Sunday, March 4, 2012

ആവർത്തനകാലം

 
                  

                മഴ ഒരു ശിക്ഷയായേറ്റെടുത്താണ് അയാൾ അതിലേയ്ക്കിറങ്ങിപ്പോ യത് അത് കൂസലില്ലായ്മയായി തെറ്റിദ്ധരിച്ച് മഴ അയാളെ കുത്തിപെയ്തു..

                 ദരിദ്രവാസി  ഒരു കീറക്കുടേങ്കിലും എടുത്തൂട്റാ? നിന്റപ്പുപ്പന കൊണ്ടെട്പ്പിച്ചട്ട്ണ്ട് പിന്നേണ് നരുന്ത് നീ.” മഴ പലതും പറഞ്ഞ് പ്രലോഭിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര് ‘ ഹരിഹരസുതൻ’ എന്നായിരുന്നു

                 കമ്മ്യുണിസ്റ്റ് ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത് അഛന്റെ പേരിൽ മുദ്ര നിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപു തെറ്റുയുണ്ടായവൻ എന്ന കുറ്റത്തിന് ആ പേര് അത്രയും നീളത്തിൽ വലിച്ചിഴച്ച്, ചുമന്ന് അയാൾ മടുത്തിരുന്നു..ശരിയായ അർഥങ്ങളിൽ നിന്നും വ്യതിചലിച്ച്, അമ്മയുടെ പ്രായശ്ചിത്തത്തിന്റേയും  അഛൻ അമ്മയോടു കാണിച്ച ഔദാര്യത്തിന്റേയും അടയാളം മാത്രമായി ‘പേര്’ അയാളിൽ കറുത്ത മറുകു പോലെ പറ്റിച്ചേർന്നു

                 ഇങ്ങിനെയുള്ള  ചില ചിന്താകുഴപ്പങ്ങൾ കൊണ്ടു തന്നെയാണ് കുറേയൊക്കെ ആലോചിച്ചിട്ട് അയാൾ മകൾക്ക്  ‘വിനീത’ എന്നു പേരു വിളിച്ചത്..ജീവിതത്തിന്റെ അനന്തസാദ്ധ്യതകളിൽ  അത്യാവശ്യം വേണ്ട ഒന്ന് എന്ന നിലയ്ക്ക് തനിക്ക് ഈ പേരു കൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ എന്നവൾക്ക് തോന്നാതിരിക്കാൻ..

                പക്ഷേ  മേൽ‌പ്പറഞ്ഞ അനന്തസാദ്ധ്യതകളിലെവിടേയോ തുറന്ന ഗഹ്വരത്തിലൂടെ എവിടേയ്ക്കെന്നില്ലാതെ വിനീത, ഒരു ദിവസം മുൻപ് കടന്നു പോയ്ക്കളയുകയും ചെയ്തു……

                  ചുറ്റും മഴയിൽ ചിറകുകൾ തല്ലിയ ഈയാം പാറ്റകളുടെ വികല ശരീരങ്ങൾ പുറപ്പെടുവിച്ച ആമഗന്ധം ശ്വസിച്ചു നടക്കുമ്പോൾ,ജലക്കുമിളകൾക്കുള്ളിലിരുന്ന് വിനീത നനഞ്ഞൊട്ടിയ സ്വന്തം ചിറകു വിടർത്താ‍ൻ ശ്രമിക്കുന്നുണ്ടാവുമെന്ന് അയാൾക്കു തോന്നി..

               “സുതേട്ടോയ്.., ദ്ന്താ..മഴേത്ത്..ഇവിടെ കേറിനിക്കെടോ” ചായയുടെ കൊതിപ്പിക്കുന്ന ചൂടും മണവും അടിച്ചു പതപ്പിച്ച് ‘സുമാറു ജോസ്‘ മഴയിലൂടെ വിളിച്ചു കൂവി..മഴക്കുത്തേറ്റ് ചുവന്ന മുഖം താഴ്ത്തി അയാൾ വിളികേൾക്കാത്ത മട്ടിൽ നടന്നു..കുടുങ്ങാശേരിക്കവലയ്ക്കപ്പുറത്ത് റാട്ടുപുരയിൽ അഛൻ കമ്മ്യുണിസത്തെ രഹസ്യമായി പരത്തുന്നത് വർഷങ്ങൾക്കിപ്പുറം മഴ നനഞ്ഞു നിന്നു കൊണ്ട് , സന്ദർഭത്തിനു തീരെ യോജിച്ചില്ലെങ്കിൽ കൂടി ഹരിഹരസുതൻ ഒരിക്കൽ കൂടി കേട്ടു

              “സോവിയറ്റ്യൂണ്യൻ സോവിയറ്റ്യൂണ്യൻന്ന് കേട്ടട്ടെണ്ടാ?” അഛന്റെ ഗൂഡഗാംഭീര്യമുള്ള ചോദ്യം..

               “ഉം.ഉം” രാപ്പുള്ളുകൾ  മൂളുന്ന പോലെ റാട്ടു പുരയിലെ അരണ്ട വെളിച്ചത്തിൽ നിന്നും അമർത്തിയ ഇരവമുയർന്നു

                “ങാ‍അതാവ്ണം  ഇവടെ..നോക്ക്  മണ്ണെണ്ണ ഒഴ്ച്ച് തിരീട്ട ഈ കുപ്പ്യെളക്ക്     കണ്ടാ?”  മറുപടിയായി പിന്നെയും മുരൾച്ച

                 ഈ കുപ്പ്യെളക്കൊന്നും വേണ്ട മതിലുമ്മലത്തെ ഒരു കഷ്ണം ഞെക്ക്യാ മതി വെട്ടം വരുംഎപ്പഴാ.? അർഥപൂർണ്ണമായ ഒരു നിശബ്ദത..കുപ്പിവിളക്കിന്റെ തിരിനാളം പ്രതിഫലിപ്പിച്ച് കുറേ കണ്ണുകൾ  മിഴിഞ്ഞ് തിളങ്ങി നിന്നു

                  “ഇവടെ സോവിയറ്റ്യൂണ്യനാവണം.ഈയെമ്മസ് കേറട്ടേന്ന്..  ഗാന്ധി ഓർക്കാപ്പൊറത്ത് പോയതോണ്ട് മാത്രം ആയുസ്സ് കിട്ട്യ കോഗ്രസ്സിന്റ നട്വൊടിക്കണം……”..റാട്ടു കറക്കി തഴമ്പിച്ച കൈകൾ  മേശയിലടിച്ചുറപ്പിച്ചത് കേട്ട നേരം തന്നെ  അയാളുടെ പെരുവിരലിനെ ഒരു കൂർത്ത കല്ല് ഗാഡമായി ചുംബിച്ച് ചുവപ്പിച്ചുനീറ്റലിൽ സോവിയറ്റ് യൂണിയൻ എന്നെന്നേയ്ക്കുമായി പവർക്കട്ടിൽ മുങ്ങിപ്പോയി റാട്ടുപുരയുടെ സ്ഥാനത്തു വന്ന ഇന്റെർനെറ്റുകഫേ  വശ്യ സുന്ദരിയെ പോലെയുണ്ട് സ്വാതന്ത്രമില്ലാത്ത ആസക്തികളേയും വിചാരങ്ങളേയും കെട്ടഴിച്ചു വിട്ട് പുതിയൊരു പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ലോകത്ത് കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്ന വലക്കൂട്…….

                     www.forgetparants.com നെറ്റിലേയ്ക്ക് വിനീത കയറിയതിന്റെ പാസ് വേർഡ് എന്തായിരിക്കും..?!! sorry acha   എന്നോ    sorry amma എന്നോ..?...ഒരു പരാതി എഴുതിക്കൊടുത്തതിന്റെ  തരുതരുപ്പ് മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയായിട്ടും ചൂടു പുകഞ്ഞുകൊണ്ടിരുന്നു…………


            ..17 വയസ്സ് …….വിനീതാഹരിഹരൻ ( സുതൻ അവൾ വേണ്ടെന്നു വച്ചതാണ്) വെളുത്ത നിറം186 സെ.മീ ഉയരം മെലിഞ്ഞ ശരീരം..മറുക്.മറുക് എവിടേയാണ്!!!??(മകളുടെ ശരീരത്തിൽ അഛൻ മറുകു തേടി നടക്കുന്നതിലെ പാരവശ്യം കണ്ട്  എസ്.ഐ വഷളൻ ചിരിയും ചിരിച്ച്  അയാളെന്തെഴുതുന്നു എന്നു നോക്കി  ചാരിയിരിപ്പുണ്ടായിരുന്നു) കണ്ടു പിടിച്ചു ഒരെണ്ണംകഴുത്തിന് ഇടതു വശത്ത്.കാണാതാവുമ്പോൾ ധരിച്ചിരുന്നത് നീലയിൽ വെളുത്ത ചെക്കുകളുള്ള യൂണിഫോം.......

                തലയിലെ തൊപ്പിയേക്കാൾ പവറുള്ള പുഛം ഒതുക്കിയിട്ട് എസ് ഐ പരാതി ഒന്നോടിച്ച് നോക്കി..

               “ചെന്ന് ക്ടാവിന്റെ മുറീം ബുക്കും തുണ്യലമാരേം ഒന്ന് പരിശോധിച്ചേക്ക് ബാക്കി ഞങ്ങള് തപ്പിക്കോളാം.പണ്ടാരടങ്ങാൻ വല്ല  ലവ്ജിഹാദിലോ മറ്റോ.കിട്ട്യാല് ഒന്ന് റിപ്പേയ്റ് ചെയ്തെടുത്താ മതി..”

               അപ്പോൾ മുതലാണ് ഹരിഹരസുതൻ പുറത്ത് കലിപ്പോടെ പെയ്യുന്ന മഴയിലേയ്ക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്മഴയും അയാളും സന്തത സഹചാരികളായി തീർന്നത്……..

                “റെയിൻ റെയിൻ ഗോ എവേ..,
              കം എഗേയ്ൻ അനതർ ഡേ…….”..ഇറമ്പിൽ നിന്നൊഴുകുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച കുട്ടിയുടുപ്പുകാരിയിൽ.”മഴ വിര്ന്നു വന്നതാണ് പോകാൻ പറയാമ്പാടില്ല” എന്നു പറഞ്ഞതിൽ പിന്നെ ,മഴയുടേ ആതിഥേയ ഭാവം മാത്രമായിരുന്നു എപ്പോഴും എന്ന് അയാളോർത്തു…….

              വിനീത പിറന്നപ്പോൾ അയാൾ സർക്കാർ ബസ്സിന്റെ സ്റ്റിയറിംഗിൽ ആദ്യമായി തൊട്ടുതൊഴുകയാ‍യിരുന്നു..ആരംഭ ശൂരത്വത്തിന്റെ തിളപ്പിലെ ആവിയായിരുന്നു ആ ഭക്തിഅധികം താമസിയാതെ ആനവണ്ടിയുടെ പാപ്പാനായി, അയാൾ കയറിയിറങ്ങുന്ന  യാത്രക്കാരെ മുഴുവൻ അകത്തേയ്ക്കും പുറത്തേയ്ക്കും എറിഞ്ഞു തള്ളുന്ന ചരക്കുകളായി കാണാൻ ശീലിച്ച് , സർക്കാരിന്റെ സ്വന്തം സേവകനായി മാറി..‘സ്വ.ലേ‘..എന്നൊക്കെ പറയും പോലെ ‘സ്വ സേ‘ .

                    കൊല്ലങ്ങൾ നീണ്ടു നിന്ന ഏതാനും  സ്ഥിരം സർവീസുകളിൽ സ്വന്തം സേവനം ചില കള്ളുഷാപ്പുകളുടെ പിന്നിലേയ്ക്കും, മൂട്ടവിളക്ക് അടയാളം കാണിക്കുന്ന കൂരകളിലേയ്ക്കുമായി നീട്ടിയെടുക്കുകയും ചെയ്തിരുന്നു…….നോൻപു കാലത്ത് മുറതെറ്റിയുണ്ടായവന്റെ താന്തോന്നിത്തമെന്ന സ്വയംവിശദീകരണാശ്വാസം കൊണ്ട് സ്റ്റിയറിംഗ് കറക്കിയെടുത്ത് അക്കാലത്ത് അയാൾ മൂളിപ്പാട്ടു പാ‍ടി ..ആ ദിനങ്ങളിലൊന്നിലായിരുന്നു അയാൾ- കുറ്റിക്കാടുകളിലേയ്ക്ക് താനിനി നോക്കാൻ പോകുന്നില്ലെന്ന് തീരുമാനിച്ചതും വഴിവക്കിലെ വെള്ളത്തിന് ജീവിതത്തിൽ പറ്റിയ കറ കഴുകി മാറ്റാൻ കഴിയുമെന്നു വൃഥാ വിചാരിച്ചതും….

               ങ്ങിനെ തീരുമാനിച്ചതിന്റേയും വിചാരിച്ചതിന്റേയും അന്ന്  മഴ തന്നെയായിരുന്നു…… 
        “സുതേട്ടോയ്, പിന്നില് ലോങ് സീറ്റിലൊര് ജോഡീണ്ട്ട്ടാഅറ്റം തൊട്ട് കേറീതാടോ..ഏതാണ്ടൊരു തീരുമാനൂല്ലായ്ക പോലെ.”

          ചെവിയിൽ കണ്ടക്ടർ ചന്ദ്രൻ ബാഗും കക്ഷത്തിലിറുക്കി കുനിഞ്ഞു നിന്ന് മന്ത്രിച്ച വിവരത്തിലേയ്ക്ക് പാക്ക് ചവച്ച് അയാൾ തിരിഞ്ഞു നോക്കിബസ്സിന്റെ അവസാന സീറ്റിൽ പരിഭ്രമിച്ച രണ്ടു മുഖങ്ങൾ വെളിവാക്കപ്പെട്ടുആണത്തം പൊടിമീശയിലേയ്ക്കു  പടർന്നു തുടങ്ങിയ ഒന്നും , അതിൽ ആശ്രയം കണ്ട്. എന്നാലതത്ര സുരക്ഷിതമല്ലെന്നു മനസ്സിലാക്കി പകച്ചു ചേർന്നിരിക്കുന്ന മറ്റൊന്നും..ബസ്സിൽ മറ്റുയാത്രക്കാരായി മൂന്നു പേർ മാത്രം

              “സംഗതി ചാടീതാട്ടാ..” അയാൾ ടോപ് ഗിയറിട്ടു..   

             അടുത്തടുത്ത സ്റ്റോപുകളിൽ മറ്റു മൂന്നുപേർ കൂടി ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇറച്ചിക്കോഴികളെ കൊണ്ടു പോകുന്ന പോലെ ബസ്സ് സർക്കാരിനെ മറന്ന് ഓടാൻ തുടങ്ങി

               ഒരു നഗര ദൂരത്തിനപ്പുറം ഇറയത്തെ തൂണിൽ വട്ടം പിടിച്ച് നിന്ന് വിനീത അഛനെ അന്വേഷിക്കുകയായിരുന്നു അപ്പോൾ.

               “അഛന്എത്ര ആൾക്കാരെ എവിടേക്ക എത്തിക്കണ്ടാതാന്നറിഞ്ഞൂടെറി..? ഇത് പോലെ നോക്കീരിക്കണ ഒരുപാട് ക്ടാവുകളുണ്ടാവുംക്ടാവുകളെ നോക്കീരിക്കണ അഛ്നമ്മമാര്ണ്ടാവും അവരെക്കെ കൊണ്ടേക്കൊടുത്തിട്ടേ നിന്റെ അഛന് വരാമ്പറ്റ്ള്ളു

              കാത്തിരിപ്പു നീറ്റുന്ന ഓരോ വീട്ടിലെയ്ക്കും പ്രതീക്ഷിക്കുന്നവരെ എറിഞ്ഞിട്ടു കൊടുക്കുന്ന ദൈവത്തിന്റെ കൈകളിലെ   പൊതിയും പ്രതീക്ഷിച്ച് വിനീത അമ്മയുടെ മടിയിൽ കിടന്നു.. ഹൃദയമിടിപ്പിനും നിശ്വാസത്തിനുമപ്പുറം സ്വപ്നങ്ങളിൽ വന്നിരുന്ന തുമ്പികൾക്ക് അവൾ പല നിറങ്ങൾ കണ്ടുമഞ്ഞ..ചുവപ്പ്കറുപ്പ്അടുത്ത മിടിപ്പിൽ പറന്നുയരാൻ തുടങ്ങിയ അവയുടെ ചിറകുകൾ പകുതി മുറിച്ചു കളയുകയോ..വാലിനറ്റത്തൂടെ പൂത്തിരിപ്പുല്ല് കയറ്റുകയോ വേണംപ്രാണനിൽ തറഞ്ഞ പുല്ലുമായി പറക്കുന്ന തുമ്പിയെ കാണാൻ എന്തു രസം!! ഹാ..അഛൻ വന്നല്ലോ,,!? അഛൻ അവയുടെ ചിറകുകൾ മുറിച്ച് അവൾക്കിട്ടു കൊടുത്തു ചിലതിന്റെ വാലിൽ ഓലനാരുകെട്ടി ജീവനെ രണ്ടായി പകുത്തു കൊടുത്തു ..പക്ഷെ വാലിൽ പിടിച്ച ഒരു കറുമ്പൻ തുമ്പി മാത്രം വളഞ്ഞ് കുത്തി അവളുടെ വിരലിൽ കടിച്ചു  .

            “ഹവ്……..” വിരൽ വലിച്ച് വിനീത ഉറക്കം ഞെട്ടി…….”

            ഞെട്ടിത്തെറിക്കുന്ന പെൺകുട്ടിയെ ബസ്സിൽ നിന്നും വലിച്ച് പുറത്തു കളയുകയായിരുന്നു അന്നേരത്ത് ഹരിഹരസുതനും, ചന്ദ്രനും……കുറ്റിക്കാട്ടിലേയ്ക്കു വീണ പെൺ ശരീരത്തിന്റെ ഞരക്കം, ഇരുട്ടു വകഞ്ഞു മാറ്റി കാണാൻ ശ്രമിക്കാതെ ചോര പുരണ്ട പാവാടയും കൂടി  പുറത്തെ മഴയിലേയ്ക്കെറിയുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു.....‘പകലാണെങ്കിൽക്കൂടി എനിക്കാ കാഴ്ച്ച  കാണണ്ട’   വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി സഹതപിച്ച് അയാൾ സ്റ്റിയറിംഗിൽ വിയർത്ത കൈകളമർത്തി……


              “ ആ പയ്യനെ ഇതീന്ന് തള്ളീട്ടപ്പോ അടീലെക്ക്യാ പോയെ..?..”   ചന്ദ്രൻ അടുത്തു വന്ന് അമർത്തി ചോദിച്ചു.    

               തലച്ചോറൊഴിഞ്ഞ തലയുടെ ചതവിന്റെ ഉയർച്ച ബസ്സിന് ഒരു ഞൊടിയുണ്ടായിരുന്നോ എന്ന് അയാൾ നടുങ്ങി സംശയിച്ചുപിന്നെ നിഷേധിച്ചു

               “ഹേയ് ഇല്ലില്ല ..” എന്നിട്ടും വഴിയരുകിൽ കെട്ടിക്കിടന്ന വെള്ളത്തിലൊക്കെ ബസ്സിന്റെ ടയറുകൾ ഓടിച്ചു കഴുകിയെടുത്തു..വീണ്ടും വീണ്ടും..

                   പിന്നീട് ജീവിതത്തിന്റെ ഓടയിൽ പലവുരു കഴുകിയെടുത്ത ശരീരത്തിൽ മനസ്സു വൃത്തിയാവാതെ  ദുർഗന്ധം വമിച്ചു കിടന്നു..അതേ സമയം നേരിടേണ്ടി വന്ന കുറേ വിരോധാഭാസങ്ങളിൽ ആദ്യം പതറി നിൽക്കുകയുംശേഷം സന്ദർഭോചിതമല്ലാതെ അയാൾ ചിരിച്ചു മണ്ണു കപ്പുകയും ചെയ്തു
                   
                നിരീശ്വരവാദം മൂത്ത് മുറ്റത്തെ തുളസിത്തറയിലെ കൽ വിളക്കിൽ മൂത്രമൊഴിച്ച അഛനെ..-കാരണവന്മാർ ,കല്ലും ലിംഗവും  തമ്മിലുണ്ടായ നിമിഷങ്ങൾ നീണ്ട  മൂത്രബന്ധത്തിലൂടെ കയറിപ്പിടിച്ച് പഴുപ്പിച്ചുമതിലിലെ കഷ്ണം ഞെക്കിയാൽ തെളിയുന്ന വിളക്കിനെ,പ്രകാശത്തിൽ അധികരിക്കുന്ന വേദനയിൽ ശപിച്ച് അഛൻ ഹരിഹരസുതനോട് അപേക്ഷിച്ചു.

               “ഞാഞ്ചത്താബെലീടണം..കേട്ടെറാ.കമ്മ്യുണിസം പറഞ്ഞ് ചാരം വാരി തെങ്ങുഞ്ചോട്ടില് ഇട്ടേക്കര്ത്…..”

              വാക്കു  പാലിച്ചു  ..ഉമ്മറത്ത് ഫ്രെയിമിലിട്ടു വച്ച മാർക്സിന്റേയും.., ഏംഗത്സിന്റേയും..ലെനിന്റേയും മുഖം ഒന്നു വീർത്തിരുന്നെങ്കിലും “അതു പോട്ട് പുല്ല്..” എന്ന് അവഗണിച്ച് അഛനെ ബലിയിട്ട് സന്തോഷത്തോടെ പറഞ്ഞയച്ചു.. അന്നു തൊട്ടിങ്ങോട്ട് ഓരോ കർക്കിടകവാവിനും ബലിയിടുന്ന തന്നെ നോക്കി തന്റെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിച്ച് അഛൻ “ ശവ്യാണെങ്കിലും നീയാളു കൊള്ളാട്ടെറാ കള്ളക്കമ്മ്യുണിസ്റ്റ്കാരന്റെ മോനെ “ എന്ന് പറഞ്ഞു കൊണ്ട് ഇരുത്തിയൊന്നുമൂളി പോകുന്ന പോലെ അയാൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
         
          ഇപ്പോൾ  ഭൂതകാലത്തിലെ ശവിത്വ സിംഹാസനമൊഴിഞ്ഞ്, മനസ്സിലെ പിതൃത്വ പിടപ്പിന്റെ ആന്തലോടെ ചുറ്റിപ്പിണഞ്ഞ മഴനൂലുകളെ അഴിച്ചു മാറ്റി  അയാൾ ഇറയത്തെ അത്താണിയിലിരുന്നു

            പുറത്ത് ആരെയും കണ്ടില്ലദൈവത്തെയും അഛനേയും ഒരെപോലെ സ്നേഹിച്ച മറ്റൊരു വിരോധാഭാസം  ഓർമ്മക്കേടു ബാധിച്ച് അകത്തെ മുറിയിൽ സ്വയം ആരെന്ന് ഇടയ്ക്കിടക്ക് വിളിച്ചു ചോദിച്ചു കിടപ്പുണ്ട്..അഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരന്മാരായിരുന്നു..
            
           മഴയേറ്റ് രോമങ്ങളൊട്ടിയ കൈത്തണ്ടയിലേയ്ക്ക് ഉണക്ക തോർത്ത് വീണതിനൊപ്പം  “ അവൾക്കൊര് വാക്ക് മിണ്ടീട്ട് പോവായ്ര്ന്നു“  എന്ന പുറകിൽ നിന്ന് പറഞ്ഞ് ഭാര്യ ഒരു ഉറപ്പിലെത്തിയെന്ന് അയാളെ ബോദ്ധ്യപ്പെടുത്തി

           “എന്തായാലും നീയാ ക്ടാവിന്റ മുറ്യൊന്നു നോക്ക്യേ.”

          “എന്തൂട്ട് നോക്കാൻ.” ഓയൽ സാരിയിൽ ഒപ്പിയെടുക്കാൻ പറ്റാത്ത കണ്ണുനീരിനെ കുനിഞ്ഞ് സാരിപൊക്കി പാവാടയിൽ തുടച്ച് അവൾ മൂക്കു വലിച്ചു.

           “ഒര്  മജീദ് എന്ന ചെക്കൻ അവൾടെ മൊബൈലില് വിളിക്ക്യോയ്ര്ന്ന്

            “മജീദാ.!!??  “ ഉണ്ടായേക്കാവുന്നതിൽ ഏറ്റവും സാധ്യത കുറഞ്ഞത് എന്ന നിസ്സാരത ഏതൊരഛനേയും പോലെ ആദ്യം തോന്നിയെങ്കിലും പിന്നീടയാൾ ഞെട്ടി.

           “ക്ടാങ്ങള് ഫ്രണ്ട്സാന്ന് പറഞ്ഞപ്പൊ………

         “ ഫ്രണ്ട്സ്”  മഴയിലേയ്ക്ക് ഒന്നു കൂടി ചാടിയിറങ്ങിയപ്പോൾ മാത്രം വീട്ടിൽ ഫോണുള്ളത് ഓർത്തു തിരിച്ചു കയറി.., പോലീസ് സ്റ്റേഷനിലേയ്ക്ക് ആ വിവരം കൂടി വിളിച്ചു പറഞ്ഞതിനു ശേഷം ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല എന്നറിഞ്ഞ് അയാളിരുന്നു..ശരീരത്തിന്റെ നിഷ്ക്രിയത്ത്വം ഉൾക്കൊള്ളാൻ കഴിയാതെ വിറക്കുന്ന മനസ്സോടെ ഹരിഹരസുതൻ പുലമ്പി”ദൈവമേ..കുറ്റിക്കാട്ടിലെ ഞരക്കം………..ഭൂമിയിൽ കുറ്റിക്കാടുകളും., മറയും.., ഇരുട്ടും ഉള്ളിടത്തോളം കാലം പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണോ!!?”

           നിഷ്ക്രിയത്വം കുടഞ്ഞെറിഞ്ഞ്.., മനസ്സ്.., പണ്ട് കേട്ടു കളഞ്ഞ ഞരക്കത്തിനേക്കാൾ ഉച്ചത്തിലൊന്നു ഞരങ്ങി…….

            പിറ്റേദിവസം സ്റ്റേഷനിൽ നിന്നും വിളിച്ചതു കൊണ്ട് അയാൾക്കു പോകേണ്ടി വന്നുഏതെങ്കിലും അജ്ഞാത മൃതദേഹത്തിൽ നിന്നും മകളുടെ ശേഷിപ്പുകൾ കണ്ടുപിടിക്കേണ്ടതോ……അല്ലെങ്കിൽ പലയിടങ്ങളിൽ നിന്നു കിട്ടിയ ശരീര ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു വച്ചതിൽ അവളുടെ രൂപം വാർത്തെടുക്കേണ്ടതോ ആയ കടമയാണ് താനാൽ നിർവ്വഹിക്കാൻ പോകുന്നത് എന്ന വിചാരങ്ങളിൽ അയാളുടെ കാലുകൾ ഉടക്കി നടന്നു……..

            സ്റ്റേഷനിൽ ചെന്നപ്പോൾ ..,ഇരുകൃതാവിൽ നിന്നും കറുത്ത തോടൊഴുകി വന്ന് താ‍ടിയിൽ കൂട്ടി മുട്ടിയ മുഖമുള്ള രണ്ടു പയ്യന്മാർ .പേടിയേക്കാൾ കൂടുതൽ പുതു തലമുറയുടെ മുഖമുദ്രയായ അസഹ്യത പ്രകടിപ്പിച്ചു നിൽ‌പ്പുണ്ടായിരുന്നു..

           “ഹരിഹരാ.ദേ ഇതാണ് മജീദ്ട്ടാ  ക്ടാവിന്റെ ഫോൺ ചെയ്യണ ക്ലാസ്മേറ്റ്..”   കൂടുതൽ വെളുത്തവനെ ലാത്തി കൊണ്ട് തൊട്ട് എസ് ഐ അറിയിച്ചു. ഉടനെ മറ്റവനേയും ചൂ‍ണ്ടി കാണിച്ചു..

         പിന്നിവൻഅജ്മല്.അടുത്ത കൂട്ട്കാരാ.ഇവനറ്യാതെ ഈ ഗഡി ഒന്നും ചെയ്യില്ല.. ..”

         ഹരിഹരസുതൻ രണ്ടു പേരേയും മാ‍റി മാറി നോക്കി കൈകൂപ്പി……
  
       “ മക്കളേ..ന്റെ ക്ടാവെന്ത്യേ.? കൂടുതൽ അപേക്ഷിക്കാൻ കഴിയാത്ത വിധം തന്റെ നിസ്സഹായതയിലലിഞ്ഞ് അവർ അവരുടെ പോക്കറ്റിൽ നിന്നോ ഷർട്ടിനുള്ളിൽ നിന്നോ വിനീതയെ പുറത്തെടുത്തു തന്നേക്കും എന്ന് അയാൾ വിശ്വസിച്ചു പോയിരുന്നു..

         പക്ഷെ .., അസഹ്യത അനിവാര്യമെന്നോണം ബഹിർഗമിച്ചു

       “വിനീതേനെ എനിക്കറ്യാം  പക്ഷെ ഒരു ബന്ധൂല്ലാട്ടാ..കാർന്നോര്  ഞങ്ങൾടടുത്ത് കരഞ്ഞ്  വിളിച്ചട്ട് എന്തു കാര്യം.“

        കൈകൂപ്പിയതിനപ്പുറം അവന്റെ കാലുകൾ കനത്ത ബൂട്ടിൽ മറഞ്ഞിരിക്കുന്നതു കണ്ട് അയാൾ നിരാശപ്പെട്ടു

        “ഹരിഹരസുതനിങ്ങ്ട് മാറ്യേ.ഇനി ഞാൻ ചോദിയ്ക്ക്യാ.പറ മക്കളേ.ലവ് നിന്റെക്ക സ്വന്തം വക…….ജിഹാദ് വേറെ അവന്മാരുടേം.ബൈക്കും മൊബൈലും കാശും ഒക്കെ ഫ്രീയാ അല്ലേ..“

           ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ.., മുന്നിലെ യൂണിഫോമിനെ മറന്ന് മജീദ് പ്രതികരിച്ചു

“സാറേ പ്രേമത്തിനെ പോലും വർഗീയ വൽക്കരിച്ച്  ഇങ്ങ്ന  ഞങ്ങളെ  പ്രതികളാക്കി നിർത്തര്ത്.പ്രേമിച്ചെങ്കി വീട്ടിക്കൊണ്ടുപോയി നിക്കാഹു നടത്തും..മുസ്ലീം  ആൺപിള്ളേര് ഇനി ഇതിനു വേണ്ടി സമരോ മറ്റോ ചെയ്യണോ ഒന്നു പ്രേമിക്കാൻ..“

          അതു ശരിയാണല്ലോ എന്ന സംശയം വച്ചു കൊണ്ടു തന്നെയായിരുന്നു എസ് ഐ അവന്റെ പല്ലു അടിച്ചു തെറിപ്പിച്ചത് മത പ്രചരാണാർത്ഥമുള്ള വിശുദ്ധയുദ്ധത്തിന്റെ പേരിൽ പല്ലു നഷ്ടപ്പെട്ടവൻ വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്നു..മറ്റവനാകട്ടെ ചോരത്തിളപ്പിനെയൊക്കെ ഊതിയാറ്റി .., നാവു കൊണ്ട് തന്റെ പല്ലുകളെയൊന്നു തഴുകി.

          എസ് ഐ ഹരിഹരസുതന്റെ  തോളിൽ പിടിച്ച് പുറത്തേക്കു മാറ്റി നിർത്തി പറഞ്ഞു.

         “കാര്യം ശര്യാട്ടാ ഹരിഹരാ…….ഈ ഗഡികള്  മൂന്ന് ദെവസോയിട്ട് ക്ലാസീ മൊടങ്ങീട്ടില്ല.ഇവന്മാരെ ഇപ്പൊ തന്നെ വിടും..നമുക്ക് ഇനി വേറെ വഴി നോക്കാം താൻ പേടിക്കണ്ടറോ..വഴീണ്ട്……

           ‘ പേടിക്കണ്ട‘ എന്നു പറഞ്ഞതിൽ നിന്നുമാണ്, സത്യത്തിൽ പേടി അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് അയാളെ മാന്തിപ്പൊളിക്കാൻ തുടങ്ങിയത്..സ്റ്റേഷനിൽ ഊരിയിട്ട ചെരുപ്പ് മറന്ന് ഹരിഹരസുതൻ പിന്നേയും മഴയിലേയ്ക്കിറങ്ങി…….

              തനിയാവർത്തനങ്ങളുടെ സാധ്യതകൾ  മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ  പതിയിരിക്കുന്നു എന്ന വെളിപാടോടെ ,വഴിയരുകിലെ വെള്ളക്കെട്ടുക്കളിൽ ഏതെങ്കിലും വണ്ടിയുടെ ചക്രങ്ങളിൽ നിന്നുള്ള രക്തഛവിയുണ്ടോയെന്ന് അയാൾ പരിശോധിച്ചു കൊണ്ടിരുന്നു..ഒപ്പം .., കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് മഴക്കാറു മറയിട്ട പകൽ വെളിച്ചത്തിൽ അരിച്ചു പെറുക്കി.അങ്ങേയറ്റം, ഇറച്ചിക്കോഴിയുടെ പപ്പും തൂവലുമെങ്കിലുംഅതെങ്കിലും………………….


                      *********************************************************


                                     

78 comments:

  1. കാണാതായ എല്ലാ പെൺകുട്ടികളുടേയും മാതാപിതാക്കൾക്കു വേണ്ടി............ എന്നു ഞാനെഴുതിയാൽ അതെത്രമാത്രം ഈ കഥയ്ക്കു യോജിക്കുമെന്നറിയില്ല - എങ്കിലും അതങ്ങിനെതന്നെ ഞാൻ മനസ്സിൽ കരുതുന്നു




    ഇറയത്തെ ട്യൂബ് ലൈറ്റിന്റെ പ്രകാശം മങ്ങിപ്പരന്ന മുറ്റത്ത് ഇലക്ഷൻ കാലങ്ങളിൽ കമ്മ്യുണിസം പതഞ്ഞു പൊങ്ങിത്തൂവുന്നത് തെക്കേ മുറിയുടെ ഉച്ചുകുത്തിയ ജനൽ വിടവിലൂടെ കുട്ടിക്കാലത്ത് നോക്കിയിരുന്ന് കാതുകൊടുത്തിട്ടുണ്ട്...ഒരു പതിയുരുന്നാക്രമണം പ്ലാൻ ചെയ്യുന്ന പോലെ ഗൂഡമായി ഇലക്ഷൻ തന്ത്രങ്ങൾ ഓരോരുത്തർക്കായി വീതിച്ചു കൊടുക്കുന്ന സമയം.... കോൺഗ്രസ്സിനെ കലക്കിക്കുടിച്ചാൽ തീരാത്ത കമ്മ്യുണിസ്റ്റ് വീര്യം മുറ്റിനിന്ന ആ കേസരികൾ സടയും മുടിയുമൊക്കെ കൊഴിഞ്ഞു നടക്കുന്നത് ഈയടുത്ത് കണ്ടു....... പഴയ വീര്യമൊക്കെ മനസ്സിൽ പൊതിഞ്ഞുവച്ച് ഇന്നിന്റെ കളികളിൽ അല്പമൊന്ന് ചിന്താകുലരായി.. കൈകെട്ടി മാറിനിന്ന് ആ കളി കാണുന്ന കാണികളായി മാറിയിരിക്കുന്നു അവർ.....
    അതേ സമയം ജനൽ വിടവിലൂടെ കമ്മ്യുണിസം പകർന്നു കുടിച്ച ഞാൻ ഇപ്പോഴും അതിന്റെ തടവുകാരി തന്നെ.... കോൺഗ്രസുകാരനായ രാജേഷിന്റെ കമ്മ്യുണിസ്റ്റ്കാരിയായ ഭാര്യയായി തുടരാൻ മാത്രം..,കമ്മ്യുണിസം അതിന്റെ രസം എന്നിൽ നിറച്ചിരിക്കുന്നു.... ഒപ്പം ഞാൻ അന്വേഷിക്കുന്ന ഒന്ന്-... അപ്പുപ്പൻ പണ്ട് മൂത്രമൊഴിച്ച ആ കൽവിളക്ക് എന്റെ വീടിന്റെ പരിസരത്തെവിടെയോ മണ്ണുമൂടിക്കിടക്കുന്നുണ്ട്... പത്തൊമ്പത് തിരിക്കുഴകളുള്ള അതിൽ ഞാൻ കുട്ടിക്കാലത്ത് വെള്ളമൊഴിച്ച് തിരികത്തിക്കാൻ വൃഥാ ശ്രമിച്ചിട്ടുണ്ട്... ഇന്നതവിടെ എവിടേയോ..... എന്നെങ്കിലും ഞാനതു കണ്ടു പിടിക്കും.ഉറപ്പ്...

    ReplyDelete
  2. അതെ ഒരു അച്ഛന്റെ വേദനകള്‍ കൂടി..... പിന്നേം ബാക്കി !!

    ReplyDelete
    Replies
    1. എല്ലാം ബാക്കിയാണ് നന്മയും തിന്മയും..ഒക്കെ..
      അതിൽ കുറച്ചാണ് ചെല അഛന്മാരുടെ വേദനകളും....
      നന്ദി വന്നതിനും വായിച്ചതിനും....

      Delete
  3. അതെ, തനിയാവർത്തനങ്ങളുടെ സാധ്യതകൾ മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ പതിയിരിക്കുന്നു..
    നല്ല എഴുത്ത്.

    ReplyDelete
    Replies
    1. എല്ലാം ബാക്കിയാണ് നന്മേം തിന്മേം ഒക്കെ...
      അതിൽ കുറച്ചാണ് അഛന്മാരുടെ വേദനകൾ..........
      നന്ദി വന്നതിനും വായിച്ചതിനും

      Delete
    2. നന്ദി ബെഞ്ചാലി......
      എഴ്ത്ത് നല്ലതെന്നു പറഞ്ഞതിൽ സന്തോഷം

      Delete
  4. തനിയാവർത്തനങ്ങളുടെ സാധ്യതകൾ മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ പതിയിരിക്കുന്നു.........

    നന്നായി എഴുതി...
    സുഹൃത്തെ..നന്ദി...

    ReplyDelete
    Replies
    1. ഖാദൂ.....,
      ഇനിയും വരണം വായിക്കണം...നന്ദി

      Delete
  5. ശ്രദ്ധിച്ചു വായിച്ചാല്‍ മാത്രമേ ഈ കഥയിലെ ആഴം
    മനസ്സിലാവുകയുള്ളൂ.ഓട്ടപ്രദക്ഷിണത്തില്‍ പിടികിട്ടുകയില്ല.
    അതാണ് വൈകിയത്.വിത്യസ്തമായ കഥാരചന.
    സ്വഭാവത്തിന് വിരുദ്ധമായ കഥാപാത്രനാമങ്ങള്‍.,
    മകളെ അന്വേഷിക്കുന്ന അച്ഛന്‍റെ തനിയാവര്‍ത്തനങ്ങളുടെ കഥ.
    ഇന്നിന്‍റെ ക്രൂരതകള്‍,മനുഷ്യഹീനവുമായ ചെയ്തികള്‍
    നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻസർ...,
      കഥ മനസ്സിരുത്തിവായിച്ചു എന്നറിഞ്ഞപ്പോ സന്തോഷം......
      അങ്ങു പറഞ്ഞ നല്ല അഭിപ്രായം അനുഗ്രഹം പോലെ സ്വീകരിക്കുന്നു

      Delete
  6. ".. സ്വാതന്ത്രമില്ലാത്ത ആസക്തികളേയും വിചാരങ്ങളേയും കെട്ടഴിച്ചു വിട്ട് പുതിയൊരു പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ലോകത്ത് കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്ന വലക്കൂട്……!!"

    "ന്നും പറയ്ണില്ല ജാനക്യേ..!ചോദ്യോം ഉത്തരോം ഒക്കെ മുട്ടിപ്പോയിരിക്ക്ണ്..!
    അവസാനം പറഞ്ഞ ആ വിളക്കൊന്നു കണ്ടു പിടിക്കണംട്ടോ ന്ന്ട്ട് എല്ലാതിരികളും തെളിച്ചോളൂ..നാടാകെ ഇരുട്ടായിരിക്ക്ണ്. ങ്ങളതു ചെയ്യും ക്ക് നിശ്ച്യണ്ട്..!!"

    ഹ്യദയം തൊട്ട ഈ എഴുത്തിന് ആശംസകൾ..പുലരി

    ReplyDelete
    Replies
    1. പ്രഭൻ....,
      ചോദ്യോം ഉത്തരോം ഒന്നും മുട്ടി പോകണ്ട...
      നല്ല അഭിപ്രായം പറഞ്ഞല്ലൊ അതു മതി...സന്തോഷം..

      Delete
  7. നല്ല വിഷയം.. നല്ല രീതിയില്‍ പരിപാലിച്ചു..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. മനോ...,
      എനിക്കുറപ്പായി..കഥയ്ക്കെന്തോ കൊഴപ്പോണ്ട്...
      അല്ലെങ്കീ എന്തെങ്കിലും കാര്യമായി പറഞ്ഞേനേ.....

      Delete
    3. പ്രദീപേ... ചുമ്മാ വായിക്കാതെ പിന്താങ്ങല്ലേ മോനേ......
      വായിച്ചിട്ട് കാര്യം പറ.........

      Delete
    4. This comment has been removed by the author.

      Delete
  8. എന്നെ പരഞ്ഞിട്ടേ കാര്യള്ളൂ...
    “ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ...”
    എന്ന് പറഞ്ഞപോലെയാണല്ലോ എന്റെ സ്ഥിതി..
    എന്താണെന്ന് വെച്ചാൽ..
    ലഹരിയുടെ അകമ്പടിയോടെ
    ‘ആർത്തവകാലം’ എന്ന തലക്കെട്ട്
    വായ്ച്ചിട്ട് തുടങ്ങിയ വായന നമ്മുടെ തനി
    നാട്ടുഭാഷയുടെ ത്രില്ലിൽ അവസാനിച്ചപ്പോഴാണ്
    മനസ്സിലായത് പെൺക്ടാവിനെ നഷ്ട്ടപ്പെട്ടവന്റെ ആധികൾ,
    വായിക്കുന്നവന്റെ മനസ്സിൽ ആഴത്തിൽ തട്ടും വിധം ആവർത്തിച്ച്
    അസ്സലായി പറഞ്ഞൊപ്പിച്ചിരിക്കുന്നു എന്ന്..

    വളരെ നന്നായ്ണ്ട്ട്ടാ ജാന്വോ...

    ReplyDelete
    Replies
    1. ആവർത്തന കാലമാണ് മുരളിജി... :)

      Delete
    2. മുരളിയേട്ട.., മരിച്ചു പോകുന്നതിലും ഭയങ്കരമല്ലെ..കാണാതാകുന്നത്..
      എരിതീയിൽ നിർത്തി പൊരിക്കുന്ന അവസ്ഥ...
      അങ്ങ്നെയൊന്നു സങ്കൽ‌പ്പിക്കാൻ പോലും വയ്യാതാകുന്നു....

      കഥ നന്നായി എന്നു പറഞ്ഞതിൽ സന്തോഷം..

      Delete
    3. മൊഹി..., കഥയെ പറ്റി ഒന്നും പറഞ്ഞില്ല.......

      Delete
    4. വായിക്കാൻ സെലക്റ്റ് ചെയ്തിട്ടുണ്ട്. :) നാളെ കമെന്റിടാം, ഇൻശാ അള്ളാ...രാവിലെ മുതൽ കമ്പനി ആവശ്യാർത്ഥം റിയാദിലായിരുന്നു.ഇപ്പോൾ വന്നതെയുള്ളൂ(ഷെഡ്യൂൾഡ് ഫ്ലൈറ്റ് മിസ്സായി).

      Delete
    5. ആരെയാണ് ഉദ്ദേശിച്ചത്.....കാര്യം..?

      Delete
  9. വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി രസിച്ചതിന്റെ കൂലി അതേ നാണയത്തില്‍....
    പെട്ടെന്ന് ഇങ്ങിനെ പറയാനാണ് എനിക്ക് തോന്നിയത്‌. ഹരിഹരസുതന്‍ എന്ന നായകന്റെ ക്രൂരതകള്‍ക്കൊരു തിരിച്ചടി എന്ന് മാത്രം കാണുമ്പോള്‍.

    അപ്പോഴും തനിയാവര്ത്തനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന സ്ത്രീകളുടെ നിസ്സാഹയാവസ്ഥയാണ് പ്രമേയമെന്കിലും തെളിച്ചം കൂടുതല്‍ ഞാന്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ക്കായ്‌ തെളിയുന്നു. എനിക്ക് വായനയില്‍ തോന്നിയത്‌ ഞാന്‍ സൂചിപ്പിക്കുന്നു എന്ന് മാത്രം. പഴയതില്‍ നിന്നും ഇന്നിലേക്കുള്ള പ്രയാണത്തില്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനങ്ങള്‍ ഓരോ വരിയിലും ഉള്‍ക്കൊള്ളിച്ചുള്ള അവതരണം നന്നായിരിക്കുന്നു. ടൈപ്പ്‌ ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ക്കുമെലെ ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നും തോന്നി. തങ്കപ്പന്‍ സാറ് പറഞ്ഞത്‌ പോലെ കഥയുടെ ആഴം ഗ്രഹിക്കാന്‍ ശ്രദ്ധയോടെ വായിക്കേണ്ടിയിരിക്കുന്നു.
    കഥ എനിക്കിഷ്ടായി.
    "നിന്റപ്പുപ്പനെക്കൊണ്ടെട്പ്പ്ച്ചിട്ട്ണ്ട്" എന്നല്ലേ രണ്ടാമത്തെ പാരഗ്രാഫില്‍ പറഞ്ഞത്‌.

    ReplyDelete
    Replies
    1. റാംജിസർ...,
      ഞാനത് തിരുത്തീട്ട്ണ്ട്...

      മൂന്നു തലമുറേടെ കാര്യം പറയാൻ ഒന്ന് ശ്രമിച്ചതാ... അങ്ങ്ട് ഒത്തില്ല എന്ന് തോന്നുന്നു.........

      കഥ ഇഷ്ടമായതിന് നന്ദി....

      Delete
  10. വാളെടുത്തവന്‍ വാളാല്‍..അങ്ങിനെയാണല്ലേ ജാനകി പഴമൊഴി

    “മഴ ഒരു ശിക്ഷയായേറ്റെടുത്താണ് അയാൾ അതിലേയ്ക്കിറങ്ങിപ്പോ യത്… അത് കൂസലില്ലായ്മയായി തെറ്റിദ്ധരിച്ച് മഴ അയാളെ കുത്തിപെയ്തു..” (വളരെ ഇഷ്ടമായി ഈ ആരംഭം)

    ReplyDelete
    Replies
    1. അജിത് സർ.,

      വാളെടുത്തവൻ വാളാൽ എന്നൊക്കെ ആരാണ്ടും പറഞ്ഞ് വച്ചിട്ട്ണ്ട്..
      അതൊക്കെ ചുമ്മാതാ....ഇപ്പൊ വാളെടുത്തവൻ രാജാവാ....

      വന്നതിനും വായിച്ചതിനും നന്ദി....

      Delete
  11. ജാനകി,കഥ ഇഷ്ടപ്പെട്ടു.
    അവതരണ ഭംഗി ഈ കഥയെ മികച്ചതാക്കിയിരിക്കുന്നു.ഇപ്പോള്‍ എവിടെയും കേള്‍ക്കുന്ന ഒരു സംഭവം പുതുമയോടെ നല്ലൊരു കഥയായി അവതരിപ്പിച്ചിരിക്കുന്നുനു.നന്ദി

    ReplyDelete
    Replies
    1. റോസാപൂവേ...,
      കഥയെ അതിന്റെ ഗൌരവം കൊട്ത്ത് വായിച്ചതിനു നന്ദി.....
      അവിടെ മുറ്റം നെറച്ചും റോസാപൂവാണോ..?

      Delete
  12. നന്നായിട്ടുണ്ട്.....പത്ര വാര്‍ത്തകള്‍ വായിക്കുമ്പോളും കഥകള്‍ വായിക്കുമ്പോളും എന്തെന്നറിയാത്ത ഒരു ഭീതി മനസ്സില്‍ ഉണരുന്നു. പെണ്മക്കള്‍ ഉള്ളവര്‍ എല്ലാം ഇങ്ങിനെയാണോ ?

    ReplyDelete
    Replies
    1. അതേ ഇങ്ങ്നെ തന്നെയാണ്.....
      ഈക്കാലത്ത് ഇങ്ങ്നെ ആയാലേ പറ്റു.....
      സദാഭീതി.........

      നന്ദി കേട്ടോ

      Delete
  13. ഈ രാത്രി വായിക്കേണ്ടിയിരുന്നില്ല എന്നുതോന്നി.. അവതരണമികവും കയ്യടക്കവുമൊന്നും പ്രശംസിച്ചു ചെറുതാക്കുന്നില്ല. കഥയുടെ വിഷയം, അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു..

    ReplyDelete
    Replies
    1. ഇലഞ്ഞിപുക്കളേ......
      വന്നതിനു നന്ദി.....വിഷയം ഞാൻ വിചാരിച്ചതു പോലെ എഴുതിപിടിപ്പിക്കാൻ പറ്റിയോ എന്നു സംശയം....

      Delete
  14. കഥ വായിച്ചു... നമ്മുടെ വിനീതയുടെ ഹൈറ്റ്‌ അല്‍പം കൂടിപ്പോയൊ എന്നൊരു സംശയംണ്‌ട്‌ ട്ടോ ? കഥ പറഞ്ഞ്‌ ശൈലിയെ കുറിച്ച്‌ പറയുകയാണെങ്കില്‍ മനസ്സിരുത്തി വായിച്ചാലേ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകൂ. എവിടെയെങ്കിലും ഒരു വരി വിട്ട്‌ പോയാല്‍ അത്‌ വായനക്കാരന്‌ വിഷമിപ്പിക്കും, ഏത്‌ വരിയിലാണ്‌ കഥ തന്തു എന്നറിയാതെ ഉഴറുകയായിരുന്നു ഞാന്‍. രണ്‌ട്‌ പ്രാവശ്യം വായിച്ചപ്പോഴാണ്‌ കാര്യങ്ങളങ്ങോട്ട്‌ വ്യക്തമായത്‌. വറുത്ത്‌ കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി സഹതപിച്ച അയാളെ സമ്മതിക്കണം... ചില ഘടകങ്ങളെല്ലാം അനാവശ്യമായിരുന്നോ എന്ന് രണ്‌ടാമത്‌ വായിച്ചപ്പോള്‍ തോന്നി കെട്ടോ ... മഴയിലലിഞ്ഞ് എല്ലാം ഇല്ലാതാവട്ടെ.

    (പുതിയ ഒരു പോസ്റ്റിട്ടുട്ടുണ്ട്, സമയം കിട്ടുമ്പോൾ വന്ന് വായിക്കുമല്ലോ? , ഇതു പോലെ കൂടുതൽ പ്രതീക്ഷിച്ച് വരരുത്)

    ReplyDelete
    Replies
    1. മൊഹി..ശരിയാണ്...പൊക്കം ഇത്തിരി കൂടിപ്പോയി..കുറച്ചിട്ടുണ്ട്.
      സത്യത്തിൽ എന്റെ ശ്രമം പരാജയപ്പെട്ടതാണീ കഥ...വിചാരിച്ച പോലെ ആയില്ല അതിന്റെ ആവും രണ്ടും മൂന്നും പ്രാവശ്യമൊക്കെ വായിക്കേണ്ടി വന്നത്.. ആർക്കാ ഇപ്പൊസമയം...ഒരുപ്രാവശ്യം തന്നെ വായിക്കാൻ സമയം കണ്ടെത്തിയിട്ടു വേണം.....എന്തായാലും വായിച്ച് അഭിപ്രായമ്പറഞ്ഞല്ലോ...നന്ദി

      Delete
  15. "ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും"
    പക്ഷേ ആ വെള്ളത്തില്‍ ഒഴുകി പൊകുന്ന
    ചില മനസ്സുകളുണ്ട് ,ശരീരവും ..
    ഇന്നിന്റെ ആകുലതയും ,ചിത്രവും
    പല ബിന്ദുവില്‍ കൂടീ പറഞ്ഞിരിക്കുന്നു ..
    അന്നു ചെയ്തു പൊയ പാപത്തിന്റെ
    കറ ,ഏതു മഴയില്‍ അലിഞ്ഞാണ്
    മാഞ്ഞു പൊകുക ...?
    സ്വയം മുറിയുമ്പൊളാണ് നാം
    വേദനയുടെ ആഴമറിയുക ..
    മറ്റുള്ളവരില്‍ മുറിവുണ്ടാക്കുമ്പൊള്‍
    അതില്‍ സുഖം കണ്ടെത്തുമ്പൊള്‍ അവരുടെ
    നീറ്റലോ ,വേവൊ അറിയുവാന്‍ ശ്രമിക്കാത്തവര്‍ക്ക്
    കാലമോ ,ദൈവമെന്ന വിശ്വാസ്സമോ നല്‍കുന്ന തിരിച്ചടികള്‍ ..
    അതിനും മുന്നേ തലമുറകള്‍ കൈമാറിയ ചില അസ്വാരസ്യങ്ങളും
    മനസ്സിന്റെ വ്യത്യസ്ഥ ചിന്തകളും കൂടീ ,മഴയോ , വേവൊ
    എന്നറിയുവാന്‍ കഴിയാത്ത തലങ്ങളിലൂടെ ഇന്നിന്റെ സത്യത്തില്‍
    വന്നു കിതച്ചു നില്‍ക്കുന്നു ..

    ReplyDelete
    Replies
    1. റിനി...., അഭിപ്രായം വായിച്ച് അതൊന്നു മനസ്സിലാക്കിയെടുക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ.... നന്ദി വന്നതിനും വായിച്ചതിനും

      Delete
  16. മഴയും വിനിതയും എല്ലാം രസകരമായി.ഇച്ചിരി കട്ടിയാണ് .രണ്ടു മൂന്നു പ്രാവശ്യം വായിച്ചപ്പോള്‍ ആണ് കാര്യം പിടികിട്ടിയത് .ആശംസകള്‍

    ReplyDelete
    Replies
    1. ഗീത്ടീച്ചറേ...,
      ഈ കഥ മെനക്കെട്ടിരുന്ന് വായിച്ച് അഭിപ്രായം പറഞ്ഞതിനു ഒരുപാട് നന്ദി

      Delete
  17. വറ്ത്ത് കഴിച്ചോര്ക്ക് ഇപ്പ്ഴും ഒന്നും കിട്ടീല.....വാളെടുത്തോൻ വാളോണ്ട് തുണ്ടാക്കി, പിന്നേം പറ്റിയാ തുണ്ടാക്കാൻ വാള് ഉത്തരത്തില് പാത്തു വെച്ചു... ഹരിഹരസുതന് എന്ത് കിട്ടീട്ടെന്താ......വിനീതയ്ക്ക് കിട്ടീത് കാണാൻ നിയ്ക്ക് ധൈരിയം ല്ല....

    എവിടെ പോയി തിരി കത്തിയ്ക്കണം എന്നറിയാണ്ട് ഞാനുണ്ട്, അമ്മൂന്റെ കുട്ട്യേ കൂടെ........

    ReplyDelete
    Replies
    1. എച്മൂകുട്ടി.... എന്റെ പാവം അപ്പുപ്പൻ ചെയ്ത ചെല തമാശകള് ഞാനീ കഥേല് വെറ്തെ കയറ്റി വച്ചതാ... പുള്ളിക്കാരന്റെ ഇപ്പഴത്തെ അവിടെ ബ്ലോഗൊക്കെ വായിക്കാൻ പറ്റുമെങ്കി പറഞ്ഞുതരട്ടെ ആ കല്ലെവിടേന്നു... എന്നിട്ടു കത്തിക്കുമ്പോ എച്ച്മൂനേം വിളിക്കാം...

      Delete
  18. പലതരം വിചാരങ്ങള്‍
    മരുഭൂമിയില്‍ മഴയുടെ ഭംഗിയോര്‍ത്തു അസ്വസ്ഥനായി ..
    വാക്കുകളില്‍ ഒളിപ്പിച്ചു കണ്ട നിഗൂഡതകളില്‍ ആവേശം കൊണ്ടു..
    ഒടുവില്‍ ..

    ജീവിക്കുവാന്‍ ഒരു പുസ്തകമോ , ഒരായിരം ജീവിത മാതൃകകളോ പോരായെന്ന തിരിച്ചറിവിലും ഞാന്‍
    ചില സൂത്രവാക്യങ്ങള്‍ തിരയുന്നു ..മകളുടെ അച്ഛനായതില്‍ പിന്നെയാണോ, ഈ ചിന്തയെന്നതാണെന്നെ ഭയപ്പെടുത്തുന്നത്...

    ഇതിനൊക്കെ ഈ കഥ നിമിത്തമായെങ്കില്‍ അതിനപ്പുറം ഞാനെന്തു പറയണം ....

    ReplyDelete
    Replies
    1. ഷിജു സർ...,

      വിശദമായ വായനയ്ക്കു നന്ദി......
      ഇനിയും പ്രതീക്ഷിക്കുന്നു

      Delete
  19. http://thooppukaari.blogspot.com/2012/03/blog-post.html

    ReplyDelete
  20. http://athishayappathiri.blogspot.in/

    തൂപ്പുകാരൻ ആരാണെന്നറിയാത്താവർക്ക് ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ മനസ്സിലാവും. പെണ്ണിനെ ഇറക്കി കളിച്ചപ്പോൾ അവൻ തത്ത പറയും പോലെ പറഞ്ഞു. ഹഹഹഹ ശരീരവും മനസ്സും കറുപ്പായാൽ ഇങ്ങനെ ഇരിക്കും.

    ReplyDelete
  21. ഒരു ഞെട്ടൽ മനസ്സുകളിലവശേഷിപ്പിച്ച് കൊണ്ടുള്ള ഈ എഴുത്ത് നല്ലതാണെന്ന് പറയാതെ വയ്യ. ഗംഭീരം. അച്ഛനമ്മമ്മാരുടെ എല്ലാ ദുഖങ്ങളും വിവരിച്ചിരിക്കുന്ന പൊസ്റ്റ്. അതിലെ ആ പൊലീസ് സ്റ്റേഷൻ സീൻസ് എല്ലാം ഒറിജിനാലിറ്റി സൂക്ഷിച്ചു. ആശംസകൾ.

    ReplyDelete
    Replies
    1. പോലീസ് സ്റ്റേഷൻ സീൻസിനു ഒറിഗിനലിലിറ്റി തോന്നി എന്നറിഞ്ഞപ്പോ സന്തോഷം .... കേട്ടറിവു വച്ചു എഴുതിനോക്ക്യതാണ്.... നന്ദി .....

      Delete
  22. ഭാഷയുടെ മനോഹാരിതയ്ക്ക്പ്പുറം, കഥ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. തൃശ്ശൂർ ഭാഷാ പ്രയോഗങ്ങൾ പലയിടത്തും തെറ്റിയിരിക്കുന്നു..
    'മത പ്രചരാണാർത്ഥമുള്ള വിശുദ്ധയുദ്ധത്തിന്റെ പേരിൽ പല്ലു നഷ്ടപ്പെട്ടവൻ' എന്ന് കഥാകൃത്ത് ഒരിടത്ത് മജീദിനെ വിശേഷിപ്പിക്കുന്നു.

    കാര്യം ശര്യാട്ടാ ഹരിഹരാ…….ഈ ഗഡികള് മൂന്ന് ദെവസോയിട്ട് ക്ലാസീ മൊടങ്ങീട്ടില്ല….ഇവന്മാരെ ഇപ്പൊ തന്നെ വിടും..നമുക്ക് ഇനി വേറെ വഴി നോക്കാം താൻ പേടിക്കണ്ടറോ..വഴീണ്ട്……” എന്ന് പിന്നീട് ഏസ്. ഐ പറയുന്നു. എസ്. ഐ. കൈക്കൂലി വാങ്ങിച്ച് നുണ പറഞ്ഞതാണെന്ന് കരുതാമോ ?

    'അഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരന്മാരായിരുന്നു…..' ഈ വരികൾ മനസ്സിൽ തങ്ങി നിൽക്കുന്നു.

    ReplyDelete
    Replies
    1. തോന്നിയത് മറയില്ലാതെ പറഞ്ഞതിൽ സന്തോഷം... എറണാകുളംകാരി തൃശൂർ ഭാഷ എഴ്തിയാൽ, ശരിയാവില്ല എന്നു മനസ്സിലായി.....
      ചിലപ്പോഴൊക്കെ എഴുത്ത് ഇങ്ങിനെയൊക്കെയായിപ്പോകുന്നു.....
      എന്നാലുംചെല വരികൾ എടുത്തു പറഞ്ഞതിനു നന്ദി സന്തോഷം.....

      Delete
    2. എന്റെ കസിൻബ്ലോഗറുടെ ഐഡി ഓപൺ ചെയ്ത ശേഷം ഇട്ട റിപ്ലേ ആയതു കൊണ്ട് (ക്ലോസ് ചെയ്യാൻ മറന്നു) എന്റെ നന്ദി മറ്റൊരാളുടെ പേരിലായിപ്പോയി..അതെല്ലാം എന്റെ വകയായി സദയം സ്വീകരിക്കുക

      Delete
    3. ഹ ഹ..സ്വീകരിച്ചു..

      Delete
  23. കഥ കേമം. ആശംസകൾ............

    ReplyDelete
    Replies
    1. സാദിഖ്....., കേമം എന്ന് വായിച്ചപ്പോൾ കളിയാക്കിയതാണോന്ന് ഒര് സംശയം വന്നു... എന്തേലുമാവട്ടെ..വളരെ നന്ദീണ്ട് വന്ന് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിന്....

      Delete
  24. ആദ്യായിട്ടാണ്‌ ഈ വഴിക്ക് കഥ വായിച്ചു തുടങ്ങിയപ്പോ ഒടുക്കമെത്തിയതറിഞ്ഞില്ല ..നന്നായി എഴുതിയിരിക്കുന്നു ...
    എങ്കിലും വിഷയം സങ്കീര്‍ണ്ണമാണ് ... ശൈലി ഇച്ചിരി കടുത്തതും ...ഒന്നുകൂടി വായിക്കണ്ടിയിരിക്കുന്നു ......വീണ്ടും വരാം...
    എല്ലാ ആശംസകളും :))

    ReplyDelete
    Replies
    1. ഷാലീർ..., നമ്മടെ മാതൃഭൂമീലും മറ്റും വരണ ചെല കഥകള് വായിച്ച് ഒന്നും മനസ്സിലാകാതെ ആ കഥാകാരന്റെ സർഗ്ഗശേഷിയെ അൽഭുതത്തോടെ.,എന്നാൽ ഇതിപ്പോ ഇങ്ങ്നെ എഴ്തിയാൽ ആളുകള് എങ്ങിനെ മനസ്സിലാക്കും എന്നൊക്കെ ചിന്തിച്ച് പലപ്പോഴും ഇരിക്കാറുണ്ട്..അങ്ങിനെ നോക്കിയാല് എന്റെ കഥ നിഗൂഡതയൊന്നും ഇല്ലാത്തതാണല്ലൊ..അല്ലേ...അങ്ങിനെയൊന്നും എഴ്താനുള്ള ആളായിട്ടില്ല ഞാൻ..എന്റെ കഥകളൊക്കെ പാ‍വം കഥകളാ..ശെരിക്കൊന്ന് വായിച്ച് നോക്ക്യേ..... നന്ദി ഷാലീർ വന്നതിനും ആശംസകൾ അറിയിച്ചതിനും

      Delete
  25. "www.forgetparants.com നെറ്റിലേയ്ക്ക് വിനീത കയറിയതിന്റെ പാസ് വേർഡ് എന്തായിരിക്കും..?!! sorry acha എന്നോ sorry amma എന്നോ..?...ഒരു പരാതി എഴുതിക്കൊടുത്തതിന്റെ തരുതരുപ്പ് മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയായിട്ടും ചൂടു പുകഞ്ഞുകൊണ്ടിരുന്നു......." ഇവിടം മനസ്സിലായില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒരു കമ്മ്യുണിസ്റ്റ്കാരന്‍ കോണ്‍ഗ്രീസിന്റെ നടുവൊടിക്കും എന്ന രീതിയില്‍ എവിടെയാണ് പ്രസംഗിച്ചു കേട്ടത്? ആ കാലത്തെ കമ്മ്യുണിസ്റ്റ്‌കാര്‍ ഈ രീതിയില്‍ പ്രസംഗിച്ചതായി അറിവില്ല. പ്രസംഗിച്ചിട്ടുണ്ട് ... മണ്ണെണ്ണ വിളക്കിന്റെ കാലം മാറിയ ശേഷം .പോലീസ് സ്റ്റേഷനില്‍ ആ കുട്ടികളെ നിരപരാധികളായി ചിത്രീകരിച്ച രംഗങ്ങള്‍ക്ക് വേഗത കൂടിയോ എന്ന് സംശയം ? ഇത്രയും ഒരു പക്ഷെ എന്റെ വീക്ഷണത്തിന്റെ പിഴയാകാം ... താങ്കളുടെ ഭാഷയെക്കുറിച്ച് പറയാന്‍ ഞാന്‍ അര്‍ഹനല്ല. നന്നായി എന്ന് പറയാനുള്ള അറിവും ഇല്ല. ഇഷ്ടമായി ഈ അച്ഛന്‍റെ വിചാരവികാരങ്ങള്‍ . ഇനിയും വരാം .വായിക്കാം. പുതിയ പോസ്ടിടുമ്പോള്‍ ഒന്ന് അറിയിക്കുക.

    ReplyDelete
    Replies
    1. അംജത്...., കഥേല് ചോദ്യമില്ല എന്നൊക്കെ പറയാമ്പറ്റില്ല..അതൊക്കെ ഇപ്പോ പ്രശ്നമാകും.. മനുഷ്യന്മാര് സൃഷ്ടിച്ച ആയിരക്കണക്കിനു സൈറ്റുകൾ ഉള്ളപ്പോ ഞാനൊരു ഫോർഗെറ്റ് പാരന്റ്സ് സൈറ്റ് കഥയ്ക്കു വേണ്ടി ഉണ്ടാക്കിപ്പോയതാണ്..അതിൽ കയറണോങ്കിൽ ഒര് പാസ് വേഡും വേണോല്ലോ അതാ അത്രേള്ളു...പിന്നെ മകളെ കാണാണ്ടായ അഛൻ (അമ്മയും) അന്റാർട്ടിക്കേല് പോയാലും വിയർക്കും കാലം അതാ.....പരാതി മകളെ കാണാനില്ലെന്നതാണ്..അതു കയ്യും മനസ്സും വിട്ടുകളയാൻ അല്പം നേരം എടുക്കും..അതാണു തരുതരുപ്പെന്നു എഴുത്യത്.. പിന്നെ വന്നപ്പൊതന്നെ എല്ലാരും രണ്ടു കയ്യും നീട്ടി സ്വീകരിച്ച പ്രസ്ഥാനമല്ല കമ്മ്യുണിസ്റ്റ്. നിലവിലുണ്ടായിരുന്ന വ്യവസ്ഥയോടു പൊരുതി കാലുറപ്പിച്ച ഒരു പാർട്ടി..അതിന്റെ പടയൊരുക്കങ്ങളിൽ അങ്ങിനെയൊരു വാക്കു പറഞ്ഞിട്ടില്ലെന്നു ആർക്കറപ്പു പറയാൻ പറ്റും..അവിടെ ആ വാക്കിനൊര് സാധ്യതേണ്ട്... ആ ഒരു സാധ്യതേല് വിശ്വസിച്ചാണ് ഞാനങ്ങിനെ എഴ്തിയത്... പിന്നെ ഇതെഴ്ത്യ ആളെന്ന നിലയില് എന്റെ ന്യായങ്ങൾ മാത്രമാണിതൊക്കെ ഇതിലെത്ര മാത്രം ശരിയുണ്ടെന്ന് അറിയില്ല....പോലീസ് സ്റ്റേഷനിലെ കാര്യങ്ങൾക്ക് ധൃതി കൂടിപ്പോയി എന്ന് എനിക്കും തോന്നിയ കാര്യമാണ്.. നന്നായി എന്നു പറയാനുള്ള കഴിവും ഇല്ല എന്നെഴുതിയത് നന്നായി അല്ലെങ്കീ ഞാൻ അഹങ്കരിച്ചേനെ.. നന്നായില്ല എന്ന് പറയാതങ്ങ് പറഞ്ഞു..അതെന്തായാലും നല്ല രീതിയിൽ എടുത്തു എന്നാലല്ലെ എനിക്കിനിയും നന്നാക്കാൻ പറ്റു.... നന്ദി..ഇവിടെവരെ വന്നതിനും വായിച്ചതിനും..അഭിപ്രായം പറഞ്ഞതിനും

      Delete
    2. "കൊണ്ഗ്രെസ്സിന്റെ നടുവോടിക്കണം ".. അങ്ങനൊരു ഭാഷ വന്ന കാലങ്ങളില്‍ അവര്‍ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് പറഞ്ഞതാ.. പക്ഷെ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് താനും ....

      Delete
  26. ജാനകിയെ പോലെ തഴക്കം വന്ന ഒരെഴുത്തുകാരിയെ വിലയിരുത്താന്‍ ഞാനാളല്ല .നോവായി നീറ്റുന്ന ഒരു ആശയം ഇതിലുണ്ട് .എഴുത്തിന്‍റെ തച്ചു ശാസ്ത്രമറിയുന്ന ഒരാളുടെ കൃതക്രിത്യതയാര്‍ന്ന ഭാഷയും ശൈലിയും .എന്നിട്ടും എവിടെ വെച്ചോ അഴുക്ക് പറ്റിയില്ലെന്ന് ബോധ്യമുണ്ടായിട്ടും കഥ വഴി തിരിഞ്ഞു ഏതൊക്കെയോ ചാലുകളില്‍ കൂടി ഓടി ചക്രങ്ങള്‍ കഴുകിയെടുത്തു എന്ന് തോന്നി .മേല്‍വിലാസം തെറ്റിയ ഒരു കത്ത് പോലെ കഥ എവിടെയെല്ലാമോ അലഞ്ഞു തിരിയുന്നു .ഒരു പക്ഷെ കഥക്ക് പൊലിമ വരുത്താനുള്ള ശ്രമം കൊണ്ടുണ്ടായ പാളിച്ച ആകണം .ഇവിടെ ഏറ്റവും മികച്ച കഥകള്‍ മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടാണ് മുരടന്‍ വാക്കുകള്‍ ..പൊറുക്കുക .

    ReplyDelete
    Replies
    1. സിയാഫ്...,കഥ വിശദമായി വായിച്ചട്ട്ണ്ടല്ലോ...അതുകൊണ്ട് ഉണ്ടായ അഭിപ്രായം സന്തോഷത്തോടെ സ്വീകരിക്കുന്നു... പാളിച്ചകൾ ഇനിയങ്ങോട്ട് തിരുത്താൻ ശ്രമിച്ചുനോക്കാം.. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു

      Delete
    2. hridayam niranja vishu aashamsakal....... blogil nputhiya post...... ANNAARAKKANNAA VAA ..... vayikkane..............

      Delete
  27. വായിച്ചു. മുന്‍കഥകളെ അപേക്ഷിച്ച് കയ്യൊതുക്കം കുറവായി തോന്നി. ഇടയില്‍ എവിടെയോ കഥ മുറിഞ്ഞുപോകുന്നതുപോലെ. എങ്കിലും സാമാന്യം ഭംഗിയായി പറഞ്ഞിട്ടുണ്ട്. അല്പം നീളം കുറച്ച്, ഒന്നുകൂടി ഒതുക്കിയാല്‍ കൂടുതല്‍ നന്നാവുമായിരുന്നു.

    ReplyDelete
    Replies
    1. JAANU , blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.....

      Delete
  28. കഥകള്‍ അന്വേഷിച്ചു പലയിടത്തും കയറിയിറങ്ങി ഒടുവില്‍ ഇവിടെയുമെത്തി........
    പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ എന്നെക്കൂടി അറിയിക്കണേ........
    തുടര്‍ന്നും വരാം.

    ReplyDelete
  29. ഹരിഹരസുതനേ...യ് ശരണമയ്യപ്പ.
    ഒരു മഴയോടെയുള്ള തുടക്കം അങിഷ്ടപെട്ടു ;) അവസാനം വരേം തകര്‍ത്ത് പെയ്തിട്ടുണ്ട്. കഥ പറഞ്ഞ് വന്ന രീതിയും ഇഷ്ടപെട്ടു. വായനയില്‍ ചെറുതിനുണ്ടായ സംശയങ്ങള്‍ക്കുള്ള ഉത്തരങള്‍ തൊട്ടടുത്ത ഭാഗങ്ങളില്‍ നിന്ന് കിട്ടികൊണ്ടിരുന്നു. ചിലയിടങ്ങളില്‍ കഥപറച്ചില്‍ തീവ്രമായി വരുന്നതിനിടയില്‍ ചില ഡയലോഗുകള്‍ കുത്തികയറ്റി ആ ഭംഗി കളഞ്ഞതുപോലെ. മുകളിലാരൊ പറഞ്ഞപോലെ പ്രാദേശിക ഭാഷകളാണെങ്കിലും വായിച്ചെടുക്കാന്‍ പറ്റുന്ന തരത്തില്‍ അക്ഷരതെറ്റുകള്‍ ശ്രദ്ധിച്ച് എഴുതിയിരുന്നേല്‍ അതിനൊരു ഭംഗി വരുമായിരുന്നു.

    അതൊക്കെയാണെങ്കിലും പലവഴികളിലൂടെയായി വായനക്കാരനെ കഥയിലേക്ക് കൊണ്ടുവരുന്നതില്‍ ഒട്ടും പരാജയപെട്ടിട്ടില്യ. കഥയാണെങ്കിലും അല്ലെങ്കിലും....!! ആശംസകള്‍ ജാനകി
    ലാല്‍‌സലാം ;)

    ReplyDelete
  30. ഞാൻ ഇവിടെ ആദ്യമാണെന്ന് തോന്നുന്നു...വഴിതെറ്റി വന്നതാണു...വന്ന വഴിയും പറയാം... ഒരാളുടെ ബ്ലോഗിൽ ഒരിടത്ത് താങ്കൾ എഴുതിയ ഒരു കമന്റുകണ്ട്.. 'അരക്കെട്ടുറപ്പിച്ചു' എന്ന് ആ ബ്ലോഗർ എഴുതിയപ്പോൾ ...ഒരു വള്ളി,(അക്ഷരം) മാറിയപ്പോൾ വന്ന വലിയൊരു തെറ്റ്( അറിയാതെ ചിരിച്ചുപോയെങ്കിലും അത് മാറ്റിയെഴുതാണം എന്ന് ഞാൻ പറയാൻ തുടങ്ങിയപ്പോൾ) അരക്ക്+ ഇട്ട്= അരക്കിട്ട് എന്ന് താങ്കൾ തിരുത്തിയത് കണ്ട് ഈ വഴി വന്നു...നല്ല രചനാരീതി.പുതുമയുള്ള ആഖ്യാനം.കഥക്ക് പഴമയുടെന്ന് ഞാൻ ഒരിക്കലും പറയില്ലാ..കാരണം കാലിക പ്രസക്തി. ഇത്തരം ഒരു പരീക്ഷണം നല്ലതാണു കുഞ്ഞേ....എങ്കിലും മൂന്ന് തലമുറകളുടെ കഥ പറയുമ്പോൾ താങ്കൾ ഉപയോഗിച്ച വിളക്കിച്ചേർക്കൽ ദുരൂഹതയേറ്റി.വായനക്കാർ രണ്ട്മൂന്ന് പ്രാവശ്യം വായിക്കേണ്ടിവന്നൂ..നല്ല കഥയെന്ന് തന്നെയാണു എന്റെ എളിയ അഭിപ്രായം...പക്ഷേ..പണ്ട് ഓ.വി.വിജയനും..പിന്നെ ആനന്ദും സ്വീകരിച്ച ഈഅ നടപടിക്രമം കുറേക്കൂടി ലാഘവമാക്കിയെങ്കിൽ നന്നായേനേ എന്ന് പറഞ്ഞോട്ടെ... ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയൂ എന്നതും ഓർമ്മപ്പെടുത്തുന്നൂ...എല്ലാ നന്മകളും നേരുന്നൂ.....വീണ്ടും കാണാം..സ്നേഹത്തോടെ......

    ReplyDelete
  31. നന്നായിട്ടുണ്ട്.
    കഥ എക്കാലവും കാലിക പ്രസക്തം.
    പഴയ അനുഭവം... പോലീസുകാരന്റെ പ്രതികരണം, ജനനത്തെ പറ്റിയുള്ള കഥ.. ഒക്കെ പുതുമയുള്ള വിഷയങ്ങളാണ്. ഭാഷ അങ്ങിങ്ങായി മുറിഞ്ഞു പോയതുപോലെ (നറേഷന്‍).

    ReplyDelete
  32. ഏറെ നാളായി ഇവിടുന്ന് വിവരമൊന്നുമില്ലാതായപ്പോള്‍ വന്ന് നോക്കിയതാ.. എവിടെ പുതിയ കഥകള്‍?

    ReplyDelete
  33. നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ഒരു'കൊളാഷില്‍' ഉരുത്തിരിയുന്ന അനേകം ചിത്രശ്രേണികള്‍!!

    ReplyDelete
  34. ഞെട്ടലോടെ വായിച്ചു. ദുഃഖിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ രചനയ്ക്ക്‌ നന്ദി. ആശംസകൾ.

    ReplyDelete
  35. നന്നായിട്ടുണ്ട്..... ഇനിയും പ്രതീക്ഷിക്കുന്നു.... ആശംസകള്‍........

    ReplyDelete
  36. http://vigworldofmystery.blogspot.co.uk/2012/06/blog-post.html ഇവിടെ ഒന്ന് നോക്കും എന്ന് കരുതുന്നു....

    ReplyDelete
  37. ഈ എഴുത്തുകാരി ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.താങ്കളിലെക്കെത്താന്‍ ഒരു ഇ മെയില്‍ ഐ.ഡി.പോലും കാണാനില്ല.ദയവായി ഒന്നു വിളിക്കുക. 9037665581

    ReplyDelete
  38. ആദ്യമായാണിവിടെ..
    വായിച്ചു.. കഥ "വരുന്ന" ആളാണെന്നു മനസിലായി
    എഴുത്ത് ഇഷ്ടവുമായി..
    പക്ഷെ ക്ലിഷേ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമം വേണം എന്ന് ഒരഭിപ്രായമുണ്ട്.
    കാരണം അത് മാറി തനതായ ഒരു ലൈന്‍ പിടിച്ചാല്‍ കഥ ഒരുപാടൊരുപാട് ഇനിയും നന്നാവും..
    :) ഇനിയും വരും, ഇതുവഴി.

    ReplyDelete