Saturday, February 12, 2011

ഇതാണ് അമ്മു

              ഓരോ പേരിനും അർത്ഥമെന്നപോലെ.,ചിലതിനു അർത്ഥത്തോടൊപ്പം കാരണങ്ങളും കാണും.ബ്ലോഗ് തുടങ്ങിയപ്പോൾ ഒരു പേരിനു വേണ്ടി ഞാൻ തലപുകച്ചു..എന്തു പേരിടും ..? തമാശയല്ലല്ലൊ ഇത്..എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് പേരിടേണ്ട ബുദ്ധിമുട്ട് ഞാൻ അനുഭവിക്കേണ്ടി വന്നിട്ടില്ല.രണ്ടു പേർക്കും അവരുടെ പ്രിയപ്പെട്ട  മറ്റുള്ളവരാണ് അതു നിർവ്വഹിച്ചത്..,

               കുഞ്ഞിനുള്ള ഏറ്റവും നല്ല പേരു കണ്ടുപിടിക്കാൻ  വെമ്പലോടെ നടക്കുന്ന ഒരമ്മയെ പോലെയായി ഞാൻ രണ്ടു ദിവസം..ഓരോരോ പേരുകളങ്ങിനെ മനസ്സിൽ തെളിഞ്ഞു വരും. .വെള്ളക്ക ടലാസ് എടുത്ത് നീലമഷിപ്പേനകൊണ്ട് ആ പേരുമാത്രം നല്ല വലുപ്പത്തിൽ എഴുതി നോക്കും ത്റുപ്തി വരാതെ വെട്ടും..ഒന്നു രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു കടലാസ് വേസ്റ്റ് ബോക്സിൽ വീണു. പ്രിയ ഭർത്താവ് സൌദിയിൽ നിന്നും വിളിച്ചപ്പോൾ എന്റെ വിഷമസന്ധിയറിഞ്ഞ്.,സഹായ മനസ്ഥിതിയെന്നോ.ഔദാര്യമെന്നോ പറയാവുന്ന ഭാവത്തിൽ ഒരു നിർദേശം വച്ചു... “ നീ വേണേൽ എന്റെ പേരിട്ടോ..”

              “എന്ത്...!!!?“  അവിടെ നിന്നും പറഞ്ഞതിന്റെയാണൊ..,ഞാൻ കേട്ടതിന്റെയാണൊ കുഴപ്പം എന്നു പറയാൻപറ്റില്ലല്ലൊ..
                “എന്തെന്നാ.!!!!? എന്റെ പേരു നിനക്കറിഞ്ഞൂടെ..!!!!?”

                 “ ബ്ലോഗിനു രാജേഷ് എന്നൊന്നും പറ്റില്ല..”
                  
                 “ ഇട്ടുനോക്ക്...”

                 “എനിക്കാണേൽ അവസാനം - ഷ് - വരുന്ന ഒരു പേരും ഇഷ്ടമല്ല..അനീഷ്..,രതീഷ്.., സുമേഷ്.., സുഭാഷ്....ആ വകയിലുള്ളവ..”  - ഫോണിന്റെ അങ്ങേ തലയ്ക്കൽ കുറച്ചു നേരം നിശബ്ദതയായിരുന്നു..സ്തബ്ദതയെന്നും വേണമെങ്കിൽ പറയാം..നിമിഷങ്ങൾ കഴിഞ്ഞ് ഞാൻ പറഞ്ഞതിലെ കുഴപ്പം എന്നെ തോണ്ടി വിളിച്ചപ്പോഴാണു സത്യത്തിൽ എനിക്കു ബോധമുണ്ടായത്.  പെട്ടെന്നു അദ്ദേഹം ഇടയ്ക്കു പറയാറുള്ള വാചകം എന്റെ തലയിലൊന്നു മിന്നി മറഞ്ഞു പോയി.. “ഇവിടെ ഒരു കമ്പനി മാനേജ് ചെയ്തു കൊണ്ടു പോകാൻ എനിക്കിത്ര ബുദ്ധിമുട്ടില്ല“ ആ ആൾ പക്ഷെ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലൊ!!!

                 “അല്ല ഞാൻ പറഞ്ഞതേയ്..,പേരിന്റെ കാര്യമാണ്..,അറിയാല്ലോ  ഈ ആളെ എനിക്കെത്ര ഇഷ്ടമാണെന്ന്.. പേരിലിപ്പോൾ എന്തിരിക്കുന്നു..? അതും പറഞ്ഞ് ഇരുന്ന ഇരുപ്പിൽ കണ്ണാടി നോക്കിയപ്പോൾ എനിക്കു ദംഷ്ട്രയും.., നീണ്ടു കൂർത്തനഖവും.. കരിം കറുത്ത നിറവുമൊക്കെ വന്നിരിക്കുന്നു..പാവം ഭർത്താക്കന്മാരെ തന്റെ വഴിക്കു വരുത്താൻ  തലയിണമന്ത്രവും ഫോണ്മന്ത്രവുമൊക്കെ പ്രയോഗിക്കുന്ന ഭാര്യമാ‍രെ ആ സമയത്ത് സൂക്ഷിച്ചു നോക്കിയാൽ ഈ രൂപത്തിൽ കാണും കാര്യം നിസ്സാരമാണെങ്കിൽ പോലും.   ലോകത്തിതു വരെ ഭാര്യാ പദം അലങ്കരിച്ചിട്ടുള്ളവർ ഈ വക അലങ്കാരങ്ങൾ അണിയാതെ തീർന്നു പോയിട്ടുണ്ടാവില്ല ഉറപ്പ്...

                    
                    പേരിന്റെ കാര്യത്തിൽ ഒരു  തീരുമാനമായിട്ടില്ല..അടുത്തവരുടെ നിർദേശങ്ങൾ എനിക്കു പിടിക്കാതെ വരുന്നു..,എന്നാലെനിക്കൊട്ടു ഐഡിയ വരുന്നുമില്ല....

                    അപ്പോഴാണ് “അവൾ“ വരുന്നത്!!!!!!  ഞാൻ നോക്കുമ്പോഴുണ്ട് നായരമ്പലം ഗ്രാമത്തിലെ കുടുങ്ങാശ്ശേരി വഴിയുടെ കിഴക്ക്.,മെയിൻ റോഡിൽ നിന്നും രണ്ടാമത്തെ വീട്ടിൽ കടുംനീല പെറ്റിക്കോട്ട് ഇട്ട്..,  വലതു കയ്യിലെ പെരുവിരൽ ഈമ്പി കൊണ്ട് ഒരു പത്തു വയസ്സുകാരി!!! പക്ഷെ അവളെ കാണുന്ന എന്റെ കാഴ്ചയുടെ പരിസരങ്ങൾക്ക്  എൺപതുകളുടെ നഷ്ടസ്മരണകളുടെ  മങ്ങിയ നിറമായിരുന്നു...പകലല്ലാത്ത, രാത്രിയല്ലാത്ത ഏതൊ സമയത്ത് ലോകം നിൽക്കുന്ന പോലെ...

                       റോപ്പ് വലിച്ചു മുറുക്കി വലയിട്ട കട്ടിലിനു താഴെയുള്ള അവളുടെ നിറം മങ്ങിയ പെട്ടിയിൽ മനസ്സുകൊണ്ട് പരതിയപ്പോൾ വെളുത്ത നിറത്തിലെ ഒറ്റ പെറ്റിക്കോട്ടുപോലുമില്ല...യൂണിഫോമില്ലാത്ത സ്കൂളിൽ..,മുട്ടോളമെത്തുന്ന പാവാടയ്ക്കടിയിൽ കടും നിറത്തിലെ പെറ്റിക്കോട്ടൊളിപ്പിക്കാൻ അവളെത്ര പാടുപെട്ടു... അതു പരാജയപ്പെടുമ്പോഴൊക്കെ അവൾ പ്രതിജ്ഞയെടുത്തു  അമ്മയോടു  ഇന്നു ചോദിക്കും എന്തുകൊണ്ടെന്ന്...ചോദിക്കാൻ കുറേയേറെ ചോദ്യങ്ങൾ......അവൾക്കു അമ്മയുടെ കൂടെക്കിടന്ന ഓർമ്മയില്ല...എന്തുകൊണ്ട്..? അവൾക്കു ബാലരമയും പൂമ്പാറ്റയും വേണമായിരുന്നു., പക്ഷെ ദേശാഭിമാനി പത്രവും, വാരികയും, ചിന്തയും, മാത്റുഭൂമിയും മാത്രം അവളുടെ വായിക്കാനുള്ള അഗ്രഹത്തെ കൊണ്ടു ചുമപ്പിക്കുന്നു എന്തു കൊണ്ട്..? അനിയനുള്ള സ്വാതന്ത്രം അഛനമ്മമാരിൽ അവൾക്കില്ല എന്തുകൊണ്ട്..?ഒരുപാടു സമയമെടുത്ത് ആലോചിച്ചെഴുതിയ കുട്ടിക്കവിത  കാണിച്ചിട്ടും വായിച്ചു നോക്കാൻ സമയമുണ്ടാകുന്നില്ല്ല അവർക്ക്..എന്തുകൊണ്ട്..?

                          പക്ഷെ അവളുടെ ഈ വക ചോദ്യങ്ങൾ അമ്മയോടല്ല..,അമ്മുമ്മയോടു ചോദിച്ചു. പുസ്തകത്തിലെ സംശയങ്ങൾ ചോദിക്കുന്നതു പോലെ.. അമ്മുമ്മയതു കഥകൾ കൊണ്ടു മായ്ച്ചു കളഞ്ഞു...മുലപ്പാൽ മണത്തിന്റെ ഓർമ്മയേക്കാൾ കൂടുതൽ അമ്മുമ്മയുടെ കഞ്ഞിപ്പശ മുക്കിയ കൈത്തറി മുണ്ടിന്റെയും  ബ്ലൌസിന്റേയും വെയിലുണക്ക മണമായിരുന്നു അവൾക്കു പരിചയം...
അവൾ- അമ്മുമ്മേയെന്നു അതിരറ്റ സ്നേഹത്തോടെ വിളിച്ചു വിളിച്ച്  “അമ്മു“വെന്നു ലോപിച്ചപ്പോൾ അമ്മുമ്മയുടെ യഥാർത്ഥ പേര് അതായിരുന്നു എന്നത് യാദ്റുശ്ചികമായിരുന്നു

                           ഇരുപത് സെന്റ് വളപ്പിനകത്ത് നിറച്ചും പേര..,അമ്പഴം.., പ്ലാവ്.,കരിങ്ങോട്ട..,മാവ്.. പറങ്കിമാവ് ഈ വക മരങ്ങൾ നിറഞ്ഞ നിബിഡതയ്ക്കുള്ളിലായിരുന്നു അവളുടെ ഓടിട്ട പാവം വീട്. (ഒറ്റ അടയ്ക്കാമരം ഇല്ലായിരുന്നു)  ആ നിബിഡതയ്ക്കുള്ളിൽ കൊച്ചു നിഗൂഡമനസ്സുമായി  അമ്മുവിനെ കണ്ട്., അമ്മുവിനെ കേട്ട് ,അമ്മുവിനെ ശ്വസിച്ച്.., അവസാനം അമ്മു മാത്രമാണ് ശരിയെന്നും.., ലോകമെന്നും അവൾ വിശ്വസിച്ചു പോയിരുന്നു... വിറച്ചുലഞ്ഞ പനിരാത്രികളിൽ കഞ്ഞിപശയുരസി കവിളു വേദനിച്ചാലും അമ്മുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് മറ്റേതോ ലോകത്തു കിടക്കാനാണ് അവൾ ആഗ്രഹിച്ചത്...നടത്തകൾക്കിടയിൽ കാൽതട്ടി നോവുമ്പോൾ അമ്മേ എന്നതിനു പകരം  അമ്മൂ എന്നു വിളിച്ചു തുടങ്ങിയ അവളുടെ മനസ്സിന്റെ  ആഴത്തിലേയ്ക്ക് എത്തിനോക്കാൻ ആ‍ർക്കായിരുന്നു സമയം..?

                          ഓരോ രാ‍ത്രിയിലും.ഓരോ കഥകൾ..! അതു അമ്മുവിന്റെ ജീവിതമാവാം...അമ്മുവിന്റെ അഛനായ കൊച്ചിറ്റാമന്റെയാകാം..അമ്മയായ കാവുവിന്റെയാകാം...അല്ലെങ്കിൽ ഒരു കഥ തന്നെയാകാം.  ഓർമ്മകൾ തുടങ്ങുന്നതു മുതൽ എണ്ണിയെടുക്കവുന്ന രാ‍ത്രികളിലെല്ലാം തന്നെ അമ്മു പറയുന്ന കഥകളിലൂടെയാണ് ഉറക്കം അവളിലേയ്ക്ക് ഊർന്നിറങ്ങിയത്... അങ്ങിനെയൊരു ഉറക്കത്തിൽ കണ്ട സ്വപ്നം പോലെ -പത്തൊമ്പതാം വയസ്സിൽ, ഡിസംമ്പർ നാലാം തീയതി  രാത്രി അവൾ അമ്മുവിനെ എന്നത്തേക്കാൾ കൂടുതൽ ബലത്തിൽ കെട്ടിപ്പിടിച്ചു കിടന്നു...ആ രാത്രി കഴിഞ്ഞാലുള്ള പകലിൽ അവളുടെ വിവാഹമാണ്..ഓർമ്മ വച്ചപ്പോൾ മുതലുള്ള, അമ്മുവിന്റെ കൂടെയുള്ള രാത്രികളുടെ ആവർത്തനങ്ങൾ ഇനിയില്ല...കഥകൾ ഇല്ല... എന്ന യാഥാർത്ഥ്യം അരോചകമായ സത്യം പോലെ തെളിഞ്ഞു നിന്ന്  അവളെ വിഷമിപ്പിച്ചു...


                           തന്നോളമുള്ള പേരക്കുട്ടിയെ ചുറ്റിപ്പിടിച്ച്.,മുടി തടവിയൊതുക്കി..അമ്മു., അവൾക്കു പറഞ്ഞു കൊടുക്കാനുള്ള അവസാനത്തെ കഥയും പറയാൻ തുടങ്ങി...കഥയിലെ രാജകുമാരി അമ്മുവായിരുന്നു...

                             അഞ്ചു മക്കളുള്ള.., ഭാര്യ മരിച്ചു പോയ ഒരാൾ- അവളുടെ അപ്പുപ്പൻ-അമ്മുവിനെ കല്യാണം കഴിക്കുമ്പോൾ അമ്മു പതിനാറ് വയസ്സുള്ള പെൺകുട്ടിയാണ്. തന്റെ മൂന്നു മാസം പ്രായമുള്ള ഇളയ പെൺകുഞ്ഞിനെ നോക്കിവളർത്താൻ  കല്യാണം കഴിച്ചതാണ് അമ്മൂനെ-അപ്പുപ്പൻ. അഞ്ചു മക്കളുടെ അഛന്റേയും...കന്യകയായ ഒരുവളുടെയും കല്യാണം..,അവരുടെ അപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും.!!? ആദ്യമായൊരു സ്വർണ്ണ മാല കഴുത്തിൽ കിട്ടിയ കൌതുകത്തിൽ അതു കയ്യിലെടുത്തു നോക്കുകയായിരുന്നു താനെന്ന് അമ്മു -അവളോടു- പറഞ്ഞു...

                                 ഇളയ കുഞ്ഞ്  “നന്ദിനി“ യെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അപ്പുപ്പന്റെ അടുത്തേയ്ക്കാണ് അന്നു രാത്രി അമ്മു ചെല്ലുന്നത്...എന്തു ചെയ്യണേന്നറിയാതെ നിന്ന പെൺകുട്ടിയുടെ  കയ്യിലേയ്ക്ക് അപ്പുപ്പൻ കുഞ്ഞിനെ കൊടുത്തു.. “ നീ ഉറക്ക് “.. അത്രയും ചെറിയ കുഞ്ഞിനെ ആദ്യമായി  കയ്യിലെടുത്ത് അങ്കലാപ്പോടെ  അമ്മു മുറിയിൽ ഉലാത്താൻ തുടങ്ങി.മണ്ണെണ്ണ  വിളക്കിന്റെ വെളിച്ചത്തിൽ..,ഓലമറച്ച പുരയിലെ ഒരു മുറിയിൽ........

                               പരിചയമില്ലാത്ത ചൂടും ചൂരുമേറ്റ് കുഞ്ഞ് കരഞ്ഞു കൊണ്ടേയിരിക്കുന്നു...കുഞ്ഞ് ഉറങ്ങാത്തത് തന്റെ അയോഗ്യതയാകുമോ എന്ന ഭയത്തോടെ  അമ്മു പുതുപ്പെണ്ണിനു ചേരാത്ത വിധം ഉറക്കെ വാ...വോ..പറഞ്ഞു കൊണ്ടിരുന്നു...കുറച്ചു നേരം അതു നോക്കിയിരുന്നിട്ട്  അപ്പുപ്പൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി..,ഒന്നു തിരിഞ്ഞു നോക്കിയിട്ട് അമ്മുവിനോടു പറഞ്ഞു  “നീ നിന്റെ മുല കൊടുത്തു നോക്ക്..”  അപ്പുപ്പൻ  പുറത്തെ ഇരുട്ടിലേയ്ക്ക് ഇറങ്ങിപ്പോയി.


                                നീണ്ട കുറച്ചു സമയം നടുങ്ങി നിന്ന അമ്മു...  പാവം അമ്മു.,  തന്റെ റൌക്ക  കെട്ടഴിച്ച്  ഭർത്താവിന്റെ ആജ്ഞ അനുസരിച്ചു... പതിനാ‍റു വയസ്സു മാത്രം പ്രായമുള്ള.. ആണിനെ അറിയാത്ത നിഷ്ക്കളങ്കയായ പെൺകുട്ടി തന്റെ  കല്യാണ രാത്രി  ഭർത്താവിന്റെ കുഞ്ഞിനെ മുലകൊടുത്തുറക്കി...

                                 അമ്മു പറഞ്ഞു കൊടുത്ത കഥയിൽ അവൾ നാളെ നടക്കാനിരിക്കുന്ന കല്ല്യാണത്തെ മറന്നു പോയി...ഉറക്കം ഊർന്നിറങ്ങി വരാത്ത ആദ്യത്തേയും അവസാനത്തേയും കഥയായിരുന്നു അത്.സുമംഗലിയായി വീടിന്റെ പടികളിറങ്ങുമ്പോൾ ഒരു സാധാരണ  പെൺകുട്ടിയെ പോലെ  കരയില്ല എന്ന് അഛനമ്മാ‍രോടുള്ള വാശിയിൽ  എടുത്തിരുന്ന  അവളുടെ പ്രതിജ്ഞയെ അമ്മു ആ കഥകൊണ്ട് അടിച്ചുടച്ചുകളഞ്ഞു...അവൾ കരഞ്ഞു..പക്ഷേ അത് അമ്മുവിന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ മാത്രം....
                                   അവളെയാണു ഞാൻ കണ്ടത്..., എന്റെ ബ്ലോഗിന് പേരന്വേഷിച്ചു നടക്കുമ്പോൾ....... അഛനേയും അമ്മയേയും  കാണാൻ വീട്ടിൽ പോയി...രണ്ടുപേരും വാർദ്ധക്ക്യത്തിന്റെ  നടപ്പാതയിൽ തളർന്നിരിക്കുന്നു..വാശിയോടെയുള്ള എന്റെയൊരു നോട്ട പോലുമേൽക്കാൻ  കെല്പില്ലാതെ..    വൈകിയാണെങ്കിലും അവരെ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു..എന്റെ അഛൻ..എന്റെ അമ്മ..പാവം...ഞാൻ സഹതപിക്കാനും തുടങ്ങിയിരിക്കുന്നു..മുപ്പത്തിമൂന്നു വർഷം- ഞാൻ അവരെയാണോ  അല്ലെങ്കിൽ അവരെന്നെയാണൊ നഷ്ടപ്പെടുത്തിയത്....?

                                         പിന്നെ വരാം എന്നു പറഞ്ഞ് ഇറങ്ങിയപ്പോൾ തെക്കേമുറ്റത്ത് അമ്മുവും അപ്പുപ്പനും ദഹിച്ചു തീർന്ന സ്ഥലത്ത് പുല്ലു പിടിച്ചു കിടക്കുന്നു... വലിയൊരു മാവുണ്ടായിരുന്നു അതിനപ്പുറത്ത്  ഞാൻ ഊഞ്ഞാലാടിയിരുന്നത് .....അവിടെ മരങ്ങളുടെ നിബിഡതയൊന്നുമില്ല ഇപ്പോൾ എല്ലാ വെട്ടിമാറ്റപ്പെടുകയോ കടപുഴകി വീഴുകയോ ചെയ്തിരിക്കാം...ബാ‍ക്കിയായി കണ്ട കരിങ്ങോട്ടയുടെ ഇലകളിൽ നിറയെ മാറാല  ചുറ്റി  പൊടിനിറമയിരിക്കുന്നു...ഒന്നു ശ്രദ്ധിച്ചു അവിടെ ഇപ്പോൾ അടയ്ക്കാമരം മൂന്നാലെണ്ണമുണ്ട്.... എന്റെ ഓർമ്മകളെ  തൊട്ടുനിൽക്കാനൊരു കരിങ്ങോട്ട
മരം മാത്രം..ഇപ്പോൾ കാലമൊന്നു തിരികെ വന്നാൽ അവശേഷിച്ച തെളിവുകളായി ആ മരവും ഞാനും ഉണ്ട്...

                 എല്ലാമൊന്നുകൂടി  വിശദമായി നോക്കി  മനസ്സിലേയ്ക്കെടുത്ത് തിരിഞ്ഞപ്പോൾ.,കരിങ്ങോട്ട മറവിലാരോ....? നോക്കുമ്പോൾ അവൾ!!- കടും നിറത്തിലെ പെറ്റിക്കോട്ടിൽ...,മുടിയിലെ എണ്ണ കിനിഞ്ഞിറങ്ങിയ മുഖത്ത്  സദാ  സങ്കടഭാവം നിറഞ്ഞ കണ്ണുകളോടെ ..പെരുവിരൽ ഈമ്പിക്കൊണ്ട്  പഴയ പത്തുവയസ്സുകാരി..!!!!!  മറവിൽ നിന്നും സങ്കോചത്തോടെ പുറത്തു വന്ന് അവൾ ചോദിക്കുന്നു...

                                              “അമ്മൂനെ കണ്ടോ..?”

                                                ഞാൻ കുനിഞ്ഞ്..,ആ ഈമ്പുന്ന പെരുവിരൽ പിടിച്ചുമാറ്റി. അവൾ ഒരുപാട് ആഗ്രഹിച്ചതും .. പ്രതീക്ഷിച്ചിരുന്നിട്ടു കിട്ടാതെ പോയതുമായ  ഒരു ഉമ്മ..,എണ്ണകിനിഞ്ഞ കവിളിൽ.അങ്ങേയറ്റം വാത്സല്യത്തോടെ കൊടുത്തു...എനിക്കറിയാം.., എനിക്കേ അറിയൂ അവൾക്കത് വിശ്വസിക്കാനെ പറ്റില്ലെന്ന്...അത്ര വാത്സല്യത്തൊടെ അമ്മുവല്ലാതെ അവളെ ആരും ഉമ്മവച്ചിട്ടേയില്ലല്ലൊ....  അവളുടെ ചെവിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു  സ്വകാര്യമായി വിളിച്ചു...

                         “  അമ്മൂന്റെ കുട്ടീ....... എന്റെ അമ്മൂന്റെകുട്ടീ.... എനിക്ക് ഒരു പേരു കിട്ടിയിരിക്കുന്നു..”

                                        ======================================



                               2002  മാർച്ച് 26 ന്  പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ സിസേറിയൻ റ്റേബിളിൽ ഡോക്ടർ പറഞ്ഞ ദിവസത്തിനും  28 ദിവസം മുൻപ് അപകടകരമായ സാഹചര്യത്തിൽ.ഞാൻ മുറിക്കപ്പെട്ടു...മണിക്കൂറുകൾ കഴിഞ്ഞ് മുറിവിന്റെ വേദനയിലേയ്ക്കും ഭൂമിയുടെ പുതിയ അതിഥിയെ കാണുവാനുമുള്ള ആകാംക്ഷയിലേയ്ക്കും ബോധം പ്രവേശിക്കുമ്പോൾ  എന്റെ മുഖത്തിനു മുകളിൽ അമ്മയുടെ അൽഭുതം കൊണ്ടു പകച്ച മുഖം..!  മങ്ങിയുണരുന്ന ബോധത്തിലേയ്ക്ക് വെളിച്ചത്തിന്റെ കുത്തൊഴുക്കുപോലെ ഞാൻ കേട്ടു  “.പെൺകുഞ്ഞാണ്....ഇന്ന് അമ്മൂന്റെ പിറന്നാളാണ്...... അമ്മുന്റെ നക്ഷത്രം.. മകം..!!“


                              അടുത്ത നിമിഷം അമ്മയെന്ന വികാരത്തിൽ നിന്നുംഞാൻ എടുത്തെറിയപ്പെട്ടു...  എനിക്ക് അമ്മുവിനെയാണു കാണേണ്ടത്...രാജേഷിന്റെ അമ്മയുടെ കയ്യിലുറങ്ങുന്ന കുഞ്ഞിനെ ഞാൻ നോക്കി...-ജനിച്ച കുഞ്ഞിനെ., അത്രയും ആശ്രയബോധത്തോടെ.. ആ കുഞ്ഞിനേക്കാൾ ചെറുതായി ക്കിടന്ന് ആദ്യമായി കണ്ട അമ്മ ഒരു പക്ഷേ ഞാൻ മാത്രമായിരിക്കാം........

                                അതു കൊണ്ടു തന്നെ എന്റെ സ്നേഹം എന്റെ ഇഷ്ടം..ഇവ നിഷേധിക്കപ്പെടുമ്പോൾ..തിരികെ കിട്ടാതെ വരുമ്പോൾ.., എന്റെ അമ്മ -അമ്മുവെന്നു വിളിക്കുന്ന എട്ടുവയസ്സുകാരിയുടെ കൈകൾക്കുള്ളിൽ ഞാൻ അഭയം തേടുന്നു..,അവളുടെ കുഞ്ഞുടുപ്പുകളിൽ കഞ്ഞിപ്പശയുടെ മണം അന്വേഷിക്കുന്നു...., ഉറങ്ങുന്ന അവളുടെ  ഉള്ളംകൈ  കണ്ണുനീർ കൊണ്ടു നനച്ച് , മറ്റാരും കേൾക്കാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ച്.,അവളോട് അപേക്ഷിക്കുന്നു......

                                    “ഒരു കഥ പറയൂ............”

                             *********************************************************
                              









   

                                






 
                   

23 comments:

  1. അതെ, ഇത് തന്നെയാണ് ആ പേര്.
    പേരിലുണ്ട് പലലോകം.

    ReplyDelete
  2. അമ്മു എന്ന മകള്‍ എനിക്കുണ്ട് ....
    ഒരു പേരില്‍ തുടങ്ങി ഒരു യുഗത്തില്‍ കഥ ലയിച്ചു.
    എന്‍റെ മാധവി അമ്മുമ്മയുടെ മണം ഈ കഥയ്ക്ക് ...
    നന്മകള്‍

    ReplyDelete
  3. പേര് പിന്നിലെ കഥകള്‍ അല്ലെ...നന്നായി ട്ടോ

    ReplyDelete
  4. ഒരു പേര് കണ്ടത്താന്‍ എത്രയാ പ്രയാസം അല്ലെ? ഏകദേശം പാക്തി ഭാഗം വരെ ഒരു പ്രത്യക രസത്തോടെ അവതരിപ്പിച്ചു പിന്നീട് നൊമ്പരവും വിഷമവും കലര്‍ത്തി ഓര്‍മ്മകളിലേക്ക് ഇറങ്ങിനടന്നത് മോശമായില്ല. കഴിഞ്ഞ പോസ്ടായിരുന്നു ഇതിനേക്കാള്‍ എനിഷ്ടപ്പെദ്ദത്. എന്ന് വെച്ച് ഇത് മോശമായി എന്നാല്ല പറഞ്ഞത്‌. വന്നുവന്ന് ഒന്നും പറയാനും പറ്റാതായിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  5. ടച്ചിങ്ങ്..
    ഞാനുമൊരു അമ്മൂമ്മ-അപ്പൂപ്പന്‍ കുട്ടിയായോണ്ടാവും വല്ലാതിഷ്ടപ്പെട്ടു..

    ReplyDelete
  6. എല്ലാം നല്ലത്!നല്ല ഭാഷ!
    ആര്‍ദ്രം,മധുരം,മനോഹരം!
    ഭാവുകങ്ങള്‍-ഞാന്‍ ഈ ബ്ലോഗ് പിന്തുടരുന്നു.

    ReplyDelete
  7. നല്ലൊരു വായനക്കാരിയാണെന്ന് പ്രൊഫൈലിൽ പറയുന്നത് വളരെ ശരിയാണെന്ന് പോസ്റ്റ് വായിച്ചപ്പോൾ സമ്മതിക്കുന്നു. അതിന്റേതായ ഒരു നിരീക്ഷണ പാടവവും ആഴത്തിലിറങ്ങുന്ന എഴുത്തും.

    മനോഹരമായ ശൈലി. ഇനിയും കൂടുതൽ എഴുതൂ മാഷേ. ഇവിടെ എത്താൻ വൈകിപ്പോയെങ്കിലും.

    satheeshharipad.blogspot.com

    ReplyDelete
  8. വെറുതെയല്ലാത്ത ഒരില..,
    നല്ല അഭിപ്രായത്തിനു നന്ദി....
    തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം. പ്രതീക്ഷിക്കുന്നു..


    ഗോപൻ...,
    മാധവിയമ്മുമ്മയെയും ആ മണത്തേയും
    ഓർത്തു എന്നറിയിച്ചതിൽ സന്തോഷം.....
    ഓർമ്മകൾക്കും മണമുണ്ടല്ലൊ അല്ലേ....


    ശ്രീദേവി...,
    ഒറ്റവാക്കിലെ നല്ല അഭിപ്രായത്തിൽ എല്ലാമുണ്ട്....സന്തോഷം

    പിന്നെ വേഡ് വെരിഫികേഷൻ...!!!!????


    റംജിസർ...
    വന്നുവന്ന് ഒന്നും പറയാൻ പറ്റാതായിട്ടില്ല..പറയാം..
    വിമർശനവും വേണമല്ലോ..
    ഇനിയും പറയണം........

    റോസ്....
    അമ്മുമ്മ,അപ്പുപ്പൻ കുട്ടിയണെന്നറിഞ്ഞപ്പോൾ വളരെ ഇഷ്ടം തോന്നി..ഒരു കൂട്ടു കിട്ടിയ പോലെ...
    നന്ദി കേട്ടൊ....

    സ്നേഹതീർഥം,
    പേരുതന്നെ പവിത്രതയിൽ മുങ്ങിയിരിക്കുന്നു- നല്ലപേര്,
    മനോഹരമായ അഭിപ്രായം അറിയിച്ചതിനു നന്ദി

    സതീഷ്...,
    ഇനിയും എഴുതൂ എന്ന ആഹ്വാനം ഏറ്റെടുത്തിരിക്കുന്നു
    തുടർന്നും പ്രോത്സാഹനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു....
    നന്ദി......

    ReplyDelete
  9. best wishes to become a well known writer

    yes the writings are blosomming with the fragrance of words
    the aroma
    great

    minu
    visit
    regards

    ReplyDelete
  10. അമ്മൂന്റെ കുട്ടിയെ വായിച്ചു ഒറ്റ ഇരുപ്പില്‍ .. ഇഷ്ടായി ന്നു പറഞ്ഞ മതിയവോ ന്നറിയില്ല ..
    റോസ് നു നന്ദി , ബസ്സിനും ... അങ്ങിനെ ആണല്ലോ ഞാന്‍ ഇവിടെത്തിയത് ...

    ReplyDelete
  11. ഞാൻ അമ്മക്കുട്ടിയും അമ്മൂമ്മക്കുട്ടിയുമല്ല.. രണ്ടുമാവാൻ കഴിയാത്തതിന്റെ സങ്കടം ഉള്ളിൽ പേറുന്ന ഒരാൾ മാത്രം

    അമ്മൂമ്മക്കുട്ടിയാവുന്നതിന്റെ സുഖം ഞാൻ എന്റെ അമ്മ അമ്മൂമ്മയായപ്പോഴാണ് കണ്ടത്.. അന്ന് ആദ്യം മുത്തശ്ശിയമ്മ മുത്തശ്ശിയായ് ലോപിച്ച് പിന്നെ “മുത്ത്” ആയി..

    ഒരിക്കൾ കൊച്ചുമോളും മുത്തശ്ശിയുമായി വഴക്കായപ്പോൾ അമ്മ പറഞ്ഞു “എന്നെ മുത്തേന്നും കുത്തേന്നും വിളിക്കണ്ടാന്ന്”

    ഞങ്ങൾ എല്ലാരും ചിരിച്ചപ്പോൾ അവർ രണ്ടും കൂട്ടായി.. രണ്ടു പേർക്കും കുത്ത എന്ന ഹിന്ദിവാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു.. :)

    ReplyDelete
  12. തനതായ ശൈലി..
    മനോഹരമായ ഒരു അനുഭവം..
    ആശംസകളോടെ..
    വീണ്ടും വരാം..

    ReplyDelete
  13. ബ്ലോഗിലെ പുതിയ കഥ വായിച്ചപ്പോള്‍ തന്നെ വേറിട്ട രീതിയില്‍ ഉള്ള ഒരു എഴുതാനെന്നു മനസ്സിലായി..

    അമ്മുവിന്‍റെ കഥ ഒരു നോവാണ്..
    നമ്മുടെ ചുറ്റുമുള്ള അനേകം അമ്മുമാരില്‍ ഒരുവളല്ല ഈ അമ്മു..
    ഈ അമ്മു എന്റെ മനസ്സില്‍ എവിടെയും ഒരു നീറ്റല്‍ ഉണ്ടാക്കിയില്ല എന്ന് ഞാന്‍ പറയുന്നെങ്കില്‍ അത് നുണയാവും..

    വീണ്ടും വരാം..

    ReplyDelete
  14. minu
    i got wishes from a quiet writer
    thnaks


    ചേച്ചിപ്പെണ്ണേ...,
    റോസിനേയും ബസ്സിനേയുമൊക്കെ പിടിച്ച് ഇവിടെ എത്തി വായിച്ച്
    നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി പറഞ്ഞാൽ ചിലപ്പോ നന്ദി കേടായാലോ...അതുകൊണ്ട് വളരെ സന്തോഷം ഇനിയും വായിക്കണേ..



    ജോയ് സർ...,
    വളരെ കുറച്ചു വാക്കുകൾ കൊണ്ട് എന്നെ ഒരുപാടു സന്തോഷിപ്പിച്ചു
    നന്ദി....


    സുസ്മേഷ്ജി....,
    തിരക്കുകൾക്കിടയിൽ നിന്നും ഇതു വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി


    ഗ്രാമീണൻ..,
    നന്ദി...ഇതിൽ കൂടുതൽ എന്താണെഴുതുക.?

    ReplyDelete
  15. നല്ലൊരു ശൈല്ലീവല്ലഭയാണല്ലൊ..ജാനൂസ്
    ഞാനും പിന്തുടരുന്നു..കേട്ടൊ

    ReplyDelete
  16. അങ്ങിനെയങ്ങിനെ അമ്മുവുണ്ടായി...ആകര്‍ഷകമായ ശൈലി. പറയാതെ വയ്യ

    ReplyDelete
  17. അപ്പോ ഇതാണ് ആ അമ്മുകുട്ടി!!

    ReplyDelete
  18. ഇതും കേമം തന്നെ. അഭിനന്ദനങ്ങൾ.

    അമ്മൂമ്മമാരും അപ്പൂപ്പന്മാരുമില്ലാത്ത ഞാൻ ഇതൊക്കെ വായിച്ച് അമ്മുക്കുട്ടിയാകുന്നു, അപ്പുക്കുട്ടിയുമാകുന്നു.

    ReplyDelete
  19. നന്നായിരിക്കുന്നു..

    ReplyDelete