Thursday, February 3, 2011

തീർത്ഥയാത്ര

         
                 ഈയൊരു ബ്ലോഗിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ബുദ്ധി സമയോചിതമായി തോന്നാതിരുന്നതു മൂലം എന്റെ ചില സുഹ്റ്ത്തുക്കൾക്കു മാത്രം മെയിലിലൂടെ കൈമാറിയ  ഒരു ശിവഗിരി തീർഥയാത്രാവിവരണം..... ‌-തീർഥയാത്രാവിവരണം‌- എന്നങ്ങിനെ ഗംഭീര്യത്തൊടെ പറയേണ്ടതുണ്ടോ എന്നു വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കുക
        
             കഴിഞ്ഞ വർഷം തീർത്ഥാടന സമയത്താണു സംഭവം.., ഞങ്ങളുടെ ശാഖയിൽ നിന്നും യൂണിറ്റടിസ്ഥാനത്തിൽ ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്ന ക്രമത്തിൽ ഓരോ സംഘങ്ങൾ  ശിവഗിരിയിൽ പോയി വരികയാണ്....യോഗം ഡയറക്റ്റർബോർഡ് അംഗമായതു കൊണ്ട്  അഛൻ എല്ലാ സംഘങ്ങളുടെയും കൂടെ പോയി കൂടുതൽ അനുഗ്രഹം വാങ്ങിവരുന്നു..വീട്ടിൽ വെറും അംഗം ആയതു കൊണ്ട്  എല്ലാ സംഘങ്ങളുടെയൂം കൂടെ പോയിട്ടു  വരുമ്പോൾ കൂടുതൽ ചീത്ത കേൾക്കുന്നു.
     
            അങ്ങിനെ ഞങ്ങളുടെ യൂണിറ്റിന്റെ ഊഴമായി....യൂണിറ്റിന്റെ പേര്  “കുമാരനാശാൻ സ്മാരകം“ എസ് എൻ ഡി പിയെയും, എൻ എസ് എസിനേയും  ഏച്ചു കെട്ടി വച്ചതിന്റെ മുഴപ്പ് അവിടവിടെ ഉണ്ടെങ്കിലും..ചില നായന്മാരും കൂടെയുണ്ട്....അവരെ - ബന്ധൂക്കാരെ സ്വീകരിച്ചിരുത്തുന്നതു പോലെ ഉള്ള സൌകര്യങ്ങൾ മുഴുവൻ കൊടുത്ത്  പരാധീനത അറിയിക്കാതെ ബസിന്റെ മുൻപിൽ തന്നെ ഇരുത്തി.( ഒരു ജാതി..മതം ദൈവം എന്നൊക്കെ പറഞ്ഞിട്ടങ്ങു  സമാധിയായാൽ മതിയല്ലൊ പ്രാവർത്തികമാക്കാൻ പെടുന്ന പാട് വല്ലതും അറിയുന്നുണ്ടോ ആവോ? ഒരുപാടാലോചിച്ചാൽ തീർത്ഥയാത്രയ്ക്കുള്ള ബസ് നേരെ ഊട്ടിയിലേക്കു വിടാൻ തോന്നും)
 
            ബസിനെ തലങ്ങും വിലങ്ങും മഞ്ഞതോരണങ്ങൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു..അതും പോരാഞ്ഞ് പൂച്ചയുടെ ചെവി പോലെ മുൻപിൽ തന്നെ രണ്ടു വശത്തും മഞ്ഞ കൊടി..അതിന്റെ താഴെ വലിയ ഒരു ബാനർ...അതിൽ  നടേശൻ  ആർത്തി പിടിച്ച ചിരിയോടെ തൊഴുതു നിൽക്കുന്നു..
ഗാന്ധിക്കുടുംബത്തിന്റെ  പാരമ്പര്യാധികാരപ്രവണത ഞങ്ങളും കാണിക്കും  നിങ്ങളെന്തോ ചെയ്യും എന്നു വെല്ലുവിളിക്കുന്ന പോലെ വീട്ടുകാരത്തിയും പുത്രനും  ഇരുവശങ്ങളിലും ഉണ്ട്. പറഞ്ഞു വന്നാൽ ഒരു ബസിനെ  എന്തൊക്കെ ചെയ്യാൻ പറ്റും എന്ന വിഷയത്തിൽ ഒരു പ്രമ്പന്ധം അവതരിപ്പികാനുള്ള വകയുണ്ടായിരുന്നു... പക്ഷെ എന്റെ നോട്ടത്തിൽ ഒരു കുറവ് കണ്ടു...ഒരു ചെറിയ കുറവായിരുന്നു....ശ്രീനാരായണ ഗുരുവിനെ അവിടെങ്ങും കാണാനില്ല...ബസിൽ കയറും മുൻപ് അഛനോട് സ്വകാര്യമായി ചോദിച്ചു...”ഗുരുവില്ലേ..?കഷണ്ടിയൊക്കെയുള്ള.,ഷർട്ടിടാതെ പുതച്ചിരിക്കണ കാർന്നോര്..”  (പക്ഷെ അതു ഞാൻ കൂട്ടി ചേർത്തില്ല).... ഗുരുവിനേയോ.? കണ്ടില്ലേ
ആ ബാനറിന്റെ നാലു വശത്തും ഉണ്ടല്ലോ...ഞാൻ ഒന്നു കൂടി പോയി നോക്കി....കുറച്ചു സമയത്തെ എന്റെ ചുഴിഞ്ഞു നോട്ടത്തിനൊടുവിലാണ് കണ്ടത്.......ബാനറിനു ഭംഗികൂട്ടാൻ എന്ന പോലെ ഗുരുവിനെ ഏതാണ്ടൊരു ചെറുനാ‍രങ്ങാവലുപ്പത്തിൽ  നീലനിറത്തിൽ നാലുവശത്തും നിരനിരയാ‍യി പ്രിന്റ് ചെയ്തു വച്ചിരിക്കുന്നു...ഞാൻ പിന്നെയും അഛന്റ്റെയടുക്കൽ ചെന്നു  പറഞ്ഞു.” നല്ല രസം കാണാൻ”........

             നേരെ ബസിൽ  കയറി...കുടം വച്ചു തലയ്ക്കൊരടി കിട്ടിയ പോലെ.....സഹിക്കാൻപറ്റാത്ത മഞ്ഞയുടെ പ്രളയം...എന്തൊരു  മഞ്ഞ! ! ! !.....ഇരുട്ടിൽ നിന്നു കൊണ്ട്  ശക്തിയേറിയ വെളിച്ചത്തിലേയ്ക്ക് കണ്ണുകളെ പതുക്കെ പതുക്കെ പരിചയിപ്പിച്ച് കൊണ്ടു വരുന്ന പോലെ ഞാൻ സമരസപ്പെട്ടു....എന്റെ വസ്ത്രവും അതേ മഞ്ഞ തന്നെ...എന്നാലും.........നിറമൊക്കെ തിരഞ്ഞെടുക്കുന്നതിനൊരു മര്യാദയില്ലേ...എന്തിത്...?   

          ബസിൽ ദൈവദശകത്തിന്റെയും ഗുരുദേവക്റുതികളുടേയും ആലാപനങ്ങൾ തുടക്കത്തിൽ കുറച്ചു നേരം ഉണ്ടായിരുന്നു....ഏതാണ്ട് എറണാകുളം ജില്ല വിടുന്ന വരെ.... പിന്നീടങ്ങോട്ട്..വെള്ളാപ്പിള്ളിയ്ക്കു ജയ് വിളിയായിരുന്നു....ഒന്നു രണ്ടു മുദ്രാവാക്യങ്ങൾ ഞാനോർക്കുന്നു... ഗുരുദേവന്റെ മാനസ പുത്രാ...(ഏതു വകയിലാണാവോ) വെള്ളാപ്പിള്ളി നേതാവേ..ഗോകുലമൊരു കുലയേയല്ല.(അതു ഗോപാലനിട്ടു വച്ചതാണ്) ധീരതയോടെ നയിച്ചോളു...  പിന്നെയും എന്തൊക്കെയോ വീരവാദങ്ങളും വെല്ലുവിളികളും നിറഞ്ഞ ജയ് വിളികൾക്കിടയിൽ നിന്നും എന്റെ മൊബൈലിലെ സിനിമാഗാനങ്ങളും ഇയർ ഫോണുമാ‍ണ് എന്നെ...രക്ഷപ്പെടുത്തിയത്....  ഓ..ഞാനെന്റെ മൊബൈലിനെ അന്നുമുതൽ പ്രണയിച്ചു  തുടങ്ങി....

    
            വെളുപ്പിന് 4.30 നു തുടങ്ങിയ യാത്ര ഏകദേശം 11 മണിയോടെ ശിവഗിരിയിൽ അവസാനിച്ചു
ഏതു വഴിക്കു പോയാലും വൈകിട്ട് 3 മണിയോടെ  ബസിൽ ഉണ്ടാവണം എന്ന നിമ്പന്ധനയിൽ  എല്ലാവരും പലവഴിക്കു ഒറ്റയ്ക്കും കൂട്ടമായുമൊക്കെ  പിരിഞ്ഞു...ഞാനും അഛനും അമ്മയും കുട്ടികളും മാത്രമായി....അവിടം ആദ്യമായി കാണുന്ന ആൾ ആ കൂട്ടത്തിൽ ഞാൻ തന്നെ..കുട്ടികൾ അഛന്റേയും അമ്മയുടെയും കൂടെ നേരത്തെ പോയിട്ടുണ്ട്....ഏതെങ്കിലും തീർഥയാത്രയ്ക്കു തയ്യാറെടുക്കുമ്പോഴേയ്ക്കും  മനസ്സിലെ  പുള്ളികാരൻ മണത്തറിയും...എന്നിട്ടു ഒറ്റയ്ക്കിരിക്കുമ്പോൾ വന്നു ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങും....വേറെ ആരുമല്ല മനസ്സിൽ നിന്നു കുടഞ്ഞു കളയാൻ പറ്റാത്ത കമ്മ്യുണിസം....എല്ലാം പറഞ്ഞ് അവസാനം ഒരു ചോദ്യമുണ്ട്....നീ എന്നെ വഞ്ചിക്കാൻ തയ്യാറെടുക്കുമോ..? ഇപ്രാവശ്യം..അത്തരം അടവുകൾ പ്രയോഗിക്കാൻ ഞാൻ അവനു അവസരം കൊടുത്തില്ല...വരാന്തയിലെ ചുമരിലിരിക്കുന്ന മാർക്സിന്റെയും..,ഏംഗത്സിന്റേയും..., ലെനിന്റെയും..,ഇ എം എസിന്റേയും...നായനാരുടേയും മുഖത്തേയ്ക്കു പോലും നോക്കിയില്ല.
         
          അങ്ങിനെ ഞങ്ങൾ പടികളൊക്കെ കയറി മണ്ഡപത്തിനടുത്തു ചെന്നു...അതിനപ്പുറമായി ഒരു ഭജനാലയമുണ്ട്.... അവിടെ നിന്നുള്ള ഭജന പുറത്തു കുറച്ചകലെ നിന്നാലും വ്യക്തമായി കേൾക്കാമായിരുന്നു.... എന്തായാലും സമയമുണ്ട്...അവിടെ പോയിരിക്കാം എന്നുറച്ച് അങ്ങോട്ടു ചെന്നു...ചെറിയൊരു ഹാൾ ....മുക്കാൽഭാഗം നിറഞ്ഞിരിക്കുന്ന ആളുകളുടെ ഏറ്റവും മുന്നിലായി  അഞ്ചാറു വിദേശികൾ ഇരിപ്പുണ്ട്..പുരുഷന്മാരാണ്... അവരും ഭജനൊടൊപ്പം ചുണ്ടനക്കുന്നു...താളം പിടിക്കുന്നു.....നേരെ എതിർ വശത്തെ ചെറിയ  ജനാലയുടെ അടുത്തായി  ചിത്രപ്പണികൾ ചെയ്ത മേശമേൽ വിഗ്രഹാരാധന പാടില്ല എന്നു പറഞ്ഞയാളുടെ സമാന്യം നല്ല ഒരു വിഗ്രഹവും., കത്തിച്ചു വച്ച നിലവിലക്കും., ചന്ദനത്തിരിയും പുഷ്പ്പങ്ങളും... എന്തായാലും ഞാനും ഭക്തി മാർഗം സ്വീകരിച്ച് എല്ലവരോടും കൂടെ ഇരുന്നു...

          അര മണികൂർ കഴിഞ്ഞു കാണും  എതിർ വശത്തെ ചെറിയ ജനാലയിൽ കൂടി അത്ര ചെറുതല്ലാത്ത ഒരു പാമ്പ്  ഇഴഞ്ഞു കയറുന്നു...! അത്രയും ആളുകളുടെ മുന്നിലൂടെ അതങ്ങിനെ ഇഴഞ്ഞു കയറി പൂർണ്ണമായും അകത്തായി.....ശിവഗിരിയല്ലേ....ഗുരുവിന്റെ കാര്യാലയമല്ലേ ..ചിലപ്പൊ വല്ല ദിവ്യ നാഗവുമായിരിക്കും  എന്നൊക്കെയുള്ള വിചാരത്തിലും വിശാസത്തിലും ആരും അനങ്ങിയില്ല...പക്ഷെ സമയം ചെല്ല്ലും തോറും നാഗം ദിവ്യത്ത്വമൊന്നും കാണിക്കുന്നില്ല എന്നതു പോയിട്ട് ചില കുരുത്തക്കേടുകൾ പ്രവർത്തിക്കാനും തുടങ്ങി.....അതോടുകൂടി  ഭജനയും ഭക്തിയുമൊക്കെ സ്വന്തം ജീവനു തന്നെ ശല്യമായി....പാമ്പ് കൂട്ടത്തിലേയ്ക്ക് ഇഴഞ്ഞു വന്നേക്കും എന്നു തോന്നിയപ്പോൾ എല്ലാവരും എഴുന്നേറ്റ് മൂലകളിലേയ്ക്കും വാതിക്കലേയ്ക്കുമൊക്കെ  പേടിച്ച് മാറിനിന്നു....ആ സമയത്ത് എന്തു കാര്യത്തിനെന്നറിഞ്ഞുകൂട..മുന്നിലിരുന്നിരുന്ന വിദേശികളിൽ ഒരാ‍ൾ.., ആ മേശയുടെ മുകളിൽ കയറി നിന്നു വിറയ്ക്കുന്നു..അയാളൊരു മഞ്ഞ മുണ്ടുടുത്തിട്ടുണ്ടായിരുന്നു ( എന്നു പറയാൻ പറ്റില്ല..., മുണ്ടും അയാളും തമ്മിലൊരു യുദ്ധമായിരുന്നു)
പാമ്പാണെങ്കിൽ  ആ മേശയുടെ പരിസരം വിട്ടു പോരാനുള്ള ഭാവവുമില്ല....കുറച്ചു നാളത്തെ വാസം കൊണ്ടോ എന്തോ അയാൾക്കു മുറി മലയാളമൊക്കെ  അറിയാമെന്നു എനിക്കു മനസിലായി....പാമ്പിനെ നോക്കി  കൈ വീശി    വാ...വാ......എന്നു പറയുന്നുണ്ടായിരുന്നു....നേരെ എതിരാണെങ്കിലെന്താ....അയാളെ കുറ്റം പറയാൻ പറ്റില്ല.....പാമ്പ് പോകുന്നില്ലെന്നും ആരും അടുക്കുന്നില്ലെന്നും മനസ്സിലായപ്പോൾ...അയാൾ കൂടിനിന്നവരെ നോക്കി..,പാമ്പിനെ ചൂണ്ടി അലറി ആജ്ഞാപിച്ചു.....”  ആ  സ്നേയ്ക്കിനെ റ്റല്ലി മരിയ്ക്കൂ......”------- ആ സ്നേയ്ക്കിനെ തല്ലി കൊല്ലു -----  എന്നാണു പാവം ഉദ്ദേശിച്ചത്......

                 എന്തായാലും അപ്പോൾ അവിടെ വന്ന കുറച്ചു ചെറുപ്പകാരുടെ മനസ്സാനിധ്യം മൂലം പാമ്പിനെ കൊല്ലാതെ തന്നെ മാറ്റി അയാളെ രക്ഷിച്ചു....ഈ സംഭവങ്ങളൊക്കെ കഴിഞ്ഞപ്പോൾ എനിക്കു മറ്റൊന്ന് തിരഞ്ഞു നടക്കേണ്ടി വന്നു...താൽകാലികമായി എനിക്കുണ്ടായ “ഭക്തി“ പോയ വഴി.....

              എന്റെ ആദ്യ ശിവഗിരി തീർത്ഥാടനം...അതിങ്ങിനെയൊക്കെയാണു അവസാനിച്ചത്.... ശിവഗിരി കാണാത്ത ചോത്തിപെണ്ണ്..,എന്ന പേരു ദോഷം മാറികിട്ടി....ധാരാളം.....അത്രയും മതി..ഇനിയങ്ങോട്ടും....

              ചെറിയൊരു കാര്യം കൂടി..ആദ്യം പറഞ്ഞ ബന്ധൂക്കാരുണ്ടല്ലോ....അവരിപ്പൊ  ഡൈവോഴ്സ് കഴിഞ്ഞു  നേരെ കാണുന്ന ബന്ധൂക്കാരെ പോലെയാണ്..... ചുണ്ടത്തൊക്കെ ഒരു പുഛം..പിന്നെ വിമ്മിഷ്ടം...(രണ്ടു കൂട്ടർക്കും..ആരും മോശമല്ല)  
പിന്നെ ആകെ ഒരാശ്വാസം  ഏച്ചുകെട്ടിയതിനെ അഴിച്ചെടുത്തു കൊണ്ടുപോയി എന്നുള്ളതാണ്...
ഈശ്വരാ നന്ദി..... കാണാനൊന്നും മുഴച്ചു നിൽ‌പ്പില്ല.......... 17 comments:

 1. ആദ്യമേ പറയട്ടെ, വളരെ ഇഷ്ടപ്പെട്ടു.
  ആക്ഷേപഹാസ്യ തീര്‍ഥയാത്ര അവതരണത്തിലെ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നം.
  തുറന്നെഴുത്ത് പലരിലും അഭിപ്രായവ്യത്യാസങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിക്കും.

  "അതിൽ നടേശൻ ആർത്തി പിടിച്ച ചിരിയോടെ തൊഴുതു നിൽക്കുന്നു..
  വേറെ ആരുമല്ല മനസ്സിൽ നിന്നു കുടഞ്ഞു കളയാൻ പറ്റാത്ത കമ്മ്യുണിസം
  ശിവഗിരി കാണാത്ത ചോത്തിപെണ്ണ്.."
  എന്നിങ്ങിനെയുള്ള വരികളില്‍ നിന്ന് എനിക്ക് തോന്നിയത്‌ നന്നായി എഴുതാന്‍ കഴിവുള്ള ഒരു ബ്ലോഗറെ ബൂലോകത്തിന് കിട്ടി എന്നാണ്.
  എല്ലാ ആശംസകളും.

  ReplyDelete
 2. ഇത്തരം കുറിപ്പുകള്‍ക്ക് അത്ര സഹജമല്ലാത്തതാണ് ഇതിന്റെ വായനാസുഖം.

  ReplyDelete
 3. റാംജി....ഒരു തുടക്കകാ‍രിക്കു താങ്കളുടെ ആശംസ അനുഗ്രഹത്തിനു തുല്യമാണ്....നന്ദി..


  ഇലൂസേ...., വളരെ നന്ദി..

  ReplyDelete
 4. ഗുരുദേവനും,ഗാന്ധിജിയും,ലെനിനും, മാര്‍ക്സും...തുടങ്ങി തതുല്ല്യരായ മഹാല്‍മാക്കള്‍ അവരുടെ ജീവിതകാലത്ത് അവരടങ്ങുന്ന പീഡിത സമുഹത്തില്‍ നിന്ന് , ശാസനങ്ങളെ അതി ജീവിച്ചു!,
  ഈ കണ്ട മാധ്യമ സഹായമൊന്നും ഇല്ലാതെ ലോകം അറിയപ്പെട്ടത് അവരുടെ പ്രവര്‍ത്തന കാര്യ ശുദ്ധി കൊണ്ട് മാത്രമാണ്!!
  ഇന്ന് ആദര്‍ശങ്ങളെ രക്തസാക്ഷിയ്യാക്കി കുറേ ആള്‍ കുരങ്ങുകള്‍ പിന്നെ അനുചര യോഗ്യരും! അവരുടെ ബിംബ തണലുകളില്‍ വിരാജിക്കുന്നു! സ്വന്തം ലോലുപതകള്‍ക്ക് വേണ്ടി മാത്രം! അതിനു അവകള്‍ പറയുന്ന പേരോ? സാമുഹ്യ സേവനം!
  വീണ്ടും ഒരു സായുധ വിപ്ളവം എവിടോക്കയോ? തീപൊരി തിരയുന്നു!
  ഒരു നശിച്ച കാലത്തിന്റെ നല്ല സാക്ഷ്യം ഈ തീര്‍ത്ഥയാത്ര!

  ReplyDelete
 5. ശിവഗിരി കണ്ട ചോത്തിപെണ്ണിന്,

  ആദ്യം ഒരു എഴുത്തുകാരിയുടെ നിലയില്‍ എഴുതി. പിന്നീട് ഒരു എഡിറ്ററുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു അതൊന്നു വെട്ടി മിനുക്കി. അല്ലെ? അത് കൊണ്ടാണ് തീര്‍ഥയാത്ര ഇത്ര പ്രസന്ന മധുരമായത്.

  കസ്തൂരി മാനിന്റെ നാഭിയില്‍ കസ്തൂരി ഇരിക്കുന്നത് പോലെയാണ് ജാനകിക്ക് നര്‍മ്മം. മാന്‍ അറിയുന്നില്ല അതിന്റെ യഥാര്‍ത്ഥ സൌരഭ്യം. പക്ഷെ വായനക്കാരന്‍ അതനുഭവിക്കുന്നു. ജന്മ സിദ്ധമായ കഴിവുകള്‍ പലതും നമ്മള്‍ നഷ്ടപ്പെടുത്തുന്നത് ഒരു തരം അലസത നമ്മെ പിടികൂടുമ്പോഴാണ്. കലാകാരന്മാരെയോ എഴുത്തുകാരയോ അത് പിടികൂടുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് കലക്ക് തന്നെയാണ്. ആയതിനാല്‍ എഴുതുക, നിരന്തരം. ജാനകിയുടെ തൂലികക്ക് അംഗികാരം കിട്ടുന്ന കാലം വിദൂരമല്ല.

  മക്കയില്‍ പോകാത്ത മേത്തന്‍

  ReplyDelete
 6. നന്നായിരിക്കുന്നു........

  ReplyDelete
 7. ശ്രീനാരായണഗുരുവിന്റെ ചിത്രമില്ലെ എന്ന് ചോദിച്ചപ്പോള്‍ ബസ്സിന്റെ റിയര്‍വ്യൂ മിറര്‍ കാട്ടിത്തന്നില്ലല്ലോ എന്നാ എന്റെ സങ്കടം.

  നിറങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ബിംബവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു (എന്തൂട്ടാ ദ്??:)) ആ..)

  പാക്കിസ്ഥാന് സ്പോര്‍ട്സില്‍ പച്ച ഉപയോഗിക്കാമെങ്കില്‍ നമ്മള്‍ അറ്റ്ലീസ്റ്റ് മഞ്ഞ കോണകമെങ്കിലും ധരിക്കണമെന്നാ എന്റെ പക്ഷം!
  (മഞ്ഞ ഇപ്പഴേ ഓസ്ട്രേലിയക്കാരുടേതാണല്ലോ, അതിനാല്‍ കുപ്പായമാക്കാന്‍ ഒരു സ്കോപ്പും ഇല്ല, ഞാന്‍ നോക്കീട്ട് ഇതേ വഴി കാണുന്നുള്ളൂ.)

  ഈ പോസ്റ്റിന് ഒരു മഞ്ഞ സല്യൂട്ട്!

  ReplyDelete
 8. ഒന്നും ഏച്ചുകെട്ടിയിട്ടുമില്ല
  യാതൊന്നും മുഴച്ച് നിൽക്കുന്നുമില്ല...

  ഈ എഴുത്തിനെ നമസ്കരിക്കുന്നു..കേട്ടോ ജാനുച്ചോത്തി.

  ReplyDelete
 9. പൊന്നുരുക്കുന്നിടത്ത് ഗുരുദേവനെന്തു കാര്യം...?
  അതുപോലെ തന്നെ ആണിപ്പോള്‍ SNDP-യിലും; പേരില്‍ മാത്രമേ നാരായണന്‍ ഉള്ളൂ...
  അബ്കാരി മുതലാളി വാഴുന്ന SNDP-യുടെ ദുരവസ്ഥ കണ്ടു വര്‍ഷങ്ങളായി പൊട്ടിക്കരഞ്ഞു ഒരുപക്ഷെ ഗുരുവിന്റെ ആത്മാവിന്റെ കണ്ണുനീര്‍ പോലും വറ്റിയിട്ടുണ്ടാകും..

  പോസ്റ്റ് ഇഷ്ട്ടപ്പെട്ടു

  ReplyDelete
 10. ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ ഗുരു...“സ്നേയ്ക്കിനെ ഒന്നും റ്റല്ലി മരിക്കാന്‍” ആരുമില്ലാതെ വരുമ്പോള്‍ അങ്ങിനെയൊക്കയാവും അല്ലേ?

  ReplyDelete
 11. കേട്ടറിഞ്ഞു വന്നു. നഷ്ടമായില്ല !
  അഭിനന്ദനങ്ങള്‍ ....

  ഒരോര്‍മ്മ:- 'പണ്ടു കലി നോക്കാന്‍ പോന്റെ'
  (പന്തു കളി കാണാന്‍ പോണ്ടേ)

  ReplyDelete
 12. ജാനകി പറയാതെ വയ്യ ! നമ്മളൊക്കെ പലരും ചിന്തിക്കുന്നത് ജാനകി പറഞ്ഞു . നല്ല ഭാഷയില്‍ ! മനോഹരമായി. താങ്കളുടെ ബ്ലോഗ്‌ വായിക്കപ്പെടെണ്ടത് തന്നെയാണ്

  ReplyDelete
 13. വളരെ നന്നായിരിക്കുന്നു...

  ReplyDelete
 14. മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞ ദൈര്യം .. പലര്‍ക്കും അതില്ലാതെ പോവുന്നു ..
  നന്നായി അവതരിപ്പിച്ചു ..
  ഒരു ഹാസ്യമായി തോന്നിയില്ല ..
  യാഥാര്‍ത്ഥ്യം പറയുമ്പോള്‍ ചിരി വരുന്നത് സ്വാഭാവികം അല്ലെ ...
  ഭാവുകങ്ങള്‍ ..

  ReplyDelete
 15. ഈ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു. കാരണങ്ങൾ പലതുണ്ട്. അവയൊന്നും ഇപ്പോൾ വിശദീകരിയ്ക്കുന്നില്ല.

  ഈ എഴുത്ത് എല്ലാവരാലും വായിയ്ക്കപ്പെടേണ്ടതാണ്. ആ കാലം ഉടനെ എത്തിച്ചേരുമെന്ന് ആശംസിച്ചുകൊണ്ട്.....

  ReplyDelete
 16. ശ്രീ.നാരായണഗുരുദേവന്‍റെ തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ മുഴുവന്‍
  തെറ്റിപോയല്ലോ?!!ഓട്ടപ്രദക്ഷിണത്തിനല്ല ശിവഗിരിതീര്‍ത്ഥാടനം!!!
  ഡിസംബര്‍30,31,ജനുവരി1തിയ്യതികളില്‍,..........
  ആ മഹത് സന്ദേശവും ലക്ഷ്യവും മനസ്സിലാക്കാത്തവരാണ്
  വിനോദയാത്രയായി ഓട്ടപ്രദക്ഷിണം കഴിഞ്ഞു വരുന്നത്.
  ഭജനാലയം....?
  ശിവഗിരിയേയും,തീര്‍ത്ഥാടനലക്ഷ്യത്തെയും പറ്റിയും അറിയേണ്ടതുണ്ട്.
  ശ്രീ നാരായണ ധര്‍മ്മപരിപാലനയോഗവും, ശ്രീ നാരായണധര്‍മ്മസംഘംട്രസ്റ്റും രണ്ടും രണ്ടാണ്...................
  ആശംസകള്‍


  .

  ReplyDelete