Saturday, January 5, 2013

അധ്യായം



                               


                             കഥ കഥ നായരേ
                                          കസ്തൂരിനായരേ..
                                          കാഞ്ഞിരക്കാട്ടമ്പലത്തിൽ-
                                          തേങ്ങ മൂത്തിളനീരായതെങ്ങിനെ?!!!!!!!“


      അച്ഛന്റെ കാലിൽ പുരട്ടിയ മുറിവെണ്ണയുടെ മണം കയ്യിൽ ബാക്കിനിന്നത് ശ്വസിച്ചു നോക്കിയപ്പോൾ എനിക്കതങ്ങിനെ പെട്ടെന്ന് പാടാൻ തോന്നിയതായിരുന്നു.കമ്പ്യൂട്ടറിൽ ബാർബിപാവയ്ക്ക് മേക്കപ്പ് ചെയ്തു കൊണ്ടിരുന്ന ദ്രാക്ഷ എന്നെ തിരിഞ്ഞു നോക്കിയിട്ട്  വളരെ രഹസ്യമായി അവളുടെ ചേട്ടൻ ദക്ഷനെ നോക്കിയൊന്നു ചിരിച്ചു കാണിച്ചത് ഞാൻ കണ്ടു..മൊബൈൽ ഗെയിമിന്റെ പിരിമുറുകിയിരുന്ന അവന്റെ മുഖം നിമിഷനേരത്തേയ്ക്ക് ഒന്നയഞ്ഞു..
          ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ച വേണി എന്നെയൊന്നു നുള്ളിയിട്ട് ചോദിച്ചു
 .
         “ഇളനീരല്ലേ മൂത്ത് തേങ്ങയാകുന്നത്.പൊട്ട നന്ദാ..
           “ആരു പറഞ്ഞുദാ മൂത്ത ഇളനീരുകൾ രണ്ടെണ്ണം.പതിനൊന്നും..,ഏഴും വീതം വയസ്സുള്ളത്..എന്നാ തേങ്ങയായിട്ടൂല്ല.”

 
  എന്റെ ചൂണ്ടു വിരൽ തങ്ങളുടെ നേരേയാണെന്ന തിരിച്ചറിവിൽ രണ്ടു പേരും ഒന്നിളകിയിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
         “അപ്പാ..നാളെ ലാസ്റ്റായിട്ട് കുളത്തിൽ കുളിക്കണം..” ദക്ഷൻ ഓർമ്മപ്പെടുത്തി ഉറപ്പിച്ചു
      “എനിക്കും…… എന്നിട്ട് ഞാൻ സ്വിം ചെയ്യുന്ന ഫോട്ടോ എടുക്കണം.ഇവിടെ നാട്ടിൽ കുളമുണ്ടെന്നു പറഞ്ഞപ്പോ അവിടെ എന്റെ ഫ്രണ്ട്സൊക്കെ ചോദിച്ചു അതെന്താന്ന്
        “നിന്റെ  കുട്ടി മദാമ്മകളെ കാണിച്ചു,വിശ്വസിപ്പിക്കാൻ എന്റെ കൊളത്തിന്റെ ഫോട്ടൊ തരില്ല..”
              “ പ്ലീസ് അപ്പാ
                      *            *          *         *        *         *       *
      കുട്ടികളുടെ ‘അപ്പാ’വിളികേട്ട് വീട്ടിൽ വന്നു കയറിയ ദിവസം തന്നെ അഛൻ ഒന്നു ഞെട്ടിയതായിരുന്നു
          “ എന്താ നന്ദകുമാര മേനോനെ..? എന്നെ സഹായിക്കാൻ കാറിൽ നിന്നെടുത്ത ലഗേജ് താഴെ വച്ച് എന്റെ ഇരുപത്തെട്ടിനു കാതിൽ വിളിച്ച മുഴുവൻ പേരും വിളിച്ചിട്ട് അച്ഛൻ ചോദിച്ചു” നീ കൃസ്ത്യാനി അപ്പനോ പാലക്കാട് പട്ടരപ്പനോ
              അമ്മയുടെ അഭാവത്തിൽ.., കാറിൽ നിന്നിറങ്ങി നേരെ അടുക്കളയിലെത്തിയിരുന്ന വേണി ഗ്ലാസിൽ തണുത്ത വെള്ളം എനിക്ക് നീട്ടി അച്ഛനോടായി പറഞ്ഞു
          “പപ്പാന്നു വിളിച്ചു ശീലിച്ച കുട്ടികളെ ഇനി അച്ഛാന്നു വിളിച്ചാൽ മതി എന്ന് നിർബന്ധിച്ച് നിർബന്ധിച്ച് അച്ഛനുമല്ല അപ്പനുമല്ല എന്നവസ്ഥയിലായതിന്റെ ഒറ്റ വാക്കാ – അപ്പ..”
           അമ്മ മരിച്ച ശേഷം  അച്ഛന്റെ ചിരി എന്നത് എനിക്കുണ്ടായ ഏതോ സ്വപ്നത്തിൽ കണ്ട കാഴ്ച്ച മാത്രമാണോ  എന്ന  സംശയം നല്ലൊരു ചിരിയിലൂടെ അച്ഛൻ അന്നേരം ദൂരീകരിച്ചു തന്നു 
           മുൻ തലമുറകളുടേയും രക്തബന്ധങ്ങളുടേയും ഗന്ധമേൽക്കാൻ..,സാഹചര്യം ഔദാര്യപൂർവ്വം അനുവദിച്ചത് എട്ടു ദിവസങ്ങൾ മാത്രമായിരുന്നുറിട്ടയേർഡ് നകുലൻ മാഷ് അഛനും മുത്തഛനും ദിവാസ്വപ്നചാരിയായും ഒറ്റയ്ക്ക് ജീവിക്കുന്ന തറവാട്ടിലേയ്ക്ക് ഞാൻ എന്റെ എട്ടു ദിവസങ്ങളെ അഴിച്ചു വിട്ടു.അപ്പോഴൊക്കെ പതിനൊന്നുകാരനും ഏഴു വയസ്സുകാരിയും അവരുടെ അമേരിക്കൻ കുട്ടിത്തത്തെ.., ഓണം കേറാമൂലയിലെ  പഴയ തറവാട്ടിൽ ഉൾക്കൊള്ളിക്കാൻ ഇടം കണാതെ വലയുകയായിരുന്നു.ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളിൽ.., അടുത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ അവരുടെ കുഞ്ഞി ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ചു..
           “ലെറ്റ് അസ് ഗോ അപ്പാ. ഇത് കുട്ടി ജംഗിൾ പോലെയുണ്ട്….
      തറയോടിന്റെ ഈർപ്പം കിനിഞ്ഞതിൽ എന്റെ മുട്ടുകാലമർത്തിയിരുന്ന് ഞാൻ അവളെ ഇരുകൈകളിലുമായി അണച്ചു…“ ഇതാണ് അഛന്റെ വീട്നിങ്ങൾടേം……
            “അപ്പോ അവിടെ നമുക്ക് ഓൺഫ്ലാറ്റുണ്ടല്ലോ..!!!?”
   “അതേയ് അതൊന്നും നമ്മടെ സ്വന്തല്ല .തോന്നണതാ.” ഞാൻ ദ്രാക്ഷയെ ഉമ്മ വച്ചുഅവളുടെ വെളുത്ത കുഞ്ഞി കൈ നിവർത്തി  നീലഞരമ്പുകൾ  തൊട്ടു കാണിച്ചു..തെളിഞ്ഞ നിലാവിൽ ഇലയില്ലാത്ത ഒറ്റമരത്തിന്റെ നിഴൽ വീണപോലുള്ള ഞരമ്പുകൾ..!- 


    “ഇതിൽ കൂടി ഒഴുകണ ബ്ലഡില്ലേഅത് നിന്റെ മാത്രല്ല, ഈ അച്ഛന്റേം., അപ്പുപ്പന്റേം..,അപ്പുപ്പന്റച്ഛന്റേം അങ്ങിനങ്ങിനെ കൊറേ പേരുടെ അവകാശത്തിന്റെ ഒപ്പിട്ടു വച്ചിരിക്കുന്നതാ...ഒപ്പെന്നാൽ ‘സൈൻ‘   .ചുറ്റും നോക്കിയാൽ  കാണാൻ പറ്റാത്ത അവരൊക്കെ ദ്രാക്ഷേനേം ദക്ഷനേം നോക്കിയിട്ട് എന്താ പറയുന്നുണ്ടാവുക.!!!?” ഗൂഡമായൊരു നിശബ്ദത അല്പനേരത്തേയ്ക്ക് ഉറഞ്ഞു കൂടി.
      “എന്താ പറയുന്നുണ്ടാവുക!!!!?  രണ്ടു പേരും ചുറ്റും നോക്കിയിട്ട് എന്റെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു..
     “ ദാ കണ്ടില്ലേനമ്മടെ കുഞ്ഞുങ്ങളാണത്.ദ്രാക്ഷയും ദക്ഷനുംആ കണ്ണും മൂക്കും ചുണ്ടുമൊക്കെ നോക്ക്, നമ്മടെ പോലില്ലേ..?‌-  എന്നാ അവരൊക്കെ പറയുന്നുണ്ടാവുക 
              ദ്രാക്ഷ മൂക്കു ചുളിച്ച് സ്വന്തം ചുണ്ടിൽ തൊട്ടു.ദക്ഷൻ എളിക്ക് കയ്യും കുത്തി നിന്ന് എന്നെ ഭീഷിണിപ്പെടുത്തി…..” കുട്ടികളെ പേടിപ്പിക്കണ സ്റ്റോറി പറയരുതെന്ന് മമ്മ പറഞ്ഞിട്ടില്ലേ.ഞാൻ പറഞ്ഞു കൊടുക്കും
            ഞാനും എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി.ശീലമില്ലായ്മയിൽ അത് അപ്പോൾ തന്നെ അഴിഞ്ഞ് വീഴുകയും ചെയ്തു……

   അടുക്കള പറമ്പിലേയ്ക്ക് ചെരുപ്പിടാതെ ചെന്നപ്പോൾ അഛൻ ആരേയോ ശാസിക്കുകയായിരുന്നു.. ദേവിവിലാസം അപ്പർ പ്രൈമറി സ്കൂൾ ഹെഡ്മാഷിന്റെ ശാസനാ ഗാംഭീര്യത്തിന് റിട്ടയേർഡായി കാലം കുറേ കഴിഞ്ഞെങ്കിലും ഒരുടവും തട്ടിയിട്ടില്ല
              ഈ കപ്പളങ്ങ മരത്തിന്റെ മേലേയ്ക്ക് കയറിയാൽ കാലാകാലം  അതിനു നിന്നെ താങ്ങാൻ പറ്റോ വിഡ്ഡി..ഇത്രയ്ക്കും വിവരൂല്ലാണ്ടായോ.?”

       പണ്ടത്തെ പറമ്പു  പണിക്കാരൻ അന്തോണി അച്ഛന്റെ മുന്നിൽ തലയും താഴ്ത്തി നിൽക്കുന്നത്  പ്രതീക്ഷിച്ചു ചെന്ന എന്നോടായി  പറഞ്ഞു..- “മാവുമ്മേൽ ഇഷ്ടം ചുറ്റി വരിഞ്ഞ് കയറാൻ സ്ഥലമുണ്ടായിട്ടും നൊരച്ച് നൊരച്ച്  ചെല്ലുവാ കപ്പളങ്ങേടെ നേരേ
        ഞാൻ നോക്കുമ്പോൾ, കുരുമുളകു വള്ളിയിലെ പൊടിപ്പിൽ ഒരെണ്ണം കപ്പളങ്ങാ മരത്തിലേയ്ക്ക് നാമ്പു നീട്ടി ഒന്നു വലഞ്ഞു ചുറ്റിയിരിക്കുന്നു.. കൂട്ടുകാർ തോളിൽ കയ്യിട്ട് നിൽക്കുന്ന പോലെ തോന്നി അതു കണ്ടപ്പോൾ……..

             “അന്തോണി വരാറില്ലേ.........?  അതിനു മറുപടിയുണ്ടായില്ല

              അച്ഛൻ ചേമ്പുകൾക്കിടയിലെ കള പറിയ്ക്കുന്നത്  ശ്രദ്ധിച്ച് ഞാനും പറിയ്ക്കാൻ തുടങ്ങി
             “ഞാൻ സ്കൂൾ വഴി വെറ്തേ നടന്നച്ഛാ.....?

              അതു നന്നായി...ചെലപ്പൊ ഇനി വരുമ്പോ അതുണ്ടാവില്ല..കുട്ടികളില്ലാത്തോണ്ട് സർക്കാര് പൂട്ടാൻ വച്ചിരിക്കുന്ന ലിസ്റ്റിൽ പെട്ടുകിടക്കുന്നതാ....

         “ആണോ ...? അവിടെ മൈതാനത്തിന്റെ വടക്കുപടിഞ്ഞാറേ അറ്റത്തെ ഇലഞ്ഞിമരം കണ്ടില്ല..! ! ! ? അതിന്റെ ചോട്ടിൽ അമ്മ പാട്ടു ക്ലാസെടുക്കുന്നുണ്ടോന്ന് വെറുതെ നോക്കിപ്പോയതാ....നളിനിടീച്ചറുടെ പാട്ടുക്ലാസും..,നകുലൻ മാഷിന്റെ ചൂരലും അക്കാലത്ത് അവിടെ കയറിയിറങ്ങിയ ആർക്കും മറക്കാൻ പറ്റില്ലല്ലോ.........”  

       ഞാൻ അച്ഛന്റെ പ്രതികരണം കാത്തു.......” മകനായിട്ടല്ല...പൂർവ്വവിദ്യാർഥിയായിട്ടാ പറഞ്ഞത്.......”

               അച്ഛൻ നിവർന്നു നിന്ന് എന്നെ നോക്കിയിട്ട് കയ്യിൽ കൂട്ടിയെടുത്ത കളകൾ തെങ്ങിൻ തടത്തിലേയ്ക്കിട്ടു

                               *             *           *          *             *


        ചെറുപ്രാണികൾ ആർത്തു പറക്കുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇറയത്തെ കസേരകളിൽ ഞാനും അച്ഛനും പുറത്തെ ഇരുട്ടു നോക്കിയിരുന്നു......... 

              “ നിനക്ക് ഒറപ്പായിട്ടും പോണോ.......?”

              “ അല്ലാതെങ്ങിനാച്ഛാ.......ജോലീം..,അവരുടെ സ്കൂളും....അതൊക്കെ പെട്ടെന്നൊന്നും മാറ്റം വരുത്താൻ പറ്റില്ലല്ലോ.......”

            “ഇവിടിപ്പോ.നല്ല സ്റ്റാൻഡേർഡ് സ്കൂളുകളൊക്കെ ഉണ്ട്....അവരെ ഇവിടെ നിർത്തീട്ട് നീ പോയി പതുക്കെ വന്നാൽ പോരേ.....?”

            അച്ഛൻ എന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു.. മൺചട്ടിയിൽ പുകയുന്ന തുമ്പയുടെ പ്രതിരോധത്തിൽ കൊതുകുകൾ ചോരകുടിക്കാനുള്ള സമയം കിട്ടാതെ വെപ്രാളത്തോടെ പറന്നു നടന്നു....

            “ അവർക്കതൊന്നും ശരിയാവില്ല....”  ആകാംക്ഷയോടെ എന്നെ നോക്കിയിരുന്ന അച്ഛന്റെ മുന്നിൽ എന്റെ തല താണു...

              “ ‘അ‘  പോലുമറിയില്ല.........”

             “ ‘അ’ !? നമ്മടെ ‘അ’.....അതു പോലും അറിയില്ലേ.....! ! .?"

          "അച്ഛന്റെ   മുഖം ചുവന്നു..ദേഷ്യവും..പുച്ഛവും.,നിസഹായതയുമൊക്കെ കലർന്ന അപൂർവ്വ ഭാവത്തിൽ എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് അരികത്ത് വന്ന് കുനിഞ്ഞ് അമർത്തി ചോദിച്ചു.

            നിങ്ങള് അച്ഛനും ,അമ്മേം ആണെന്ന് അവർക്കറിയാമോ...?  എങ്കീ ഇതും അറിയണം......”

           “ആഗ്രഹമല്ലച്ഛാ...സമയമാണില്ലാത്തത് അവരെ അതൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ..”

            “ അതിനു നിനക്കറിയോ വല്ലതും......” വാളോങ്ങിയ പോലൊരു ചോദ്യമായിരുന്നു അത്....

       അച്ഛനെന്തു ചോദ്യമാണീ ചോദിക്കുന്നത്!!?  മലയാളാധ്യാപകന്റെ മകനായ എന്നോട്..  !?അതും പറ്റാവുന്നിടത്തോളം മലയാളം മാധ്യമമാക്കി വിദ്യാഭ്യാസം ചെയ്ത എന്നോട്...!!!?

              ഞാൻ ചിരിച്ചു കാട്ടി......

              “ചിരിക്കാതെ പറയ്...മലയാള അക്ഷരങ്ങൾ എത്ര........?

         “അക്ഷരങ്ങൾ....! അൻപത്തെട്ടല്ലേ....!?  “ പ്രതീക്ഷിക്കാത്ത ചോദ്യത്തിൽ ഞാനിടറി പോയി...........”അൻപത്തിമൂന്നാണോ.....?

       “ അൻപത്തിരണ്ട്........” നകുലൻ മാഷ് അങ്ങിനെ പറഞ്ഞ് തൂണിന്റെ മുകളിലേയ്ക്ക് കയ്യെത്തിച്ച് വലിച്ചെടുത്തത് ആ പഴയ ചൂരൽ തന്നെയെന്ന് ഞാൻ അവിശ്വസനീയതയോടെ മനസിലാക്കി.......

              “അതിൽ സ്വരങ്ങളെത്ര....?“

        എത്ര..! ! !?    എത്രയായിരുന്നത്....? ഞാൻ മനസ്സുകൊണ്ട് വിരൽ തൊട്ടെണ്ണി.... അ-ഒന്ന്..ആ-രണ്ട്....ഇ-മൂന്ന്......................................................

    “പതിനാറ്....” ഉത്തരം അച്ഛനിൽനിന്നു തന്നെയായിരുന്നു..... “ സ്വരാക്ഷരങ്ങൾ പതിനാറെന്ന്...ഇനി വ്യഞ്ജനങ്ങൾlഎത്രയെണ്ണമുണ്ട്.....? ചില്ലക്ഷരങ്ങളോ....??”

           എന്നെ ആശയക്കുഴപ്പത്തിൽ പെടുത്തുന്ന കുറേ ചോദ്യങ്ങളുടെ ഒറ്റരൂപമായി അച്ഛൻ മുന്നിൽ നിന്നു.....നേരത്തെ എണ്ണി മടക്കി വച്ചിരുന്ന വിരലുകൾ നിവർത്തി ഞാൻ കൈനീട്ടി......

               “വ്യഞ്ജനം മുപ്പത്തിയാറ്....,ചില്ലക്ഷരങ്ങൾ..അഞ്ചെണ്ണം.........”

   മലർത്തിയ എന്റെ ഉള്ളം കൈ ഒന്നു പുകഞ്ഞു................കൈ കുടഞ്ഞ് കാലുകൾക്കിടയിലൊതുക്കിയ ഞാൻ പ്രായവും കാലവും മറന്ന് അമ്മയെ പരതിപ്പോയി

             ഞാൻ അമ്മേയെന്ന് വിളിച്ചതുകൊണ്ടാവണം അച്ഛൻ സ്വപ്നത്തിൽ  നിന്നുണർന്നപോലെ ചൂരൽ താഴെയിട്ട് എന്റെ കൈ കടന്നെടുത്തു...

         “അയ്യോ  നന്ദാ നിനക്കു വേദനിച്ചോ...?”  ഉമ്മറപ്പടി വരെയെത്തി..,അച്ഛന്റേയും അപ്പുപ്പന്റേയും ‘കളി‘. ഇതെന്ത് എന്നു പകച്ച ദ്രാക്ഷയെ ഞാൻ കണ്ടു...

           “ഇല്ലച്ഛാ.......” അച്ഛന്റെ കണ്ണുകളിലെ അബദ്ധഭാവം കണ്ടപ്പോൾ എനിക്കു സഹതാപം തോന്നി..

          “എനിക്കു വേദനിച്ചില്ലച്ഛാ.. എന്റെ തലമുറയ്ക്കും..പുതിയതലമുറയ്ക്കും  വരാനിരിക്കുന്നവർക്കും അത്യാവശ്യമായ ഒരടി.. അതു മാത്രമല്ലേ എനിക്ക് കിട്ടിയുള്ളു....“

              താഴെ കിടന്ന ചൂരലെടുത്ത് ഞാൻ അച്ഛനു കൊടുത്തു.....ദ്രാക്ഷയെ മാടി വിളിച്ച് അച്ഛൻ കസേരയിലേയ്ക്ക് ചാരിയിരുന്നു.....ആ കയ്യിലെ ചൂരൽ കണ്ടാവണം അവൾ മടിച്ച് അടുത്തു വന്നു അവളെ വാരിയെടുത്ത ഞാൻ, താഴെ ഇരുന്ന് അച്ഛന്റെ കാൽ ചുവട്ടിലേയ്ക്ക് നിരങ്ങി ചേർന്നിരുന്ന്.. നീർകെട്ടിൽ ചുളിവുകൾ നിവർന്ന ആ കൈത്തണ്ട  പതുക്കെ തലോടി

               “ ഒന്ന മറന്നിട്ടല്ലച്ഛാ...... പെട്ടെന്ന് കിട്ടീല്ലാ....അതാ......”

                      എന്റെ മുടിയിൽ അച്ഛൻ വിരലുകളോടിച്ചു  

              “നന്ദാ....ഒരു ഭാരവുമില്ലാത്ത ഒന്ന്....ബാഹ്യമായി ഒരിഞ്ച് സ്ഥലം പോലും ഇരിക്കാൻ വേണ്ടാത്ത ഒന്ന്..ഒരു ശല്യോമില്ലാതെ അതങ്ങിനെ കൂടെ കൂടിക്കോളും - നമ്മടെ ഭാഷ..... നമ്മളകറ്റാതിരുന്നൽ മതി അതിനെ...... അതിനു വ്യാകരണവും...ഡിക്ഷണറിയും ചമച്ച ആദ്യസ്ഥാനക്കാരനെ രേഖപ്പെടുത്തിവച്ച നമ്മൾക്ക്.., കണ്ണൂരെ ഏഴാച്ചേരി ഗുരുക്കൻ മാരെ അറിയാമോ?.. ഹെർമൻ ഗുണ്ടർട്ടിനു മലയാളം എഴുതാനും വായിക്കാനും കൃതികൾ തയ്യാറാക്കിക്കൊടുത്തതും അവരാണെന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ നീ,,,?

                ദൈവമേ...! ! !...അങ്ങിനെയൊന്ന് ഞാൻ കേട്ടിട്ടില്ല...അച്ഛന്റെ മടിയിലിരുന്ന് അത്ഭുത കഥകൾ കേൾക്കുന്ന കുട്ടിയായി മാറിഞാൻ....

                  “ ചരിത്രം പോലും ചെലരേയൊക്കെ മറന്നുകളയും...... പിന്നെയാണോ ബലം കുറഞ്ഞ എന്റെ മസ്തിഷ്ക്കം  എല്ലാം ഓർമ്മയിൽ വയ്ക്കുന്നത്......?..ഇവ്ടെ നിന്റെ അമ്മയില്ല...നീയില്ല....നാളെ നമ്മടെ ദേവിവിലാസം സ്കൂളില്ല..പിന്നെ പിന്നെ എന്റെ ഓർമ്മയും പതുക്കെ ഇല്ലാണ്ടാകുമായിരിക്കും... ആ സമയത്ത് നീ വന്ന് എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കണം.... മരിക്കണ സമയം വരെ ഞാൻ ജീവിച്ചദീർഘ കാലത്തെ മറന്ന് മരണം എന്ന ഒറ്റ നിമിഷത്ത മാത്രം അറിഞ്ഞ് അംഗീകരിച്ച് കൊടുക്കാൻ ഒരു മടിയുണ്ടെനിക്ക്...മരണത്തിനു മുന്നിൽ ഉയർത്തി നിൽക്കനൊരു മസ്തകം പോലെഎന്റെ ഓർമ്മകൾ എന്റെ കൂടെ ഉണ്ടാവണം..” 

              അലസമായിക്കിടന്ന എന്റെ മുടി മുകളിലേയ്ക്കൊതുക്കി അച്ഛൻ നെറ്റിയിൽ ചുണ്ടമർത്തി എന്റെ ബാല്യത്തിലെന്നോ ഏറ്റുവാങ്ങി മറന്നു പോയ ഒരു നിമിഷത്തിന്റെ തനിയാവർത്തനം..എന്റെ മടിയിൽ എന്റെ മകൾ ദ്രാക്ഷ.... അവളെന്നെ കെട്ടിപ്പിടിച്ചു.....

                              *      *        *        *        *         *         *

           നാട്ടിലെ യാത്രപറച്ചിലിനിടയിൽ അച്ഛൻ ദ്രാക്ഷയുടെ തോളിൽ തൂക്കിയിട്ടു കൊടുത്ത നീല നിറമുള്ള സ്കൂൾ ബാഗ് - അലാസ്കയിലെത്തുംവരെ അവൾ മാറ്റിയിട്ടില്ലായിരുന്നു.

   അമേരിക്കൻ മണ്ണിന്റെ വേവുന്ന മണമായിരുന്നു എങ്ങും... എയർപോർട്ടിലെ പരിശോധനാക്രമങ്ങൾക്കിടയിൽ കയ്യിൽ തൂക്കിയിരുന്ന ലഗേജിൽ നിന്നും അച്ചാറുകളും ചക്കവരട്ടിയതുമൊക്കെ പുറത്തു വന്നു.....എട്ടു ദിവസം സാരി ചുറ്റി ക്ഷീണിച്ച വേണി ജീൻസിലും ടീ ഷർട്ടിലും കയറി ആശ്വസിച്ച് നിന്നുകൊണ്ട് - ബാഗിലെ വിഭവങ്ങൾ എല്ലാം അച്ഛന്റെ പണിയാണെന്ന് ആംഗ്യത്തിലൂടെ എന്നെ അറിയിച്ചു.. 

           മണത്തും രുചിച്ചും നോക്കിയ ശേഷം  ബോധ്യപ്പെട്ട സാധനങ്ങൾ ഞാൻ ബാഗിൽ അടുക്കി വയ്ക്കാൻ തുടങ്ങി..താമസസ്ഥലത്തേയ്ക്ക് ഇനിയുമുണ്ട്   ദൂരം....ബാഗിന്റെ സിബ്ബ് അടയ്ക്കുന്നതിനു മുൻപ് പെട്ടെന്നു കടന്നു വന്ന ഒരു ഉമ്മയുടെ ഓർമ്മയിൽ ഞാനെന്റെ നെറ്റിയിൽ തൊട്ടു ..

        “ അപ്പാ...ദ്രാക്ഷേടെ ബാഗില്  ഒരു പാക്കറ്റ്....! അതെന്താന്നു ചോദിക്കുന്നു അവര്....”ദക്ഷൻ എന്റെ കൈ പിടിച്ചു വലിച്ചു......

      “ ബാഗിലോ..!!? അതിൽ നെറച്ച് കാർട്ടൂൺ സിഡികളും പെയ്ന്റിംഗ് ബുക്കുകളുമായിരുന്നല്ലൊ“
      
   പരിശോധകർ  ഉയർത്തിപ്പിടിച്ച പാക്കറ്റ്, കട്ടിയുള്ള  വെള്ളക്കടലാസുകൊണ്ട്  പൊതിയപ്പെട്ടതായിരുന്നു.. മഷിപ്പേന കൊണ്ട് വലിയ അക്ഷരത്തിലതിനു പുറമേ എഴുതിയിരുന്നത് ഞാൻ വായിച്ചു....‘എന്റെ കുഞ്ഞുങ്ങൾക്ക്

        അധികം കനമില്ലാത്ത ബലമുള്ള എന്തോ ഒന്ന്..!  !  കൈകൾ കൊണ്ട് പരതി ഊഹിക്കാൻ ശ്രമിച്ച ഞാൻ പരാജയപ്പെട്ട്  പരിശോധകർക്കു മുന്നിൽ ഉത്തരമില്ലാതെ നിന്നു...    

      “.എന്താണിതിൽ.....! ! ?” വേണി എന്റെ അടുത്തേയ്ക്ക് നിന്നു ചോദിച്ചു.. കുട്ടികളും ആകംക്ഷയോടെ നിൽ‌പ്പാണ്.....

            “ സോറി.........”  ഉദ്യോഗസ്ഥരുടെ നീട്ടിയ കൈകളിലേയ്ക്ക്   എനിക്കതു കൊടുക്കേണ്ടി വന്നു...

              വെള്ളക്കടലാസിനകത്ത് പിന്നെയും പിന്നെയും കടലാസുകൾ! ! ! ! മാന്ത്രിക വാതിലുകൾ തുറക്കുന്ന പോലെ അത് തുറന്നു കൊണ്ടിരുന്നു....! !  

              ഒരു മിന്നൽ..- എന്നാൽ ഏറ്റവും തണുത്തത്, അതെന്റെ കാൽ വിരൽ തൊട്ട് നെറുക വരെ ഒറ്റ നിമിഷം കൊണ്ട് തണുപ്പിച്ചു....

            പൊതിയിൽ - മരത്തിന്റെ ഫ്രെയിമിട്ട, പഴയ കറുത്ത കളിമൺ സ്ലേറ്റ്.....! ഏതാനും ഒടിഞ്ഞ സ്ലേറ്റ്പെൻസിലുകൾ.....! ചെറിയ പ്ലാസ്റ്റിക് കവറിൽ വേരോടെ പിഴുതെടുത്ത മഷിപ്പച്ച...! അതു വാടിയിരിക്കുന്നു.. നിറം മങ്ങിയ ഫ്രെയിമിൽ കൂർത്ത എന്തോ  കൊണ്ട് വരഞ്ഞുണ്ടാക്കിയ., കാലം അവ്യക്തമാക്കിയ അക്ഷരങ്ങൾ.....!ഞാനത് പണിപ്പെട്ട് കൂട്ടിവായിച്ചു..

             ‘നന്ദകുമാർ - ]]] - C അതു കോറിയ കാരമുള്ളുകൾ ഹൃദയത്തിൽ തറഞ്ഞു നിന്നു..

             “നന്ദാ...”  വേണിയുടെ കൈകളിൽ എന്റെ ഇടതു കൈത്തലം ഒന്നമർന്നയഞ്ഞു....

         “ അപ്പാ..” വാടിയ മഷിപച്ചയുടെ കവർ പിടിച്ച്  എന്റെ കയ്യിലെ സ്ലേറ്റ് വാങ്ങാൻ  ശ്രമിക്കുകയായിരുന്നു ദ്രാക്ഷ..ഞാനതു കൊടുത്തില്ല..വേണി അവളേയും ദക്ഷനെയും ചേർത്തു പിടിച്ച് മഷിപ്പച്ച ഭദ്രമായിഅവളുടെ  ഹാൻഡ് ബാഗിൽ വച്ചു...
  
               “ ഇത് നമ്മടെ ഫ്ലാറ്റിലെ ചെടിച്ചട്ടീല്  നട്ടു വയ്ക്കാം കേട്ടോ...”

                 “ഇതെന്തിനാമ്മാ...?

              “എല്ലാം മമ്മ കാണിച്ചു തരാം...ദ്രാക്ഷയാണിതിനു ദിവസവും വെള്ളം ഒഴിക്കുക അല്ലേ..?

                അവർ എന്നെയും കടന്ന് പതുക്കെ മുന്നോട്ട് നീങ്ങി തുടങ്ങിയിരുന്നു...പക്ഷെ എന്നെ പിൻ നടത്തിക്കുന്നതാരാണ്....! ! ? പുറംതേപ്പടർന്ന് ചെങ്കല്ലുകൾ തെളിഞ്ഞ എന്റെ പഴയ ദേവിവിലാസം സ്കൂളിലേയ്ക്ക്......! ഒടിഞ്ഞ ചോക്കുകഷ്ണങ്ങൾ ഒളിപ്പിച്ച വള്ളിനിക്കറിന്റെ കീശയിലേയ്ക്ക്..! ചൂരൽ പേടിയിൽ ഓടിയണച്ച് മുഖമമർത്തിയ അമ്മയുടെ നെഞ്ചിലേയ്ക്ക്....!മഷിപ്പച്ച തേടിനടന്ന വരമ്പിലേയ്ക്ക്....!   പിൻ നടത്തം ഒറ്റയ്ക്കല്ല......ഞാൻ ഒറ്റയ്ക്കേയല്ല ..!  വള്ളിനിക്കറുകാരൻ അച്ഛന്റെ കൈ പിടിച്ചു.........

                  അവൻ നെഞ്ചിൽ ചേർത്തു വച്ചിരുന്ന കളിമൺ സ്ലേറ്റിൽ  സാധാരണയിൽ സാധാരണക്കാരനായ ഒരു പ്രൈമറി സ്കൂൾ മാഷിന്റെ  ആദ്യ അധ്യായം  -‘ അ - അമ്മ....’


                      >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>.
  
                            


             


                   

Friday, August 10, 2012


              ദൈവപുത്രന്റെ  അമ്മയ്ക്ക്  പറയുവാനുള്ളത്


 കുറ്റബോധത്തിന്റെ കനത്ത പുക മഞ്ഞിനെ ഉരുക്കാൻ പാകത്തിലായിരുന്നു സാറയുടെ ചൂട്അത് അവളുടെ രൂപം  ഉൾക്കൊള്ളുന്ന അത്രയും സ്ഥലത്തേയും പിന്നെ ചുറ്റുമുള്ള അല്പം സ്ഥലത്തെ കൂടിയും വെളിവാക്കി നിൽക്കുകയായിരുന്നു..അവളുടെ മുൻപിൽ ഫാദർ:ഗബ്രിയേൽ തന്റെ നീളൻ കുപ്പായത്തിനുള്ളിൽ പുരുഷത്ത്വം കവിഞ്ഞൊഴിഞ്ഞ തളർച്ചയോടെ നിന്നു.  സാറയുടെ തറഞ്ഞ നോട്ടത്തിനു മുന്നിൽ അയാളുടെ നിസ്സംഗതയും നിസ്സാരതയും ഗാംഭീര്യവും സമാധാനവും ഒരു ചുഴലികാറ്റിൽ കൂട്ടിയിട്ടെന്നപോലെ കൂടിക്കുഴഞ്ഞ് ഒന്നും ഒന്നുമല്ലാതായി തീർന്ന അവസ്ഥയാലായിരുന്നു..ഊരിവച്ച കൊന്ത തിരിച്ചെടുത്ത് സാറ അയാളെ അളന്നു നോക്കി പറഞ്ഞു


“അച്ചോ,വിലക്കപ്പെട്ട കനി ഹവ്വ നിർബന്ധിച്ചില്ലെങ്കിലും ആദം തിന്നുമായിരുന്നു.ഇല്ലേ..?”


അച്ചനു മറുപടി ഉണ്ടാവില്ല എന്ന മുന്നറിവോടെ സാറ  മേടയുടെ വാതിലിറങ്ങി കൊന്ത കഴുത്തിലണിഞ്ഞ് നടക്കുമ്പോൾ 53 മണികളുള്ള അതിന്റെ അറ്റത്ത് തൂങ്ങുന്ന കുരിശ് അവളുടെ നെഞ്ചിൽ നിസ്സഹായതയോടെ താളം തട്ടി ക്കിടന്നു


ഇതിനൊക്കെ  ഒരു മണിക്കൂർ മുൻപായിരുന്നു സാറ മേടയിലെത്തിയത്.പക്ഷെ അതിലും എത്രയോ ദിനങ്ങൾക്കു മുൻപേ ഗബ്രിയേലച്ചൻ അവളെ തന്റെ ഒപ്പം സങ്കൽ‌പ്പിച്ചിരുന്നു..!! മുപ്പത്തഞ്ച് വയസ്സിലും നിസ്സഹായതോടെ കന്യകാത്വവും ചുമന്ന്. താഴെയുള്ള മറ്റു നാലു കന്യകമാരുടെ കാവൽക്കാരിയായി..ജീവിതത്തി്ന്റെ നിസ്സംഗത മുഖത്ത് പരത്തിയമർത്തി വച്ച അവളെ  എന്തു ധൈര്യത്തിലാണ്  താൻ മേടയുടെ സ്വകാര്യതയിലേയ്ക്ക് ആനയിച്ചതെന്ന്, യേശുവിന്റെ ക്രൂശിതരൂപം നോക്കി, നുകം കെട്ടിയ കാളയുടെ ദൈന്യതയോടെ അയാൾ ചോദിച്ചു കൊണ്ടിരുന്നു……


ചെറുപ്പകാലത്ത് ലിംഗഭേദമില്ലാതെ തൊങ്കിത്തൊട്ടു കളിക്കുമ്പോൾ പിടച്ചുയരുന്ന പാവാടകൾ കാണിച്ചു തന്ന മുട്ടുകാലുകളായിരുന്നു ആക്കാലത്ത് താനൊരു പുരുഷനാണെന്ന് അയാളെ സ്വയം ബോധ്യപ്പെടുത്തിക്കൊടുത്തത്.ആ ബോധ്യപ്പെടലിന്റെ അമ്പരപ്പിൽ അയാൾ വിളിച്ചു-  “ഈശോയേ..” വള്ളിനിക്കറിന്റെ മുൻഭാഗത്തേയ്ക്കു ചൂണ്ടി സർവ്വചരാചരങ്ങളും അന്നയാളെ നോക്കി ഉറപ്പിച്ചു പറഞ്ഞു..   “ഇതാണു നീ.. നീ നീയായി കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അവളെ തിരയാം..

“ഏതവൾ..!!!!!!!“  ചോദ്യം കേട്ട്, ചൂണ്ടിയ വിരൽ മൂക്കത്തു വച്ച് ചരാചരങ്ങൾ ചിരിച്ചു കുഴഞ്ഞു മറിയുന്നത് അയാൾ കണ്ടു..

        *     *    *   *    *    *    *    *    *    *   *    *    *     *   *    *    *    *   *   *   *   *   *    *
നാലുവശങ്ങളിലും കുന്നുകൾ വളർന്ന്. ഒരു കുളം പോലെ തോന്നിച്ച, അതിന്റെ നടുത്താഴ് വരയിൽ., ഒറ്റപ്പെട്ടുപോയ മറ്റൊരു ലോകം പോലെയായിരുന്നു അയാളുടെ നാട്.ഇടയ്ക്കു ചാർത്തികിട്ടിയ ‘ഗബ്രിയേൽ‘ എന്ന പേരിനു മുൻപ് എല്ലാവരും അയാളെ  ‘ആന്റോ‘  എന്നു വിളിച്ചു..ജീവിതത്തിനു ചുറ്റുമൊരു മതിൽകെട്ടെന്ന് തോന്നിപ്പിച്ച നാലുകുന്നുകളിൽ, രണ്ടെണ്ണത്തിന്റെ ഇടയിൽ കൂടി പുറം ലോകത്തേയ്ക്ക് ചരടുകെട്ടിയ പോലെ ഒരു  ചെമ്മൺ റോഡ് കിടന്നിരുന്നുഅതിലൂടെ പുറം ലോകത്തേയ്ക്ക് എത്തുമ്പോൾ ,സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ആ റോഡ് രണ്ടായി പിരിഞ്ഞു പോകുന്നുവെന്ന് ബാല്യത്തിൽ അയാൾ വിശ്വസിച്ചിരുന്നു അവിടേയ്ക്ക് സൈക്കിൾ ആഞ്ഞുചവിട്ടി പോയി വരുന്ന അപ്പന്റെ കയ്യിലെ പച്ചക്കറികൾ സ്വർഗ്ഗത്തിൽ നിന്നുള്ളവയും, മത്സ്യമാംസങ്ങൾ നരകത്തിൽ  നിന്നുള്ളവയുമാണെന്ന് ആന്റോ എന്തോ ഉൾപ്രേരണയാൽ  പറഞ്ഞിരുന്നു..അതു കേട്ട് അപ്പൻ നിറഞ്ഞ് ചിരിച്ചു……ദൈവവിളിക്കുള്ള ലക്ഷണങ്ങളായി കണ്ട്..അമ്മ കൃഷ്ണമണികൾ മറിച്ച് തൽക്ഷണം പ്രാർഥിച്ചു .” സ്വർഗ്ഗസ്ഥനായ പിതാവേ കുടും ബത്തിൽ നിന്നെന്റെ ആന്റോയ്ക്കെങ്കിലും ദൈവവിളിയുണ്ടാകണേ..”

അമ്മയുടെ പ്രാർഥന, പച്ചയായ ജീവിതത്തിന്റെ  പല പരമാർഥങ്ങൾക്കും  മുകളിൽ അഴിയാത്ത വലയാണ് വിരിച്ചിരിക്കുന്നതെന്ന് അറിഞ്ഞു വരുമ്പോൾ, ഉഴിഞ്ഞിട്ടവന്റെ നിസ്സംഗതയും പേറി, ആന്റോ എന്ന പുരുഷൻ ..,സങ്കൽ‌പ്പങ്ങളിൽ തിരഞ്ഞു കൊണ്ടിരുന്ന “അവളെ“ ,ആരുമറിയാതെ പ്രാപിച്ചുകൊണ്ടിരുന്നു.. അവളുടെ ശരീരത്തിന് കണ്ടു ശീലിച്ച, അല്ലെങ്കിൽ കണ്ടു കളഞ്ഞ ഒരു മുഖം കൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നടുക്കത്തോടെ..‌- “അയ്യോ അവളെന്റെ സഹോദരിയാകുന്നു .. എന്നെയെന്തിന് ഇപ്രകാരം ചിന്തിക്കാൻ  വിടുന്നു..” എന്നു പറഞ്ഞ് ആന്റോ കണ്ണാടിക്കൂട്ടിലെ ക്രിസ്തുവിനെ നോക്കി നാവു കടിച്ച് താക്കീത് കൊടുക്കുക വരെ ചെയ്തു..

സ്വന്തം ഗ്രാമത്തിനും.,പുറം ലോകത്തിനും ഇടയ്ക്കുള്ള നൂൽ‌പ്പാലത്തിലൂടെ ആന്റോ തന്റെ ജീവിതത്തിന് കുറേക്കൂടി സ്വാതന്ത്ര്യം കൊടുത്തു തുടങ്ങിയ കാലമായിരുന്നു അത്..പരന്നു കിടക്കുന്ന ജീവിതത്തിലെ റെയിൽ പാതയിൽ കൂടി, മാതാപിതാക്കളുടെ പ്രാർഥനയും,അഗ്രഹവും അലറിവിളിച്ചു വരുന്ന ട്രെയിനായി മാറുന്നതറിഞ്ഞ് , തനിക്കു വേണമെങ്കിൽ അതിനു തലവയ്ക്കുകയോ ,വയ്ക്കാതിരിക്കുകയോ ചെയ്യാം എന്ന കടന്ന ചിന്തയൊക്കെ വന്നു തുടങ്ങിയിരുന്നു..ആകസ്മികമായി സംഭവിക്കുന്ന പെൺവിരൽ സ്പർശത്തിലേയുംപുഞ്ചിരിയിലേയും.., നോട്ടത്തിലേയും തേൻ ആ ചിന്തയിൽ പുരട്ടി വച്ചിരുന്നു.

‘എനിക്ക് അച്ചനാകണ്ട ‘ എന്ന് വീട്ടിൽ പറയാത്ത തന്റേടം ആന്റോ കുമ്പസാരകൂട്ടിൽ ഒതുക്കി വച്ചു നേർച്ചക്കോഴി പുളിച്ച തെറി കൊക്കി നടക്കുന്നത് കണ്ട പോലെ, കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി അച്ചൻ അയാളെ നെറ്റിചുളിച്ച് നോക്കിയിട്ട് പറഞ്ഞു..” മേടയിലേയ്ക്കു വാ.”

ആ വിളിയുടെ വാലറ്റത്തു  പിടിച്ച് ഒരു തല്ലുകൊള്ളിയുടെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് ആന്റോ ചെന്നു..

“ ദൈവ വിളിയെന്നു പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ആന്റോ..അപ്പനമ്മമാർ ദൈവത്തോടേറ്റിട്ടുണ്ടെങ്കിൽ അതു നടക്കണം, മുഖം തിരിച്ചിട്ട് കാര്യമില്ല
ഒരു ബലത്തിന് ആരെയോ കൂട്ടിപ്പിടിച്ചെന്ന പോലെ പുറകിൽ രണ്ടു കൈപ്പത്തികളും കോർത്തു പിടിച്ച് ആന്റോ ചോദിച്ചു……

 “ കാണാത്ത ദൈവത്തിനു കൊടുത്തവാക്കാണോ..മുമ്പിൽ ജീവിക്കുന്ന എന്റെ സന്തോഷമാണോ അവർക്കു വലുത്?

“കർത്താവേ..!“  കണ്ണടച്ച് കുരിശു വരച്ച് അച്ചൻ ആന്റോയോട് അടക്കി ചോദിച്ചു “നീ കമ്മ്യുണിസ്റ്റാണോ .”

“എന്നേക്കാൾ വലിയ കമ്മ്യുണിസറ്റായിരുന്നു യേശുക്രിസ്തു..,അതല്ല പ്രശ്നം..എനിക്കു കല്യാണം കഴിക്കണം.ഞാൻ പെണ്ണുങ്ങളെ ഓർക്കാറുണ്ട്..,ആഗ്രഹിക്കാറുമുണ്ട്അച്ചോ അച്ചനോർക്കാറില്ലേ? അതിലും ഭേദം കല്യാണം കഴിച്ച് ജീവിക്കുന്നതാ..”

മേടയ്ക്ക് ആകെയുള്ള ആറു ജനലുകൾ അടഞ്ഞു തന്നെയല്ലേ കിടക്കുന്നത് എന്നാണ്..ആ നേരം അച്ചൻ പകച്ച് നോക്കിയത്അവ കൊളുത്തുകളിൽ ഭദ്രമെന്നു കണ്ട് അദ്ദേഹം ആന്റോയെ സൂക്ഷിച്ചു നോക്കി..

മാതൃസ്ഥാനീയരും,,,സഹോദരിസ്ഥാനീയരും ഒഴിച്ച് ഈ ലോകത്തെ സകലമാന സ്ത്രീകളിലും ബീജാവാപം നടത്താനുള്ള ആത്മ വിശ്വാസം അവനിൽ കണ്ട് അച്ചൻ പിൻവാങ്ങി..-പൊയ് കൊള്ളാൻ അനുമതി കൊടുത്തു..

അവിടെ നിന്നും ഇറങ്ങി നടന്ന ആന്റോയുടെ മുട്ടു മടങ്ങിയത്-, ഉത്തരത്തിൽ കെട്ടിയ കയറിൽ കുടുക്കിട്ടു നിൽക്കുന്ന അപ്പന്റെ മുന്നിലാ‍ണ്..ജീവിതത്തെ അപ്പനു കാണിക്ക വച്ച് അന്നു രാത്രി എഴുന്നു നിന്ന പുരുഷത്വത്തെ പായയിൽ അമർത്തി കമിഴ്ന്നു കിടന്നു..പിന്നെ ഒരു അനിവാര്യത പോലെ  “ഫാദർ ഗബ്രിയേൽ“ എന്ന പേരിലേയ്ക്കും..,നീളൻ ളോഹയ്ക്കും ഉള്ളിലേയ്ക്ക് .,ഒരിക്കലും ദഹിക്കാത്ത ഇര വിഴുങ്ങിയ പോലെ അയാ‍ൾ ദയനീയമായി ഇഴഞ്ഞു കയറി…….

തുടുത്ത കണ്ണങ്കാലുകളും..,കവിളുകളും..,മറ്റുപെണ്ണത്തങ്ങളുമെല്ലാം മനസ്സിലേയ്ക്ക് കുതറിച്ചാടി വരുമ്പോഴൊക്കെ .., ‘കണ്ണടച്ചു കിടന്നിട്ടും  കാര്യമില്ല..,-മനസ്സിന്റെ കണ്ണു കെട്ടാൻ പറ്റിയ കട്ടിശീല എവിടെ കിട്ടുമെന്ന് സാറയെ കാണുന്നതു വരെ അയാൾ അന്വേഷിക്കുകയായിരുന്നു

കുമ്പസാരക്കൂട്ടിൽ സാറ അയാളെ വിയർപ്പിച്ചു..

“ എനിക്ക് ഏതു സമയവും  അച്ചനെ ഓർമ്മ വരുന്നു..  കുറച്ചൊക്കെ എന്നെ ഇഷ്ടമാണല്ലെ?എന്നോടിഷ്ടമില്ലാതെ ഞാനുണ്ടാക്കിയ കോഴിക്കറി വേണമെന്ന് പൂതി പറയുമോ…?“

 ‘ കള്ളൻ ‘ എന്നു പറഞ്ഞാണോ അവളത് പറഞ്ഞവസാനിപ്പിച്ചത് – എന്ന സംശയത്തിലിരിക്കെ,പുറകിൽ നിരന്നിരിക്കുന്നവർ ശ്രദ്ധിക്കുമെന്ന ഭയത്തിൽ പറഞ്ഞു
“ സാറാ നീ ദൈവ കാര്യങ്ങളിൽ ശ്രദ്ധിക്കൂ…….മേടയിലേയ്ക്ക് വരൂ പിന്നീട്..”

വന്നു., ഏകാന്തതയിൽ- വിലക്കപ്പെട്ട കനി അയളെടുത്ത് തിന്നും വരെ,  അവളൊന്നിനും മുൻ കൈയ്യെടുക്കാതെ നോട്ടം കൊണ്ട് ക്ഷണിച്ചു മാത്രം നിന്നു..പിന്നെ ‘ആദ‘ത്തെ  പ്രതിപ്പട്ടികയിൽ പെടുത്തിയിട്ട് കടന്നു പോയി..ഫാദർ ഗബ്രിയേൽ ചാരുകസേരയിൽ കിടന്ന് ദീർഘ നിശ്വാസമിട്ടു……

പുരോഹിത ജീവിതത്തിന് അന്ത്യകൂദാശ കൊടുക്കേണ്ടതുണ്ടോ എന്ന ചിന്ത, പക്ഷേ അവസാ‍നം എത്തി ചേർന്നത്, ളോഹയ്ക്കുള്ളിലെ പച്ചയായ പുരുഷന്റെ സത്യാന്വേഷണം സഫലമായ ആശ്വാസത്തിലായിരുന്നു.  ആ സത്യത്തിലേയ്ക്കു വെട്ടി തെളിച്ച വായ്ത്തലകൾ ഒരു കാലത്ത് മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കു മുൻപിൽ തുരുമ്പിച്ചു പോയതാണെന്നും..വീണ്ടും അതു രാകി മൂർച്ച വയ്പ്പിക്കുന്നതിൽ എന്തു തെറ്റെന്നും സ്വയം ചോദിച്ചുഎന്നിട്ടും മുട്ടുകുത്തി കണ്ണടക്കുകയാ‍ണയാൾ ചെയ്തത്……….

“ കർത്താവേ കുരിശിലേറ്റപ്പെടുന്നതു വരെ അങ്ങീ വക പരീക്ഷണങ്ങൾ നേരിട്ടിരുന്നില്ലേ..?!അങ്ങും ഒരു പുരുഷനായിരുന്നല്ലൊ? ഏതു രീതിയിൽ അങ്ങതിനെ തരണം ചെയ്തുവോ, ആ വഴി എന്തു കൊണ്ട് ഈ പാപിയ്ക്കു കാണിച്ചു തരുന്നില്ല..?കുറുമ്പാന സ്വീകരിച്ച്, ഓസ്തിയ്ക്കു വേണ്ടി പിളരുന്ന പെൺ ചുണ്ടുകളിൽ ചുംബിക്കാൻ തോന്നുന്ന പുരുഷത്വം എന്നിൽ അവശേഷിപ്പിച്ച്., വിശ്വസ്ഥനായ ഇടയനെന്ന വലിയ നുണയിലേയ്ക്ക് എന്നെ ജ്ഞാനസ്നാനം ചെയ്തെടുത്തതെന്തിന്..?!!

തലയിലെ മുൾക്കിരീടം ഒന്നുക്കൂടി ഉറപ്പിച്ച ശേഷമാണ് അയാൾ അവിടെ നിന്നും എഴുന്നേറ്റത്പിന്നീടുള്ള ദിനങ്ങളിൽ മനസ്സിന്റെ രൂപം- സാറയെന്ന കുരിശിന്മേൽ ആണിയടിച്ചു ബന്ധിക്കപ്പെട്ട്, മുറിപ്പാടുകളിൽ നിന്നും കുറ്റബോധമിറ്റുന്ന നിലയിലായിരുന്നു ആ നിലയിൽ വെറും ‘ആന്റോ‘യായി അമ്മയുടെ ഈർപ്പം വറ്റിയ  ഗർഭപാത്രത്തിലേയ്ക്ക് പിന്നോക്കം മറിഞ്ഞു വീണ് അതിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അണ്ഡമായി മാറാനും.., അപ്പന്റെ വിത്തു സഞ്ചിയിൽ, വികാരാധീനനാകാതെ ശാന്തത കൈവരിച്ച്,പതുക്കെ മാത്രം വാലിളക്കി കിടക്കുന്ന ബീജയോഗിയാകാനും അയാൾ അത്യധികം ആഗ്രഹിച്ചു..അതുകൊണ്ട്തന്നെ ജനിച്ചുപോയ ഏതൊരു മനുഷ്യനേയും പോലെ, തന്റെ ജനനത്തെ ശപിച്ച്, ഫാദർ ഗബ്രിയേൽ ,പെരുമഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം നനച്ചിരിക്കുന്ന ദരിദ്രനായി.

എല്ലാത്തിനും ഒടുവിൽ സാറയിൽ നിന്നും ഇന്നലെ കേട്ട വിശേഷം ഇതായിരുന്നു

“ഞാൻ ഗർഭിണിയാണച്ചോ.കല്യാണം കഴിയാത്തതു കൊണ്ട് കാരണക്കാരൻ എന്റെ ഭർത്താവെന്നു പറയാൻ പറ്റില്ല.”

“പിന്നെയാര്.!!!!!?” അതൊരു ചോദ്യമേ ആയിരുന്നില്ല നടുക്കമായിരുന്നു..

“അച്ചോ വിലക്കപെട്ട കനിയും തിന്ന്, വായ നല്ലപോലെ കുലുക്കിയുഴിഞ്ഞിട്ടുണ്ടാവും അല്ലേ..? നാവു വടിക്കുകയും,ഏറ്റവും നല്ല പേസ്റ്റ് കൊണ്ട് പല്ലുതേക്കുകയും  ചെയ്തിട്ടുണ്ടാവാം.സാരമില്ല..ഇതു ദിവ്യ ഗർഭമായി കണ്ടോളാം..എനിക്കും  എന്റെ വീട്ടുകാർക്കും മാത്രം  ചുമക്കേണ്ടി വരുന്ന ദിവ്യഗർഭം..”

പിന്നീട് വീർത്തു വരുന്ന ആ ദിവ്യ ഗർഭവുമായി മറ്റുള്ളവരുടെ കീറിപ്പറിക്കുന്ന നോട്ടത്തിനു മുന്നിലൂടെ പള്ളിയിൽ മുട്ടുകുത്തുന്ന സാറ ,കണ്ണിനു താങ്ങാൻ വയ്യാത്ത ഭാരമുള്ള കാഴ്ച്ചയായി ഓരോ ഞായറാഴ്ച്ചയും അയാളെ ചുമട്ടുകാരനാക്കി..കുമ്പസാരക്കൂട്ടിൽ ആരും കേൾക്കാതെ ചോദിക്കണമെന്നുണ്ടായിരുന്നു ‘ നമ്മുടെ കുഞ്ഞിനു കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് പക്ഷേ ഇട്ടിരിക്കുന്ന ളോഹയിൽ ഇഴചേർന്നിരിക്കുന്ന നൂലുകളിലൊന്ന് നാവാണെന്നും മറ്റൊന്ന്, ആഗ്രഹമാണെന്നും  മനസിലാക്കി സ്വയം പിൻ വലിഞ്ഞു

കഥകളറിയാതെ, ശ്വാസം മുട്ടി കണ്ണുമിഴിച്ച സാറയുടെ അപ്പന് ഫാദർ ഗബ്രിയേൽ തന്നെ അന്ത്യ കൂദാശയും നൽകി..ആനേരത്ത് സാറയുടെ ഉന്തിയ  വയറിൽ നിന്നും രണ്ടു കണ്ണുകൾ അവകാശബോധത്തോടെ തന്നെ നോക്കുന്നതറിഞ്ഞ്,അയാളുടെ പ്രാർഥന പലയിടത്ത് മുറിഞ്ഞു

    *    *        *         *       *         *         *          *           *            *            *            *

മാസങ്ങൾക്കു ശേഷം –ഒരു രാത്രി കൊന്തയിൽ കൂട്ടിപ്പിടിച്ചെടുത്ത ബലത്തിൽ ഒരു ഞരക്കം പോലും പുറത്തു വിടാതെ,കീറപ്പായിൽ,നനവു പടർത്തി,അമ്മയുടെ വിറക്കുന്ന വയസ്സൻ കൈകളിലേയ്ക്ക് സാറ ദിവ്യഗർഭമൊഴിച്ചു..ചുമരിനപ്പുറത്തെ നിശബ്ദമായ രഹസ്യത്തിലേയ്ക്ക് മനസ്സു നട്ട് മറ്റുനാലുപേർ അടുക്കളയിൽ വിറകുകൂട്ടിവച്ച പോലെ ഇരിക്കുകയായിരുന്നു അപ്പോൾ.

 “ആങ്കൊച്ച് ! ! “   ആണിനെ പ്രസവിക്കാത്ത സ്ത്രീയുടെ അത്ഭുതവും  പകപ്പും തള്ളി നിന്ന അറിയിപ്പു കേട്ട് സാറ പ്രതികരിച്ചു.

 “ ദൈവപുത്രനാണമ്മേ..പൊക്കിൾക്കൊടി മുറിക്കുന്നതിനു മുൻപ് കട്ടിയുള്ള തുണിയെടുത്ത് മുഖത്തിട്ടേക്ക് ..,  അരിയുണ്ടെങ്കിൽ നെല്ലു രണ്ടെണ്ണമെടുത്ത് അണ്ണാക്കിലിട്ടു കൊടുത്താലും മതി

“പ്രാന്തിച്ചി.മിണ്ടാതിരി..”  വൃത്തിയാക്കിയ, മൂർച്ചയുള്ള അരിവാൾ അവൾക്കു നേരെയോങ്ങി  അമ്മ ശബ്ദമുയർത്തി..അവരുടെ കയ്യിൽ കടന്നു പിടിച്ച്  അരിവാൾ വാങ്ങി സാറ തന്നെ പൊക്കിൾക്കൊടി മുറിച്ചു ..സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കിളിൽ നിന്നും കുറച്ചധികം നീളം ബാക്കിയിട്ടു കൊണ്ടായിരുന്നു അവളതു മുറിച്ചത്.ശേഷം തളർച്ച വകവയ്ക്കാതെ എഴുന്നേറ്റ്.., കുഞ്ഞിനെയെടുത്ത്.., വൃദ്ധശരീരത്തിന്റെ എതിർപ്പിനെ അവഗണിച്ച്.,കുഞ്ഞിനോടൊപ്പം ഗർഭപാത്രം പുറന്തള്ളിയ അവശേഷിപ്പുകളെ കൂടി തൂക്കിയെടുത്ത് സാറ പുറത്തേയ്ക്കു നടന്നു..മേടയിൽ വെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷ ഇരുട്ടിൽ അവൾക്കു കാഴ്ച്ച നൽകിക്കൊണ്ടിരുന്നു..

രക്തവും..,വെള്ളവും ചേർന്ന് നനഞ്ഞ ഉടുമുണ്ടിലൊട്ടി കാലുകൾ പലപ്പോഴും ഇടറി.കയ്യിൽ ലോകത്തിന്റെ ഇരുട്ടിലേയ്ക്ക് കണ്ണു മിഴിച്ച  കുഞ്ഞ് , കരച്ചിലിലൂടെ തന്റെ അംഗത്വം ഭൂമിയിൽ പതിപ്പിക്കുകയായിരുന്നു.അവന്റെ ചെവിയിൽ സാറ അപേക്ഷിച്ചു..

“ നീ ദൈവപുത്രനാണു മകനേ.. എന്റെ ചോരയിൽ ഉരുത്തിരിഞ്ഞ മുലപ്പാൽ നിന്റെ വയറു നിറയ്ക്കാനുതകില്ല……കരയാതിരിക്കൂ

മേടയുടെ ജനലിലൂടെ അരണ്ട വെളിച്ചം കണ്ടതിന്റെ ധൈര്യത്തിൽ അവൾ വാതിലിൽ കൈ അടക്കി ചുരുട്ടി മുട്ടി..അൽ‌പനേരത്തിനു ശേഷം തുറന്ന വാതിലിനു പുറത്ത് ഇനിയും തുടച്ച്  വൃത്തിയാക്കാത്ത ശിശുവിനെ കയ്യിലൊതുക്കി നിൽക്കുന്ന സാ‍റയെ കണ്ട് ഗബ്രിയേലച്ചൻ നടുങ്ങിപോയി .

സാറ ചാരിതാർത്ഥ്യത്തോടെ ചിരിച്ചു……..    പുത്രനെ പിതാവിനു കാണാൻ കൊണ്ടു വന്നതാണ്..”

അയാൾ സ്വന്തം നെറ്റിയിൽ അവിശ്വസനീയതയോടെ കുരിശു വരച്ചു..സാറ വീണ്ടും ചിരിച്ചു..

“ ദൈവപുത്രനാണ് ..തൊട്ടു നോക്കുന്നോ?..”..ഞാന്നു കിടക്കുന്ന പൊക്കിൾക്കൊടിയോടെ അവൾ കുഞ്ഞിനെ നീട്ടിക്കൊടുത്തു..അയാൾ അറച്ച് പുറകിലേയ്ക്ക് മാറി..ചുറ്റും നോക്കി

“പേടിക്കണ്ടദൈവത്തിനു വേണ്ടി സംസാരിക്കാൻ ഭൂമിയിലെത്തിയ ആരേയും ആരും വെറുതെ വിട്ടിട്ടില്ല..ആയുസ്സെത്തിക്കാതെ ഒടുക്കി കളഞ്ഞിട്ടേയുള്ളുപക്ഷേ ഇവനെ ഞാൻ ആർക്കുംഒടുക്കാൻ വേണ്ടി  വിട്ടു കൊടുക്കുന്നില്ല-.-...പ്രസവിച്ചപ്പോൾ കരയാതിരുന്ന എനിക്ക് കൊല്ലുമ്പോഴും കരയാതിരിക്കാനാവും..ദാ ഇതു പോലെ…….“

അയാൾക്കൊന്നു തടയാൻ കഴിയുന്നതിനു മുൻപ് നീണ്ടു കിടന്ന പൊക്കിൾക്കൊടി അവന്റെ കഴുത്തിൽ ചുറ്റി മുറുക്കി നെഞ്ചിൽ ചേർത്ത് സാറ കണ്ണടച്ചു…….ജീവനു വേണ്ടി ഒരുപാടൊന്നും വാശിപിടിക്കാതെ അവൻ നിലച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ക്ഷമ ചോദിച്ചു……

“അല്പം മുലപ്പാലെങ്കിലും തരാൻ കൂട്ടാക്കിയില്ലല്ലോ കുഞ്ഞേ ഞാൻ”.

അവനെ നെഞ്ചിൽ നിന്നും അടർത്താതെ സാറ തിരിച്ചു നടന്നപ്പോൾ..,ചേർത്തടച്ച വാതിലിൽ ചാരി ഗബ്രിയേലച്ചൻ ക്രൂശിത രൂപത്തിൽ തലയടിച്ച് അലറി വിളിച്ചു……

.”  കർത്താവേ..വരിയുടക്കാത്ത വണ്ടിക്കാളകളുടെ ദിവ്യബീജങ്ങൾ നീ ഉരുക്കിക്കളയാത്തതെന്ത്,,,?  സെമിനാരിയിലെ നീണ്ടായാതനകൾക്കൊപ്പം - ഒരു മരക്കഷ്ണവും.., മൂർച്ചയുള്ള കത്തിയും പുരുഷത്വത്തെ മുറിച്ചു മാറ്റാൻ തയ്യാറാക്കി വയ്ക്കാത്തതെന്ത്?”

ചോദ്യങ്ങളുടെ അവസാനം..- ഡൈനിംഗ് ടേബിളിലെ കൂടയിൽ നിറച്ചുവച്ച ആപ്പിളുകളിലൊന്നിൽ കുത്തി വച്ചിരിക്കുന്ന കത്തി  അയാൾക്കോർമ്മ വന്നു ………………………………………………………………………………………………………………..


  *   *   *   *    *    *    *    *    *    *     *     *     *    *     *    *     *     *    *    *    *   *   *

പിറ്റേദിവസം പള്ളിയുടെ ചവിട്ടു പടികളിലെ ഏറ്റവും ഒടുവിലത്തേതിൽ ദൈവപുത്രൻ..- ഈ ഭൂമിയിൽ എന്തൊക്കെയോ കാണാനുണ്ടായിരുന്നു എന്ന നഷ്ടബോധത്തോടേയും.., തന്റെ കഴുത്തിൽ മുറുക്കിയ പൊക്കിൾക്കൊടിയുടെ അങ്ങേയറ്റത്തെ ഗർഭപാത്രത്തിന്റെ  ഉടമയോട്.-എന്തിന് – എന്ന ചോദ്യത്തോടേയും കണ്ണുകളടയ്ക്കാതെ  ഉറുമ്പരിച്ചു കിടന്നു……ആ സമയം പള്ളിവളപ്പിനു പുറത്തെ പേരാലിലെ  ശിഖരവേരുകളിലൊന്നിൽ സാറ ഭാരമില്ലാതെ ചെറുകാറ്റിലാടി..ശാന്തമായി തുറന്നു വച്ച കണ്ണുകളിലൂടെ അവൾ പറയാൻ ബാക്കി വച്ചിരുന്ന കാര്യങ്ങൾ ഇത്രയുമായിരുന്നു.-

“ കൂട്ടരേഅവിടെ ചവിട്ടു പടിയിൽ ഉറുമ്പരിച്ചു കിടക്കുന്നവനെ എടുത്ത് സംസ്ക്കരിക്കുക..മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേറ്റേക്കാം……നോക്കൂ നിങ്ങൾക്ക് തെളിവിനായി പച്ചപ്പ് വറ്റി ഉണങ്ങാൻ തുടങ്ങിയ മറുപിള്ള..അവനെ പ്രസവിച്ചത് ഞാനാണ്.അതു കൊണ്ട് എന്നേയും വാഴ്ത്തപ്പെട്ടവളാക്കുക…….അവൻ ഉയർത്തെഴുന്നേൽക്കുകയും  ., ഞാൻ വാഴ്ത്തപ്പെടുകയും.., നിങ്ങളിൽ ജീവിക്കുകയും ചെയ്താൽ ഒരു പക്ഷേ അവനെയെനിക്ക് മുലയൂട്ടാൻ പറ്റിയേക്കും.ഇനിയും ദയവു വറ്റാത്തവരേ.ഇതു കേൾക്കൂ..എനിക്കെന്റെ നെഞ്ച് പാൽ നിറഞ്ഞ് വിങ്ങുന്നു……



‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌    ***   ***    ****   ***    ***    ***    ***   ***   ***   ***  *** ***  ***  ***   ****   ***  ***  ***