Saturday, January 5, 2013

അധ്യായം                               


                             കഥ കഥ നായരേ
                                          കസ്തൂരിനായരേ..
                                          കാഞ്ഞിരക്കാട്ടമ്പലത്തിൽ-
                                          തേങ്ങ മൂത്തിളനീരായതെങ്ങിനെ?!!!!!!!“


      അച്ഛന്റെ കാലിൽ പുരട്ടിയ മുറിവെണ്ണയുടെ മണം കയ്യിൽ ബാക്കിനിന്നത് ശ്വസിച്ചു നോക്കിയപ്പോൾ എനിക്കതങ്ങിനെ പെട്ടെന്ന് പാടാൻ തോന്നിയതായിരുന്നു.കമ്പ്യൂട്ടറിൽ ബാർബിപാവയ്ക്ക് മേക്കപ്പ് ചെയ്തു കൊണ്ടിരുന്ന ദ്രാക്ഷ എന്നെ തിരിഞ്ഞു നോക്കിയിട്ട്  വളരെ രഹസ്യമായി അവളുടെ ചേട്ടൻ ദക്ഷനെ നോക്കിയൊന്നു ചിരിച്ചു കാണിച്ചത് ഞാൻ കണ്ടു..മൊബൈൽ ഗെയിമിന്റെ പിരിമുറുകിയിരുന്ന അവന്റെ മുഖം നിമിഷനേരത്തേയ്ക്ക് ഒന്നയഞ്ഞു..
          ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ച വേണി എന്നെയൊന്നു നുള്ളിയിട്ട് ചോദിച്ചു
 .
         “ഇളനീരല്ലേ മൂത്ത് തേങ്ങയാകുന്നത്.പൊട്ട നന്ദാ..
           “ആരു പറഞ്ഞുദാ മൂത്ത ഇളനീരുകൾ രണ്ടെണ്ണം.പതിനൊന്നും..,ഏഴും വീതം വയസ്സുള്ളത്..എന്നാ തേങ്ങയായിട്ടൂല്ല.”

 
  എന്റെ ചൂണ്ടു വിരൽ തങ്ങളുടെ നേരേയാണെന്ന തിരിച്ചറിവിൽ രണ്ടു പേരും ഒന്നിളകിയിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
         “അപ്പാ..നാളെ ലാസ്റ്റായിട്ട് കുളത്തിൽ കുളിക്കണം..” ദക്ഷൻ ഓർമ്മപ്പെടുത്തി ഉറപ്പിച്ചു
      “എനിക്കും…… എന്നിട്ട് ഞാൻ സ്വിം ചെയ്യുന്ന ഫോട്ടോ എടുക്കണം.ഇവിടെ നാട്ടിൽ കുളമുണ്ടെന്നു പറഞ്ഞപ്പോ അവിടെ എന്റെ ഫ്രണ്ട്സൊക്കെ ചോദിച്ചു അതെന്താന്ന്
        “നിന്റെ  കുട്ടി മദാമ്മകളെ കാണിച്ചു,വിശ്വസിപ്പിക്കാൻ എന്റെ കൊളത്തിന്റെ ഫോട്ടൊ തരില്ല..”
              “ പ്ലീസ് അപ്പാ
                      *            *          *         *        *         *       *
      കുട്ടികളുടെ ‘അപ്പാ’വിളികേട്ട് വീട്ടിൽ വന്നു കയറിയ ദിവസം തന്നെ അഛൻ ഒന്നു ഞെട്ടിയതായിരുന്നു
          “ എന്താ നന്ദകുമാര മേനോനെ..? എന്നെ സഹായിക്കാൻ കാറിൽ നിന്നെടുത്ത ലഗേജ് താഴെ വച്ച് എന്റെ ഇരുപത്തെട്ടിനു കാതിൽ വിളിച്ച മുഴുവൻ പേരും വിളിച്ചിട്ട് അച്ഛൻ ചോദിച്ചു” നീ കൃസ്ത്യാനി അപ്പനോ പാലക്കാട് പട്ടരപ്പനോ
              അമ്മയുടെ അഭാവത്തിൽ.., കാറിൽ നിന്നിറങ്ങി നേരെ അടുക്കളയിലെത്തിയിരുന്ന വേണി ഗ്ലാസിൽ തണുത്ത വെള്ളം എനിക്ക് നീട്ടി അച്ഛനോടായി പറഞ്ഞു
          “പപ്പാന്നു വിളിച്ചു ശീലിച്ച കുട്ടികളെ ഇനി അച്ഛാന്നു വിളിച്ചാൽ മതി എന്ന് നിർബന്ധിച്ച് നിർബന്ധിച്ച് അച്ഛനുമല്ല അപ്പനുമല്ല എന്നവസ്ഥയിലായതിന്റെ ഒറ്റ വാക്കാ – അപ്പ..”
           അമ്മ മരിച്ച ശേഷം  അച്ഛന്റെ ചിരി എന്നത് എനിക്കുണ്ടായ ഏതോ സ്വപ്നത്തിൽ കണ്ട കാഴ്ച്ച മാത്രമാണോ  എന്ന  സംശയം നല്ലൊരു ചിരിയിലൂടെ അച്ഛൻ അന്നേരം ദൂരീകരിച്ചു തന്നു 
           മുൻ തലമുറകളുടേയും രക്തബന്ധങ്ങളുടേയും ഗന്ധമേൽക്കാൻ..,സാഹചര്യം ഔദാര്യപൂർവ്വം അനുവദിച്ചത് എട്ടു ദിവസങ്ങൾ മാത്രമായിരുന്നുറിട്ടയേർഡ് നകുലൻ മാഷ് അഛനും മുത്തഛനും ദിവാസ്വപ്നചാരിയായും ഒറ്റയ്ക്ക് ജീവിക്കുന്ന തറവാട്ടിലേയ്ക്ക് ഞാൻ എന്റെ എട്ടു ദിവസങ്ങളെ അഴിച്ചു വിട്ടു.അപ്പോഴൊക്കെ പതിനൊന്നുകാരനും ഏഴു വയസ്സുകാരിയും അവരുടെ അമേരിക്കൻ കുട്ടിത്തത്തെ.., ഓണം കേറാമൂലയിലെ  പഴയ തറവാട്ടിൽ ഉൾക്കൊള്ളിക്കാൻ ഇടം കണാതെ വലയുകയായിരുന്നു.ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളിൽ.., അടുത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ അവരുടെ കുഞ്ഞി ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ചു..
           “ലെറ്റ് അസ് ഗോ അപ്പാ. ഇത് കുട്ടി ജംഗിൾ പോലെയുണ്ട്….
      തറയോടിന്റെ ഈർപ്പം കിനിഞ്ഞതിൽ എന്റെ മുട്ടുകാലമർത്തിയിരുന്ന് ഞാൻ അവളെ ഇരുകൈകളിലുമായി അണച്ചു…“ ഇതാണ് അഛന്റെ വീട്നിങ്ങൾടേം……
            “അപ്പോ അവിടെ നമുക്ക് ഓൺഫ്ലാറ്റുണ്ടല്ലോ..!!!?”
   “അതേയ് അതൊന്നും നമ്മടെ സ്വന്തല്ല .തോന്നണതാ.” ഞാൻ ദ്രാക്ഷയെ ഉമ്മ വച്ചുഅവളുടെ വെളുത്ത കുഞ്ഞി കൈ നിവർത്തി  നീലഞരമ്പുകൾ  തൊട്ടു കാണിച്ചു..തെളിഞ്ഞ നിലാവിൽ ഇലയില്ലാത്ത ഒറ്റമരത്തിന്റെ നിഴൽ വീണപോലുള്ള ഞരമ്പുകൾ..!- 


    “ഇതിൽ കൂടി ഒഴുകണ ബ്ലഡില്ലേഅത് നിന്റെ മാത്രല്ല, ഈ അച്ഛന്റേം., അപ്പുപ്പന്റേം..,അപ്പുപ്പന്റച്ഛന്റേം അങ്ങിനങ്ങിനെ കൊറേ പേരുടെ അവകാശത്തിന്റെ ഒപ്പിട്ടു വച്ചിരിക്കുന്നതാ...ഒപ്പെന്നാൽ ‘സൈൻ‘   .ചുറ്റും നോക്കിയാൽ  കാണാൻ പറ്റാത്ത അവരൊക്കെ ദ്രാക്ഷേനേം ദക്ഷനേം നോക്കിയിട്ട് എന്താ പറയുന്നുണ്ടാവുക.!!!?” ഗൂഡമായൊരു നിശബ്ദത അല്പനേരത്തേയ്ക്ക് ഉറഞ്ഞു കൂടി.
      “എന്താ പറയുന്നുണ്ടാവുക!!!!?  രണ്ടു പേരും ചുറ്റും നോക്കിയിട്ട് എന്റെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു..
     “ ദാ കണ്ടില്ലേനമ്മടെ കുഞ്ഞുങ്ങളാണത്.ദ്രാക്ഷയും ദക്ഷനുംആ കണ്ണും മൂക്കും ചുണ്ടുമൊക്കെ നോക്ക്, നമ്മടെ പോലില്ലേ..?‌-  എന്നാ അവരൊക്കെ പറയുന്നുണ്ടാവുക 
              ദ്രാക്ഷ മൂക്കു ചുളിച്ച് സ്വന്തം ചുണ്ടിൽ തൊട്ടു.ദക്ഷൻ എളിക്ക് കയ്യും കുത്തി നിന്ന് എന്നെ ഭീഷിണിപ്പെടുത്തി…..” കുട്ടികളെ പേടിപ്പിക്കണ സ്റ്റോറി പറയരുതെന്ന് മമ്മ പറഞ്ഞിട്ടില്ലേ.ഞാൻ പറഞ്ഞു കൊടുക്കും
            ഞാനും എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി.ശീലമില്ലായ്മയിൽ അത് അപ്പോൾ തന്നെ അഴിഞ്ഞ് വീഴുകയും ചെയ്തു……

   അടുക്കള പറമ്പിലേയ്ക്ക് ചെരുപ്പിടാതെ ചെന്നപ്പോൾ അഛൻ ആരേയോ ശാസിക്കുകയായിരുന്നു.. ദേവിവിലാസം അപ്പർ പ്രൈമറി സ്കൂൾ ഹെഡ്മാഷിന്റെ ശാസനാ ഗാംഭീര്യത്തിന് റിട്ടയേർഡായി കാലം കുറേ കഴിഞ്ഞെങ്കിലും ഒരുടവും തട്ടിയിട്ടില്ല
              ഈ കപ്പളങ്ങ മരത്തിന്റെ മേലേയ്ക്ക് കയറിയാൽ കാലാകാലം  അതിനു നിന്നെ താങ്ങാൻ പറ്റോ വിഡ്ഡി..ഇത്രയ്ക്കും വിവരൂല്ലാണ്ടായോ.?”

       പണ്ടത്തെ പറമ്പു  പണിക്കാരൻ അന്തോണി അച്ഛന്റെ മുന്നിൽ തലയും താഴ്ത്തി നിൽക്കുന്നത്  പ്രതീക്ഷിച്ചു ചെന്ന എന്നോടായി  പറഞ്ഞു..- “മാവുമ്മേൽ ഇഷ്ടം ചുറ്റി വരിഞ്ഞ് കയറാൻ സ്ഥലമുണ്ടായിട്ടും നൊരച്ച് നൊരച്ച്  ചെല്ലുവാ കപ്പളങ്ങേടെ നേരേ
        ഞാൻ നോക്കുമ്പോൾ, കുരുമുളകു വള്ളിയിലെ പൊടിപ്പിൽ ഒരെണ്ണം കപ്പളങ്ങാ മരത്തിലേയ്ക്ക് നാമ്പു നീട്ടി ഒന്നു വലഞ്ഞു ചുറ്റിയിരിക്കുന്നു.. കൂട്ടുകാർ തോളിൽ കയ്യിട്ട് നിൽക്കുന്ന പോലെ തോന്നി അതു കണ്ടപ്പോൾ……..

             “അന്തോണി വരാറില്ലേ.........?  അതിനു മറുപടിയുണ്ടായില്ല

              അച്ഛൻ ചേമ്പുകൾക്കിടയിലെ കള പറിയ്ക്കുന്നത്  ശ്രദ്ധിച്ച് ഞാനും പറിയ്ക്കാൻ തുടങ്ങി
             “ഞാൻ സ്കൂൾ വഴി വെറ്തേ നടന്നച്ഛാ.....?

              അതു നന്നായി...ചെലപ്പൊ ഇനി വരുമ്പോ അതുണ്ടാവില്ല..കുട്ടികളില്ലാത്തോണ്ട് സർക്കാര് പൂട്ടാൻ വച്ചിരിക്കുന്ന ലിസ്റ്റിൽ പെട്ടുകിടക്കുന്നതാ....

         “ആണോ ...? അവിടെ മൈതാനത്തിന്റെ വടക്കുപടിഞ്ഞാറേ അറ്റത്തെ ഇലഞ്ഞിമരം കണ്ടില്ല..! ! ! ? അതിന്റെ ചോട്ടിൽ അമ്മ പാട്ടു ക്ലാസെടുക്കുന്നുണ്ടോന്ന് വെറുതെ നോക്കിപ്പോയതാ....നളിനിടീച്ചറുടെ പാട്ടുക്ലാസും..,നകുലൻ മാഷിന്റെ ചൂരലും അക്കാലത്ത് അവിടെ കയറിയിറങ്ങിയ ആർക്കും മറക്കാൻ പറ്റില്ലല്ലോ.........”  

       ഞാൻ അച്ഛന്റെ പ്രതികരണം കാത്തു.......” മകനായിട്ടല്ല...പൂർവ്വവിദ്യാർഥിയായിട്ടാ പറഞ്ഞത്.......”

               അച്ഛൻ നിവർന്നു നിന്ന് എന്നെ നോക്കിയിട്ട് കയ്യിൽ കൂട്ടിയെടുത്ത കളകൾ തെങ്ങിൻ തടത്തിലേയ്ക്കിട്ടു

                               *             *           *          *             *


        ചെറുപ്രാണികൾ ആർത്തു പറക്കുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇറയത്തെ കസേരകളിൽ ഞാനും അച്ഛനും പുറത്തെ ഇരുട്ടു നോക്കിയിരുന്നു......... 

              “ നിനക്ക് ഒറപ്പായിട്ടും പോണോ.......?”

              “ അല്ലാതെങ്ങിനാച്ഛാ.......ജോലീം..,അവരുടെ സ്കൂളും....അതൊക്കെ പെട്ടെന്നൊന്നും മാറ്റം വരുത്താൻ പറ്റില്ലല്ലോ.......”

            “ഇവിടിപ്പോ.നല്ല സ്റ്റാൻഡേർഡ് സ്കൂളുകളൊക്കെ ഉണ്ട്....അവരെ ഇവിടെ നിർത്തീട്ട് നീ പോയി പതുക്കെ വന്നാൽ പോരേ.....?”

            അച്ഛൻ എന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു.. മൺചട്ടിയിൽ പുകയുന്ന തുമ്പയുടെ പ്രതിരോധത്തിൽ കൊതുകുകൾ ചോരകുടിക്കാനുള്ള സമയം കിട്ടാതെ വെപ്രാളത്തോടെ പറന്നു നടന്നു....

            “ അവർക്കതൊന്നും ശരിയാവില്ല....”  ആകാംക്ഷയോടെ എന്നെ നോക്കിയിരുന്ന അച്ഛന്റെ മുന്നിൽ എന്റെ തല താണു...

              “ ‘അ‘  പോലുമറിയില്ല.........”

             “ ‘അ’ !? നമ്മടെ ‘അ’.....അതു പോലും അറിയില്ലേ.....! ! .?"

          "അച്ഛന്റെ   മുഖം ചുവന്നു..ദേഷ്യവും..പുച്ഛവും.,നിസഹായതയുമൊക്കെ കലർന്ന അപൂർവ്വ ഭാവത്തിൽ എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് അരികത്ത് വന്ന് കുനിഞ്ഞ് അമർത്തി ചോദിച്ചു.

            നിങ്ങള് അച്ഛനും ,അമ്മേം ആണെന്ന് അവർക്കറിയാമോ...?  എങ്കീ ഇതും അറിയണം......”

           “ആഗ്രഹമല്ലച്ഛാ...സമയമാണില്ലാത്തത് അവരെ അതൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ..”

            “ അതിനു നിനക്കറിയോ വല്ലതും......” വാളോങ്ങിയ പോലൊരു ചോദ്യമായിരുന്നു അത്....

       അച്ഛനെന്തു ചോദ്യമാണീ ചോദിക്കുന്നത്!!?  മലയാളാധ്യാപകന്റെ മകനായ എന്നോട്..  !?അതും പറ്റാവുന്നിടത്തോളം മലയാളം മാധ്യമമാക്കി വിദ്യാഭ്യാസം ചെയ്ത എന്നോട്...!!!?

              ഞാൻ ചിരിച്ചു കാട്ടി......

              “ചിരിക്കാതെ പറയ്...മലയാള അക്ഷരങ്ങൾ എത്ര........?

         “അക്ഷരങ്ങൾ....! അൻപത്തെട്ടല്ലേ....!?  “ പ്രതീക്ഷിക്കാത്ത ചോദ്യത്തിൽ ഞാനിടറി പോയി...........”അൻപത്തിമൂന്നാണോ.....?

       “ അൻപത്തിരണ്ട്........” നകുലൻ മാഷ് അങ്ങിനെ പറഞ്ഞ് തൂണിന്റെ മുകളിലേയ്ക്ക് കയ്യെത്തിച്ച് വലിച്ചെടുത്തത് ആ പഴയ ചൂരൽ തന്നെയെന്ന് ഞാൻ അവിശ്വസനീയതയോടെ മനസിലാക്കി.......

              “അതിൽ സ്വരങ്ങളെത്ര....?“

        എത്ര..! ! !?    എത്രയായിരുന്നത്....? ഞാൻ മനസ്സുകൊണ്ട് വിരൽ തൊട്ടെണ്ണി.... അ-ഒന്ന്..ആ-രണ്ട്....ഇ-മൂന്ന്......................................................

    “പതിനാറ്....” ഉത്തരം അച്ഛനിൽനിന്നു തന്നെയായിരുന്നു..... “ സ്വരാക്ഷരങ്ങൾ പതിനാറെന്ന്...ഇനി വ്യഞ്ജനങ്ങൾlഎത്രയെണ്ണമുണ്ട്.....? ചില്ലക്ഷരങ്ങളോ....??”

           എന്നെ ആശയക്കുഴപ്പത്തിൽ പെടുത്തുന്ന കുറേ ചോദ്യങ്ങളുടെ ഒറ്റരൂപമായി അച്ഛൻ മുന്നിൽ നിന്നു.....നേരത്തെ എണ്ണി മടക്കി വച്ചിരുന്ന വിരലുകൾ നിവർത്തി ഞാൻ കൈനീട്ടി......

               “വ്യഞ്ജനം മുപ്പത്തിയാറ്....,ചില്ലക്ഷരങ്ങൾ..അഞ്ചെണ്ണം.........”

   മലർത്തിയ എന്റെ ഉള്ളം കൈ ഒന്നു പുകഞ്ഞു................കൈ കുടഞ്ഞ് കാലുകൾക്കിടയിലൊതുക്കിയ ഞാൻ പ്രായവും കാലവും മറന്ന് അമ്മയെ പരതിപ്പോയി

             ഞാൻ അമ്മേയെന്ന് വിളിച്ചതുകൊണ്ടാവണം അച്ഛൻ സ്വപ്നത്തിൽ  നിന്നുണർന്നപോലെ ചൂരൽ താഴെയിട്ട് എന്റെ കൈ കടന്നെടുത്തു...

         “അയ്യോ  നന്ദാ നിനക്കു വേദനിച്ചോ...?”  ഉമ്മറപ്പടി വരെയെത്തി..,അച്ഛന്റേയും അപ്പുപ്പന്റേയും ‘കളി‘. ഇതെന്ത് എന്നു പകച്ച ദ്രാക്ഷയെ ഞാൻ കണ്ടു...

           “ഇല്ലച്ഛാ.......” അച്ഛന്റെ കണ്ണുകളിലെ അബദ്ധഭാവം കണ്ടപ്പോൾ എനിക്കു സഹതാപം തോന്നി..

          “എനിക്കു വേദനിച്ചില്ലച്ഛാ.. എന്റെ തലമുറയ്ക്കും..പുതിയതലമുറയ്ക്കും  വരാനിരിക്കുന്നവർക്കും അത്യാവശ്യമായ ഒരടി.. അതു മാത്രമല്ലേ എനിക്ക് കിട്ടിയുള്ളു....“

              താഴെ കിടന്ന ചൂരലെടുത്ത് ഞാൻ അച്ഛനു കൊടുത്തു.....ദ്രാക്ഷയെ മാടി വിളിച്ച് അച്ഛൻ കസേരയിലേയ്ക്ക് ചാരിയിരുന്നു.....ആ കയ്യിലെ ചൂരൽ കണ്ടാവണം അവൾ മടിച്ച് അടുത്തു വന്നു അവളെ വാരിയെടുത്ത ഞാൻ, താഴെ ഇരുന്ന് അച്ഛന്റെ കാൽ ചുവട്ടിലേയ്ക്ക് നിരങ്ങി ചേർന്നിരുന്ന്.. നീർകെട്ടിൽ ചുളിവുകൾ നിവർന്ന ആ കൈത്തണ്ട  പതുക്കെ തലോടി

               “ ഒന്ന മറന്നിട്ടല്ലച്ഛാ...... പെട്ടെന്ന് കിട്ടീല്ലാ....അതാ......”

                      എന്റെ മുടിയിൽ അച്ഛൻ വിരലുകളോടിച്ചു  

              “നന്ദാ....ഒരു ഭാരവുമില്ലാത്ത ഒന്ന്....ബാഹ്യമായി ഒരിഞ്ച് സ്ഥലം പോലും ഇരിക്കാൻ വേണ്ടാത്ത ഒന്ന്..ഒരു ശല്യോമില്ലാതെ അതങ്ങിനെ കൂടെ കൂടിക്കോളും - നമ്മടെ ഭാഷ..... നമ്മളകറ്റാതിരുന്നൽ മതി അതിനെ...... അതിനു വ്യാകരണവും...ഡിക്ഷണറിയും ചമച്ച ആദ്യസ്ഥാനക്കാരനെ രേഖപ്പെടുത്തിവച്ച നമ്മൾക്ക്.., കണ്ണൂരെ ഏഴാച്ചേരി ഗുരുക്കൻ മാരെ അറിയാമോ?.. ഹെർമൻ ഗുണ്ടർട്ടിനു മലയാളം എഴുതാനും വായിക്കാനും കൃതികൾ തയ്യാറാക്കിക്കൊടുത്തതും അവരാണെന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ നീ,,,?

                ദൈവമേ...! ! !...അങ്ങിനെയൊന്ന് ഞാൻ കേട്ടിട്ടില്ല...അച്ഛന്റെ മടിയിലിരുന്ന് അത്ഭുത കഥകൾ കേൾക്കുന്ന കുട്ടിയായി മാറിഞാൻ....

                  “ ചരിത്രം പോലും ചെലരേയൊക്കെ മറന്നുകളയും...... പിന്നെയാണോ ബലം കുറഞ്ഞ എന്റെ മസ്തിഷ്ക്കം  എല്ലാം ഓർമ്മയിൽ വയ്ക്കുന്നത്......?..ഇവ്ടെ നിന്റെ അമ്മയില്ല...നീയില്ല....നാളെ നമ്മടെ ദേവിവിലാസം സ്കൂളില്ല..പിന്നെ പിന്നെ എന്റെ ഓർമ്മയും പതുക്കെ ഇല്ലാണ്ടാകുമായിരിക്കും... ആ സമയത്ത് നീ വന്ന് എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കണം.... മരിക്കണ സമയം വരെ ഞാൻ ജീവിച്ചദീർഘ കാലത്തെ മറന്ന് മരണം എന്ന ഒറ്റ നിമിഷത്ത മാത്രം അറിഞ്ഞ് അംഗീകരിച്ച് കൊടുക്കാൻ ഒരു മടിയുണ്ടെനിക്ക്...മരണത്തിനു മുന്നിൽ ഉയർത്തി നിൽക്കനൊരു മസ്തകം പോലെഎന്റെ ഓർമ്മകൾ എന്റെ കൂടെ ഉണ്ടാവണം..” 

              അലസമായിക്കിടന്ന എന്റെ മുടി മുകളിലേയ്ക്കൊതുക്കി അച്ഛൻ നെറ്റിയിൽ ചുണ്ടമർത്തി എന്റെ ബാല്യത്തിലെന്നോ ഏറ്റുവാങ്ങി മറന്നു പോയ ഒരു നിമിഷത്തിന്റെ തനിയാവർത്തനം..എന്റെ മടിയിൽ എന്റെ മകൾ ദ്രാക്ഷ.... അവളെന്നെ കെട്ടിപ്പിടിച്ചു.....

                              *      *        *        *        *         *         *

           നാട്ടിലെ യാത്രപറച്ചിലിനിടയിൽ അച്ഛൻ ദ്രാക്ഷയുടെ തോളിൽ തൂക്കിയിട്ടു കൊടുത്ത നീല നിറമുള്ള സ്കൂൾ ബാഗ് - അലാസ്കയിലെത്തുംവരെ അവൾ മാറ്റിയിട്ടില്ലായിരുന്നു.

   അമേരിക്കൻ മണ്ണിന്റെ വേവുന്ന മണമായിരുന്നു എങ്ങും... എയർപോർട്ടിലെ പരിശോധനാക്രമങ്ങൾക്കിടയിൽ കയ്യിൽ തൂക്കിയിരുന്ന ലഗേജിൽ നിന്നും അച്ചാറുകളും ചക്കവരട്ടിയതുമൊക്കെ പുറത്തു വന്നു.....എട്ടു ദിവസം സാരി ചുറ്റി ക്ഷീണിച്ച വേണി ജീൻസിലും ടീ ഷർട്ടിലും കയറി ആശ്വസിച്ച് നിന്നുകൊണ്ട് - ബാഗിലെ വിഭവങ്ങൾ എല്ലാം അച്ഛന്റെ പണിയാണെന്ന് ആംഗ്യത്തിലൂടെ എന്നെ അറിയിച്ചു.. 

           മണത്തും രുചിച്ചും നോക്കിയ ശേഷം  ബോധ്യപ്പെട്ട സാധനങ്ങൾ ഞാൻ ബാഗിൽ അടുക്കി വയ്ക്കാൻ തുടങ്ങി..താമസസ്ഥലത്തേയ്ക്ക് ഇനിയുമുണ്ട്   ദൂരം....ബാഗിന്റെ സിബ്ബ് അടയ്ക്കുന്നതിനു മുൻപ് പെട്ടെന്നു കടന്നു വന്ന ഒരു ഉമ്മയുടെ ഓർമ്മയിൽ ഞാനെന്റെ നെറ്റിയിൽ തൊട്ടു ..

        “ അപ്പാ...ദ്രാക്ഷേടെ ബാഗില്  ഒരു പാക്കറ്റ്....! അതെന്താന്നു ചോദിക്കുന്നു അവര്....”ദക്ഷൻ എന്റെ കൈ പിടിച്ചു വലിച്ചു......

      “ ബാഗിലോ..!!? അതിൽ നെറച്ച് കാർട്ടൂൺ സിഡികളും പെയ്ന്റിംഗ് ബുക്കുകളുമായിരുന്നല്ലൊ“
      
   പരിശോധകർ  ഉയർത്തിപ്പിടിച്ച പാക്കറ്റ്, കട്ടിയുള്ള  വെള്ളക്കടലാസുകൊണ്ട്  പൊതിയപ്പെട്ടതായിരുന്നു.. മഷിപ്പേന കൊണ്ട് വലിയ അക്ഷരത്തിലതിനു പുറമേ എഴുതിയിരുന്നത് ഞാൻ വായിച്ചു....‘എന്റെ കുഞ്ഞുങ്ങൾക്ക്

        അധികം കനമില്ലാത്ത ബലമുള്ള എന്തോ ഒന്ന്..!  !  കൈകൾ കൊണ്ട് പരതി ഊഹിക്കാൻ ശ്രമിച്ച ഞാൻ പരാജയപ്പെട്ട്  പരിശോധകർക്കു മുന്നിൽ ഉത്തരമില്ലാതെ നിന്നു...    

      “.എന്താണിതിൽ.....! ! ?” വേണി എന്റെ അടുത്തേയ്ക്ക് നിന്നു ചോദിച്ചു.. കുട്ടികളും ആകംക്ഷയോടെ നിൽ‌പ്പാണ്.....

            “ സോറി.........”  ഉദ്യോഗസ്ഥരുടെ നീട്ടിയ കൈകളിലേയ്ക്ക്   എനിക്കതു കൊടുക്കേണ്ടി വന്നു...

              വെള്ളക്കടലാസിനകത്ത് പിന്നെയും പിന്നെയും കടലാസുകൾ! ! ! ! മാന്ത്രിക വാതിലുകൾ തുറക്കുന്ന പോലെ അത് തുറന്നു കൊണ്ടിരുന്നു....! !  

              ഒരു മിന്നൽ..- എന്നാൽ ഏറ്റവും തണുത്തത്, അതെന്റെ കാൽ വിരൽ തൊട്ട് നെറുക വരെ ഒറ്റ നിമിഷം കൊണ്ട് തണുപ്പിച്ചു....

            പൊതിയിൽ - മരത്തിന്റെ ഫ്രെയിമിട്ട, പഴയ കറുത്ത കളിമൺ സ്ലേറ്റ്.....! ഏതാനും ഒടിഞ്ഞ സ്ലേറ്റ്പെൻസിലുകൾ.....! ചെറിയ പ്ലാസ്റ്റിക് കവറിൽ വേരോടെ പിഴുതെടുത്ത മഷിപ്പച്ച...! അതു വാടിയിരിക്കുന്നു.. നിറം മങ്ങിയ ഫ്രെയിമിൽ കൂർത്ത എന്തോ  കൊണ്ട് വരഞ്ഞുണ്ടാക്കിയ., കാലം അവ്യക്തമാക്കിയ അക്ഷരങ്ങൾ.....!ഞാനത് പണിപ്പെട്ട് കൂട്ടിവായിച്ചു..

             ‘നന്ദകുമാർ - ]]] - C അതു കോറിയ കാരമുള്ളുകൾ ഹൃദയത്തിൽ തറഞ്ഞു നിന്നു..

             “നന്ദാ...”  വേണിയുടെ കൈകളിൽ എന്റെ ഇടതു കൈത്തലം ഒന്നമർന്നയഞ്ഞു....

         “ അപ്പാ..” വാടിയ മഷിപച്ചയുടെ കവർ പിടിച്ച്  എന്റെ കയ്യിലെ സ്ലേറ്റ് വാങ്ങാൻ  ശ്രമിക്കുകയായിരുന്നു ദ്രാക്ഷ..ഞാനതു കൊടുത്തില്ല..വേണി അവളേയും ദക്ഷനെയും ചേർത്തു പിടിച്ച് മഷിപ്പച്ച ഭദ്രമായിഅവളുടെ  ഹാൻഡ് ബാഗിൽ വച്ചു...
  
               “ ഇത് നമ്മടെ ഫ്ലാറ്റിലെ ചെടിച്ചട്ടീല്  നട്ടു വയ്ക്കാം കേട്ടോ...”

                 “ഇതെന്തിനാമ്മാ...?

              “എല്ലാം മമ്മ കാണിച്ചു തരാം...ദ്രാക്ഷയാണിതിനു ദിവസവും വെള്ളം ഒഴിക്കുക അല്ലേ..?

                അവർ എന്നെയും കടന്ന് പതുക്കെ മുന്നോട്ട് നീങ്ങി തുടങ്ങിയിരുന്നു...പക്ഷെ എന്നെ പിൻ നടത്തിക്കുന്നതാരാണ്....! ! ? പുറംതേപ്പടർന്ന് ചെങ്കല്ലുകൾ തെളിഞ്ഞ എന്റെ പഴയ ദേവിവിലാസം സ്കൂളിലേയ്ക്ക്......! ഒടിഞ്ഞ ചോക്കുകഷ്ണങ്ങൾ ഒളിപ്പിച്ച വള്ളിനിക്കറിന്റെ കീശയിലേയ്ക്ക്..! ചൂരൽ പേടിയിൽ ഓടിയണച്ച് മുഖമമർത്തിയ അമ്മയുടെ നെഞ്ചിലേയ്ക്ക്....!മഷിപ്പച്ച തേടിനടന്ന വരമ്പിലേയ്ക്ക്....!   പിൻ നടത്തം ഒറ്റയ്ക്കല്ല......ഞാൻ ഒറ്റയ്ക്കേയല്ല ..!  വള്ളിനിക്കറുകാരൻ അച്ഛന്റെ കൈ പിടിച്ചു.........

                  അവൻ നെഞ്ചിൽ ചേർത്തു വച്ചിരുന്ന കളിമൺ സ്ലേറ്റിൽ  സാധാരണയിൽ സാധാരണക്കാരനായ ഒരു പ്രൈമറി സ്കൂൾ മാഷിന്റെ  ആദ്യ അധ്യായം  -‘ അ - അമ്മ....’


                      >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>.
  
                            


             


                   

67 comments:

 1. പരിമിതമായ എന്റെ അറിവുകളിൽ ആതമവിശ്വാസമില്ലാതെ ശബ്ദതാരാവലി ചികഞ്ഞും, പരിചയമുള്ള മലയാള പണ്ഡിതന്മാരെ വിളിച്ച് അന്വേഷിച്ചും കിട്ടിയ അറിവുകളിൽ ഭൂരിപക്ഷാഭിപ്രായം മാനിച്ചാണ് മഹത്തായ മലയാള അക്ഷരങ്ങളു
  ടെ എണ്ണം കഥയിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത്.....എണ്ണത്തിന്റെ കാര്യത്തിൽ അഭിപ്രായം പലതായിരുന്നു.........


  ദ്രാക്ഷ = മുന്തിരി

  ReplyDelete
  Replies
  1. എഴുത്തുകാരിയെ എവിടെ പോയി ?

   Delete
 2. അമ്മൂന്റെ കുട്ട്യേ..
  എനിയ്ക്കൊത്തിരിയൊത്തിരി ഇഷ്ടപ്പെട്ടേ ഇക്കഥ
  തെളിനീരൊഴുക്കുപോലെ
  നിലാവൊളി പോലെ
  തെക്കന്‍ കാറ്റ് പോലെ

  ഒരു സുന്ദരന്‍ കഥ

  ReplyDelete
  Replies
  1. അജിത് സർ...,
   ഉള്ളത് ഉള്ളതു പോലെ പറയുന്ന ആളായതു കൊണ്ട്..ഈ അഭിപ്രായത്തിൽ ഒരു പാട് സന്തോഷം തോന്നി....

   Delete
 3. വായിക്കവേ കാലം പിറകിലേക്ക് പോയി.സ്ളേറ്റും മുറിപ്പെന്‍സിലുമൊക്കെ മുന്നിലെത്തി.മഷിത്തണ്ട് കൊണ്ട് മായ്ക്കാന്‍ കഴിയാത്തവിധം ഈ സ്ളേറ്റില്‍ കോറിയിട്ടൊരു നൊസ്റ്റാള്‍ജിയ.

  ReplyDelete
  Replies
  1. തുമ്പീ...സന്തോഷം.. വളരെ വളരെ......

   Delete
 4. 'അ-അമ്മ...'
  പഴയ കറുത്ത കളിമണ്‍ സ്ലെറ്റ്‌,സ്ലെറ്റ്‌ പെന്‍സില്‍ തുണ്ടുകള്‍,വാടിയ
  മഷിപ്പച്ച........
  പഴയകാലത്തിന്‍റെ മധുരിപ്പിക്കുന്ന ഓര്‍മ്മകള്‍....,.......
  ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു കഥ.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ സർ....
   ആശംസ അനുഗ്രഹമായി സ്വീകരിക്കുന്നു

   Delete
 5. എന്റെ തലമുറയ്ക്കും..പുതിയതലമുറയ്ക്കും വരാനിരിക്കുന്നവർക്കും അത്യാവശ്യമായ ഒരടി.. അതു മാത്രമല്ലേ എനിക്ക് കിട്ടിയുള്ളു....“

  വായിക്കുന്ന ഏതാണ്ടെല്ലാവര്‍ക്കും കിട്ടിയേക്കാവുന്ന ഈ അടി ഉചിതമായിരിക്കുന്നു.
  വളരെ ഭംഗിയായി വാടാത്ത മാഷിത്തണ്ടുപോലെ കഥ നിവര്‍ന്നുനിന്ന് എന്നെ കളിയാക്കുന്നോ എന്ന സംശയം.
  നന്നായിരിക്കുന്നു.
  വളരെ ഇഷ്ടായി.

  ReplyDelete
  Replies
  1. റാംജിസർ....നല്ല അഭിപ്രായത്തിനു നന്ദി...

   Delete
 6. രണ്ട് വര്‍ഷത്തിലേറെയായി ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്. ഇത്രയും ഇഷ്ടത്തോടെ, വികാരവായ്പ്പോടെ ഞാനൊരു ബ്ലോഗ്കഥയും ഇതിനുമുന്‍പ് വായിച്ചിട്ടില്ല. ഇതില്‍ കൂടുതല്‍ ഈ കഥയോട് തോന്നിയ ഇഷ്ടം വിവരിക്കാനാവുന്നില്ല.
  കഥപറച്ചിലാണൊ കഥതന്തുവാണൊ, എന്താണിത്രയും ആകര്‍ഷിച്ചതെന്നറിയില്ല. ഒന്നറിയാം,‘നമ്മുടെ മലയാളം’!

  ReplyDelete
  Replies
  1. ഇലഞ്ഞിപൂക്കളേ.....
   ഞാനും അതു തന്നെ പറയുന്നു .....നമ്മുടെ മലയാളം....

   Delete
 7. കഥ എനിക്കും വളരെ ഇഷ്ടമായി. ജാനകി ചേച്ചിയുടെ എല്ലാം കഥകളും എനികിഷ്ടമാണ് വായിച്ചിട്ടുമുണ്ട് ......സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍ ,

  ReplyDelete
  Replies
  1. പുണ്യവാളൻ അനുഗ്രഹിച്ചല്ലോ..നന്ദി

   Delete
 8. അതി മനോഹരമായ കഥ.
  ഭാവതീവ്രതയോടെ,ആത്മാര്‍ഥതയോടെ എഴുതിയിരിക്കുന്നു.
  ജാനകി,അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. സേതുലക്ഷ്മി...
   നല്ലവാക്കുകൾക്ക് നന്ദി കേട്ടോ...

   Delete
 9. നന്നായിരിക്കുന്നു.വളരെ ഇഷ്ടായി.

  ReplyDelete
  Replies
  1. റാണീ....
   ഇവിടെ വന്നല്ലോ..
   വായിച്ച് അഭിപ്രായവും പറഞ്ഞു....
   ഒരുപാട് സന്തോഷം....

   Delete
 10. പുതിയ നല്ല അറിവുകള്‍ ....തീര്‍ച്ചയായും നല്ലൊരു സന്ദേശവും അതും മഹത്തായൊരു സന്ദേശം മുഴച്ച് നില്ക്കുന്ന നല്ലൊരു കഥ...ഗൃഹാതുരത്വത്തിന്റെ നിലാവില്‍ പരന്നൊഴുകുന്ന ഒരു മികച്ച രചന..ജാനകിക്ക് ഈ നല്ല എഴുത്തിനു ഭാവുകങ്ങള്‍ ..മലയാളം മധുരം ...മലയാള ഭാഷ നീണാള്‍ വാഴട്ടെ..!!!

  ReplyDelete
 11. എനിക്കും നിങ്ങൾക്കും നമുക്കും ഇനി പിറകിലോട്ട് നടക്കാൻ കഴിയില്ല എന്ന സത്യം ഈ കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ മനസ് പറയുന്നുണ്ടായിരുന്നു ...അതെ എത്ര സുന്ദരം......... ആരും ഓർത്തുപോയത്,
  നല്ല പോസ്റ്റ്

  ReplyDelete
 12. പഴയ കറുത്ത കളിമണ്‍ സ്ലെറ്റ്‌,സ്ലെറ്റ്‌ പെന്‍സില്‍ തുണ്ടുകള്‍,വാടിയ മഷിപ്പച്ച ഇതെല്ലാം പഴേ കാലം ഓര്‍മ്മപ്പെടുത്തി ..
  വളരെ മനോഹരമായ ഹൃദയസ്പര്‍ശിയായ കഥ ഇഷ്ടായി ഒരുപാടൊരുപാട്..!

  ReplyDelete
 13. കൊള്ളാട്ടോ, സംഗതി ജോറായിരിക്കുന്നു, ഇപ്പൊ ആര്‍ക്കും മലയാളം വേണ്ട, kvസ്കൂള്കള്‍ വന്നതോടെ കുട്ടികള്‍ എല്ലാവരും മലയാളത്തിനോട് അകന്നു പോയിരിക്കുന്നു, പലര്‍ക്കും എഴുതാനോ, വായിക്കാനോ അറിയില്ല എന്ന് മാത്രമല്ല, അത് ഒരു വലിയ പോങ്ങച്ചത്തോടെ പറയുകയം ചെയ്യും. അല്ല, സ്വരങ്ങള്‍ 18 അല്ലെ? എനിക്കും ഒരു സംശയം?

  ReplyDelete
 14. മാറ്റങ്ങള്‍ക്കു മാത്രം മാറ്റമില്ല...! ചക്രതിരിച്ചിലില്‍ മാറിമറിയുന്ന കാസനോവ ഭാവം പോലെയാണ് ജീവിതം. പഴയ തറവാടും , വിദേശചുവയുള്ള അവധിക്കാലവുമായി കഥ തുടങ്ങിയപ്പോള്‍ വല്ലാതെ 'ക്ലീഷേ' എന്ന് മനസ്സില്‍ പറഞ്ഞു. ചില വാക്കുകള്‍ എഴുത്തില്‍ മുഴച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ വീണ്ടും അതൃപ്തി... ( അച്ഛന്‍റെ ചിരിയുടെ ഉപമ, രക്തബന്ധത്തിന്‍റെ കുട്ടികളോടുള്ള വിശദീകരണം തുടങ്ങിയവ) പക്ഷെ................., വഴിമാറി സഞ്ചരിച്ച കുരുകുളക് വള്ളിയ ശകാരിക്കുന്ന അച്ഛനില്‍ തുടങ്ങി , പഴമയുടെയും ഭാഷയുടെയും തെളിമ തെളിയിക്കുന്ന അച്ഛനിലേക്ക് പെട്ടെന്നുള്ള പരകായ പ്രവേശം എന്നെ ഒന്ന് പിടിച്ചിരുത്തി. ശരിയാണ് ആ അച്ഛന്‍ ചോദിക്കുന്നത്. നമ്മള്‍ പഠിച്ച പൈതൃകം നമ്മള്‍ എന്ത് കൊണ്ട് നമ്മുടെ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ വിമുഖത കാട്ടുന്നു....! പിന്നീട് ആ അദ്ധ്യാപകന്റെ ഓരോ ചോദ്യവും ഒരു ശരിശരി മലയാളിയുടെ മനസ്സിനുള്ളിലേക്ക് ആണ്. ഗുണ്ടര്‍ട്ട് .. ഗുണ്ടര്‍ട്ട് എന്ന് നാഴികക്ക് നാല്‍പതു വട്ടം ഉരിയടുന്നവര്‍ എന്തെ അന്വേഷിച്ചില്ല ഗുണ്ടര്‍ട്ടിന് പിന്നില്‍ ആരായിരുന്നു എന്ന്.. ഒരു പക്ഷെ അറിഞ്ഞു കൊണ്ടുള്ള മറവി ആണോ ...! അവസാനം ... അവസാനം .. ഒരു കറുത്ത സമച്ചതുരത്തിലേക്ക് കഥയുടെ ആത്മാവിനെ ചുരുക്കുമ്പോള്‍ ... മഷിതണ്ടിലെ അവസാന തുള്ളിപോലെ വായനക്കാരന്‍റെ കണ്ണില്‍ ഉറപൊട്ടിയത് എഴുത്തുകാരിയുടെ വിജയമോ .. പരാജയമോ ...!

  പ്രിയ മലയാളികളെ , നമ്മുടെ ഭാഷയ്ക്ക്‌ ഇരിക്കുവാന്‍ ബാഹ്യമായ ഒരു സ്ഥലം ആവശ്യമില്ല . അതെങ്കിലും നമ്മുടെ വരും തലമുറക്കായി കാത്തു സൂക്ഷിക്കില്ലേ .....!

  ReplyDelete
 15. നന്നായി എഴുതി ,ഗൃഹാതുരവാചകമടി ചെടിപ്പിച്ചെങ്കിലും ...

  ReplyDelete
 16. അതിമനോഹരം... ആത്മാര്‍ത്ഥതയുള്ള എഴുത്ത്.. ആശംസകള്‍...,.. മനോജ്‌

  ReplyDelete
 17. ||| എനിക്കു വേദനിച്ചില്ല.. എന്റെ തലമുറയ്ക്കും..പുതിയതലമുറയ്ക്കും വരാനിരിക്കുന്നവർക്കും അത്യാവശ്യമായ ഒരടി.. അതു മാത്രമല്ലേ എനിക്ക് കിട്ടിയുള്ളു...|||

  നല്ല രചന.... നന്നായിട്ടുണ്ട്

  ReplyDelete
 18. അമ്പത്തൊന്നക്ഷരാളി എന്നാണ് കേട്ടിരിക്കുന്നത്.. പക്ഷെ ജാനകി പറഞ്ഞത് പോലെ നമ്മുടെ മലയാളം മുന്‍ഷിമാര്‍ക്കിടയില്‍ തന്നെ അതില്‍ വിവിധ അഭിപ്രാ‍യങ്ങള്‍ ഉണ്ടെന്നത് സത്യം.

  ReplyDelete
 19. മനോഹരമായ കഥ ജാനകി.
  മലയാളത്തോട് സ്നേഹമൊഴുക്കുമ്പോഴും സ്വന്തം മക്കളെ
  ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്ന ചിലരുടെ കാപട്യത്തെക്കുറിച്ചും
  എഴുതണം ഒരു കഥ . ഇല്ലെങ്കില് ഞാനൊരു കവിത എഴുതും!!

  ReplyDelete
 20. മനോഹരമായ ഒരു കഥ... ഇതില്‍ പല സ്ഥലങ്ങളിലും എന്റെ ഹൃദയം തേങ്ങി, ആ തേങ്ങല്‍ ഒരു പക്ഷെ മലയാളം പഠിച്ച അവസാന തലമുറയില്‍ പെട്ട ആള്‍ ആയതിനാല്‍ ആവാം... മലയാളം പഠിച്ചാല്‍ നിലവാരം പോകും എന്ന് പറയുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഉള്ള ഒരു ഹതഭാഗ്യന്‍ ആണ് ഞാന്‍; മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി നല്‍കണം എന്ന് മുറവിളി കൂട്ടുന്ന സമൂഹം മരിക്കുന്ന മലയാളത്തെ ഉയര്‍ത്തെഴുനെല്പ്പിക്കാന്‍ മാത്രം മറക്കുന്നു.... ആശംസകള്‍...

  ReplyDelete
 21. നല്ല പോസ്റ്റ്‌. ആശംസകള്‍
  അനിത

  ReplyDelete
 22. ഇവിടെ ഞാനെന്റെ ശിരസ്സ് നമിക്കുന്നു.ഈ കഥ ഞാൻ വായിക്കുന്നത് മൂന്നാം തവണ.ഇതിൽ ഞാൻ എന്നേയും,എന്റെ അമ്മയുടെ അച്ഛനേയും(അപ്പൂപ്പൻ)കണ്ടു.ആ മുതൽ റ വരെയുള്ള 53 അക്ഷരങ്ങളെയും കാണുന്നൂ... ഇലഞ്ഞിപ്പൂക്കൾ പറഞ്ഞപോലെ കുറെക്കാലമായി ഞാനും ബ്ലോഗിലുള്ള കഥകൾ വായിക്കുന്നൂ ഇത്രയും ഇഷ്ടത്തോടെ, വികാരവായ്പ്പോടെ ഞാനൊരു ബ്ലോഗ്കഥയും ഇതിനുമുന്‍പ് വായിച്ചിട്ടില്ല.ഒരു പക്ഷേ മലയാള അക്ഷരങ്ങളോടുള്ള പ്രണയമാകാം.അല്ലെങ്കിൽ അപ്പൂപ്പൻ പറഞ്ഞ് തന്ന സ്വരങ്ങളും,വ്യഞ്ജനങ്ങളും,ക വർഗ്ഗവും,ച വർഗ്ഗവും, ട വർഗ്ഗവും,ത വർഗ്ഗവും,പ വർഗ്ഗവും,മദ്ധ്യമങ്ങളും,ഊഷ്മാക്കളും മനസ്സിലേക്കോടിയെത്തിയത് കൊണ്ടാകാം,എട്ടാം ക്ലാസ്സിൽ വച്ച് ഞാൻ എഴുതിയ ഒരു കഥക്ക് എന്റെ മലയാളത്തിലെ ഗുരുനാഥൻ സംഭാവനയായി തന്ന ശബ്ദതാരാവലിയെ ക്കുറിച്ചോർത്തിട്ടാകാം.. എന്റെ ശരീർത്തിൽ നീശാരമായി മാറിയ രോമാഞ്ചത്തിന്റെ കുളിർമയിൽ ഞാൻ കുറേ നേരം കണ്ണടച്ചിരുന്നത്...മലയാളത്തെ സ്നേഹിക്കാൻ ഇതിനപ്പുറം ഒരു കഥയില്ലാ..പ്രീയപ്പെട്ട ജാനകീ താങ്കളെ വാഴ്ത്തുവാൻ ഇനി എന്റെ പക്കൽ വാക്കുകളില്ലാ...വീണ്ടും തലകുനിക്കുന്നൂ......

  ReplyDelete
 23. വായിച്ചു, പാതിയില്‍ നിര്‍ത്തി പോന്നു.
  അഭിപ്രായങ്ങള്‍ വായിച്ച് തിരികെ പോയി വീണ്ടും കുത്തിപിടിച്ചിരുന്ന് വായിച്ചവസാനിപ്പിച്ചു. ആദ്യഭാഗങ്ങളിലൊക്കെ എന്തൊക്കെയൊ പറഞ്ഞ് പോന്ന പോലെ. ഒന്നും മനസ്സിലാവണില്യ. (ഇനീപ്പൊ ന്‍‌റെ കുഴപ്പാവൊ!, ആവും)

  പോകെ പോകെ മുകളിലുള്ളവര്‍ പറഞ്ഞ ആ കുളിര്‍മ ണ്ട്. സത്യായിട്ടും :)

  ആശംസോള്‍‍ട്ടാ!!

  ReplyDelete
 24. വളരെ നല്ല കഥ, എനിക്കൊരുപാട് ഒരുപാട് ഇഷ്ടായി....

  ReplyDelete
 25. ക്ലീഷേ ആയിപ്പോയി. ജാനകിചേച്ചീടെന്നു കൂടുതല്‍ പ്രതീക്ഷിച്ചു :(

  ReplyDelete
 26. നല്ല അസ്സല്‍ കഥ . ഭാവങ്ങള്‍ ഒട്ടും ചോര്‍ന്നു പോവാതെ ഹൃദയസ്പര്‍ശിയായി പറഞ്ഞ കഥ .

  ReplyDelete
 27. ജാനകി, ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ ഞാന്‍ വരുന്നത്, എന്റെ വിരുന്നുകാരിയായി വന്നയാളുടെ ബ്ലോഗ്‌ വായിക്കാന്‍ ഇറങ്ങിയതായിരുന്നു.

  മനസ്സിനെ വല്ലാതെ തൊട്ട പോസ്റ്റ്‌, എനിക്ക് വളരെ വളരെ ഇഷ്ടമായി.

  അസൂയ തോന്നിക്കുന്ന ശൈലി. അഭിനന്ദനങ്ങള്‍

  ReplyDelete
 28. അതിസുന്ദരമായ അസൂയജനിപ്പിക്കുന്ന എഴുത്തു. ശരിക്കുമിഷ്ടമായി. അഭിനന്ദനങ്ങള്‍...

  ഈ ടെമ്പ്ലേറ്റ് ഒന്നു മാറ്റൂ. അല്‍പ്പം കൂടി വിഡ്ത്താക്കിയാള്‍ എഴുത്ത് കാണുവാന്‍ ഭംഗിയുള്ളതാവും. അതുപോലെ തന്നെ മധ്യഭാഗത്തുനിന്നു തുടങ്ങാതെ പാരഗ്രാഫുകള്‍ തിരിച്ചെഴുതിയാല്‍ കൂടുതല്‍ നന്നാവും..

  ReplyDelete
 29. കഥ ഏറെ ഇഷ്ടമായി .
  ജാനകിയിലെ നല്ല എഴുത്തുകാരിയിൽ നിന്ന് മറ്റൊരു മികച്ച രചനകൂടി

  ReplyDelete
 30. മനോഹരമായ കഥ പറച്ചിൽ..

  ReplyDelete
 31. ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കിട്ടി ആ അത്യാശ്യമായ അടി.
  നല്ല കഥ വായിച്ചു.
  സന്തോഷം

  ReplyDelete
 32. മനോഹരമായ ഭാഷ്യം!!
  ആദ്യമായിട്ടാണ് ഞാന്‍ വായിക്കുന്നത്.
  വയനാവസാനം കണ്ണു നിറഞ്ഞുപോയി...
  വായിച്ചതേതായാലും ദുരന്തപര്യവസാനിയായ കഥയല്ല. പിന്നെ എന്തിനോ ആവോ?

  ReplyDelete
 33. ഞാനും ഈ കഥ മൂന്നാലു വട്ടം വായിച്ചു.... വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍. ഇനിയും വന്ന് വായിച്ചു കൊള്ളാം....

  ReplyDelete
 34. തറവാട്ടിൽ തിരിച്ചെത്തി നമ്മുടെ ഭാഷാമ്മയുടെ അമ്മിഞ്ഞിപ്പാൽ നുണയുന്ന സുഖമാണ് ഈ വായനയിലൂടെ എനിക്ക് കിട്ടിയത് കേട്ടൊ ജാനു

  ReplyDelete
 35. നന്നായി എഴുതി...ഒരു അഭിപ്രായം എന്തെന്നാല്‍, പാരഗ്രാഫ് ഒന്ന് ഒതുക്കി വെക്കണം...ഇടതു ഭാഗത്തേത് വായിക്കാന്‍ നന്നേ കഷ്ടപെടുന്നു

  ReplyDelete
 36. നല്ല കഥയാണ്‌ട്ടോ എല്ലാ ആശംസകളും ! എന്താണ് ഈ " കപ്പളങ്ങ "?

  ReplyDelete
 37. ഗൃഹാതുരത ഇത്ര വലിച്ചു നീട്ടിയില്ലായിരുന്നെങ്കില്‍ കുറേക്കൂടി നന്നാവുമായിരുന്നു (അക്ഷരങ്ങള്‍ എങ്ങോട്ടൊക്കെയോ പോകുന്നു. അതെന്താ അങ്ങിനെ?)

  ReplyDelete
 38. എഴുത്തു. ശരിക്കുമിഷ്ടമായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 39. കഥ നല്ല ഭാഷയില്‍ , നല്ല ഒഴുക്കില്‍ എഴുതി..നാട്ട് നോവ്‌ ഓരോ വായനക്കാരനിലും അറിയാതെ കടന്നു വരും .കഥാ രചനയില്‍ പുലര്‍ത്തിയ ഒതുക്കം പ്രത്യേകം പ്രശംസിക്കപ്പെടും ..അമ്മ നഷ്ടപ്പെട്ടത് പോലെ മാതൃഭാഷയും നഷ്ടപ്പെടുന്നതിലുള്ള വേദന കഥാകൃത്ത്‌ നന്നായി പങ്ക് വെക്കുന്നു.കഥ കൃത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നതോടപ്പം പുതിയ വിഷയങ്ങളിലേക്ക് ചിന്തയെ വ്യാപരിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു.

  സസ്നേഹം
  വെള്ളിയോടന്‍

  ReplyDelete
 40. അവസാന ഭാഗത്തേക്ക്‌ എത്തിയപ്പോ കണ്ണ് നിറഞ്ഞു... നന്നായിട്ടുണ്ട്....:)

  ReplyDelete
 41. പഴയകാലത്തെ ഓര്‍മ്മകളുണര്ത്തിയ അതിമനോഹരമായ ലളിതമായ രചന
  അഭിനന്ദനങ്ങള്‍ നേരുന്നു.

  ReplyDelete
 42. വഴി പോക്കനായയറിയത വല്ലാതെ ഫീൽ ചെയ്യിപ്പിചു

  ReplyDelete
 43. ഭാഷയും കഥനവും ഇഴയകത്താനാവാത്ത മനോഹരമായ ക്രാഫ്റ്റ് . ആ വിരലുകൾ പൊന്നാവട്ടേ....

  ReplyDelete
 44. വിഷയം പഴയത് ആണെങ്കിലും എഴുത്തിന്റെ മാസ്മരികതകൊണ്ട് അനുവാചകന്റെ മനം കവർന്നു.

  ReplyDelete
 45. മലയാള ഭാഷയെ കുറിച്ചുള്ള പോസ്റ്റ് അല്ലേ ? അപ്പോൾ അധ്യായം എന്നെഴുതിയത് തെറ്റല്ലേ?
  അദ്ധ്യായം അല്ലെ ശരി. വെറും സംശയം ആണ് ട്ടൊ.

  ReplyDelete
 46. വൈകി സംഭവിക്കുന്നത്‌ നല്ലതിനാണ്‌ പറഞ്ഞ പോലെയാണ്
  ഞാൻ ഇവിടെ എത്തിയത് . ഹൃദയ സ്പർശിയായ സുന്ദരമായ ഒരു കഥ വായിക്കാൻ കഴിഞ്ഞു .
  വല്ലാത്ത ഒരു അനുഭൂതി വായിക്കുമ്പോൾ ഉണ്ടായിരുന്നു .
  മനസ്സ് കൊണ്ട് വളരെ ഉൾക്കൊണ്ടു എഴുതിയ വരികൾ. ഒന്നും ഭംഗി വാക്കായി തോന്നിയില്ല .
  നന്മയും സ്നേഹവും ഉൾകൊണ്ട മഹത്തരമായ കഥ .
  വളരെ ഇഷ്ട്ടമായി.
  ഒരായിരം അഭിനന്ദനങ്ങൾ

  സസ്നേഹം  ReplyDelete
 47. മരത്തിന്റെ ഫ്രെയിമിട്ട, പഴയ കറുത്ത കളിമൺ സ്ലേറ്റ്.....! ഏതാനും ഒടിഞ്ഞ സ്ലേറ്റ്പെൻസിലുകൾ.....! ചെറിയ പ്ലാസ്റ്റിക് കവറിൽ വേരോടെ പിഴുതെടുത്ത മഷിപ്പച്ച...! അതു വാടിയിരിക്കുന്നു.. ആദ്യ അധ്യായം -‘ അ - അമ്മ....’

  മുറിയിൽ ആരുമില്ലാത്ത ധൈര്യത്തിൽ ഞാൻ നന്നായി ഒന്ന് കരഞ്ഞു.. എന്തിനെന്നറിയാത്ത ഒരു വേദന..
  ജാനകിക്കുട്ടീ ഇത്ര മേൽ മനസ്സിൽ തട്ടിയ ഒരു കഥ ഞാൻ അടുത്തൊന്നും വായിച്ചിട്ടില്ല.

  ReplyDelete
 48. chechy evidaaa kanunnillallo sukahamalle

  ReplyDelete
 49. കഥ നന്നായിരിക്കുന്നു......ആരുമില്ലാത്തവരുടെ വ്യഥകള്‍ ..അമ്മയെ നഷ്ടപ്പെടുന്ന നഷ്ടബോധം !തിരയുടെ ആശംസകള്‍

  ReplyDelete
 50. ഇവിടെ ഇതാദ്യം
  വ്യത്യസ്തമായ ഒരനുഭവം
  നന്നായി അവതരിപ്പിച്ചു
  പിന്നെ "അദ്ധ്യായം" മാറ്റിക്കുറിക്കുക
  ആശംസകൾ

  ReplyDelete
 51. കഥ ...എന്നേം പിന്നിലേക്ക് നടത്തി

  ReplyDelete
 52. മനോഹരമായ കഥ.... കഥ കഥ നായരെ .... എന്ന് വായിച്ചു തുടങ്ങിയേടത്തു അപ്പൂപ്പനും വലിയ കമ്മലിട്ട് കാതിലെ തുള വലുതായി പോയ... ചുളുങ്ങിയ തൊലി കൊണ്ട് ഇലാസ്തികത എന്തെന്ന് പറയാതെ പടിപിച്ച മുത്തശ്ശി അമ്മയും ഇളനീര് പോലെ മധുരിച്ചു. കഥയും ഇളനീരും കുളവും പാടവും ഒക്കെ ഒരു തലമുറയ്ക്ക് ഗൃഹാതുരത്ത്വം സമ്മാനിക്കുമ്പോള്‍ ഇനിയത്തെ തലമുറയ്ക്ക് ആദ്യം കയ്യില്‍ കിട്ടിയ മൊബൈലോ, പ്ലേ സ്റ്റേഷന്നോ അല്ലെങ്കില്‍ റിമോട്ടില്‍ നിയന്ത്രിച്ച് കളിക്കുന്ന കളിപ്പാട്ടങ്ങലോ അതുപോലെ മറ്റെന്തെങ്കിലും ആവും ഓര്‍മയില്‍ ആദ്യം ഓടിയെത്തുകയും സുഖം നല്‍കുകയും ചെയ്യുന്നത്... രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് തങ്ങള്‍ അനുഭവിച്ച സുകൃതങ്ങള്‍ കിട്ടാതായി പോകുമെന്ന് ആകുലപ്പെടുപോള്‍ ഒരു പക്ഷെ നാളെ അവര്‍ക്ക് അങ്ങനെ ഒരു ആകുലത ആവില്ല ഉണ്ടാവുക... വീണ്ടും വീണ്ടും വയിപ്പിച്ച എഴുത്ത്. നന്നയിരിക്കുന്ന്നു.... നന്ദി.

  ReplyDelete
 53. മഷിപ്പച്ച തേടിനടന്ന വരമ്പിലേയ്ക്ക്. ഒരിക്കൽക്കൂടി കൈപിടിച്ച് നടത്തിയല്ലോ അനിയത്തി.

  ReplyDelete