Thursday, June 9, 2011

നഗരത്തിലെ മലദൈവങ്ങൾ

                   

                                 “ മലമുത്തി കളിയാടി  വന്ത്
                                   ഇക്കുളൈന്ത മേൽ വിളയാടി നിന്ന്
                                   കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ
                                   ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....”

                മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈൽസിട്ട തറയിൽ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയിൽ കിടത്തി...പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധകയറിയ കോമരങ്ങളായി എഴുന്നു  നിന്നു.....

                  “യെൻ രാസാത്തി....” രാമാത്ത ഒരു മുത്തം കൊടുത്ത് പനിച്ചൂട് ചുണ്ടു കൊണ്ട് ഊറ്റിയെടുക്കാൻ ശ്രമിച്ചു..അവൾ ചിന്നരങ്കനെ കണ്ണുകളയച്ച് പരതി...

                    മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട് വടിച്ചെടുത്ത്, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട് അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക് വരുകയും പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ് ചെല്ലും.....

                ” യെൻ കുഞ്ഞിന് ചുടണ പനി ഡോട്ടർസാറിനെ ഒന്നു പാത്താ........” തമിഴ് ഉപേക്ഷിക്കാൻ ശ്രമിച്ച് പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...
                     “അവിടിരുന്നോളു  വിളിക്കാം..”
                 “രണ്ടു പേരൂടി കഴിഞ്ഞിട്ട്...”           അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച് കുന്തിച്ചിരുന്നു...അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട് ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു..കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട് മുട്ടിനിടയിലേയ്ക്ക് തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ് വെളുത്ത് പാട കെട്ടിയിരിക്കുന്നത് കണ്ടു...

                    രാ‍മാത്തയ്ക്ക് വിശക്കുന്നുണ്ടാകുമോ...കായലരികത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കെട്ടിക്കമിഴ്ത്തിയിട്ട കൊട്ടവഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ  മുഖമുള്ള പിള്ളേർ അഴിച്ചു വിട്ടുകളയുമോ..!!? രാമാത്തയുടെ വിശപ്പിൽ നിന്നും, പ്രതീക്ഷിക്കാതെ എടുത്തു ചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങി..ആദിവാസിയ്ക്ക് നഗരവാസികളെ ഭയക്കാതെ വയ്യ..തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്, ഞാണിന്മേൽ കളിക്കാരനെ പോലെ ചിന്നരങ്കൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...

                     ജനിച്ചു വളർന്ന കാട് കയ്യേറിയതാണെന്ന പുത്തനറിവ് തന്റെ  കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ് അയാൾക്കു തെളിഞ്ഞു കിട്ടിയത്...കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത് മറ്റു പ്രാക്റുതജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽ ന്നിന്നും എട്ടുമാസത്തെ വയറും താങ്ങി നടന്ന രാമാത്തയേയും കൊണ്ട് കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക് നടന്നു കയറി..നിനച്ചിരിക്കാത്ത നേരത്തു ആരോ ജീവിതത്തെ തിരിച്ചു പിടിച്ച് മറുവശം കാണിച്ചു തന്നതു പോലെ ആദ്യം അവർ പകച്ചു നിന്നു...

                       കുറച്ചു ദിവസത്തെ ഇടപഴകലിൽ നഗരത്തിന് കാഴ്ച്ചയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി...നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദ് റുശ്യരാണോ എന്നു വരെ ചില സമയങ്ങളിൽ സംശയിച്ചു..കണ്ണു കാണാത്ത നഗരത്തിൽ ഓവർ ബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു..കിടപ്പു മുറിയായും,അടുക്കളയയും, പേറ്റു മുറിയായും , ആ ഇത്തിരി സ്ഥലത്തിന് പരിണാമം സംഭവിച്ചു കൊണ്ടിരുന്നു

                                ഇന്നലെ വരെ ഒമ്പത് മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട് ഫുട്പാ‍ത്തിൽ രാമാത്ത ചെരുപ്പ് നന്നാക്കാനിരുന്നു.... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക് കൊടുത്തിട്ട് ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറുമാത്രമിട്ട് അമ്മയുടെ ചുറ്റും ഇരുന്ന് നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് അയാളെ കണ്ട് രണ്ടു കയ്യും ഉയർത്തി ശബ്ദമുണ്ടാക്കി. നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത് അവളുടെ പൊടി പിടിച്ച ദേഹത്ത് നെഞ്ചു മുതൽ വയറു വരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രം പോലെ കിടപ്പുണ്ടായിരുന്നു.... കുനിഞ്ഞ് വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനി ചൂട് അയാളെ തൊട്ടറിയിച്ചു ..പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത് രാമാത്ത അച്ഛനേയും മകളെയും നോക്കി ചിരിച്ചു...

                                “എന്നയെന്ന് തെരിയലേ ഇന്നയ്ക്ക് നീ റൊമ്പ അഴകായിരുക്ക്“

                                “ നീയും അപ്പടിത്താ...”  ചിന്നരങ്കന് കാടിന്റെ മണമടിച്ചു...മൂക്കു വിടർത്തി മണമെടുത്തപ്പോൾ,ആശുപത്രി ഗന്ധം..!

                                “കുഞ്ഞിനേയും കൊണ്ട് അടുത്തു നിന്നോളു..ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം..” അയാൾ ഞെട്ടിയെഴുന്നേറ്റ് സഭാകമ്പം പിടിപെട്ടവനെ പോലെ പതറി .പിന്നീട് രാമാത്തയുടെ അടുത്തേയ്ക്കോടി..

                                 കണ്ണു തുറക്കാതെ കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ മുലകുടിപ്പിക്കാൻ ശ്ര മിക്കുകയായിരുന്നു  അവൾ അപ്പോൾ..

                                 “ഏയ്ന്തെരെടി....” അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത് അയാൾ വേഗത്തിൽ നടന്നു ..ചേല നേരെയാക്കി ഒന്നു നിവർന്ന് കോട്ടുവായിട്ട് രാ‍മാത്ത പിറകെ ചെന്നു.. കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി  അമർത്തി വച്ച തെർമോമീറ്ററിലെ  അളവ് മുകളിലേയ്ക്ക് കയറി അതിന്റെ പരിധിയും തകർത്ത് പുറത്തേയ്ക്ക് കുതിയ്ക്കാൻ ശ്രമിക്കുന്നത് , അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടു നിന്നു. എങ്കിലും നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിറ്റക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട് പെട്ടെന്ന് ഓർമ്മ വന്നു....

                                    കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട് ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു -

                              “ കിടത്തേണ്ടിവരും..,ഡ്രിപ്പ് കയറ്റണം ...ഇഞ്ചക്ഷനെടുക്കണം നിങ്ങൾക്കു  സൌകര്യം  ജനറൽ ഹോസ്പിറ്റലായിരിക്കും..”

                                    തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽ നിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

                                        മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനെ മടിയിൽ വച്ച് രാമാത്ത വഴിയരുകിലെ കാഴ്ച്ചകൾ, തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച് ആവാഹിച്ചു കൊണ്ടിരുന്നു...ഇടയ്ക്ക് കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ് അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു....

                                       ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും ഇരുപത് രൂപയും കൊടുത്ത് ചിന്നരങ്കൻ ചാടി പുറത്തിറങ്ങി..രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു- “മെതുവാ......പറവായില്ലൈ..” പക്ഷേ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് മുന്നിലേയ്ക്ക് ഒന്നു രണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു......ഒരു നെഞ്ചേ തുടിക്കുന്നുള്ളു.....! അതു തന്റെയാണോ...!,ചക്കരമ്മയുടേതാണോ....!?  ചിന്തിക്കുന്നത് താനായതുകൊണ്ട് നിഷേധിക്കാനാവാത്ത സത്യം ഒരോ രോമകൂപത്തിലൂടേയും കടന്നു കയറി നിറഞ്ഞ് അയാളെ മരവിപ്പിലാഴ്ത്തി...

                                        പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതുമാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്.., മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്നു തോന്നിപ്പിച്ചു കൊണ്ട് ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു.. അവളുടെ ചുണ്ടിന്റെ ഒരു കോണിൽ പച്ചനിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു....


                                        “പനി മാറി...” അപ്പോൾ അങ്ങിനെയാണ്  അയാൾ ആരോടെന്നില്ലാതെ പറഞ്ഞത്

                                         രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിക്കെട്ടഴിച്ച് വെറ്റിലയും, ചുണ്ണാമ്പും , പാക്കുമെടുത്ത് മടക്കി വിരലിനിടയിലിട്ടൊന്നു തിരുമ്മി വായുടെ ഒരു വശത്തേയ്ക്കു തിരുകി...ഹ്റ്ദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്കു സമയം കൊടുത്ത്..അതു പിന്നീടാവട്ടെ എന്നു തീരുമാനിച്ച് ഫുട്പാത്തിന്റെ ഒരരികത്ത് കാലുകൾക്കിടയിൽ മുണ്ടുകൊണ്ട് തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെ കിടത്തി അയാളിരുന്നു..ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു......

                                            കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട് ബ്ലൌസിന്റെ താഴത്തെ കുടുക്കഴിച്ച് രാമാത്ത അയാളുടെ മടിയിലേയ്ക്ക് നോക്കി കൈ നീട്ടി...

                                            “ഇപ്പോ വേണ്ട മരുന്ന് കൊടുത്ത പുറകേ...” ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു..അവളുടെ മുലകൾ ബ്ലൌസിനെ നനച്ച് കവിഞ്ഞൊഴുകുന്നത് കണ്ടു..കണ്ണടച്ചാൽ കാഴ്ച്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതു തന്നെ ചെയ്തു....

                                              ഇതെന്താണു ചെയ്യേണ്ടത്..ഈ ശവശരീരം...!!? അഛൻ എന്ന മനുഷ്യനിൽ നിന്നും മാറി, ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു.മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും....നഗരം കണ്ടു മടുത്ത കായലിന്, കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.?...കൊട്ടവഞ്ചിയിലിരുന്ന് ചുറ്റിവീശുന്ന വലയിൽ ,മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ  കുടുങ്ങുന്ന കാഴ്ച്ചയിൽ നടുങ്ങി വിറച്ച് അയാൾ ചുരുണ്ടു കൂടി...

                                               കായലും കടന്ന് കടലിൽ സൂര്യൻ താഴാ‍ൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി....മണ്ണിൽനിന്നും ഒരു നിര പലകയിട്ടു പൊന്തിച്ചതിൽ ,കീറച്ചാക്ക് വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച് ചക്കരമ്മയെ കിടത്തി....

                                               “ നിന്റെ വീട്.. ഇതും കയ്യേറിയതാണ്..നിയമങ്ങളെ ലംഘിച്ച ഒൻപതു മാസക്കാരി..”  അവളുടെ പാതി തുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു..

                                            കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ് രാമാത്ത വാ തുറന്നുവച്ച് ഉറങ്ങുന്നു..അവളുടെ മാറിലെ നനവ്  കീറച്ചാക്കിലേയ്ക്ക് പടർന്നിറങ്ങുന്നത് അയാൾ കണ്ടു..

                                           ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അർദ്ധരാത്രിയിലും വെളിച്ചം അഹങ്കരിച്ചു നിൽ‌ക്കുന്നുണ്ടായിരുന്നു.

                                          ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത് ചക്കരമ്മയെ ധരിപ്പിച്ച് തോളിലെടുത്തു....” അഛന്റെ മോളു വാ..” തണുത്ത കവിളത്ത് ഉമ്മ വച്ച് അയാൾ ഏതാണ്ട് വിജനമായ റോഡിലൂടെ നടന്നു.....ആരുമില്ലാത്തനഗരം കീഴടക്കിയ മലദൈവമാണു താനെന്നും തോളിൽ കിടക്കുന്നത് കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടിക്കഥപോലെ അയാൾ സങ്കൽ‌പ്പിച്ചു....എന്നിട്ടും ചില രാത്രിസഞ്ചാരികളുടെയും വണ്ടികളുടേയും സാന്നിദ്ധ്യത്തിൽ അയാൾക്കു ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു

                                          കെട്ടു കാഴ്ച്ചയായ നഗരത്തിന്റെ യഥാർത്ഥ ഗന്ധം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കുറച്ചു..വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെ, നഗരം ചൂളി നിന്നു..

                                            മതിൽക്കെട്ടിനകത്തു കടന്ന് ചക്കരമ്മയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന് അയാൾ മണ്ണ് വകഞ്ഞുമാറ്റാൻ തുടങ്ങി..പതുക്കെ പതുക്കെ തുടങ്ങിയ ആ കർമ്മത്തിന് പിന്നീടയാ‍ൾ വേഗത കൂട്ടി. കൈകൾ കൊണ്ട് കുഴിയുടെ അളവറിഞ്ഞ് മനസ്സുകൊണ്ട് കുഞ്ഞു ശരീരത്തിന്റെ പാകം നോക്കി ...,തൊട്ടടുത്ത് കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്,കുഴിയിലേയ്ക്ക് ഇറക്കി വച്ചു..മതിലിനു പുറത്ത് ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ , ഒരഛന്റെ വേദനയും അവസാനത്തെ തലോടലും മറന്ന് അയാൾ കുഴി മൂടി., എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനു മേലെ വാരിയിട്ടു...

                                               കേടുമാറ്റാൻ കഴിയാതിരുന്ന മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച് കുനിഞ്ഞ ശിരസ്സോടെ  കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക് മാളങ്ങൾ  തിരഞ്ഞു പോയി......

                                                ഇടതു തോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച് അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ,ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടണമെന്ന് വാശിപിടിച്ച് വഴിയിലിരുന്ന് അയാൾ ആദ്യമായി കരഞ്ഞു...ഉറക്കെ.... നഗരത്തിന് കണ്ണു കാണാത്തതു കൊണ്ട് അതൊരു കാഴ്ച്ചപോലുമല്ലായിരുന്നു..ആ തിരിച്ചറിവ് മുതലെടുത്ത് അയാൾ കീറിപ്പറിഞ്ഞ് കരയുമ്പോഴും ഒന്നാശ്വസിച്ചു..കാരണം.., രാമാത്ത.., ഇപ്പോഴും ഉറങ്ങുകയാണ്...........

                                   ********************************************

                                      

                                   

        

                  




                              














31 comments:

  1. ഒരു ദിവസത്തെ പത്ര വാർത്തയായിരുന്നു അത് :- എറണാകുളം നഗരത്തിൽ മറൈൻ ഡ്രൈവിലെ ഫുട്പാത്തിൽ ആന്ധ്രാസ്വദേശികളായ ദമ്പതികൾ, തലേ ദിവസം കാലത്ത് മരിച്ച കൈക്കുഞ്ഞിനെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്നു.പിറ്റേ ദിവസം വെളുപ്പിന് സിറ്റി അടിച്ചുവാരാനെത്തിയവർ ശ്രദ്ധിച്ച് ചെല്ലുമ്പോഴേയ്ക്കും ആ കുഞ്ഞു ശരീരത്തെ പ്രക്റുതി നിയമങ്ങൾ ബാധിച്ചു തുടങ്ങിയിരുന്നു...ഒരു ദിവസം മുഴുവൻ ആരും ശ്രദ്ധിക്കാനില്ലാതെ ഭാഷ വശമില്ലാതെ ഇരുന്ന ആ യുവ ദമ്പതികൾ അടുത്തെത്തിയവരുടെ കാലുപിടിച്ച് കുഞ്ഞിനെ മറവു
    ചെയ്യണേന്നു അപേക്ഷിച്ചു കരഞ്ഞു..കോർപ്പറേഷൻ ശ്മശാനത്തിലേയ്ക്ക് ഒരു പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞു അവൻ കൊണ്ടു പോകപ്പെട്ടു..അല്പം ഭൂമിയ്ക്കു വേണ്ടി..,ഒൻപതു മാസം വളർച്ചയെത്തിയ തന്റെ കുഞ്ഞു ശരീരം അടക്കിവയ്ക്കുവാൻ അവനെത്ര കാത്തിരുന്നു!! ഒരു ജഡമായിട്ടു പോലും....അവന്റേത് എത്രമാത്രം ഓമനത്തമുള്ള പേരായിരുന്നെന്നോ - താജ്മൽ -

    എന്റെ കുഞ്ഞേ.., ഒരു പത്രവാർത്തയായി എല്ലാവരും വായിച്ചു കളഞ്ഞു മറന്ന നിന്നെയോർത്ത് എത്ര രാത്രികൾ ഞാൻ കരഞ്ഞു....ഓവർ ബ്രിഡ്ജിനു താഴെ നിന്റെ കൊട്ടാരത്തിൽ രാജകുമാരനായി നീ വിരുന്നെത്തിയത് എന്തിനായിരുന്നു..? നിന്റെ കാത്തിരിപ്പ്:-അതെത്ര ഭയങ്കരവും ദയനീയവും ആയിരുന്നു.?
    ‘മരണാനന്തരജീവിതം‘ എന്നൊന്നുണ്ടെങ്കിൽ അപരിചിതമായ എവിടെയോ ഒരിടത്ത് സംസ്കരിക്കപ്പെടുന്നു,എന്ന തിരിച്ചറിവിൽ കുഞ്ഞേ, നീ പകച്ചുവോ...കൈകാലുകൾ വായുവിലുയർത്തി കരഞ്ഞുവോ..? മുലപ്പാൽ തേടിയോ...?

    താജ്മൽ.. നിന്നെക്കുറിച്ചു ഞാൻ എഴുതിപ്പോയിരിക്കുന്നു.. എന്നെ മറന്ന ഞാൻ മറന്ന വിഷാദരോഗത്തെ, പരിചയം പുതുക്കാൻ മാത്രം തൊട്ടുണർത്തിയിട്ട് നീയെവിടെയാണ്..?
    വരൂ..എഴുതി അവസാനിപ്പിച്ച കടലാസിൽ തലചായ്ച്ചു കരഞ്ഞുപോകുന്ന എന്നെ ഒന്നൂ തലോടി പോകൂ.....

    ReplyDelete
  2. കാറ്റിന്റെ വാടയടിച്ച..
    വാട എന്നത് ദുര്‍ഗ്ഗന്ധമല്ലേ ഉദ്ദേശിച്ചത്? ചില മലയാളപദങ്ങള്‍ പ്രാദേശികമാണ്, അത് സംഭാഷണങ്ങളില്‍ ഭംഗികൂട്ടും.

    അദൃശ്യം, പ്രാകൃതം, ഹൃദയം ഹ്ര^ (hr^ = ഹൃ) (ടൈപ്പ് ചെയ്ത് പഠിക്കാനുണ്ട് വെര്‍ച്ച്വല്‍ ലോകത്തില്‍, സാരമില്ല, ശരിയാവുംന്നെ!)

    ===

    കഥയല്ല, ഇത് -
    ജീവിതമെന്ന് വായിച്ചപ്പഴേ മനസ്സിലായിരുന്നു.
    നുറുങ്ങിത്തെറിച്ച് വേദന മനസ്സില്‍ പടരുന്നു..

    (എഴുതിപ്പറയാം ഇതേപോലെ വേദന പടരുന്നുവെന്ന്, യാഥാര്‍ത്ഥ്യത്തോട് എന്നും അകലെത്തന്നെ എന്നത് വിസ്മരിക്കാനാവുന്നില്ല)

    എന്തായാലും ഒരു അഭിനന്ദനം, വിഷയം പലരും ഈയിടെ കവിതയും കഥയും എഴുതി ആഘോഷമാക്കിയതല്ല എന്നതില്‍. ഇവിടെ നഗരത്തിലെ മലദൈവങ്ങള്‍ എന്നും പരിചിതരെങ്കിലും എല്ലാവരും കണ്ണടയ്ക്കുകയാണ് പതിവ്. വിവാദങ്ങള്‍ക്കാണല്ലോ അല്ലെങ്കിലും എല്ലാര്‍ക്കും താല്‍പ്പര്യം.

    നന്നായി എഴുതി, വാക്യങ്ങള്‍ക്ക് നല്ല കയ്യടക്കവും സ്വാനുഭത്തിന്റെ തീക്ഷ്ണതയും
    അഭിന്ദനങ്ങള്‍..

    ReplyDelete
  3. കഥയില്ലാത്തവരുടെ ജീവിതമാണിത് ജാനു...

    ഒട്ടുമൊന്നും തികട്ടിപോകാതെ വായനക്കാരുടെ ഉള്ളിലേക്കിറങ്ങിചെല്ലുന്ന കൂരരമ്പുകളായി തറക്കുന്ന ഈ രചനാവൈഭവത്തെ പ്രകീർത്തിക്കാതെ വയ്യാ

    ReplyDelete
  4. ജാനകി, തീവ്രം

    ReplyDelete
  5. ഉള്ളിലുള്ളതു തീവ്രമായി തന്നെ ജാനകി പകര്‍ത്തി ..
    പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും..
    ഈ നിരീക്ഷണങ്ങളൊക്കെ നന്നായി ...

    ReplyDelete
  6. നഗരത്തിന്റെ ഓരങ്ങളില്‍ വന്നടിയുന്ന ജന്മ്മങ്ങളുടെ കരള്‍ അലിയിക്കുന്ന അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച ആണ് ഈ പോസ്റ്റ്‌ വരച്ചിടുന്നത്. നിറ കണ്ണുകളോടെ മാത്രമേ ഇത് വായിക്കാന്‍ കഴിയൂ... ഇങ്ങനെയും ചില മനുഷ്യ ജന്മങ്ങള്‍...ഹൃദയ സ്പര്‍ശിയായ എഴുത്തിനു ഭാവുകങ്ങള്‍.

    ReplyDelete
  7. പത്ര വാര്‍ത്ത കണ്ടിരുന്നില്ല.... കഥയാണെന്ന് കരുതി, കഥ മാത്രം ആവണേ എന്ന് കരുതിയാണ് വായിച്ചത്...
    മനസ്സില്‍ തട്ടുന്ന എഴുത്ത് ... അഭിനന്ദനങ്ങള്‍ ജാനകീ...

    ReplyDelete
  8. കഥയല്ലിത് ജീവിതം

    ReplyDelete
  9. ജാനകീ,
    കുറച്ചുനാള്‍ മുന്‍പ്, ഞാന്‍ എച്ച്മുക്കുട്ടിയോടു പറഞ്ഞതാണ്, എനിക്കു താന്നോടും പറയാനുള്ളത്. എഴുത്ത്, ജാനകിക്ക് നന്നായി വഴങ്ങുന്നുണ്ട്. അത് കളയരുത്; കൂടുതല്‍ എഴുതുക, എഴുതിക്കൊണ്ടേ ഇരിക്കുക. എഴുതും തോറും നന്നാകും. ഇതേ പ്രമേയം തന്നെ, ഒരു നോവല്‍ ആക്കി എഴുതാന്‍ ശ്രമിച്ചു കൂടെ?
    അഭിനന്ദനങ്ങള്‍!

    ReplyDelete
  10. സുരഭി...,
    ഒരർഥത്തിൽ വാട എന്നത് ദുർഗന്ധം തന്നെ..,ഇവിടെ എറണാകുളത്ത് കായലിനോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളിൽ കായലിലെ ചെളിയുടേയും ഉപ്പിന്റെയും സമ്മിശ്രഗന്ധം ഉണ്ടാകും.അതിനിവിടെ പറയുന്നതാണു ‘വാട‘..പക്ഷേ ഞാനതു പ്രാദേശികമാണെന്ന തിരിച്ചറിവോടെയല്ല എഴുതി വച്ചത്

    പിന്നെ എന്നെ സഹായിച്ചതിന് ‘ഹൃദയ‘പൂർവ്വം നന്ദി പറയുന്നു,ഒപ്പം നല്ല അഭിപ്രായം പറഞ്ഞതിനും


    മുരളി സർ,
    കഥയില്ലാത്തവരുടെ ജീവിതം കഥയാക്കിയെഴുതി ഞാനും അവരെ ഒരു തരത്തിൽ ചൂഷണം ചെയ്തിരിക്കുന്നു..ആ തിരിച്ചറിവുള്ളതു കൊണ്ട് മാത്രമാണ് ഒറീസ്സയിൽ നിന്നുള്ള ‘സമഷ്ടി‘ കഥാമത്സരത്തിൽ രണ്ടാംസ്ഥാനം കിട്ടിയ ഈ കഥയ്ക്കുള്ള 3000 രൂപ ചെക്ക് ഞാനിപ്പോഴും മാറാതെ വച്ചിരിക്കുന്നത്..

    നന്ദി വളരെ വളരെ



    അജിത്ത് സർ,
    ഒറ്റ വാക്കിൽ എല്ലാ അഭിനന്ദനവും ഒതുക്കിയല്ലോ..സന്തോഷത്തോടെ മനസിലാക്കുന്നു

    രമേശ്,
    എല്ലാ കാഴ്ച്ചകളും നിരീക്ഷിക്കപ്പെടാൻ വേണ്ടി ഉണ്ടായതല്ലേ..
    വേണമെങ്കിൽ നമുക്കു കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു പോകാം

    ഇവിടെ,കായലിന്റെ മുടിയഴിഞ്ഞു കിടക്കുന്നു..,
    എത്രനാളായ് തല തല്ലുന്നു പാവം...!!?


    ഷാനവാസ് സർ,
    കാണുന്നതും അറിയുന്നതും വളരെ കുറച്ചാണ്.അതിലുമെത്രയോ കൂടുതലായിരിക്കും നമ്മുടെ കണ്ണിൽ പെടാതെ പോകുന്നത്
    എഴുതിയാ‍ൽ കടലാസുകളും പേനകളും പോരാതെ വരുന്നത്ര....

    വളരെ നന്ദി..നല്ല വാക്കുകൾക്ക്.

    ലിപി..,
    കഥയാണു ഞാനെഴുതുന്നതെന്നു എനിക്കും തോന്നിയിരുന്നില്ല..
    കരഞ്ഞു കൊണ്ടെഴുതുന്ന ഒരു ഡയറിക്കുറിപ്പു പോലെയായിരുന്നു ഇത്...

    അഭിനന്ദനങ്ങൾക്കുൻ നന്ദി കേട്ടോ

    നെമോ..,
    അധികമൊന്നും പറഞ്ഞില്ലല്ലോ- നന്ദി, ഒരുപാടു സന്തോഷവും.

    അപ്പച്ചന്..,
    നോവൽ!!!!?
    എനിക്കു ചിന്തിക്കാൻ പോലും പറ്റാത്ത അഭിപ്രായമാണുണ്ടായിരിക്കുന്നത്.., എങ്കിലും ശ്രമിക്കും..
    ഇനിയുമിനിയുമെഴുതാണുള്ള പ്രേരണ പകർന്ന വാക്കുകൾക്ക് ഒരു പാടു നന്ദിയുണ്ട്..

    ReplyDelete
  11. ജാനകി,
    വേഷ്പക്ക് ശേഷം ഒരു ഗാപ്പ് ഉണ്ടായെങ്കിലും വന്നത് മികച്ച ഒരു കഥയുമായി തന്നെ. ഈ പത്ര വാര്‍ത്ത കണ്ടിരുന്നു. അത് പക്ഷെ ഇത്ര തീവ്രമായി തോന്നിയിരുന്നില്ല എന്ന സത്യം ആദ്യമേ പറയട്ടെ.. ജാനകിയുടെ കഥക്ക് ശേഷമുള്ള ആദ്യ കമന്റിലെ ചില ഭാഗങ്ങള്‍ കഥക്ക് കൂടുതല്‍ മിഴിവ് നല്‍കുമായിരുന്നു. അതിമനോഹരമായി (അങ്ങിനെ പറയാവോ ആവോ.. ദു:ഖമാണല്ലോ പ്രമേയം) കഥ പറഞ്ഞതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  12. സ്വന്തം കുഞ്ഞിനു ശവക്കുഴി ഒരുക്കേണ്ടി വരുന്ന അ അച്ഛന്റെ മുഖം കഥ വായിച്ചു കഴിഞ്ഞിട്ടും മനസ്സീന്നു പോകുന്നില്ല..കഥയെന്നു മനസ്സിനെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണു ഞാൻ...നന്നായി പറഞ്ഞു ജാനകി

    ReplyDelete
  13. “വാട” എന്നത് മലാ‍ബാറിയായ എനിക്ക് ആദ്യം അറിയില്ലായിരുന്നു (അത് പ്രാദേശികമെന്ന് പറഞ്ഞതിന്റെ പൊരുള്‍), പിന്നീട് പ്രവാസത്തിന്റെ നാളുകളില്‍ കൊല്ലം തിരുവനന്തപുരം പോലുള്ള തെക്കന്‍ ജില്ലയിലെ ഒത്തിരിപ്പേരുടെ കൂടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെ മനസ്സിലാക്കിയ പല പദങ്ങളിലൊന്നാണിത്. പല ജില്ലകളിലുള്ളവരും പറയാറുണ്ട്, അവരുടെ സംസാരഭാഷയാണ് അച്ചടിമലയാളത്തിന് സമം എന്ന്. അത് ഖണ്ഡിക്കാനുള്ള പദസമ്പത്ത് പലയിടത്തുനിന്നും കിട്ടിയിട്ടുമുണ്ട്. :)

    സമ്മാനാര്‍ഹമായ കഥയെന്ന് അറിഞ്ഞതില്‍ സന്തോഷം, സമ്മാനം, അതങ്ങനെത്തന്നെ വെച്ചതിന്റെ ചിന്തയ്ക്ക് അഭിനന്ദനങ്ങളും.

    ReplyDelete
  14. തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽ നിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

    വെറുതെ ഒരു വരി എടുത്ത്തെഴുതിയെന്നെയുള്ളു. കാരണം ഓരോ വരിയിലും ഓരോ കഥകള്‍ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി. എല്ലാം ഒതുക്കുന്ന അച്ഛന്റെ ഓരോ അനക്കങ്ങളും ഗംഭീരമാക്കി. മുറുക്കാന്റെ തരികള്‍ തപ്പിയെടുക്കുന്നത് പോലെ ഓരോന്നും. മനസ്സില്‍ തറച്ചു കയറുന്ന തരത്തിലുള്ള അവതരണം ഒരു സമൂഹത്തിലെ മുഴുവന്‍ തിന്മകളും പുരത്തെടുത്തിട്ടത് പോലെ.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  15. ജാനകിയുടെ ദുഃഖം അതെ അളവില്‍ തന്നെ പകര്‍ന്നു തരാന്‍ കഴിഞ്ഞു

    ReplyDelete
  16. മനോ..,
    എന്റെ നാട്ടുകാരന്റെ അഭിപ്രായം വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...നന്ദി

    സീതാ..,
    ഒരുപാടു നന്ദി.., സന്തോഷം

    റാംജി സർ..,
    ഒരു സെന്റ്ൻസ് എടുത്തെഴുതി അഭിനന്ദനം അറിയിച്ചതിൽ വളരെ സന്തോഷം.., അനുഗ്രഹത്തിനു സമാനമായി കരുതുന്നു

    നവീൻ സർ,
    അതേ അളവിൽ വായിച്ച് ഉൾക്കൊണ്ടതിനു വളരെ വളരെ നന്ദി

    ReplyDelete
  17. കുഞ്ഞേ.... നല്ല രചനാപാടവം... വാക്യങ്ങളിലെ മികവ്...കൈയ്യടക്കം... ഒക്കെ മനോഹരം... നമ്മൾ എഴുത്തുകാർക്ക് വാർത്തകളിലെ ഒരു വരിയോ,കാഴ്ചയിലെ ഒരു നുറുങ്ങോ ഒക്കെ മതി ഒരു കഥയുടെ സ്പാർക്കിനു... അതു ആവിഷ്ക്കരിക്കുന്നിടത്താണു രചയിതാവിന്റെ വിജയം, താങ്കൾ അതിൽ നന്നായി വിജയിച്ചിരിക്കുന്നൂ.....1,പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധകയറിയ കോമരങ്ങളായി എഴുന്നു നിന്നു..2,അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട് ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു.3,തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്, ഞാണിന്മേൽ കളിക്കാരനെ പോലെ ചിന്നരങ്കൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു.. എടുത്തെഴുതാൻ ഒരുപാടുണ്ട് നിരീക്ഷണങ്ങളൂം, ചിന്തയും ഒക്കെ....ഒരു നല്ല,വലിയ എഴുത്തുകാരിയെ ഞാൻ ഇവിടെ കാണുന്നൂ... വഴിതെറ്റിയെത്തിയതാണിവിടെ... പക്ഷേ എത്തിയ ഇടം..തെറ്റാത്ത വരികളൂടെ ശബ്ദാവലിയിലേക്കാണെന്നുള്ള അറിവിൽ...ഞാൻ ധന്യനായിരിക്കുന്നൂ... വീണ്ടും വരാം... എല്ലാ ആദരവും ,,സ്നേഹവും...........

    ReplyDelete
  18. സങ്കടപ്പെടുത്തി വല്ലാതെ..
    ചുറ്റുമുള്ള ലോകത്തിലെ അപരിചിതരുടെ സങ്കടങ്ങള്‍ സ്വന്തമാക്കി, മനസ്സിലിട്ട് നീറ്റി കഥ പണിയുന്നവരാണ് എഴുത്തുകാരെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു..സത്യമാണതെന്ന് ഈ കഥ മനസ്സിലാക്കിത്തന്നു..

    ReplyDelete
  19. മനുഷ്യന്റെ വേഷപ്പകര്‍ച്ചകള്‍ കാടുവിട്ട് നാട്ടിലേക്കും നഗരത്തിലേക്കും നടന്നുകയറുമ്പോള്‍ സങ്കടങ്ങളും പുതിയരൂപഭാവങ്ങള്‍ കൈവരിക്കുകയാണ്.കാടിന്റെ മനസ്സ് കൈമോശം വരാതെ നാട്ടില്‍ ജീവിക്കുന്നവര്‍ നാട്ടുകാര്‍ക്ക് അപരിഷ്ക്രിതരാണ്.കാട്ടുമക്കളുടെ നാട്ടിലെ കഥ പറഞ്ഞ കഥാകാരിക്ക് ആശംസകള്‍

    ReplyDelete
  20. ഈ കഥ എഴുതിയ ആളെ എങ്ങനെ അനുമോദിക്കണം എന്ന് അറിയില്ല. ഈ അടുത്തായി ബ്ലോഗില്‍ വളരെ നിലവാരമുള്ള എഴുത്തുകള്‍ ഉണ്ടാകുന്നു. സന്തോഷം. പിന്നെ ഒന്നുകൂടി. ഈ ബ്ലോഗ്‌ ഇങ്ങനെ കിടന്നാല്‍ പോര. ജാലകം അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യൂ....

    ReplyDelete
  21. വായനക്കാരിടെകാലം മാറി നല്ലൊരു എഴ്തുകാരി ആയി............
    നല്ലൊണം സങ്കടപെട്ടു ... അതിൽ നിന്നും മനസ്സിലാകാന്നു എഴുതുകാരിയുടെ സങ്കടം ..അതിലൂടെ അവരുടെയും

    ReplyDelete
  22. നന്നായി എഴുതിരിക്കുന്നു ..ഇന്നി എങ്കിലും ഇത് പോലെ ആവര്‍ത്തിക്കപ്പെടാതിരുനു എങ്കില്‍ ...

    ReplyDelete
  23. ethu vayichittu sangadam thoni...

    hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  24. മനസ്സില്‍ പടരുന്നതിനെ അടര്‍ത്തെടുത്തു അതേ തീവ്രതയില്‍ പകര്‍ന്നു കൊടുക്കുക. എന്നത് എല്ലാവര്ക്കും കിട്ടുന്ന കഴിവല്ല.ശ്രമം വളരെ നന്നായി ആശംസകള്‍ ........

    ReplyDelete
  25. ഞാനീ ബ്ലോഗ് ബുക്മാർക് ചെയ്തിട്ട് കുറെ ദിവസമായി. ഇന്ന് ഈ കഥ വായിച്ചു തീർത്തിട്ടെ എഴുന്നേൽക്കുന്നുള്ളൂ എന്നു കരുതി.
    എങ്ങനെ അഭിനന്ദിയ്ക്കണമെന്ന് എനിയ്ക്കറിയില്ല.

    വാക്കുകളില്ല എനിയ്ക്കെഴുതുവാൻ എന്നതുകൊണ്ട് ഞാൻ കൂടുതലൊന്നും പറയാതെ പോകുന്നു.

    പച്ചക്കുതിരകളെത്തുമ്പോൾ എന്ന പുസ്തകം എവിടെ കിട്ടുമെന്ന് അറിയിയ്ക്കാമോ?

    ReplyDelete
  26. യാഥാര്‍ത്ഥ്യം ഇങ്ങനെ ഒക്കെയാ മോളെ. നമുക്ക്‌ 'നിര്‍വികാരതയോടെ' സഹതപിക്കാനേ കഴിയു. എഴുതാനുള്ള ജാനുവിന്‍റെ കഴിവിനെ വളരെയധികം പ്രശംസിക്കുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  27. വായിച്ചു തീര്‍ന്നപ്പോള്‍ എന്താണെന്നറിയില്ല... ഒരു തുള്ളി കണ്ണീര്‍ കടം കൊണ്ടു

    ReplyDelete
  28. ജാനകി, താങ്കളുടെ കഥയെക്കാള്‍ ആദ്യം താങ്കള്‍ കുറിച്ച കുറിപ്പാണ് ഹൃദയ ഭേദകമായത്.
    അമ്മ കുഞ്ഞ്‌ മരിച്ചത് അറിഞ്ഞില്ലെന്നു എഴുതിയത് അമ്മയുടെ മനസ്സറിയാത്ത എഴുത്തായി.

    ReplyDelete