷിയുടെ തൂവലുകൾ..!!!!!???? വിരൽ തുമ്പുപോലും മറയുന്ന വിധം അതവന്റെ ദേഹം പൊതിഞ്ഞിരിക്കുന്നു....  അവന്റെ മുഖം ഒന്നു കാണാൻ തോന്നി.......  -“ 

                         “യതീ.........എന്റെ പ്രണയിതാവേ.....,ശരീരമില്ലാത്ത സുനൈനയെ സ്വീകരിക്കാൻ ഒരുങ്ങിയവനേ ....ഇപ്പോൾ നിന്റെ മുഖമൊന്നു കാണാൻ അനുവദിക്കുമോ...” 

                              തൂവൽ പൊതിഞ്ഞ അവന്റെ  ശരീരത്തിനു ചുറ്റും ഞാൻ നടന്നു...ഉടൽ തഴുകി ഞാൻ മനസ്സിൽ കണക്കു കൂട്ടി ഇവിടെ  വയർ...പിന്നെ നെഞ്ച്..., തോളുകൾ ...കഴുത്ത്......എന്റെ കൈകൾ തറയിൽ മുട്ടി....അവിടേയ്ക്ക് ഞാൻ ചികഞ്ഞു നോക്കി ......അപ്പോഴാണു ഞാൻ കണ്ടത്  യതീന്ദ്രൻ ,തന്റെ  ശിരസ്സ് തറയിൽ പൂഴ്ത്തി നിൽക്കുകയാണ്..നിമിഷങ്ങൾ കടന്നു പോകവേ ഞാൻ മനസ്സിലാക്കി  യതീന്ദ്രനല്ല അവിടെ  തല പൂഴ്ത്തി നിൽക്കുന്നത്  .....അത്...  അതൊരു ഒട്ടകപക്ഷിയായിരുന്നു...
.
                                                          
                                                 ******************************