Monday, October 3, 2011

ഓർമ്മപ്പാടുകൾ





                               കൂട്ടി വച്ച മാവിൻ കൊള്ളികൾക്കു മുകളിൽ .., വരടി വച്ചു നിരത്തിയ ചിതയുടെ വശങ്ങളിലേക്ക് മകൻ തീക്കൊള്ളി നീട്ടി...

                              അനുവദിച്ച  കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് അച്ഛൻ കിടപ്പുണ്ടല്ലോ അതിൽ..!  ഇളം മഴയുടെ നേർത്ത രാഗത്തിനും മകന്റെ ഹൃദയത്തിനും ഒരേ താളം.....മഴയ്ക്കു തണുപ്പാണെങ്കിൽ ഹൃദയത്തിനു വേവുന്ന ചൂടാണ്

                               മരണത്തിന്റെ ഗന്ധവും കനപ്പും പതിയെ പരന്നലിയാൻ തുടങ്ങിയ അകത്തളങ്ങളിൽ അടക്കിയ വായ്ത്താരികളുടെ മർമ്മരം ..പോകാൻ മടിച്ച് ചന്ദനത്തിരികളുടെ പുകവട്ടങ്ങൾ......

                                ഇനിയുമേറെ പോകേണ്ട വഴികളിൽ പൊടുന്നനെ തനിച്ചായിപ്പോയ മകൻ ഈറനോടെ ചായ്പിന്റെ ഒഴിഞ്ഞ കോണിലിരുന്നു... അവിടെ നിന്നുള്ള കാഴ്ച്ചയിൽ മഴനുലുകളെ വേദനിപ്പിക്കാതെ പൊങ്ങുന്ന കനമുള്ള പുകച്ചുരുളുകളിൽ ആത്മാവിന്റെ യാത്രാമൊഴികൾ

                             .....അച്ഛൻ എരിയുകയാണോ......???
                           “ കണ്ണാ..തീയിൽ കളിക്കാതെ കൈ പൊള്ളും...” എന്നിട്ടും പൊള്ളിയ കുഞ്ഞു വിരൽ ചങ്കിടിപ്പോടെ അച്ഛൻ വായിൽ വച്ചു തണുപ്പിച്ചതും ഇതു പോലെ മഴച്ചിന്തുകൾ ചിതറി വീണ  ഒരു ദിവസമായിരുന്നു.....

                          ഭൂതകാലങ്ങളുടെ കൈവഴികളിൽ നിരതെറ്റാതെയൊഴുകുന്ന  ഓർമ്മകൾക്ക് ഇന്നും എന്തു തെളിച്ചമാണ്..!!?സ്മൃതി പഥങ്ങളുടെ  നേർരേഖയിൽ മറവിയുടെ  ഒരു തിരിവെങ്കിലും ഉണ്ടാവാൻ മകൻ ആഗ്രഹിച്ചു..ഓർമ്മകൾ ദു:ഖമാണ് 

                    അടക്കിയ തേങ്ങലുകളുടെ  വീർപ്പു മുറ്റിയ മുറിയിൽ അമ്മയുടെ നെടുവീർപ്പിലേയ്ക്കും,സഹോദരിയുടെ നിശബ്ദതയിലേയ്ക്കും കടന്നു ചെന്നപ്പോൾ  ഒന്നു കൂടി  ഉയർന്ന തേങ്ങലിൽ മകൻ നിസ്സഹായനായി...നെഞ്ചിലമർന്ന മുഖങ്ങൾ ഒരു പോലെ വാരിപ്പിടിച്ച്  നിലവിളിയുടെ ശരങ്ങൾ ഏറ്റുവാങ്ങി....., ഞാനതു ചെയ്തു കഴിഞ്ഞു....! കണ്ണുകൾ  മുകളിലേയ്ക്കുയർത്തി..,മേൽക്കൂരയ്ക്കും  ആകാശത്തിനും അപ്പുറം,അജ്ഞാതമായ ആശ്വാസ കേന്ദ്രത്തിനു നേരെ മകൻ ദയയ്ക്കു വേണ്ടി യാചിച്ചു....

       .എനിക്കുമൊന്നു കരയണം...ഉറക്കെ..ഉറക്കെ..പുരുഷന്റെ  മനക്കട്ടിയെന്ന നാട്യമില്ലാതെ......
                   “ഭാനുമതി.....ആള് കെടന്ന പായും തുണ്യളും കത്തിച്ച് കളഞ്ഞേക്ക്..അതങ്ങനെ ഇട്ടേക്കണ്ടാ...”   തത്കാലം കാര്യങ്ങളേറ്റെടുത്ത ആരുടേയോ ഔചിത്യമില്ലാത്ത ഉറക്കെയുള്ള നിർദേശം..
.
                     മുൻപൊരിക്കൽ കൂടി ഇതു പോലൊന്നു കേട്ടിരുന്നു..! വർഷങ്ങൾക്കു മുൻപ്...അന്നു മകൻ അമ്മയോടു ചോദിച്ചിരുന്നു..-
                                          
                  “എന്തിനാമ്മേ  അമ്മുമ്മയെ അഛൻ കത്തിക്കണത്......?  ചോദിച്ച ഇളം ചുണ്ടിൽ വിരലമർത്തി അമ്മ മകനെ മടിയിലേയ്ക്ക് ഒതുക്കി വച്ചു....

                    ദിവസങ്ങൾക്കു ശേഷം എപ്പോഴോ..അഛന്റെ രോമങ്ങൾ നിറഞ്ഞ മാറിൽ ഉറക്കത്തിനു കാത്തു കിടന്ന് ഒന്നു കൂടി ചോദ്യമാവർത്തിച്ചപ്പോൾ ചുറ്റിപ്പിടിച്ച ആ കൈകൾ പിന്നെയുമൊന്നു മുറുകി....സദാ ഗംഭീര്യമാർന്ന ആ ശബ്ദം അപ്പോൾ നേർത്തു പോയിരുന്നു..

                    “അഛൻ ജനിച്ചതേ അതിനാണല്ലോ കണ്ണാ...” ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള മയക്കത്തിൽ അഛന്റെ നെഞ്ച് ഒരുപാട് നേരം വിറച്ചുലഞ്ഞത് അന്ന് അറിഞ്ഞിരുന്നു...,....  “കരയാതെ..” അരികിൽ  അഛനേയും തന്നേയും കരവലയത്തിലാക്കി അമ്മയുടെ പതിഞ്ഞ ശബ്ദവും കേട്ടിരുന്നു.....

                     മകനോർത്തു...വേർപാടിന്റെ  തീവ്രതയിൽ വീണുരുണ്ട്.., അലമുറയിട്ട് ...,തളർന്നു കിടക്കാൻ, ചിതയിലേയ്ക്ക് തീ പകരുന്ന നിമിഷം ഏതൊരു മകനും ആഗ്രഹിച്ചു പോകും......


                     താൻ കൊടുത്ത ഒരു ആൺജന്മം, കൈകളിലേയ്ക്ക് സ്വീകരിക്കാൻ വേവെടുത്ത പ്രാണനുമായി പേറ്റുമുറിയ്ക്കു പുറത്ത് കാത്തു നിന്ന ഒരാൾ...! ആ ആളുടെ ജന്മത്തിന് ഭൌതീകമായ വിരാമമിടേണ്ടത് ആ മകൻ തന്നെയായിരിക്കനമെന്ന് പറഞ്ഞു വച്ചതാരാണ്....!!?


                   മനസ്സിൽ മലയായുയർന്നു നിന്നിരുന്ന ആശ്രയം, കേവലം ധൂളികളുടെ നിസ്സാരതയിലമർന്നു പോകുന്നത് മകൻ കണ്ടു നിന്നു.....


                     ഇടവഴികളും പാടവരമ്പുകളും താണ്ടി പള്ളിക്കൂടത്തിന്റെ പടിവാതിൽ ആദ്യമായി കടന്നപ്പോൾ അങ്കലാപ്പോടെ ബലമായി വിടാതെ മുറുകെ പിടിച്ച് അച്ഛന്റെ വിയർത്ത കഴുത്തിൽ മുഖമൊളിപ്പിച്ച് കരഞ്ഞ നാളുകഴിഞ്ഞിട്ട് ഇത്രയധികമായോ.!!? ..കരുത്തുറ്റ കൈകളിരുത്തി തുണിസഞ്ചിയും തൂക്കി നടക്കുമ്പോൾ വാങ്ങിതന്ന കോലുമിട്ടായിയുടെ മധുരം നാവിൽ....!


                  “കണ്ണനെ അച്ഛൻ  എടുത്തോണ്ടു പോകാം...സ്കുളില് മൊടങ്ങാണ്ട് പോയാലേ നല്ല കുട്ട്യാന്ന്  മറ്റുള്ളോര് പറയൂ...എന്നിട്ട് വല്യ ആളാവണ്ടേ..?...” വഴിയെ ഈണത്തിലുള്ള ആശ്വാസ വചനങ്ങളുടെ നനവ്....,  മനസ്സിൽ,- മാമ്പഴക്കാലങ്ങളിൽ കടിച്ചീ‍മ്പിയ  മാങ്ങയുടെ ചുന ചവർപ്പ്... പഴം മാങ്ങ ഇടിച്ചു പിഴിഞ്ഞ് നീര് വായിലിറ്റിച്ച വാത്സല്യം...ബാല്യത്തിന്റെ  അണുവിടകളിൽ പോലും അച്ഛന്റെ നിറ സാമീപ്യം...


                 “തനിക്ക് ഇഷ്ടൊള്ളത് എതെന്നു വച്ചാൽ ചെയ്തോളൂ...തുടർന്ന്   പടിക്കാനാണെങ്കിൽ അങ്ങനെ..ഇന്ന്യെന്തെങ്കിലും  ജോലിക്ക് നോക്കണങ്കീ അങ്ങനെ....തന്റെ ഇഷ്ടം...”...മാറി വരുന്ന സംബോധനയിൽ പകച്ച ദിവസങ്ങൾ ..കാരണമറിയാതെ  വീർപ്പുമുട്ടുമ്പോൾ മേൽച്ചുണ്ടിനു മുകളിൽ കനച്ച കറുപ്പ് മനസ്സിൽ എന്തെന്നറിയാത്ത വേദന തന്നു


                        മുതിർന്ന മനസ്സിന്റെ ഏകാന്തതയിലും സ്വകാര്യതയിലും,“കണ്ണാ...”  എന്നു വിളിച്ചു കൊണ്ടേയിരുന്ന് അലോസരമുണ്ടാകരുതെന്ന തിരിച്ചറിവിൽ വഴിമാറിയൊതുങ്ങി നിന്ന അച്ഛന്റെ ദിനരാത്രങ്ങൾ ......

               മറവിയിലേയ്ക്ക് തള്ളിയകറ്റാൻ ശ്രമിച്ചിട്ടും പിൻതുടരുന്ന ഭൂതകാലത്തോട് പൊരുതിത്തളർന്ന മകന്റെ  മനസ്സിൽ നോവിറ്റു വീഴുന്ന ഓർമ്മപ്പാടുകൾ ...!


                     “ഒന്നെണീച്ച് ഇത്തിരി  ചായവെള്ളം കുടിക്ക് സാവിത്രീ......നീയൂങ്ങനെ കെടന്നാലോ..മോളേ..അമ്മേ എണീപ്പിച്ച്  എന്തേലും കഴിപ്പിക്കൻ നോക്ക്യേ..”


                          അകത്ത് നിർദേശങ്ങളും.., വാതിലിന്റെ കിരുകിരുപ്പും പാ‍ത്രങ്ങളുടെ കലമ്പലും കേട്ടു.....


                        ചിതയുടെ പൊക്കം അമർന്നിരുന്നു....പുകച്ചുരുളുകളുടെ സ്ഥാനത്ത് ഇപ്പോൾ തീനാളങ്ങളാണ്... അടുത്തേയ്ക്കു ചെല്ലുമ്പോൾ ഈറനുണക്കുന്ന ചൂടിന് അഛന്റെ സ്നേഹത്തിന്റെ തീക്ഷ്ണത..തീയ്ക്കിത്ര ചൂടെന്തിനാ‍ണോ..!!!? മെല്ലെ ... മെല്ലെ....അഛനെ നോവിക്കാതെ...പള്ളിക്കൂടത്തിൽ ആദ്യമായി വിട്ടുപോയതറിഞ്ഞ നിലവിളി ഒരിക്കൽ കൂടി ഇരച്ചു വന്നതിനു മനപ്പൂർവ്വം   തടയിട്ടു......


                   “പോയി ഈറൻ മാറിക്കോ കണ്ണാ...ഇവിടിങ്ങനെ നോക്കി നിക്കണ്ടാ..അകത്തോട്ട് പൊക്കോ....” അധികമൊന്നും പറയാതെ സമാശ്വസിപ്പിച്ചുള്ള ഒരു തോൾ  തട്ടലിന്റെ  പിൻബലത്തിൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു-


                         “ നെഞ്ചുംഭാഗം കത്തി തീരാനിത്തിരി നേരമെടുക്കും..നാളെ നേരം വെളുക്കുമ്പ നോക്ക്യാ മതി ഓരോ മനുഷ്യന്റേം, നെഞ്ചുംകൂട് കത്തി തീരാനാണ് പാട്..അത് ആയുസ്സില ചെല അനുഭവങ്ങക്ക് തീയിനേക്കാൾ ചൂട് ള്ളത് കൊണ്ടാണെന്ന് കേട്ടിട്ട്ണ്ട്..”


                         “ഈ മഴേന്താത്....നല്ലോണം പെയ്യണൂല്ല..നിക്കണൂല്ല..ചെരട്ട ചെലപ്പ ഇനീം വേണ്ട്യരും...


                         എല്ലുകൾ നീറിപ്പോടിയുന്നത് കേട്ടത് ചെവിയിൽ നിന്നും അങ്ങിനെ തന്നെ കുടഞ്ഞു കളയാൻ ശ്രമിച്ചു....


                          എള്ളും പൂവും അരിയും തുടച്ചു നീക്കിയ നടുമുറിയിൽ അച്ഛനെ കിടത്തിയിടത്ത് ചവിട്ടാതെ കടന്നു..ഒരു ജീവിതം തീർന്നു പോയതിന്റെ ബാക്കി പത്രങ്ങളായി ,അച്ഛൻ കിടന്നിരുന്ന കട്ടിലിനടുത്ത മേശമേൽ ഇനിയും മാറ്റാത്ത മരുന്നു കുപ്പികളും ,അച്ഛന്റെ മാത്രം റേഡിയോയും.., കട്ടിക്കണ്ണടയും..,ഒരു പാ ത്രത്തിൽ ഉദകബാക്കിയും.., സ്പൂണും.....,പിന്നെ നേർത്തു തുടങ്ങുന്ന അഛന്റെ മണവും.......


                           അച്ഛന്റെ കണ്ണടയെടുത്ത്  പിടിച്ച് ബാല്യത്തിന്റെ കൌതുകം വിട്ടതിനു ശേഷം ശ്രദ്ധിക്കാതെ പോയ റേഡിയോയിൽ മകൻ കയ്യോടിച്ചു.. അഛന്റെ വിരൽ തുമ്പാൽ മാത്രം ഉണർന്നിരുന്ന..പതുക്കെ പാടാൻ മത്രം അവസരമുണ്ടായിരുന്ന പഴയ റേഡിയോ...


                       “ പഞ്ചമി ഒണ്ടെന്നു പറേണ കേട്ടില്ലെ നീ കണ്ണാ... പ്രത്യേക പൂജേക്ക വേണ്ട്യരും...ആളെ ആവാഹിച്ചന്നെ ഒരോടത്ത് ഇരുത്തണ്ട്യരും...അല്ലെങ്കീ ചുറ്റ്വട്ടത്ത് വേറേ അഞ്ച് ചാവ്കളി ഒറപ്പാ..”..... തല മൂത്ത കാരണവത്തിയുടെ വെറ്റില മുറുക്കിനിടയിൽ ചതഞ്ഞരഞ്ഞു വന്ന അറിവുകൾ മകന് അരോചകമായി  തോന്നി...


                       സഞ്ചയനത്തിന്റെ നാളും  സമയവും അറിഞ്ഞ് ആളുകൾ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു..മുറ്റത്തെ ഓലകെട്ടിയ പന്തലിൽ ഒരു വാഴയില വട്ടത്തിനു ചുറ്റും പൂവും എള്ളും അരിയും ഇനിയും ബാക്കി,,അതിന്റെ നാലു വശങ്ങളിലും കർമ്മളങ്ങർപ്പിച്ച നനവ്......
          
                       വരാന്തയിൽ നിന്നും പന്തലിന്റെ നിഴലിലേയ്ക്കിറങ്ങി ,ഒന്നകത്തേയ്ക്കു നോക്കി...മുടിയിലെ എണ്ണക്കറ അടയാളമിട്ട നിറം മങ്ങിയ തുണിയുള്ള ചാ‍രുകസേരയും ,അടുത്ത് അത്താണിയിൽ വിശറിയും മകൻ കണ്ടു...മുൻപൊന്നും കണ്ണൂകൾ  ഉടക്കാത്ത കാഴ്ച്ചകൾ...!!!ഒട്ടും ധൃതി വയ്ക്കാതെ അച്ഛന്റെ കട്ടിക്കണ്ണട നേരത്തേ എടുത്തത് മൂക്കിലുറപ്പിച്ചു..... മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്ചകൾ കണ്ടു..ആ കാഴ്ച്ചകൾ വലുതും വ്യക്തവുമായിരുന്നു.....


                        അഛൻ ഇത്ര സൂക്ഷ്മമായി.., വ്യക്തമായി...., അടുത്ത് തന്നെ കണ്ടപോലെ അഛനെ താൻ കണ്ടിട്ടേയില്ലല്ലൊ..ഒരിക്കലും കാണാൻ ശ്രമിച്ചിട്ടേയില്ല........


                  ഇപ്പോൾ   തെക്കേ മുറ്റത്തെ തീനാളങ്ങൾക്ക് കണ്ണടചില്ലിലൂടെ മുൻപത്തേക്കാൾ തീക്ഷ്ണത....ചുവപ്പ്.....സ്നേഹം......കരുതൽ......


                  “ കണ്ണാ..തീയിൽ കളിക്കാതെ..കൈ പൊള്ളും..”


                   ...എന്നിട്ടും...എന്നിട്ടും...പൊള്ളിയല്ലോ അച്ഛാ...........

                    .

                                       ************************************************

                          





                                

50 comments:

  1. വളരെ പഴയ ഒരു കഥ ....
    അഞ്ചു വർഷത്തോളമാകുന്നു..ഇതെഴുതിയിട്ട്..അദ്യത്തേതെന്തും പ്രിയപ്പെട്ടത് എന്നു പറയും പോലെ എനിക്കും ആ‍ദ്യമായി ഒരു അവാർഡ് വാങ്ങിച്ചു തന്ന കഥ..പ്രവാസം.കോം അവാർഡ്-സൌദിയിൽ നിന്നും.......

    ഇപ്പോഴത്തെ എഴുത്തു രീതികൾ വച്ചു നോക്കുമ്പോൾ ബാലിശ മെന്നു തോന്നാവുന്ന രചനയാണിത് എങ്കിൽ തന്നെയും അന്നെഴുതി വച്ചതിൽ നിന്നും ഒരു മാറ്റവും വരുത്താതെ ഞാൻ ഇതു ഇവിടെ പകർത്തി വയ്കയാണ്.....

    ഈ കഥയ്ക്കു കടപ്പാട് എന്റെ ഭർത്താവിന് അദ്ദേഹത്തിന്റെ അഛനോടുള്ള മാനസീകമായ അടുപ്പത്തോടാണ്....“എന്റെ അച്ഛൻ മരിക്കുമോ“..എന്ന എന്നെങ്കിലും സംഭവിക്കാവുന്ന അനിഷേധ്യമായ ആ സത്യം സങ്കൽ‌പ്പിക്കാൻ പോലുമാകാതെ അങ്കലാപ്പോടെ അഛനെ ഫോൺ ചെയ്ത് ശബ്ദം കേട്ടതിനു ശേഷം ആശ്വസിക്കുന്ന രാജേഷ്..-എന്റെ ഭർത്താവ്- തന്നെയാണു ഈ കഥയിലെ മകൻ....

    വായിച്ചു നോക്കൂ ..കുറവുകൾ എന്റെ നോട്ടത്തിൽ ധാരാളം... എങ്കിലും നിങ്ങളുടെ കൂടി അഭിപ്രായം..അതു വേണം.....

    ReplyDelete
    Replies
    1. valare nalla oru rachana....ishtamayi...valre valare..

      Delete
  2. അടുത്തേയ്ക്കു ചെല്ലുമ്പോൾ ഈറനുണക്കുന്ന ചൂടിന് അഛന്റെ സ്നേഹത്തിന്റെ തീക്ഷ്ണത..........

    ജാനകി ചേച്ചി, നല്ല കഥ ഇഷ്ടമായി , അഭിനന്ദനങ്ങള്‍
    സ്നേഹാശംസകളോടെ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  3. ആദ്യമാണു ഈ വഴി.
    കഥ മനസ്സിൽ തട്ടുംവിധം അവതരിപ്പിച്ചു.നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  4. ജാനകീ ..:)
    ശരിക്കും ഒരു മരണ വീട്ടില്‍ എത്തിപ്പെട്ടത് പോലെയുള്ള അനുഭവം തന്നു ഈ കഥ.മരണാന്തര ചടങ്ങുകള്‍ ,അതിന്റെ ശേഷിപ്പുകള്‍ ,ഉറ്റവരുടെ നെടുവീര്‍പ്പുകള്‍ ഏങ്ങലടികള്‍ പട്ടടയുടെ നീറ്റല്‍,ആകാശത്തെ എത്തിപ്പിടിക്കാന്‍ തുടങ്ങുന്ന തീ നാമ്പുകളുടെ ആവേശം ,കാഥികയുടെ നിരീക്ഷണം വെളിപ്പെടുത്തുന്ന വിവരണം . അസ്സലായി..
    മറ്റൊന്ന് ,ബ്ലോഗിന്റെ അക്ഷരങ്ങള്‍ ബോള്‍ഡ്‌ മാറ്റി നേര്‍മ ഉള്ളതാക്കിയാല്‍ ഭംഗി കൂടും.

    ReplyDelete
  5. ഭൂതകാലങ്ങളുടെ കൈവഴികളിൽ നിരതെറ്റാതെയൊഴുകുന്ന ഓർമ്മകൾക്ക് ഇന്നും എന്തു തെളിച്ചമാണ്..!!?സ്മൃതി പഥങ്ങളുടെ നേർരേഖയിൽ മറവിയുടെ ഒരു തിരിവെങ്കിലും ഉണ്ടാവാൻ മകൻ ആഗ്രഹിച്ചു..ഓർമ്മകൾ ദു:ഖമാണ്.
    ഒരു പാട് തത്ത്വങ്ങള്‍ പറഞ്ഞ കഥ വായിച്ചു,നന്നായി പറഞ്ഞിരിക്കുന്നു ...വേര്‍പിരിയലുകള്‍ എപ്പോഴും വേദനാജനകം.
    .എനിക്കുമൊന്നു കരയണം...ഉറക്കെ..ഉറക്കെ..പുരുഷന്റെ മനക്കട്ടിയെന്ന നാട്യമില്ലാതെ.....സത്യം ...ഇതെല്ലാം നാട്യങ്ങളാണ്.
    നല്ല കഥക്ക് നല്ല ആശംസകള്‍...

    ReplyDelete
  6. നന്നായിട്ടുണ്ട്. നല്ല ഒഴുക്കുള്ള രചന

    ReplyDelete
  7. കഥ പഴയത് എങ്കിലും മരണത്തിന് എന്നും പുതുമ തന്നെയല്ലേ??നന്നായി പറഞ്ഞ ഒരു കഥ..അനുഭവം..ആശംസകള്‍..

    ReplyDelete
  8. ഞാൻ പുണ്യവാളൻ...വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി.....
    മൊയ്ദീൻസർ.....ഇവിടെ വരെ വന്നല്ലോ..വായിച്ച് നല്ല അഭിപ്രായവും പറഞ്ഞു..സന്തോഷമായി...
    രമേശേട്ട...,വിമർശനം പ്രതീക്ഷിച്ചിരുന്നു.. പക്ഷേ അത് അസ്ഥാനത്തായി..നന്ദി കേട്ടൊ..( ബോൾഡ് മാറ്റിയിട്ടുണ്ട് )
    ഋതു സഞ്ജന...ആദ്യമേ വന്നു അഭിപ്രായം പറഞ്ഞല്ലോ..എനിക്കൊരു അവിശ്വസനീയത തോന്നി.... എങ്കിലും വളരെ നന്ദി
    ഷാനവാസ് സർ.., ശരിയാണ്..മരണത്തിന് എന്നും പുതുമ തന്നെ.... ആശംസകൾക്ക് നന്ദി.....

    ReplyDelete
  9. ഈ രചന എന്റെ കണ്ണുകള്‍ നിറച്ചത് എന്തിനു എന്ന് പറയാന്‍ പറ്റുന്നില്ല.

    എല്ലാ അഭിനന്ദനങ്ങളും ..

    ReplyDelete
  10. കൊള്ളാം നന്നായി പറഞ്ഞു

    ReplyDelete
  11. മരണം ..ചോദിക്കാതെ വരുന്ന വിരുന്നുകാരന്‍ എവിടെയോ വായിച്ചു .മരണത്തോട് നമുക്ക് പറയാം മരണമേ നീ പോകുക ഞങ്ങള്‍ക്ക് ഞങളെ നഷ്ടപെടുതാതെ .....ചേച്ചി ഒരു പാടിഷ്ടമായി ...എല്ലാ നന്മകളും നേരുന്നു ഹൃദയപൂര്‍വം ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete
  12. മനുഷ്യന്റെ അവസ്ഥ വളരെ ദയനീയമാണ് ജാനകി ... തലമുറകള്‍ക്ക് മുന്പെക്കും പിന്നോട്ടും കാലങ്ങള്ക്കൊപ്പം കെട്ടു പിണഞ്ഞു കിടക്കുന്ന അവന്റെ ജീവ കോശങ്ങള്‍ - അവ വേര്പെടുമോഴുള്ള വേദന അറിയാതിരിക്കാന്‍ അവനാകില്ല ... ജീവിതതിനെന്തര്തം !! ഒരര്തവുമില്ല !!ആലോചിച്ചാല്‍ നിരാശയാണ് ..ആലോചിചില്ലേല്‍ സ്വാര്‍ഥതയും ..............! മണ്ണപ്പം ചുട്ടു കളിക്കുന്നവര്‍... വേറെ വഴിയില്ല !

    ReplyDelete
  13. “അഛൻ ജനിച്ചതേ അതിനാണല്ലോ കണ്ണാ...” ഈ വരികളില്‍ മുഴുവനുണ്ട് ജാനകി. ഒരു മകന്റെ മുഴുവന്‍ വിലാപവും അതില്‍ പറഞ്ഞിരിക്കുന്നു.. മകന്റെ ഭാഗത്ത് നിന്ന് ഒരു അമ്മ / മകള്‍ / ഭാര്യ / സഹോദരി എഴുതിയ കഥ :) അങ്ങിനെ ഞാന്‍ ഒന്ന് വായിക്കുകയായിരുന്നു. അമ്മ / മകള്‍ / ഭാര്യ / സഹോദരി - ഇവരില്‍ ആരായാലും ജാനകി മകന്റെ മനസ്സറിഞ്ഞ് ചിന്തിച്ചിരിക്കുന്നു.


    സത്യത്തില്‍ ഈ കഥയിലെ പല വരികളും വായിച്ചപ്പോള്‍ ഞാന്‍ എന്നെ കണ്ടു. ഒരു പക്ഷെ മരണസമയത്താവും എന്റെ അച്ഛനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത് എന്നത് ശരിയായിരിക്കുമോ എന്ന് തോന്നല്‍ ഉണ്ട്. മരണ വീടിന്റെ പശ്ചാത്തലം ഒരുക്കുന്നതില്‍ ജാനകി വിജയിച്ചു. പല ഭാഗങ്ങളിലേയും വിവരണം തിരകഥയുടെ രീതിയില്‍ എത്തുകയും ചെയ്തു. തീര്‍ത്തും നാട്ടിന്‍‌പുറത്തുകാരനായ ഒരു മകന്റെ അനുഭവം എന്ന രീതിയാണ് കഥ വായിക്കുമ്പോള്‍ തോന്നുന്നത്. ആ രീതിയില്‍ പുതുമ പറയാന്‍ കഴിയില്ല. ഇന്നും പല നാട്ടിന്‍‌പുറങ്ങളിലെ മക്കളുടേയും അവസ്ഥ ഇതൊക്കെ തന്നെ. പക്ഷെ ഈ കഥയെ നഗരത്തിലേക്ക് പറിച്ചു നട്ടിരുന്നെങ്കില്‍ എന്നൊരു ചിന്ത എനിക്ക് തോന്നി. ഏതായാലും അവാര്‍ഡിന് അഭിനന്ദനങ്ങള്‍. ഈ കഥ ജാനകിയുടെ സമാഹാരത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു. അത് എനിക്കിത് വരെ കിട്ടിയില്ല :)

    ReplyDelete
  14. 'ഇപ്പോഴത്തെ എഴുത്തു രീതികൾ വച്ചു നോക്കുമ്പോൾ ബാലിശ മെന്നു തോന്നാവുന്ന രചനയാണിത്...' എന്ന കഥാകാരിയുടെ ഏറ്റു പറച്ചില്‍ കൗതുകമുളവാക്കുന്നു.എഴുത്തിന് അങ്ങിനെ കാലഭേദമനുസരിച്ചുള്ള രീതിശാസ്ത്രം ചമയ്കാനാവുമോ !?-

    നല്ല സര്‍ഗസൃഷ്ടിയുടെ ലക്ഷണം ആസ്വാദകനെ വൈകാരികമായി ഉലക്കുക എന്നുള്ളത് ആണ് എങ്കില്‍ അത് ഇവിടെ നടന്നിട്ടുണ്ട്.കാരണം... ഈ കഥ വായിച്ചുവന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ അനുഭവിച്ച., എന്നും വേദനയായി അവശേഷിക്കുന്ന ആ നിമിഷങ്ങളിലൂടെ കടന്നു പോവുക ആയിരുന്നു...

    കാല ദേശ ഭേദങ്ങള്‍ക്കൊക്കെ അപ്പുറമാണ് എഴുത്തിനോടുള്ള ആത്മാര്‍ത്ഥമായ സമീപനവും തനതായ ശൈലിയും എന്ന ഒരു തിരിച്ചറിവുകൂടി നല്‍കുന്ന പോസ്റ്റ്...

    ReplyDelete
  15. ഈ കഥയില്‍ കുറവുകള്‍ ഒന്നും കണ്ടുപിടിക്കാന്‍ ആവില്ല ജാനകീ... ഇതേ അവസ്ഥയില്‍ കൂടി ഞാനും കടന്നു വന്നിട്ടുള്ളതു കൊണ്ടാവും കണ്ണ് നനഞ്ഞത്‌...

    ReplyDelete
  16. അച്ഛന്റെയും മകന്റെയും മനസ്സ് ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു
    മകന്റെ മനസ്സിന്റെ നീറ്റലുകളും മരണവീടിന്റെ അന്തരീക്ഷവും നന്നായി അവതരിപ്പിച്ച്ചിട്ടുണ്ട്.അച്ഛനോട് ശരിക്കും attachment ഉള്ള മക്കള്‍ക്ക്‌ ഈ കഥ ശരിക്കും ഫീല്‍ ചെയ്യും.

    ReplyDelete
  17. ആദ്യമായാണ്‌ ഈ വഴി... വായിച്ചു... കഥ നന്നായി പറഞ്ഞു...
    അച്ഛന്റെ സ്നേഹം.. മരണം.... മുഴുവന്‍ ഫീല്‍ വായനക്കാരില്‍ എത്തുന്ന വിധമുള്ള രചന... ആശംസകള്‍...

    ReplyDelete
  18. ആത്മബന്ധത്തിന്റെ ഒരു സ്നേഹസ്പര്‍ശം .......വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു

    ReplyDelete
  19. ഈ കഥ എന്നെ വളരെ വേദനിപ്പിച്ചു .കാരണം എന്റെ അച്ഛന്‍ ഞങളെ വേര്‍പിരിഞ്ഞു പോയിട്ട അടുത്ത മാസം നാലു വര്ഷം തികയുകയാണ് .ചേച്ചി എല്ലാ കഥയില്‍ നിന്നും വിത്യാസം ഉണ്ട് ഇതിനു.നല്ല പദ പ്രയോഗങ്ങള്‍ ആണ് ഒന്ന് .
    (അനുവദിച്ച കാലത്തിന്റെ കണക്കുപുസ്തകം, ) പിന്നെ (“എന്തിനാമ്മേ അമ്മുമ്മയെ അഛൻ കത്തിക്കണത്......? )
    ഇതിനു പകരം മറ്റെന്തോ ഉപയോഗിക്കാമായിരുന്നു എന്തോ പോലെ തോന്നി (വെറുതെ പറയുന്നതാ ഞാന്‍ ഇതിലും പൊട്ടതരാമ എഴുതുന്നത്‌ )
    ഭംഗിയായി എഴിതി ജാനകി ചേച്ചി ഭാവുകങ്ങള്‍
    സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete
  20. മനസ്സിൽ തട്ടുന്ന കഥ..നന്നായി... :)

    ReplyDelete
  21. വായിക്കെണ്ട്യിരുന്നില്ല എന്ന് തോനുന്നു.
    സങ്കടായി.

    ReplyDelete
  22. എഴുത്ത് മോശമായി എന്നല്ല അതിനര്‍ഥം നന്നായി എന്നാണ്.

    മനസ്സില്‍ വന്നത് എഴുതി കഴിഞ്ഞപ്പോള്‍ തോനിയതാ അങ്ങിനെ തന്നെ കമന്റു ഇട്ടതു

    ReplyDelete
  23. രാവിലെ എണീറ്റ് ഇത് വായിച്ചപ്പോ ഭയങ്കര വിഷമം, എനിയ്ക്കീ അന്തരീക്ഷം ഒട്ടും പരിചയമില്ലാത്തതാണെങ്കിലും അവിടെ നിൽക്കുന്നതു പോലെ തോന്നി......
    അഭിനന്ദനങ്ങൾ......

    ReplyDelete
  24. പ്രിയ സുഹൃത്തേ.. കഥ രണ്ടാവര്‍ത്തി വായിച്ചു. നന്നായി അവതരിപ്പിക്കുവാന്‍ ശ്രമം നടത്തി. പോകാന്‍ മടിക്കുന്ന പുകവട്ടവും ചിതയുടെ പരിണാമങ്ങളും എല്ലാം നല്ല വരികളാണ്. എങ്കിലും അവ്യക്തത തങ്ങി നില്‍ക്കുന്നു പല കഥയിടങ്ങളിലും. അവതരണത്തിലെ ചില പിഴവുകള്‍ ആകാം. (തെറ്റെങ്കില്‍ ക്ഷമിക്കണം ). മരണം പലരും വളരെ എളുപ്പം എഴുതി പോകുന്ന ഒരു വിഷയം ആണ്. പക്ഷെ എഴുതുമ്പോള്‍ ഒരുപാടു ശ്രദ്ധ വേണ്ട സംഗതിയും . പിന്നെ അഞ്ചു വര്‍ഷങ്ങള്‍ വലിയ കാലയളവല്ല. കഥകള്‍ക്ക് പഴക്കം ഇല്ല. ഇന്നും മഹാഭാരതം കൌതുകത്തോടെ നമ്മള്‍ വായിക്കില്ലേ ? പിന്നെ കഥ നിര്‍ത്തിയ ഭാഗം വളരെ ഇഷ്ടമായി .

    ReplyDelete
  25. ഞാന്‍ സ്ഥിരമായ വായനാ ശീലമുള്ള ഒരാളോന്നുമല്ല . . . എങ്കിലും കുറച്ചൊക്കെ വായിക്കാറുണ്ട് . . . ബ്ലോഗ്‌ കളൊക്കെ കുറച്ചു വായിക്കാറുണ്ട് . . . ഇതു വായിച്ചു കഴിഞ്ഞപ്പോ എന്ത് പറയണം എന്ത് ചെയണം എന്നറിയാത്ത ഒരു ശൂന്യത . . .ഇത്തരമൊരു വായനാനുഭവം ഇതെനിക്കദ്യമാണ് . . . വളരെ നന്നായി , ഹൃദയ സ്പര്‍ശിയായി അവതരിപിചിരിക്കുന്നു . . .
    പിന്നെ അക്ഷരതെറ്റുകള്‍ ഇല്ലാത്ത ഒരു മലയാളം ബ്ലോഗ്‌ കണ്ടതിന്റെ സന്തോഷവും മറച്ചു വയ്ക്കുന്നില്ല . . . :)

    ReplyDelete
  26. കഥ വളരെ നന്നായ് ..ഭാവുകങ്ങള്‍

    ReplyDelete
  27. ആദ്യമായിട്ടാ ഞാൻ ഇവിടേ. ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ബാക്കിയെല്ലാം വായിക്കാൻ തിടുക്കമായി.വായനാസുഖം തരുന്ന ആ എഴുത്തിന്റെ ശൈലി ഗംഭീരം.
    കഥ .............അച്ഛൻ ഇല്ലാതായ ആ ദിവസത്തിലേക്ക് പെട്ടന്നു പോയി.മനസ്സ് ഇപ്പോഴും വിങ്ങുന്നു.

    ആശംസകൾ മോളേ.

    പുതിയ പോസ്റ്റ്സ് ഇടുമ്പോൾ അറിയിക്കണേ.

    ReplyDelete
  28. ജീവിച്ചിരിക്കുമ്പോള്‍ കാണാനാവാത്ത നന്മകള്‍ അച്ഛനമ്മമാരില്‍ കണ്ടെത്തുന്നത് പലപ്പോഴും അവര്‍ കടന്നു പോയ്ക്കഴിയുംപോഴാണ്. ജന്മം തീരാക്കടമായി മാറുന്ന ആ വേദന അനുഭവിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ. അച്ഛന്‍ എരിഞ്ഞടങ്ങിയ നിമിഷങ്ങളുടെ തീവ്ര വേദന ഒരിക്കല്‍ കൂടി അനുഭവിച്ചു.
    എച്മു വഴിയാണ് ഇവിടെ എത്തിയത്‌. താമസിച്ചോ എന്ന് സംശയം.
    മരണം ഒരു സനാതന സത്യമായിരിക്കുന്നിടത്തോളം കാലം എങ്ങിനെയും എഴുതാം,അതെപ്പറ്റി. വാക്കുകള്‍ വായനക്കാരനില്‍ എത്തണം എന്നേയുള്ളൂ. അതില്‍ വിജയിച്ചു, അമ്മൂന്റെ കുട്ടി,ജാനകിക്കുട്ടി.

    ReplyDelete
  29. "..മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്ചകൾ കണ്ടു..ആ കാഴ്ച്ചകൾ വലുതും വ്യക്തവുമായിരുന്നു.....!"

    ഈ വായന വല്ലാത്തൊരനുഭവമായി..!
    മകന്റെ ഹ്യദയ വേദന വായനക്കാരിലേക്കെത്തും വിധം നന്നായവതരിപ്പിച്ചു.
    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  30. ഹൃദയത്തെ സ്പര്‍ശിച്ച രചന അസൂയാര്‍ഹം.

    ReplyDelete
  31. അനുവദിച്ച കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് അച്ഛൻ കിടപ്പുണ്ടല്ലോ അതിൽ..! ഓര്‍മ്മകള്‍ എന്നും ദുഖമാണ്... വായിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി ഈ കഥ... കാരണം കണ്ണ് നനയുന്നുണ്ടോ എന്നൊരു സംശയം

    ReplyDelete
  32. ഇതുപോലെ വേദനിപ്പിക്കുന്ന കഥകള്‍ എന്തിനാ എഴുതുന്നത്‌
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  33. നല്ല ഭാഷ.
    വല്ലാതെ ഫീല്‍ ചെയ്യുന്നു.
    ദിവാരേട്ടനെപ്പോലെ, അച്ഛനു, അമ്മയും മരിച്ചുപോയ പലര്‍ക്കും ഇത് സ്വന്തം അനുഭവമായി തോന്നാം.

    ReplyDelete
  34. chechi ente site adrs change cheythu tto

    http://pottatharangal89.blogspot.com/

    http://putumkadalayum.blogspot.com/

    ReplyDelete
  35. വേര്‍പാടിന്റെ വേദന നല്‍കുന്ന/ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന അക്ഷരക്കൂട്ടം.
    ഈ മഴത്തുള്ളികളില്‍ ഓരോന്നിലും നോവിന്‍റെ ഉപ്പും കലര്‍ന്നിരിക്കുന്നു.
    മഴയും കണ്ണീരും കൂടിക്കലര്‍ന്ന ഈ കഥ ഇഷ്ട്ടായി.

    ReplyDelete
  36. ഇവിടെക്കുള്ള വഴി പരിചയമില്ലായിരുന്നു....
    വന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.. ഫോളോവേഴ്‌സ് ഗാഡ്‌ജെറ്റ് വെച്ചാല്‍ നന്നായിരിക്കും..........

    ReplyDelete
  37. മരണാനന്തരം നമ്മള്‍ കാണുന്നത് നമ്മള്‍ കേള്‍ക്കുന്നത്. ഒരു ചിത്രം പോലെ മനസ്സില്‍ പതിഞ്ഞു.

    ReplyDelete
  38. പലപ്പോഴും വന്നിട്ട് ഒന്നും പറയാതെ പോവാറാണ് പതിവ്..ഇത്തവണ പറയാതെ വയ്യ.. നന്നായി...ശരിക്കും മനസ്സിൽ തട്ടി....

    ReplyDelete
  39. ഇവിടെ ആദ്യമായിട്ടാണ്.. കമന്റുകളിൽ നിന്നും കമന്റുകൾ വഴി..
    ഹൃദയ സ്പർശിയായി..ആശംസകൾ..!!

    ReplyDelete
  40. ardramaya varikal,sharikkum nannayi...... aashamsakal..............

    ReplyDelete
  41. വേദനയുടെ , സങ്കടത്തിന്റെ ഒരു തീക്കാറ്റ് വന്നു സ്പര്‍ശിച്ചു പോകുമ്പോള്‍ ഞാന്‍ പറയുന്നു,ഇത് നല്ല കഥ .

    ReplyDelete
  42. വേർപ്പാടിന്റെ വേദനയോടൊപ്പം മരണത്തിന്റെ ഗന്ധങ്ങൾ മണപ്പിച്ച ഈ കുറിപ്പുകൾ നോവിന്റെ സങ്കടങ്ങളാണല്ലോ ..വായനക്കാർക്ക് സമ്മാനിച്ചത്..

    ReplyDelete
  43. ഇവിടെ ആദ്യമാണ് ...
    ഈ കഥ പത്തു കൊല്ലം കഴിഞ്ഞു പറഞ്ഞാലും എന്ത് മാറ്റമാണ് സംഭവിക്കുന്നത്‌ .
    പിതൃ- പുത്ര സ്നേഹം മകന്റെ കണ്ണിലൂടെ കാലം പലപ്പോഴായി വരച്ച ചിത്രങ്ങള്‍
    ആയി മിന്നി മറയുമ്പോള്‍ സ്വാഭാവികമായും ആ വികാരങ്ങള്‍ ഉള്‍കൊള്ളുന്ന എന്റെ
    കണ്‍ കോണുകളും നനഞ്ഞെങ്കില്‍ അവിടെ കഥാകാരി വിജയിച്ചിരിക്കുന്നു ..
    ആശംസകള്‍ . വീണ്ടും വരാം

    ReplyDelete
  44. വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു ഈ കഥ. എനിക്കിഷ്ടപ്പെട്ടു. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്‌റെ കഥ. അച്ഛന്‌റെ സ്നേഹം മനസ്സിലാക്കാന്‍ കഴിയാതെ വരുന്നവര്‍ മരണത്തിന്‌ ശേഷമെങ്കിലും അത്‌ മനസ്സിലാക്കുന്നുവെന്നത്‌ നെഞ്ചില്‍ ഒരു പിട പിടപ്പുണ്‌ടാക്കുന്നു. ആണ്‍മക്കളങ്ങനെയാണ്‌, അല്ലെങ്കില്‍ ആണുങ്ങളങ്ങനെയാണ്‌ ! അവരൊന്നും പുറത്ത്‌ കാണിക്കില്ല. ആ അച്ഛന്‌റെ സ്മരണകള്‍ , ഒാര്‍മ്മ പാടുകള്‍ മായാതെ നില നില്‍ക്കട്ടെ. ഇനിയും വരാം.. ആശംസകള്‍ !

    ReplyDelete
  45. ഇവിടെ ആദ്യമായിട്ടാണ് .. പോസ്റ്റ്‌ വായിച്ചു ,മനസ്സില്‍ തട്ടി .. ആശംസകള്‍ ഇനിയും എഴുതുക

    ReplyDelete
  46. ജീവനുള്ള കഥപോലെ തോന്നി .....ഞാന്‍ നേരിടാത്ത അവസ്തയായിട്ടും എനിക്കു നല്ല ഫീല്‍ തോന്നി.......നന്നായിടുണ്ട് ആശംസകള്‍

    ReplyDelete
  47. ഒന്നര വര്ഷമേ ആയുള്ളൂ ഞങ്ങളുടെ പ്രിയ പിതാവ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്.... കണ്ണുകള്‍ വല്ലാതെ നിറയുന്നല്ലോ കുട്ടീ ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും...

    ReplyDelete